Powered By Blogger

Thursday, March 22, 2012

ഭഗത് സിംഗ്


ഭഗത് സിംഗ് (28 സെപ്റ്റംബർ 1907 – 23 മാർച്ച് 1931] )

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു വീരചരമമടഞ്ഞ
ധീര വിപ്ലവകാരിയാണ് ഭഗത് സിംഗ്.

പഞ്ചാബിലെ ലയൽപൂർ ജില്ലയിലെ ബങ്കാ ഗ്രാമത്തിലെ
(ഇപ്പോൾ പാകിസ്താന്റെ ഭാഗം) ഒരു സിഖ്
കർഷക കുടുംബത്തിൽ 1907 സെപ്തംമ്പർ 27ന് ആണ്
ഭഗത് സിംഗ് ജനിച്ചത്. അച്ഛൻ - സർദാർ കിഷൻ സിംഗ്.
അമ്മ - വിദ്യാവതി.

1920 - ൽ മഹാത്മാഗാന്ധി നിസ്സഹകരണ പ്രസ്ഥാനം തുടങ്ങിയപ്പോൾ
13-മത്തെ വയസ്സിൽ ഭഗത് സിംഗ് പ്രസ്ഥാനത്തിന്റെ
സജീവ പ്രവർത്തകനായി.മാതാപിതാക്കള്‍ അദേഹത്തിന്
ഒരു വിവാഹാലോചന നടത്തിയപ്പോള്‍ അദേഹത്തിന്റെ മറുപടി
“ഇന്ത്യ അസ്വതന്ത്രയായിരിക്കുന്നിടത്തോളം എന്റെ വധു മരണം മാത്രമായിരിക്കും”എന്നായോരുന്നു...


1924 - ൽ കാൺപൂരിൽ വച്ച് അദ്ദേഹം സചീന്ദ്രനാഥ് സന്യാൽ
ആരംഭിച്ച ഹിന്ദുസ്ഥാൻ റിപബ്ലിക്കൻ അസ്സോസ്സിയേഷൻ
എന്ന സംഘടനയിൽ അംഗമായി. ചന്ദ്രശേഖർആസാദായിരുന്നു
അതിന്റെ ഒരു പ്രധാന സംഘാടകൻ.
അങ്ങനെ ആസാദുമായി വളരെ അടുത്തിടപഴകാൻ
ഭഗത് സിംഗിന് അവസരം ലഭിച്ചു.

1926 - ൽ അദ്ദേഹം സോഹൻസിംഗ് ജോഷുമായി ബന്ധം സ്ഥാപിച്ചു ,
അതു വഴി വർക്കേർസ് ആന്റ് പെസന്റ്സ് പാർട്ടി
എന്ന സംഘടനയുമായും ബന്ധപ്പെട്ടു.
വർക്കേർസ് ആന്റ് പെസന്റ്സ് പാർട്ടി കീർത്തി
എന്ന പേരിൽ ഒരു മാസിക പ്രസിദ്ധീകരിച്ചിരുന്നു ,
പഞ്ചാബി ഭാഷയിൽ. അതിനടുത്ത വർഷം ഭഗത് സിംഗ്
കീർത്തിയുടെ പത്രാധിപ സമിതിയിൽ അംഗമായി.
1927 - ൽ കാക്കോരി ട്രെയിൻ കൊള്ളയുമായി ബന്ധപ്പെട്ടു
കീർത്തിയിൽ വന്ന ഒരു ലേഖനത്തിന്റെ പേരിൽ
അദ്ദേഹം അറസ്റ്റിലായി.

ബ്രിട്ടീഷ് സർക്കാർ ഇന്ത്യക്ക് സ്വയംഭരണം നൽകാനുള്ള
സാധ്യതയെപ്പറ്റി അന്വേഷിക്കുന്നതിനായി 1928-ൽ
സർ ജോൺ സൈമണിന്റെ ചുമതലയിൽ സൈമൺ കമ്മീഷൻ
രൂപവത്കരിച്ചു. സൈമൺ കമ്മീഷനിൽ ഇന്ത്യൻ പ്രധിനിധികൾ
ആരും തന്നെ ഉണ്ടായിരുന്നില്ല. 1928 ഒക്ടോബർ 30 -ന്
ലാഹോറിൽ ലാലാ ലജ്‌പത് റായിയുടെ നേതൃത്വത്തിൽ
ഇതിനെതിരെ വളരെ സമാധാനപരമായി ഒരു പ്രതിഷേധപ്രകടനം നടന്നു. പോലീസ് മേധാവി സ്കോട്ടിന്റെ നേതൃത്വത്തിൽ
പോലീസ് പ്രകടനക്കാരെ നിഷ്ഠൂരമായി ലാത്തിച്ചാർജ് ചെയ്തു. ഭീകരമർദ്ദനത്തിനിരയായ ലാലാ ലജ്‌പത് റായി മരിക്കുകയാണുണ്ടായത്.
ഈ സംഭവം നേരിട്ടു കണ്ട ഭഗത് സിംഗ് സ്കോട്ടിനോട്
ഇതിന് പകരം ചോദിക്കുമെന്ന് പ്രതിജ്ഞയെടുത്തു.
രാജ്‌ഗുരു, സുഖ്‌ദേവ് എന്നീ സഹപ്രവർത്തകരോടൊപ്പം
സ്കോട്ടിനെ വധിക്കാനുള്ള പദ്ധതി തയ്യാറാക്കി,
പക്ഷെ അബദ്ധവശാൽ ജെ. പി സൗണ്ടേർസ്
എന്ന പോലീസുദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്.
ഈ സംഭവത്തിനു ശേഷം ഭഗത് സിംഗ് ലാഹോർ വിട്ടു.

1928 - ൽ സർക്കാർ പബ്ലിക് സേഫ്റ്റി ബിൽ എന്ന പേരിൽ
ഒരു നിയമഭേദഗതി നടപ്പിൽ വരുത്താൻ ശ്രമിച്ചു.
നിയമനിർമ്മാണ സഭയിൽ ഒരംഗത്തിന്റെ പിന്തുണക്കുറവു മൂലം
പ്രമേയം വിജയിച്ചില്ല. എന്നിട്ടും പൊതുജനതാല്പര്യം
സംരക്ഷിക്കാനെന്ന പേരിൽ നിയമം നടപ്പിലാക്കാൻ
വൈസ്രോയി തീരുമാനിച്ചു. രോഷാകുലരായ ഭഗത് സിംഗും
കൂട്ടരും നിയമം നടപ്പിലാക്കാൻ കൂടുന്ന സഭയിൽ
ബോംബെറിയാൻ തീരുമാനിച്ചു. 1929 ഏപ്രിൽ 8 - ന്
ഭഗത് സിംഗും , ബി.കെ ദത്തും സഭയിൽ ബോംബെറിഞ്ഞു,
അതിനുശേഷം ഈങ്ക്വിലാബ് സിന്ദാബാദ് എന്നു
മുദ്രാവാക്യം വിളിച്ചുകൊണ്ട് ബധിരർക്കു ചെവി തുറക്കാൻ
ഒരു വൻ സ്ഫോടനം തന്നെ വേണമെന്ന് തുടങ്ങുന്ന ലഘുലേഖനം
വിതരണം ചെയ്തു. സ്ഫോടനത്തിൽ ആരും മരിക്കുകയോ
പരിക്കേൽക്കുകയോ ഉണ്ടായില്ല.
അവിടെ വച്ച് അവർ സ്വയം അറസ്റ്റ് വരിക്കുകയും ചെയ്തു.

ജയിലിൽ രാഷ്ട്രീയ തടവുകാരോടുള്ള അനീതികൾക്കെതിരെ
അദ്ദേഹം നിരാഹാര സമരം ആരംഭിച്ചു,
63 ദിവസം നീണ്ടുനിന്ന സമരത്തിനൊടുവിൽ ബ്രിട്ടീഷ് സർക്കാർ
അദ്ദേഹത്തിന്റെ ആവശ്യങ്ങൾക്കു വഴങ്ങി.
വിചാരണകൾക്കൊടുവിൽ ലാഹോർ ഗൂഡാലോചനയ്കും
ജെ. പി സൗണ്ടേർസിന്റെ വധത്തിന്റെയും പേരിൽ
ഭഗത് സിംഗ് , രാജ്‌ഗുരു , സുഖ്‌ദേവ് എന്നിവർക്കു വധശിക്ഷ വിധിച്ചു,
1931 മാർച്ച് 23 ന് അവർ തൂക്കിലേറ്റപ്പെടുകയും ചെയ്തു.

No comments:

Post a Comment