Powered By Blogger

Monday, April 9, 2012

മൊറാര്‍ജി ദേശായി


മൊറാർജി ദേശായി (ഫെബ്രുവരി 29, 1896 - ഏപ്രിൽ 10, 1995)
==================================

മൊറാർജി ദേശായി ഗുജറാത്തിലെ ബദേലി എന്ന സ്ഥലത്ത്
1896-ൽ ജനിച്ചു. അദ്ദേഹം സർവകലാശാല വിദ്യാഭ്യാസം
പൂർത്തിയാക്കിയ ശേഷം സിവിൽ സർവീസിൽ പ്രവേശിച്ചു.
1924-ൽ തന്റെ ഉദ്യോഗം രാജിവെച്ച് അദ്ദേഹം 1930-ലെ ബ്രിട്ടീഷ് ഭരണത്തിനെതിരായ നിസ്സഹകരണ പ്രസ്ഥാനത്തിൽ ചേർന്നു.
സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഒരുപാടുനാളുകൾ
മൊറാർജി ജയിലിൽ കഴിച്ചുകൂട്ടി.
തന്റെ നേതൃത്വഗുണം കൊണ്ടും തളരാത്ത ആത്മവിശ്വാസം കൊണ്ടും
അദ്ദേഹം സ്വാതന്ത്ര്യസമരസേനാനികൾക്കിടയിൽ പ്രിയങ്കരനായിരുന്നു.

ഗുജറാത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളിൽ
പ്രമുഖനായിരുന്നു അദ്ദേഹം. 1934-ലെയും 1937-ലെയും
പ്രവിശ്യാ തിരഞ്ഞെടുപ്പുകളിൽ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം
ബോംബെ പ്രസിഡൻസിയിൽ റവന്യൂ മന്ത്രിയും ആഭ്യന്തരമന്ത്രിയും
ആയി സേവനമനുഷ്ഠിച്ചു.

ഒരു അടിയുറച്ച ഗാന്ധിയനായിരുന്നുവെങ്കിലും മൊറാർജി
സാമുദായികമായി യാഥാസ്ഥിതികനും വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നവനും തുറന്ന വാണിജ്യ
വ്യവസ്ഥയ്ക്കുവേണ്ടി നിലകൊള്ളുന്നവനുമായിരുന്നു.
ഈ നിലപാടുകൾ നെഹറുവിന്റെ സോഷ്യലിസ്റ്റ് ചിന്താഗതികൾക്കു കടകവിരുദ്ധമായിരുന്നു.കോൺഗ്രസ് നേതൃനിരയിൽ
മൊറാർജി പലപ്പോഴും നെഹറുവിന്റെ എതിരാളിയായി
കണക്കാക്കപ്പെട്ടു. നെഹറുവിനെ പ്രായാധിക്യവും
അവശതകളും അലട്ടിയപ്പോൾ മൊറാർജിക്ക് നെഹറുവിനുശേഷം പ്രധാനമന്ത്രിപദം ലഭിക്കുമെന്ന് പലരും വിശ്വസിച്ചിരുന്നു.

എങ്കിലും നെഹറുവിന്റെ മരണത്തിനുശേഷം (1964)
നെഹറുവിന്റെ പക്ഷത്തുനിലകൊണ്ട ലാൽ ബഹാദൂർ ശാസ്ത്രിക്ക് പ്രധാനമന്ത്രിപദം ലഭിച്ചു. അന്ന് മൊറാർജി ഈ നീക്കത്തിനെതിരെ
വലിയ പ്രതിഷേധം പ്രകടിപ്പിച്ചില്ല. എങ്കിലും ശാസ്ത്രിയുടെ
മരണത്തിനു ശേഷം (1966) അദ്ദേഹം പ്രധാനമന്ത്രിപദത്തിനു
വേണ്ടി തീവ്രമായി ശ്രമിക്കുകയും ഇന്ദിരയുമായി
രാജ്യത്തിന്റെ ഭാവി ഭാഗധേയത്തിനുവേണ്ടി ഒരു തുറന്ന
പോരാട്ടം നടത്തുകയും ചെയ്തു. 351 വോട്ടുകൾ ലഭിച്ച ഇന്ദിര
169 വോട്ടുകൾ ലഭിച്ച മൊറാർജിയെ തോല്പിച്ച് ഇന്ത്യയുടെ
പ്രധാനമന്ത്രിയായി.

ഇതിനുശേഷം ആദ്യം മൊറാർജി ഇന്ദിര മന്ത്രിസഭയിൽ നിന്ന്
വിട്ടുനിന്നു. ഭരണരംഗത്ത് പുതുമുഖവും ചെറുപ്പവുമായ
ഇന്ദിരയുടെ കീഴിൽ രാജ്യം ഒരു മോശമായ വിളവെടുപ്പ്,
രൂപയുടെ മൂല്യശോഷണം, രാജ്യത്തെ ജനങ്ങളുടെ ഭരണകൂടത്തോടുള്ള
അകൽച്ച തുടങ്ങി പല പ്രതിസന്ധികളും നേരിട്ടു.
മൊറാർജിയുടെ പ്രാധാന്യം ഇതോടെ വളരെ വർദ്ധിക്കുകയും
അദ്ദേഹം 1967-ൽ മന്ത്രിസഭയിലേക്ക് തിരിച്ചുവരികയും ചെയ്തു.
അദ്ദേഹം ആഭ്യന്തര പദവി ആവശ്യപ്പെട്ടെങ്കിലും ഉപ പ്രധാനമന്ത്രി
എന്ന പദവിയും ധനമന്ത്രി സ്ഥാനവും കൊണ്ട് തൃപ്തിപ്പെട്ടു.

പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ കോടതി
1974-ൽ തിരഞ്ഞെടുപ്പു കേസിൽ കുറ്റക്കാരിയായി വിധിച്ചപ്പോൾ
മൊറാർജി ദേശായി ജയപ്രകാശ് നാരായണനോടുചേർന്ന്
ഇന്ദിരയുടെ രാജി ആവശ്യപ്പെട്ട് രാജ്യമൊട്ടാകെ പ്രതിഷേധ
പ്രകടനങ്ങൾ സംഘടിപ്പിച്ചു. രാജ്യമൊട്ടാകെ അഴിമതിയിലുള്ള
ജനങ്ങളുടെ മടുപ്പും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും
ഈ ആവശ്യത്തോടു ചേർത്ത് പ്രതിപക്ഷ സഖ്യം രാജ്യമൊട്ടാകെ
കോളിളക്കം സൃഷ്ടിച്ചു. ഇന്ദിര 1975-ൽ അടിയന്തരാവസ്ഥ
പ്രഖ്യാപിക്കുകയും മൊറാർജി ദേശായിയെയും ജയപ്രകാശ്
നാരായണനെയും അസംഖ്യം പ്രതിപക്ഷ നേതാക്കളെയും
അറസ്റ്റുചെയ്ത് ജയിലിൽ അടക്കുകയും ചെയ്തു.
നെഹറുവിന്റെ മകൾ ഒരു സ്വാതന്ത്ര്യസമര സേനാനിയെ
സിവിൽ-നിസ്സഹകരണത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത്
ജയിലിൽ അടച്ചത് ചരിത്രത്തിന്റെ വിരോധാഭാസമായിരുന്നു.

ഇന്ദിര 1977-ൽ തിരഞ്ഞെടുപ്പിന് ആവശ്യപ്പെട്ടപ്പോൾ മിക്കവാറും
എല്ലാ പ്രതിപക്ഷ പാർട്ടികളും യോജിച്ച് ജനതാ സഖ്യം രൂപവത്കരിച്ചു.
ജനതാ സഖ്യം പാർലമെന്റിൽ 356 സീറ്റുകൾ നേടി തിരഞ്ഞെടുപ്പിൽ
വിജയിച്ചു. ജയപ്രകാശ് നാരായണൻ മൊറാർജി ദേശായിയെ
ഈ സഖ്യം നിലനിറുത്താൻ കഴിവുള്ള ഏറ്റവും നല്ലയാൾ
എന്നു വിശേഷിപ്പിച്ചു. മൊറാർജി ദേശായി ഇന്ത്യയുടെ
പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
81 വയസ്സായിരുന്നെങ്കിലും അദ്ദേഹം രോഗവിമുക്തനും
വളരെ ആരോഗ്യവാനും ഊർജ്ജസ്വലനുമായിരുന്നു.
ഇന്ത്യയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഉപപ്രധാനമന്ത്രിയാണ് അദ്ദേഹം.

മൊറാർജി ദേശായി പാകിസ്താനുമായുള്ള ബന്ധം നന്നാക്കുകയും
1962-ലെ യുദ്ധത്തിനുശേഷം ആദ്യമായി ചൈനയുമായി
നയതന്ത്രബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു.
പക്ഷേ സഖ്യകക്ഷികൾ തമ്മിലുള്ള തുടർച്ചയായ വഴക്കുകൾ
കാരണം പ്രധാനപ്പെട്ട പ്രമേയങ്ങളൊന്നും അവതരിപ്പിച്ച് വിജയിപ്പിക്കുവാനായില്ല. ഇന്ദിരയ്ക്ക് എതിരായ കേസുകൾ
നിരാലംബയായ ഒരു സ്ത്രീക്കെതിരെ ഒരു സർക്കാർ മുഴുവനും പ്രവർത്തിക്കുന്നതായി വ്യാഖ്യാനിക്കപ്പെട്ടു.
ജനങ്ങൾ ഇതോടെ സർക്കാരിൽ നിന്ന് അകന്നുതുടങ്ങി.
മൊറാർജി ദേശായിയുടെ പുത്രന്റെ പേരിൽ അഴിമതി,
പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളിൽ കൈകടത്തൽ,
സർക്കാ‍ർ സംവിധാങ്ങളുടെ ദുരുപയോഗം
എന്നീ ആരോപണങ്ങൾ ചാർത്തപ്പെട്ടു.

പാകിസ്താനുമായുള്ള ബന്ധം ഊഷ്മളമാക്കിയത് മൊറാർജി
ദേശായിയാണ്. അദ്ദേഹവും സിയാ ഉൾ ഹഖും തമ്മിൽ
നല്ല സൗഹൃദം നിലനിന്നിരുന്നു. ചൈനയുമായുള്ള നയതന്ത്ര ബന്ധം
അദ്ദേഹം പുനഃസ്ഥാപിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിലെ
അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന ജനങ്ങൾക്ക്
ജനാധിപത്യത്തിലുള്ള വിശ്വാസം പുനഃസ്ഥാപിച്ചു എന്നതാണ്.

അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടനയിൽ കൊണ്ടുവന്ന
പല മാറ്റങ്ങളും അദ്ദേഹം നീക്കം ചെയ്തു.
പിൽക്കാലത്ത് ഏതെങ്കിലും സർക്കാരിന് അടിയന്തരാവസ്ഥ
പ്രഖ്യാപിക്കുന്നത് അദ്ദേഹം ദുഷ്കരമാക്കി.

1979-ൽ ചരൺ സിംഗ് തന്റെ ബി.എൽ.ഡി. പാർട്ടിയെ
ജനതാ സഖ്യത്തിൽ നിന്നും പിൻ‌വലിച്ച് സർക്കാരിനെ താഴെയിട്ടു.
മൊറാർജി ദേശായി ഇതിനെ തുടർന്ന് രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു.
അന്ന് അദ്ദേഹത്തിന് 83 വയസ്സായിരുന്നു.
വിരമനത്തിനുശേഷം അദ്ദേഹം ബോംബെയിൽ താമസിച്ചു.
99-)മത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു.
അവസാന കാലത്ത് അദ്ദേഹത്തിന് പല ബഹുമതികളും
സമ്മാനിക്കപ്പെടുകയും ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും
പ്രശസ്തനായ സ്വാതന്ത്ര്യസമര സേനാനി എന്ന നിലയിൽ
അദ്ദേഹം ഒരുപാട് ബഹുമാനിക്കപ്പെടുകയും ചെയ്തു.

ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും ഇന്ത്യയുടെ ആദ്യത്തെ
കോൺഗ്രസ് ഇതര മന്ത്രിസഭയിലെ പ്രധാനമന്ത്രിയുമായിരുന്നു അദേഹം പ്രധാനമന്ത്രിപദത്തിലെത്തുന്ന ലോകത്തെ ഏറ്റവും
പ്രായം കൂടിയ വ്യക്തിയും അദ്ദേഹമാണ് (81-)മത്തെ വയസ്സിൽ). പാകിസ്താനിലെയും ഇന്ത്യയിലെയും പരമോന്നത പൗരബഹുമതികൾ ലഭിക്കുന്ന ഏക വ്യക്തിയാണ് അദ്ദേഹം.
(ഭാരതരത്നം, നിഷാൻ-ഇ-പാകിസ്താൻ എന്നിവ).

No comments:

Post a Comment