"ടിക്കറ്റ് ടിക്കറ്റ്...."
പാറപ്പുറത്ത് ചിരട്ട ഇട്ടുരക്കുമ്പോള്‍
ഉണ്ടാവുന്ന ഈ ശബ്ദം കേട്ട് നല്ല പരിചയം തോന്നി... ,
ഞാന്‍, ചങ്ങനാശേരിയില്‍ നിന്നും ഒരു
സുഹൃത്തുമായി ബസ്സില്‍ പൊന്‍കുന്നത്തെക്ക്
വരികയായിരുന്നു, ബസ്സില്‍ നല്ല തിരക്ക്,
നിന്നാണ് യാത്ര... ,
കണ്ടക്ടറെ തിരിഞ്ഞു നോക്കി...
എവിടെയോ കണ്ട മുഖം...
എത്ര ആലോചിച്ചിട്ടും ഓര്‍മയില്‍ വരുന്നുമില്ല,
ആ, എന്തുമാവട്ടെ എന്ന് കരുതി നിന്നപ്പോള്‍
അയാള്‍ എന്നെ ഒന്ന് തോണ്ടി,
"അതാ ആ പുറകില്‍ ഇപ്പൊ സീറ്റ് ഫ്രീയാവും
അവിടെ പോയിരുന്നോ....,"
ഞാന്‍ സീറ്റില്‍ ഇരുന്നു, അല്പം കഴിഞ്ഞപ്പോള്‍
ബസ്സിലെ തിരക്ക് കുറഞ്ഞു.... , അയാള്‍
ഞങ്ങളുടെ സീറ്റിനരികില്‍ വന്നു,
എന്നോട് ചോദിച്ചു,
"ഇപ്പോള്‍ എന്ത് ചെയ്യുന്നു...???
ഞാന്‍ അയാളുടെ മുഖത്തേക്ക് നോക്കി....
അത്ഭുതം... ഇത് പണ്ട് ഞാന്‍ കോളേജില്‍
പോകുമ്പോള്‍ വല്ലപ്പോഴും കയറാറുള്ള ബസ്സ്...
ആ കണ്ടക്ടര്‍.... ഇരുപതു വര്‍ഷത്തിനു ശേഷം
അയാള്‍ എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു.... ,
അടുത്തിരുന്ന എന്റെ സുഹൃത്തിനോട്
അയാള്‍ പറയുന്നു,
"ഒരു സമരത്തിന് ഇദേഹം എന്റെ കരണക്കുറ്റിക്ക്
തല്ലിയതാണ്, അന്നെന്റെ കണ്ണില്‍ കൂടി
പൊന്നീച്ച പറന്നു....."
ചിരിച്ചു കൊണ്ടാണ് അത് പറഞ്ഞതെങ്കിലും,
ഒരു വിഷാദം അയാളുടെ മുഖത്ത്...
എന്റെ മനസ്സ് ഒന്ന് പിടഞ്ഞു.... ശരിയാണ്,
ആളാവാന്‍ അന്ന് കാണിച്ച ഒരു തെമ്മാടിത്തരം....
പണ്ടേ മറന്നു പോയ സംഭവം.... ,
ഇപ്പോള്‍, ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്ത്....
വല്ലാത്ത വിഷമമായി... ഞാന്‍ അയാളുടെ കയില്‍
പിടിച്ചു.... ക്ഷമ പറഞ്ഞു.... ,
ഞാന്‍ ചിന്തിക്കുകയായിരുന്നു, ചെറുപ്പത്തിന്റെ
ആവേശത്തില്‍ ചെയ്തുകൂട്ടുന്ന ഓരോ കാര്യങ്ങള്‍....
അച്ഛനാവാന്‍ പ്രായമുള്ള മനുഷ്യന്‍.... ,
ആ സ്ഥാനത് ഞാന്‍ എന്റെ അച്ഛനെ സങ്കല്‍പ്പിച്ചു നോക്കി.... , ചെയ്തത് പൊറുക്കാന്‍ കഴിയാത്ത അപരാധം...
യാത്ര അവസാനിച്ചു ഇറങ്ങിയപ്പോഴും ഞാന്‍
അയാളുടെ കയില്‍ പിടിച്ചു പറഞ്ഞു...
"ക്ഷമിക്കണം എന്നോട്, അറിവില്ലാതെ
അന്ന് ചെയ്ത തെറ്റ്..."
"അത്ക്കെ പണ്ടല്ലേ, ജീവിതത്തില്‍
ഇതൊക്കെയുള്ളതാ.... ഞാനിപ്പോള്‍
കണ്ടപ്പോള്‍ ഓര്‍ത്തു എന്നേയുള്ളൂ...
സാരമില്ല, ഇപ്പൊ പോട്ടെ,
നമുക്കിനിയും കാണാം....."
അയാള്‍ ഡബിള്‍ ബെല്ലടിച്ചു....
ഒന്നും പറയാന്‍ കഴിയാതെ ഞാനവിടെ നിന്നു....
No comments:
Post a Comment