Powered By Blogger

Sunday, April 15, 2012

തീവണ്ടി


1844 ൽ ഇന്ത്യയുടെ ഗവർണർ ജനറൽ ആയിരുന്ന
ലോർഡ് ഹാർഡിങ്ങ് ഇന്ത്യയിൽ തീവണ്ടിഗതാഗതം സ്ഥാപിക്കാൻ
സ്വകാര്യ സംരംഭകരെ അനുവദിച്ചു. ഈ തീരുമാനത്തിന്റെ
ഫലമായി ഇംഗ്ലണ്ടിലുള്ള നിരവധി നിക്ഷേപകർ
പണം മുടക്കാൻ തയ്യാറായി. ഇങ്ങനെയാണ് ഇന്ത്യയിൽ
തീവണ്ടിഗതാഗതം എന്ന ഒരുപുതിയ മേഖല ഉണ്ടായത്.
1851 ഡിസംബർ 12 ആം തീയതിയാണ് ഇന്ത്യയിൽ ആദ്യമായി
തീവണ്ടി ഓടിയത്. റൂർക്കിയിലേക്കുള്ള നിർമ്മാണ വസ്തുക്കൾ കൊണ്ടുപോകാൻ വേണ്ടിയായിരുന്നു ഇത്

ഒന്നര വർഷത്തിനു ശേഷം 1853 ഏപ്രിൽ16 ആം തീയതി
ഇന്ത്യയിലെ ആദ്യത്തെ യാത്രാതീവണ്ടി ഓടിത്തുടങ്ങി.
അങ്ങനെ ഇംഗ്ലണ്ടിൽ തീവണ്ടി ആദ്യമായി ഓടിയതിനു ശേഷം
വെറും 28 വർഷം കൊണ്ടുതന്നെ അത് ഇന്ത്യയിലെത്തി.
ബോറിബന്ദർ, ബോംബെ, താനെ എന്നീ സ്ഥലങ്ങളിലൂടെയാണ്
ഈ തീവണ്ടി ഓടിയത്. ഏകദേശം 34 കിലോമീറ്റർ ദൂരം
ആയിരുന്നു യാത്രാദൂരം. സാഹിബ്, സിന്ധ്, സുൽത്താൻ
എന്നിങ്ങനെയായിരുന്നു അന്ന് ഉപയോഗിച്ച തീവണ്ടി
എഞ്ചിനുകളുടെ പേരുകൾ. ഏതാണ്ട് ഒരു വർഷത്തിനു
ശേഷം കൽക്കത്തയിലും തീവണ്ടിഗതാഗതം ആരംഭിച്ചു.
1854 ഓഗസ്റ്റ് 15-ന് ഹൗറയിൽ നിന്ന് ഹൂഗ്ലിയിലേക്ക് യാത്രാവണ്ടി
ഓടാൻ തുടങ്ങി. 1856-ൽ മദ്രാസ് റെയിൽ‌വേ കമ്പനി
മദ്രാസിലും ആദ്യത്തെ തീവണ്ടിപ്പാത തുറന്നു.

1870-ൽ ഇന്ത്യയിലെ പ്രധാന തുറമുഖനഗരങ്ങളായ ബോംബേയും
കൽക്കത്തയും തീവണ്ടിപ്പാതയാൽ ബന്ധിപ്പിക്കപ്പെട്ടു.
1880 ആയപ്പോൾ ഇന്ത്യയിലെ തീവണ്ടിപ്പാതയുടെ മൊത്തം നീളം
ഏകദേശം 14,500 കിലോമീറ്ററായി. തുറമുഖപട്ടണങ്ങളായ
ബോംബെ, മദ്രാസ്, കൽക്കട്ട എന്നിവിടങ്ങളിൽ നിന്നും
അകത്തേക്ക് പടർന്നു കിടക്കുന്ന രീതിയിലായിരുന്നു അന്നത്തെ തീവണ്ടിപ്പാതയുടെ രൂപം. ചരക്കുഗതാഗതത്തിനായിരുന്നു
പ്രാമുഖ്യം. 1895 ആയപ്പോൾ ഇന്ത്യയിൽ തീവണ്ടി എഞ്ചിനുകൾ നിർമ്മിക്കുവാൻ തുടങ്ങി. തുടർന്നു ഇന്ത്യയിൽ
അന്ന് നിലനിന്നിരുന്ന നാട്ടുരാജ്യങ്ങൾ സ്വന്തമായി
തീവണ്ടിപ്പാതകൾ നിർമ്മിക്കുകയും അങ്ങനെ ഇപ്പോഴത്തെ
അസം, രാജസ്ഥാൻ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേക്ക്
തീവണ്ടിഗതാഗതം ഉണ്ടാവുകയും ചെയ്തു.

1901 ൽ റെയിൽവേ ബോർഡ് നിലവിൽ വന്നു
പക്ഷെ തീരുമാനങ്ങളെടുക്കുവാനുള്ള അധികാരം
വൈസ്രോയിയായിരുന്ന ലോർഡ് കർസനു മാത്രമായിരുന്നു. വാണിജ്യവ്യവസായവകുപ്പിനു കീഴിലായിരുന്നു
റെയിൽവേ ബോർഡിന്റെ പ്രവർത്തനം.
മൂന്ന് അംഗങ്ങളുണ്ടായിരുന്നു അന്നത്തെ റയിൽവേ ബോർഡിൽ.
1907 ആയപ്പോൾ എല്ലാ തീവണ്ടിക്കമ്പനികളും സർക്കാർ ഏറ്റെടുത്തു.

1920 ൽ സർക്കാർ തീവണ്ടി ഗതാഗതമേഖല ഏറ്റെടുക്കുകയും,
റെയിൽവേ വഴിയുള്ള വരുമാനത്തെ മറ്റു സർക്കാർ
വരുമാന മേഖലകളിൽ നിന്നു വേർപെടുത്തി ഒരു പ്രത്യേക
മേഖലയാക്കുകയും ചെയ്തു. ഈ സമ്പ്രദായം ഇന്നും നിലനിൽക്കുന്നു.
ഇന്ത്യയിൽ ഇതിനായി റെയിൽവേ ബജറ്റ് ഉണ്ട്.


ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വലുതുമായ തീവണ്ടിപ്പാതാശൃംഖലകളിലൊന്നാണ് ഇന്ത്യൻ റെയിൽവേയുടേത് ,
ഏകദേശം 5000 കോടി‍ യാത്രക്കാരും, 650 ദശലക്ഷം ടൺ ചരക്കും
ഓരോ വർഷവും ഈ റെയിൽപ്പാതയിലൂടെ നീങ്ങുന്നുണ്ട്.
അതുമാത്രമല്ല 16 ലക്ഷത്തിൽ കൂടുതൽ പേർക്ക്
തൊഴിൽ നൽകുന്ന ഒരു സ്ഥാപനവും കൂടിയാണ് ഇന്ത്യൻ റെയിൽവേ.
ഇന്ത്യയിലെ തീവണ്ടി ഗതാഗത മേഖല ഇന്ത്യൻ റെയിൽവേയുടെ കുത്തകയാ‍ണെന്നു പറയാം. ഇന്ത്യൻ റെയിൽവേയിലെ മൊത്തം തീവണ്ടിപ്പാതയുടെ നീളം 63,940 കിലോമീറ്ററോളം വരും.

No comments:

Post a Comment