Powered By Blogger

Friday, March 2, 2012

പീ കെ വീ.


മുന്‍ മുഖ്യമന്ത്രി പീ കെ വാസുദേവന്‍ നായര്‍
അന്തരിച്ചിട്ട് നാളെ ഏഴുവര്‍ഷം....

കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ എന്ന ഗ്രാമത്തില്‍
1926 ജൂലൈ 12 നു ജനനം....
ആലുവ യൂണിയൻ ക്രിസ്ത്യൻ കോളെജിൽ പഠിക്കുന്ന
കാലത്താണ് പി.കെ.വിയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്.
എ. ഐ. എസ്. എഫ്. പ്രവർത്തകനായിട്ടാണ് അദ്ദേഹം വിദ്യാർത്ഥിരാഷ്ട്രീയത്തിലേക്കു രംഗപ്രവേശം ചെയുന്നത്. .

ഊർജ്ജതന്ത്രത്തിൽ ബിരുദമെടുത്തതിനുശേഷം അദ്ദേഹം
നിയമപഠനത്തിനായി തിരുവനന്തപുരം ലാ കോളെജിൽ ചേർന്നു.
അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമായിരുന്ന
എ. ഐ. എസ്. എഫും എ.ഐ.വൈ.എഫും ബ്രിട്ടീഷ്
ഭരണത്തിനെതിരെ പോരാടുന്ന കാലമായിരുന്നു അത്.

അദ്ദേഹം 1945-ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി.
ഒരു വിദ്യാ‍ർത്ഥിനേതാവായിരുന്ന അദ്ദേഹം 1947-ൽ
തിരുവിതാംകൂർ സ്റ്റുഡന്റ്സ് യൂണിയന്റെ
അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.
1948-ൽ പി.കെ.വി. ഓൾ കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെ
അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.


തിരുവിതാംകൂർ രാജഭരണത്തിനെതിരായി
പ്രസംഗിച്ചതിനായിരുന്നു പി.കെ.വി.യുടെ ആദ്യത്തെ അറസ്റ്റ്. ഭരണകൂടത്തിനെതിരെ സായുധവിപ്ലവം ആഹ്വാനം ചെയ്ത
കമ്യൂണിസ്റ്റ് പാർട്ടിയുടെ കൽക്കത്താ തീസീസിനെ തുടർന്ന്
നൂറുകണക്കിന് കമ്യൂണിസ്റ്റുകാർ ഒളിവിൽ പോയി.
അക്കൂട്ടത്തിൽ പി.കെ.വിയും ഉണ്ടായിരുന്നു.
ഒളിവിലിരുന്ന് പാർട്ടിപ്രവർത്തനം തുടർന്ന അദ്ദേഹത്തെ
1951-ൽ വിദ്യാർത്ഥിപ്രസ്ഥാനവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.

തിരുവിതാംകൂർ സ്റ്റുഡന്റ്സ് യൂണിയന്റെയും
അഖില കേരള വിദ്യാർത്ഥി യൂണിയന്റെയും അഖിലേന്ത്യാ
വിദ്യാർത്ഥി സംഘടന (എ.ഐ.എസ്.എഫ്) യുടെയും
സ്ഥാപകരിൽ ഒരാളായിരുന്നു പി.കെ.വി.
1964-ൽ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നതിനുശേഷം
അദ്ദേഹം സി.പി.ഐയിൽ തുടർന്നു.
1982-ൽ പാർട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
1982 മുതൽ 2004 വരെ അദ്ദേഹം തിരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ നിന്ന്
മാറിനിന്ന് പാർട്ടി പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചു.
സി.പി.ഐ. പാർട്ടി സെക്രട്ടറിയായി അദ്ദേഹം
ഈ കാലയളവിൽ പ്രവർത്തിച്ചു.

അദ്ദേഹം നാലുതവണ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
(1957 (തിരുവല്ല), 1962 (അമ്പലപ്പുഴ), 1967 (പീരുമേട്), 2004 (തിരുവനന്തപുരം)). രണ്ടു തവണ കേരള നിയമസഭയിലേക്കും
അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. (1977, 1980).
സി.പി.ഐ. നിയമസഭാകക്ഷി നേതാവായിരുന്നു അദ്ദേഹം.
നീണ്ട ലോക്സഭാ ജീവിതത്തിനു ശേഷം അദ്ദേഹം
1970-ൽ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നു.
തന്റെ ലോക്സഭയിൽ ചിലവഴിച്ച കാലഘട്ടത്തിനിടയിൽ
അദ്ദേഹം സി.പി.ഐ. യുടെ പാർലമെന്ററി പാർട്ടി സെക്രട്ടറി,
അദ്ധ്യക്ഷൻ, എന്നിവരുടെ പാനലിൽ അംഗമായിരുന്നു.

1954 മുതൽ 1957 വരെ പാർട്ടി ദിനപ്പത്രമായ ജനയുഗം
ദിനപ്പത്രത്തിന്റെ ലേഖകനായിരുന്നു അദ്ദേഹം.
1977 മുതൽ 1978 വരെ കെ. കരുണാകരന്റെയും
എ.കെ. ആന്റണിയുടെയും മന്ത്രിസഭകളിൽ വ്യവസായ മന്ത്രിയായിരുന്നു

ഇന്ദിര ചിക്മംഗളൂരിൽ നിന്ന് തിരഞ്ഞെടുപ്പിൽ
മത്സരിച്ചപ്പോൾ കോൺഗ്രസ് എതിർ സ്ഥാനാർത്ഥിയെ
നിർത്താത്തതിൽ പ്രതിഷേധിച്ച് എ.കെ.ആന്റണി 1978-ൽ
മുഖ്യമന്ത്രിപദം രാജിവെച്ചു. ഈ ഒഴിവിൽ പി.കെ.വി.
കേരള മുഖ്യമന്ത്രിയായി. അദ്ദേഹം കേരളത്തിൽ
സി.പി.എം. ഉം സി.പി.ഐ. യും കൂടിച്ചേർന്ന് സർക്കാർ രൂപവത്കരിക്കുന്നതിനു പാത തെളിക്കാൻ
1979 ഒക്ടോബർ 7-നു മുഖ്യമന്ത്രിപദം രാജിവെച്ചു.

ലളിതമായ ജീവിതരീതിയുടെയും ലാളിത്യമാർന്ന
പെരുമാറ്റത്തിന്റെയും ഉടമയായിരുന്നു പി.കെ.വി.
മരിക്കുന്നതിന് ഒരുവർഷം മുൻപുവരെ തിരുവനന്തപുരത്തെ
തമ്പാനൂർ ബസ് സ്റ്റേഷനിൽ നിന്നു കെ.എസ്.ആർ.ടി.സി.
ട്രാൻസ്പോർട്ട് ബസ്സുകളിൽ പി.കെ.വി. യാത്രചെയ്യുമായിരുന്നു.

2004-ൽ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിച്ച അദ്ദേഹം
തിരുവനന്തപുരത്തുനിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

2005 ജൂലൈ 12 ന് ദില്ലിയിൽ വെച്ച് ഹൃദയ സംബന്ധമായ
അസുഖങ്ങൾ കൊണ്ട് പി.കെ.വി. അന്തരിച്ചു. 79 വയസ്സായിരുന്നു.
ഭാര്യയും മൂന്ന് ആൺമക്കളും രണ്ട് പെണ്മക്കളുമുണ്ട് അദ്ദേഹത്തിന്.

No comments:

Post a Comment