Powered By Blogger

Monday, March 26, 2012

കുഞ്ഞുണ്ണിമാഷ്‌


കുഞ്ഞുണ്ണി മാഷ്‌ വിടചൊല്ലിയിട്ടു അഞ്ചുവര്‍ഷം....
====================================

ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും
അതിയാരത്തു നാരായണി അമ്മയുടെയും മകനായി
1927 മേയ് 10-ന് കുഞ്ഞുണ്ണിമാഷ് ജനിച്ചു.
ചേളാരി ഹൈസ്കൂളിൽ അദ്ധ്യാപകനായി തന്റെ
ഔദ്യോഗികജീവിതം ആരംഭിച്ച കുഞ്ഞുണ്ണിമാഷ്
തന്റെ ജീവിതത്തിന്റെ സിംഹഭാഗവും കോഴിക്കോട്ടാണ് ചെലവഴിച്ചത്.
1953ൽ കോഴിക്കോട് ശ്രീരാമകൃഷ്ണാ മിഷൻ ഹൈസ്കൂളിൽ
അദ്ധ്യാപകനായി ചേർന്നു.
1982ൽ അദ്ധ്യാപനരംഗത്തുനിന്ന് വിരമിച്ചു.
1987-ൽ സ്വദേശമായ വലപ്പാട്ടേക്ക് തിരിച്ചുപോകുകയും
തൃശൂരിൽ സാമൂഹ്യ-സാംസ്കാരിക
പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു.

മലയാള കവിതയിൽ വ്യതിരിക്തമായ ഒരു ശൈലി
അവതരിപ്പിച്ച കവിയാണ് കുഞ്ഞുണ്ണി.
ഹ്രസ്വവും ചടുലവുമായ കവിതകളിലൂടെയാണ്
ഈ കവി ശ്രദ്ധേയനാകുന്നത്.
അലങ്കാരസമൃദ്ധമായ കാവ്യശൈലിയിൽ നിന്ന് മാറി
ഋജുവും കാര്യമാത്രപ്രസക്തവുമായ കവിതാരീതിയാണ്
ഇദ്ദേഹം അവതരിപ്പിച്ചത്.
ദാർശനികമായ ചായ്‌വ് പ്രകടമാക്കുന്നവയാണ്
ഇദ്ദേഹത്തിന്റെ കവിതകൾ.
ഉപഹാസപരതയും ആത്മവിമർശനവും ചേർന്ന കവിതകൾ
മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ആകർഷിച്ചു.
ആധുനിക കവിതയുടെ ആദ്യകാല സമാഹാരമായ
കാൽശതം കുഞ്ഞുണ്ണി എന്ന പേരിൽ സമാഹരിക്കപ്പെട്ട
ഇരുപത്തിയഞ്ച് കവിതകൾ സമകാലീനരായ
മറ്റു കവികളുടേതിൽ നിന്നും ഭാവുകത്വപരമായ അന്തരം വ്യക്തമാക്കുന്നവയായിരുന്നു.

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ
കുട്ടേട്ടൻ എന്ന പേരിൽ എഴുതിയിരുന്നു.

ഭാഷാശുദ്ധി കുഞ്ഞുണ്ണിമാഷുടെ പ്രധാനപ്പെട്ട പരിഗണനയായിരുന്നു.
എങ്ങനെ ലളിതവും വ്യക്തവുമായ ഭാഷയിൽ എഴുതാം
എന്നു വ്യക്തമാക്കുന്ന മാഷുടെ കുറിപ്പുകൾ
കുട്ടികൃഷ്ണമാരാരുടെ മലയാള ശൈലിയോട്
ചേർത്തു വെക്കാവുന്നവയാണ്.

കുഞ്ഞുണ്ണിക്കവിതകളും ബാലകവിതകളും
വേർതിരിയുന്ന അതിർവരമ്പ് നേർത്തതാണ്.
അതിനാൽ അദ്ദേഹത്തെ പലപ്പോഴും
ബാലസാഹിത്യകാരനായാണ് പരിഗണിക്കപ്പെട്ടത്.
ബാലസാഹിത്യം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട
പ്രവർത്തനരംഗവുമായിരുന്നു.
വലപ്പാടുള്ള അതിയാരത്തുവീട്ടിൽ കുട്ടികൾ
മാഷെ തേടിയെത്തുക പതിവായിരുന്നു.
കുട്ടികളുമായി സല്ലപിക്കുകയും അവരുടെ സംശയങ്ങൾക്ക്
മറുപടി നല്കുകയും ചെയ്യുന്ന ഒരു അപ്പൂപ്പനായി
വാർദ്ധക്യകാലത്ത് അദ്ദേഹം കഴിഞ്ഞു.

പോസ്റ്റു കാർഡുകളിൽ കുട്ടികളുടെ കത്തുകൾക്കു
മറുപടിയും കുട്ടികളുടെ സാഹിത്യ സൃഷ്ടികൾക്കു
തിരുത്തലുകളും അദ്ദേഹം അയച്ചു.

തന്റെ പൊക്കമില്ലായ്മയെ കുറിച്ച് അദ്ദേഹം
ഇങ്ങനെ പറഞ്ഞു.

"പൊക്കമില്ലായ്മയാണെന്റെ പൊക്കം."

കുഞ്ഞുണ്ണി മാഷ് ഏറ്റവുമധികം കാലം പംക്തിയെഴുത്ത്
നടത്തിയത് മലർവാടി എന്ന കുട്ടികളുടെ മാസികയിലായിരുന്നു.
ഇപ്പോൾ കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിക്കുന്ന
മലർവാടിയുടെ സ്ഥാപക പത്രാധിപരായിരുന്ന
പ്രശസ്തബാലസാഹിത്യകാരൻ ഇ.വി.അബ്ദുവാണ
അദ്ദേഹത്തെ മലർവാടിയുമായി ബന്ധിപ്പിച്ചത്.
1981 ജനുവരി മാസം മുതൽ അദ്ദേഹം മലർവാടിയിൽ
കുഞ്ഞുണ്ണിമാഷും കുട്ട്യോളും എന്ന
പംക്തി എഴുതിത്തുടങ്ങി .

കേരളത്തിലെ അനേകം കുട്ടികളെ സാഹിത്യകാരന്മാരാക്കി
വളർത്തിയ പ്രശസ്തമായ പംക്തിയായി അത് മാറി .
1998 ജനുവരി വരെ ആ പംക്തി തുടർന്നു .
നീണ്ട 17 വർഷം .
ആ പംക്തി നിർത്തിയ ശേഷം 2002 വരെ
കുഞ്ഞുണ്ണി മാഷുടെ പേജ് എന്ന പേരിൽ മറ്റൊരു
പംക്തിയിലൂടെ 5 വർഷം കൂടി കുഞ്ഞുണ്ണി മാഷ്
മലർവാടിയിൽ ഉണ്ടായിരുന്നു .
മാഷുടെ സാഹിത്യജീവിതത്തിൽ നീണ്ട 22 വർഷം
സഹചാരിയായിരുന്ന മലർവാടിയുടെ പങ്ക്
വിസ്മരിക്കാൻ പാടില്ലാത്തതാണ.

കുഞ്ഞുണ്ണി മാഷുടെ വിയോഗാനന്തരം മലർവാടി
പ്രത്യേക കുഞ്ഞുണ്ണി മാഷ് പതിപ്പ് പ്രസിദ്ധീകരിച്ച്
അദ്ദേഹത്തിന ആദരവുകളർപ്പിക്കുകയുണ്ടായി.

കുഞ്ഞുണ്ണിമാഷ് തന്റെ വലപ്പാടുള്ള തറവാടിൽ
2006 മാർച്ച് 26-നു അന്തരിച്ചു.
അവിവാഹിതനായിരുന്നു അദ്ദേഹം.

No comments:

Post a Comment