Powered By Blogger

Tuesday, April 17, 2012

ആൽബർട്ട് ഐൻസ്റ്റൈൻ


ആധുനിക ഭൗതിക ശാസ്ത്രത്തി‌ന്റെ പിതാവെന്നറിയപ്പെടുന്ന
ആൽബർട്ട് ഐൻസ്റ്റൈൻ 1879 മാർച്ച് 14ൽ‌ ജർമ്മനിയിലെ
ഉലമിൽ ജനിച്ചു.ആൽബർട്ടിന്റെ പിതാവ്
ഹെർമൻ ഐൻസ്റ്റൈൻ ഒരു ഇലക്ട്രിക്കൽ കട ഉടമയായിരുന്നു.
അമ്മ പൗളിൻ നല്ല വിദ്യാഭ്യാസം നേടിയ ഒരു സ്ത്രീ ആയിരുന്നു.
ഒരു വയസ്സുള്ളപ്പോൾ കുടുംബം മ്യൂണിക്കിലേക്ക് താമസം മാറ്റി.
ലജ്ജാശീലനും സ്വപ്നജീവിയുമായിരുന്നു ബാലനാ‍യ ഐൻസ്റ്റൈൻ.
അമ്മ മനോഹരമായി പിയാനോ വായിക്കുമായിരുന്നു.
ബാലനായ ഐൻസ്റ്റൈൻ അത് അവരിൽ നിന്ന് പഠിച്ചു.
ആൽബർട്ട് വളരെ വൈകിയാണ് സംസാരിക്കാൻ തുടങ്ങിയത്.
ആറ് വയസ്സുമുതൽ സംഗീതത്തിൽ അതീവ തല്പരനായിരുന്നു.

ശാസ്ത്രീയോപകരണങ്ങളിൽ കുട്ടിക്കാലത്തേ താല്പര്യം
തോന്നിയ ഐൻസ്റ്റൈൻ കണക്കിൽ അതീവ മിടുക്കനും
മറ്റ് വിഷയങ്ങളിൽ സാധാരണക്കാ‍രനുമായിരുന്നു.
പതിനഞ്ചാം വയസ്സിൽ ഐൻസ്റ്റൈന്റെ കുടുംബം താമസം
ഇറ്റലിയിലേക്ക് മാറി. സ്വിറ്റ്സർലാന്റിലെ സൂറിച്ച് സർവ്വകലാശാലയിലായിരുന്നു ഐൻസ്റ്റൈന്റെ പഠനം.
ഇവിടെ അദ്ദേഹത്തിന്റെ പ്രതിഭ വികസിച്ചു.
ഊർജ്ജതന്ത്രത്തിലും കണക്കിലും അദ്ദേഹം അസാമാന്യ മിടുക്ക് കാട്ടി.

1900ൽ പഠിത്തം പൂർത്തിയാക്കിയ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട
അദ്ധ്യാപകജോലി കിട്ടിയില്ല. അദ്ദേഹം ബെർനിയിലെ
സ്വിസ്സ് പേറ്റന്റ് ഓഫീസിൽ ജോലിക്ക് ചേർന്നു.
യുഗോസ്ലാവിയക്കാരി ശാസ്ത്രവിദ്യാർത്ഥിനിയായിരുന്ന
മിലോവാ മാറക്കിനെ അദ്ദേഹം വിവാഹം ചെയ്തു.
രണ്ട് പുത്രന്മാർ ജനിച്ചു.

ഒഴിവു സമയത്ത് അദ്ദേഹം സ്വന്തം ഭൗതിക പരീക്ഷണങ്ങളിൽ മുഴുകി.
1905ൽ അഞ്ച് ഗവേഷണപ്രബന്ധങ്ങൾ അദ്ദേഹം പ്രസിദ്ധം ചെയ്തു.
അതിലെ വിപ്ലവകരമായ ചില ആശയങ്ങൾ ശാസ്ത്രലോകത്തെ പിടിച്ചുകുലുക്കി. അതിലൊരു പ്രബന്ധം പ്രശസ്തമായ
‘ആപേക്ഷികതാ സിദ്ധാന്തം’ ആയിരുന്നു (Theory of Relativity).
അതിൽ പ്രപഞ്ചത്തിലെ വസ്തുക്കളുടെ കേവലമായ ചലനം
ഒരു മിഥ്യയാണെന്നും ആപേക്ഷികമായ ചലനം മാത്രമേ ഉള്ളു
എന്നും അദ്ദേഹം വാദിച്ചു. മറ്റൊരു പ്രബന്ധത്തിൽ അദ്ദേഹം
വസ്തുവും ഊർജ്ജവും തമ്മിലുള്ള ബന്ധം ചർച്ച ചെയ്തു.
ഈ പ്രസിദ്ധ നിർവചനത്തിന്റെ അടിസ്ഥാനത്തിലാണ്
1945ൽ ആറ്റംബോംബ് ഉണ്ടാക്കിയത്.

1906-ൽ സൂറിച്ച് സർവ്വകലാശാല അദ്ദേഹത്തെ പ്രൊഫസ്സറാക്കി.
1916ൽ അദ്ദേഹം ‘ആപേക്ഷികതയുടെ പൊതുസിദ്ധാന്തം’
പ്രസിദ്ധീകരിച്ചു. അത്യന്തം സങ്കീർണ്ണമായിരുന്ന ഈ സിദ്ധാന്തം
അന്ന് ലോകത്തിലെ നാലു‍ ശാസ്ത്രജ്ഞന്മാർക്കേ
മനസ്സിലായിരുന്നുള്ളുവെന്ന് പറയപ്പെടുന്നു.
ഇത് അദ്ദേഹത്തെ ഒരു മഹാ ശാസ്ത്രകാരനാക്കിമാറ്റി.
1921-ൽ അദ്ദേഹം നോബൽ സമ്മാനത്തിനർഹനായി.
ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തെക്കുറിച്ചുള്ള പഠനമാണ്
ഐൻസ്റ്റൈനെ നോബൽ സമ്മാനാർഹനാക്കിയത്.

1933ൽ ഹിറ്റ്‌ലറുടെ ക്രൂരതകൾ മൂലം അദ്ദേഹം യൂറോപ്പ് വിട്ടു.
അമേരിക്കയിലെ പ്രിൻസ്റ്റൺ സർവകലാശാല അദ്ദേഹത്തിനൊരു
ഉയർന്നസ്ഥാനം നൽകി. 1940ൽ അദ്ദേഹം അമേരിക്കൻ
പൗരത്വം സ്വീകരിച്ചു. ജീവിതം മുഴുവനും അദ്ദേഹം
കണക്കിലെയും ഭൗതികശാസ്ത്രത്തിലെയും സങ്കീർണ്ണമായ
സമസ്യകൾക്ക് ഉത്തരം തേടിക്കൊണ്ടിരുന്നു.
സ്നേഹശീലനും സൗമ്യനുമായിരുന്ന അദ്ദേഹം
യുദ്ധവിരോധിയായിരുന്നു. ന്യൂക്ലിയർ സാങ്കേതികവിദ്യ
മനുഷ്യനന്മയ്ക്ക് ഉപയോഗിക്കണമെന്ന് അദ്ദേഹം
ശക്തിയായി വാദിച്ചിരുന്നു. 1955ൽ ഈ മഹാപ്രതിഭ
പ്രിൻസ്റ്റൺ ആശുപത്രിയിൽ വച്ച് ഉറക്കത്തിൽ അന്തരിച്ചു.

ആൽ‌ബർട്ട് ഐൻസ്റ്റൈൻ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും
പ്രതിഭാധനനായ ശാസ്ത്രഗവേഷകനായി പരക്കെ
അംഗീകരിക്കപ്പെടുന്നു. ലോകചരിത്രത്തെ ഏറ്റവും സ്വാധീനിച്ച
നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ്
"ദ ഹൻഡ്രഡ്" എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ
പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയിൽ
പത്താം സ്ഥാനം ഐൻസ്റ്റൈനാണ്

No comments:

Post a Comment