Powered By Blogger

Wednesday, January 4, 2012

ഫാദര്‍ ഡാമിയന്‍


കുഷ്ടരോഗികള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച
ഫാദർ ഡാമിയൻ എന്നറിയപ്പെടുന്ന ജോസഫ് ഡെ വ്യുസ്റ്റർ
ജനിച്ചിട്ട് ഇന്ന് നൂറ്റി എഴുപത്തി രണ്ടു വര്ഷം....

ബൽജിയത്തിലെ ട്രമലോ എന്ന സ്ഥലത്തു,
കർഷക ദമ്പതികളുടെ മകനായാണു ഡാമിയൻ
1840 ജനുവരി മൂന്നിനു ജനിച്ചത്.
കോൺഗ്രിഗേഷൻ ഓഫ് ദ സേയ്ക്രട് ഹാർട്ട് ഓഫ് ജീസസ്
ആൻഡ് മേരി' എന്ന സന്യാസ സഭയിൽ ചേരുകയും ,
ആദ്യ വ്രതത്തോടൊപ്പം തന്നെ ഡാമിയൻ
എന്ന പേരു സ്വീകരിക്കുകയും ചെയ്തു.
1864 മാർച്ച് 19 ആം തീയതി, ഫാദർ ഡാമിയൻ,
ഹോണോലുലു കടൽതീരത്തു, മിഷണറിയായി കപ്പലിറങ്ങി.
അവിടെ വച്ച്, 1864 മെയ് 24 ആം തീയതി,
ഔവർ ലേഡി ഓഫ് പീസ് എന്ന കത്തീഡ്രൽ പള്ളിയിൽ വച്ച്, അദ്ദേഹം പൗരോഹിത്യം എന്ന കൂദാശ സ്വീകരിച്ചു.

പൊതുജനാരോഗ്യ രംഗത്ത്, പ്രതിസന്ധികൾ നിലനിന്നിരുന്ന
ഒവാഹു എന്ന ദ്വീപിൽ, പല ഇടവകകളിലും
അദ്ദേഹം സേവനമനുഷ്ഠിച്ചു.

1873 മെയ് 10 ആം തീയതി, ഫാദർ ഡാമിയൻ
കലാവുപാപയിലെ ഒറ്റപ്പെട്ട സെറ്റിൽമെന്റ് ക്യാമ്പിലെത്തി. കലാവുപാപയിലെ കുഷ്ഠരോഗികൾക്ക് അല്പമെങ്കിലും
ആശ്വാസം നൽകാൻ കെൽപ്പുള്ള ഒരേയൊരു വ്യക്തി,
ഫാദർ ഡാമിയൻ മാത്രമായിരുന്നു.
അദേഹം വെറുമൊരു വൈദികന്റെ സ്ഥാനം മാത്രമായിരുന്നില്ല,
ഫാദർ ഡാമിയനവിടെ, മറിച്ച്, അദ്ദേഹമവരുടെ
വൃണങ്ങൾ കഴുകി കെട്ടുകയും, അവർക്കു താമസിക്കാന്‍
വീടു കെട്ടി കൊടുക്കുകയും, കിടക്കയൊരുക്കി
കൊടുക്കുകയും ചെയ്തിരുന്നു. മരിച്ചവരെ
സംസ്കരിക്കുന്നതിനു വേണ്ടി ശവപ്പെട്ടികൾ ഉണ്ടാക്കുന്നതും,
കുഴി വെട്ടുന്നതു പോലും ഫാദർ ഡാമിയനായിരുന്നു.

അദ്ദേഹത്തിന്റെ ഡയറിയിൽ നിന്നും ലഭിച്ച സൂചനകളനുസരിച്ച്, 1884 ഡിസംബറിൽ, തന്റെ പതിവു ദിനചര്യയുടെ ഭാഗമായി, വൈകുന്നേരം കാലുകൾ ചൂടുവെള്ളത്തിൽ മുക്കി വച്ചപ്പോൾ, അദ്ദേഹത്തിനു ചൂട് അനുഭവപ്പെട്ടില്ല.
കുഷ്ഠരോഗം അദ്ദേഹത്തെ ബാധിച്ചു കഴിഞ്ഞിരുന്നു. കുഷ്ഠരോഗമാണെന്നറിഞ്ഞതിനു ശേഷവും അദ്ദേഹം ‍
വീടുകൾ നിർമ്മിക്കുകയും, കൂടുതൽ ഊർജ്ജസ്വലനായി,
താൻ തുടങ്ങി വച്ച കർമ്മപരിപാടികൾ തുടർന്നു പോരുകയുംചെയ്തു.

1889 ഏപ്രില്‍ 15നു തന്റെ നാല്‍പ്പത്തി ഒന്‍പതാമത്തെ വയസ്സില്‍ അദേഹം മരണത്തിന് കീഴ്പ്പെട്ടു.

അദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് ഹവായിയിലെ കോൺഗ്രിഗേഷനൽ സഭയിൽ നിന്നും,
പ്രെസ്‌ബൈറ്റേറിയൻ സഭയിൽ നിന്നും അദ്ദേഹത്തിനെതിരെ
കടുത്ത വിമർശനങ്ങൾ ഉയർന്നു.
തന്റെ സ്വകാര്യ താൽപ്പര്യങ്ങൾക്കും നേട്ടത്തിനും
ഈഗോയ്ക്കും വേണ്ടി നിലകൊണ്ട ഒരു കള്ള ഇടയനായി
ഫാദർ ഡാമിയൻ ചിത്രീകരിക്കപ്പെട്ടു.
ഫാദർ ഡാമിയനെ സഭ മൊളോകായിലേക്കയച്ചതല്ലെന്നും,
അദ്ദേഹം തന്റെ സ്വാർത്ഥ താൽപ്പര്യങ്ങൾക്കു വേണ്ടി പോയതാണെന്നും, അവിടെ കുഷ്ഠ രോഗികളോടൊപ്പം ജീവിച്ചിട്ടില്ലെന്നും ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടു.
അവിടെ നടന്ന നിർമ്മാണ പുനരുദ്ധാരണ
പരവർത്തനങ്ങളിലൊന്നും തന്നെ അദ്ദേഹത്തിനു
പങ്കില്ലെന്നും വിമർശകർ പറയുന്നു.
ഫാദർ ഡാമിയന്റെ സ്ത്രീകളുമായുള്ള ഇടപെടൽ
ശരിയായ രീതിയിലായിരുന്നില്ലെന്നും, അങ്ങനെ തന്റെ ശ്രദ്ധക്കുറവിന്റെയും, മോശം ജീവിതരീതിയുടെയും ഫലമായാണദ്ദേഹത്തിനു കുഷ്ഠരോഗം പിടിപെട്ടതെന്നും എതിരാളികൾ പറഞ്ഞു.

വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുവാനുള്ള
ഫാദർ ഡാമിയന്റെ യോഗ്യത അവലോകനം ചെയ്യാനുള്ള
റോമൻ ക്യൂരിയയിൽ, ഡയറികളിലൂടെയും
അഭിമുഖങ്ങളിലൂടെയും കിട്ടിയ വിവരങ്ങൾ
ചർച്ചകളിലൂടെയും വാദപ്രതിവാദങ്ങളിലൂടെയും
തലനാരിഴ കീറി പരിശോധിക്കപ്പെട്ടു.
ഒടുവിൽ ഫാദർ ഡാമിയന്റെ ജീവിതത്തിലെ
നന്മ സഭയ്ക്കു ബോധ്യപ്പെട്ടു. 1995 ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ , ഫാദർ ഡാമിയനെ, വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്കുയർത്തുകയും, മൊളോക്കോയിലെ
വാഴ്ത്തപ്പെട്ട ഡാമിയൻ എന്നൌദ്യോഗികമായി നാമകരണം ചെയ്യുകയും ചെയ്തു. 2005 ഡിസംബറിൽ,
ഫ്ലെമിഷ് പബ്ലിക് ബ്രോഡ്കാസ്റ്റിങ് സർവീസ്, ഫാദർ ഡാമിയനെ, ഏറ്റവും മഹാനായ ബെൽജിയം കാരനായി പ്രഖ്യാപിച്ചു.

No comments:

Post a Comment