Powered By Blogger

Monday, April 30, 2012

മെയ്‌ ദിനത്തെ പറ്റി
=============

എങ്ങിനെയാണ് മെയ്‌ ഒന്ന് സര്‍വരാജ്യ തൊഴിലാളി
ദിനമായത് എന്ന് ഈ അടുത്ത കാലം വരെ
എനിക്കറിയില്ലായിരുന്നു.... അതുകൊണ്ട് തന്നെ
കൂടുതല്‍ അറിയാന്‍ നടത്തിയ ചില സ്രെമങ്ങളില്‍ നിന്നും
കിട്ടിയ എന്റെ എളിയ അറിവ് ഇവിടെ പങ്കുവെക്കുന്നു... പൂര്‍ണമായും അത് ശരിയാണോ എന്ന് എനിക്കും അറിയില്ല.

അമേരിക്കയിലെ ഏറ്റവും വലിയ വ്യാവസായിക
കേന്ദ്രമായിരുന്ന ചിക്കാഗോയിലെ തൊഴിലാളികളുടെ
ജീവിതം ഏറെ ദുരിതപൂര്‍ണ്ണമായിരുന്നു.
അന്നത്തെ തൊഴിലാളികള്‍ക്ക് ദിവസം 20 മണിക്കൂര്‍
വരെ ജോലി ചെയ്യേണ്ടിവരുമായിരുന്നു.
ഒരു തൊഴിലാളിയുടെ ശരാശരി ആയുസ്സ് 30 ആയിരുന്നു
എന്ന് അറിയുമ്പോഴാണ് ഈ പീഡനത്തിന്റെ ഭീകരത
നമുക്ക് ബോധ്യമാകുന്നത്.

സാര്‍വ്വദേശീയതലത്തില്‍ തന്നെ തൊഴിലാളിവര്‍ഗ
പോരാട്ടങ്ങള്‍ക്ക് കരുത്തും ആവേശവും പകര്‍ന്ന
സംഭവമാണ് ചിക്കാഗോയില്‍ 1886 മെയ് 1 മുതല്‍ 4 വരെ തീയതികളിലുണ്ടായത്. എട്ടുമണിക്കൂര്‍ ജോലി,
എട്ടുമണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍
വിനോദവും പഠനവും എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഈ പോരാട്ടം അമേരിക്കയില്‍ ഉയര്‍ന്നുവന്നത്. ഇതിനു നേരെ സര്‍ക്കാര്‍ നടത്തിയ
ആക്രമണവും ആ പോരാട്ടത്തിനുശേഷം ഭരണകൂടവും
ജുഡീഷ്യറിയും തൊഴിലാളികളെ ഭീകരമായി പീഡിപ്പിച്ച രീതിയും ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.
എട്ടുമണിക്കൂര്‍ പ്രവൃത്തി സമയത്തിനുവേണ്ടിയുള്ള
അന്ന് നടന്ന പണിമുടക്കില്‍ എട്ടുലക്ഷം പേരായിരുന്നു
പങ്കെടുത്തത്.

ജോലി സമയം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ
സമരത്തിന്‍റെ പേരില്‍ ആല്‍ബര്‍ട്ട് പാഴ്സന്‍സ്,
അഗസ്റ്റ് സ്പീസ്, അഡോള്‍ഫ് ഫിഷര്‍, ജോര്‍ജ്ജ് എന്‍ഗല്‍
എന്നീ തൊഴിലാളി പ്രവര്‍ത്തകര്‍ രക്തസാക്ഷികളായി.
ലോക തൊഴിലാളി ജനതയുടെ ക്ഷേമത്തിനു വേണ്ടി
സ്വന്തം ജീവിതം ബലിയര്‍പ്പിക്കേണ്ടി വന്ന
അമേരിക്കന്‍ തൊഴിലാളികളുടെ ആത്മത്യാഗത്തിന്‍റെ
ഓര്‍മ്മ കുറിപ്പ് കൂടിയാണ് മേയ് ദിനം

തൊഴിലാളികള്‍ക്കു നേരെ വെടി ഉതിര്‍ത്തും നേതാക്കളെ
തൂക്കിലിട്ടും തൊഴിലാളിവര്‍ഗ പോരാട്ടത്തെ അടിച്ചമര്‍ത്തിക്കളയാമെന്നായിരുന്നു അന്നത്തെ
ഭരണാധികാരികള്‍ സ്വപ്നം കണ്ടിരുന്നത്. എന്നാല്‍,
ആ കണക്കുകൂട്ടലുകളെ മുഴുവനും കാറ്റില്‍പ്പറത്തിക്കൊണ്ട്
"ഓരോ തുള്ളി ചോരയില്‍നിന്നും ഒരായിരംപേര്‍ ഉയരുന്നു"
എന്ന വാക്യത്തെ അന്വര്‍ത്ഥമാക്കുന്ന സംഭവമാണ്
ചിക്കാഗോ സംഭവം ലോകത്തുണ്ടാക്കിയത്.

ഇന്നും ലോകത്തെ തൊഴിലാളികളുടെ പോരാട്ടങ്ങള്‍ക്ക്
ആവേശമാണ് ചിക്കാഗോ സംഭവം. മുതലാളിത്തത്തെ വിലയിരുത്തിക്കൊണ്ട് മാര്‍ക്സ് പറഞ്ഞത് അതിനെ തകര്‍ക്കുന്നതിനുള്ള ശക്തി അതിന്റെ ഉള്ളില്‍നിന്നുതന്നെ വളര്‍ന്നുവരുന്നുണ്ട് എന്നതാണ്.

തൊഴിലാളികളുടെ പോരാട്ടത്തിന്റെ നീണ്ട കാലത്തെ
ചരിത്രത്തില്‍, നീണ്ട കാലത്തെ പോരാട്ടത്തിന് ശേഷം
പീഡനങ്ങള്‍ അതിജീവിച്ച് നേടിയെടുത്ത ദിനമെന്ന നിലയില്‍ സര്‍വലോക തൊഴിലാളികളും വിജയത്തിന്റെയും
പോരാട്ട സാഫല്യത്തിന്റെയും ദിനമായി മെയ് ദിനം
ആചരിക്കുന്നു. 1890 മേയ് ഒന്നു മുതല്‍ ജോലിസമയം
എട്ട് മണിക്കൂര്‍ ആയിരിക്കുമെന്ന് തീരുമാനിച്ചു.
അതിന് അമേരിക്ക ഫെഡറേഷന്‍ ഓഫ് ലേബര്‍ ഉറപ്പ് നല്‍കി.
ഇതിന്‍റെ പിറ്റേ കൊല്ലമാണ് മേയ് ദിനാഘോഷങ്ങള്‍
ആദ്യമായി നടന്നത്. ഇന്ത്യയില്‍ 1927 ലാണ്
മേയ് ഒന്ന് തൊഴിലാളി ദിനമായി ആഘോഷിക്കാന്‍
തുടങ്ങിയത്.

അന്തര്‍ദ്ദേശീയ തൊഴിലാളി ദിനമായി ആചരിക്കുന്ന
മെയ്‌ ദിനം ലോകത്തിന്‍റെ പൊതു അവധി ദിവസമാണ്. അമേരിക്കയില്‍ പക്ഷെ , ഇത് നിയമദിനമായാണ്
ആചരിക്കുന്നത്. അമേരിക്ക മേയ് ദിനം അംഗീകരിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയും കാനഡയും ഇതേ ചേരിയിലാണ്.

എന്നാല്‍ മേയ് ദിനം ഏറ്റവും സജീവം ഇന്ന് ചൈനയിലാണ്.
മേയ് ഒന്നു മുതല്‍ ഒരാഴ്ച അവിടെ വു യി എന്ന പേരില്‍
പൊതു അവധിയാണ്. തൊഴിലാളികള്‍ ഈ ആഴ്ച വിനോദസഞ്ചാരവാരമായി ആഘോഷിക്കുകയാണ് പതിവ്.

No comments:

Post a Comment