Powered By Blogger

Tuesday, July 31, 2012

ബാല ഗംഗാധര തിലകന്‍

മഹാരാഷ്ട്രയിൽ കൊങ്കണ തീരത്തുള്ള രത്നഗിരിയിലെ
ഒരു യാഥാസ്ഥിതിക ഇടത്തരം ബ്രാഹ്മണ കുടുംബത്തിൽ
ഗംഗാധര രാമചന്ദ്ര തിലകന്റെ പുത്രനായി
1856 ജൂല. 23-ന് ജനിച്ചു. രത്നഗിരിയിലും
പൂണെയിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. അന്നത്തെ സമ്പ്രദായമനുസരിച്ച് 16-ാം വയസ്സിൽ
ഇദ്ദേഹം വിവാഹിതനായി. സ്കൂൾ വിദ്യാഭ്യാസാനന്തരം ഉപരിപഠനത്തിനായി തിലകൻ പൂണെയിലെ
ഡെക്കാൺ കോളജിൽ ചേർന്നു. വിദ്യാർത്ഥിയായിരിക്കുമ്പോൾത്തന്നെ രാഷ്ട്രീയ
കാര്യങ്ങളിൽ താത്പര്യം പ്രകടിപ്പിച്ചിരുന്നു.
1877-ൽ ഇദ്ദേഹം ഗണിതശാസ്ത്രത്തിൽ ബിരുദം നേടി.
തുടർന്ന് നിമയബിരുദവും എടുത്തു.

വിദ്യാഭ്യാസാനന്തരം പൊതുപ്രവർത്തനരംഗത്തേക്കിറങ്ങി. ജനകീയവിദ്യാഭ്യാസം പ്രാവർത്തികമാക്കുകയെന്ന
ലക്ഷ്യത്തോടെ തിലകനും സഹപ്രവർത്തകരും കൂടി
പൂണെയിൽ ന്യൂ ഇംഗ്ളീഷ് സ്കൂൾ സ്ഥാപിച്ചു (1880). ഇക്കാലത്തുതന്നെ തിലകൻ പത്രപ്രവർത്തനരംഗത്തേക്കും പ്രവേശിച്ചു. മറാഠിഭാഷയിൽ കേസരി, ഇംഗ്ലീഷിൽ
മറാത്ത എന്നീ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചു.
കോലാപ്പൂർ നാട്ടുരാജ്യത്തെ ഭരണത്തെക്കുറിച്ച്
കേസരിയിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതുമൂലം കേസുണ്ടാവുകയും ഇദ്ദേഹത്തിന് നാലുമാസം തടവു ശിക്ഷ അനുഭവിക്കേണ്ടിവരികയും ചെയ്തു (1882).

തുടർന്ന് സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളിലും
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രവർത്തനങ്ങളിലും സജീവമായി.ബ്രിട്ടീഷുകാർക്കെതിരെ കർക്കശമായ
സമരമുറകൾ സ്വീകരിക്കണമെന്ന പക്ഷക്കാരനായിരുന്നു
തിലകൻ. കോൺഗ്രസ്സിലെ തീവ്രവാദി നേതാവായി
ഇദ്ദേഹം അറിയപ്പെട്ടു. ഹിന്ദുക്കളുടെ ഇടയിൽ
നിലനിന്നിരുന്ന അയിത്തം മുതലായ അനാചാരങ്ങൾ അവസാനിപ്പിക്കുന്നതിനായി തിലകൻ പ്രവർത്തിച്ചു.
ഗണേശോത്സവവും ശിവജി ഉത്സവവും സംഘടിപ്പിച്ച്
ജനങ്ങളെ ദേശീയ പ്രസ്ഥാനത്തോട് അടുപ്പിക്കുന്നതിനുള്ള
പരിപാടി ഇദ്ദേഹം ആവിഷ്കരിച്ചു.
പൂണെയിൽ 1897-ൽ പ്ലേഗ് രോഗം പടർന്നുപിടിച്ചപ്പോൾ
ജനങ്ങളുടെ സഹായത്തിനെത്തി. പകർച്ചവ്യാധിയെ
നേരിടുന്നതിൽ സർക്കാർ സ്വീകരിച്ച നടപടികളെ ഇദ്ദേഹം വിമർശിച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തി തിലകനെ
1897 ജൂല.-ൽ അറസ്റ്റുചെയ്തു. 1898-ൽ മോചിതനായതോടെ രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി പ്രവർത്തിച്ചു.

1905-ലെ ബംഗാൾ വിഭജനത്തെത്തുടർന്നുണ്ടായ
പ്രക്ഷോഭങ്ങൾക്ക് തിലകൻ നേതൃത്വം നല്കി.
വിദേശസാധനങ്ങൾ ബഹിഷ്കരിക്കുക, സ്വദേശി
ഉത്പന്നങ്ങൾ പ്രചരിപ്പിക്കുക, ദേശീയ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, സ്വരാജ് നേടിയെടുക്കുക
എന്നീ പരിപാടികളുമായി ദേശീയതലത്തിൽ
ബ്രിട്ടീഷുകാർക്കെതിരെ സമരം സംഘടിപ്പിക്കുവാൻ
തിലകനും മറ്റു നേതാക്കളും മുന്നോട്ടുവന്നു.
ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണത്തിനെതിരായി
ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ തിലകനെ
1908 ജൂണിൽ അറസ്റ്റു ചെയ്തു. 1914-ൽ ജയിൽമോചിതനായി.

ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി ഇംഗ്ലീഷുകാരുടെ മേൽ
സമ്മർദം ചെലുത്തുവാൻ യോജിച്ച അവസരമായി ഒന്നാം ലോകയുദ്ധകാലത്തെ വിനിയോഗിക്കാമെന്ന അഭിപ്രായക്കാരനായിരുന്നു തിലകൻ.
ഹോംറൂൾ ലീഗിന്റെ പ്രചാരണത്തിന് ഇദ്ദേഹം
നേതൃത്വം നല്കി. ഇന്ത്യക്കാരുടെ ആവശ്യങ്ങൾ
ബ്രിട്ടീഷുകാരെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യവുമായി
ഇദ്ദേഹം 1918-ൽ ഇംഗ്ലണ്ടിലേക്കു പോയി.
അവിടെ ലേബർ പാർട്ടി നേതാക്കളുമായി ബന്ധം സ്ഥാപിച്ചു. ഗവൺമെന്റ് ഒഫ് ഇന്ത്യാ ബിൽ പരിഗണിക്കുന്നതിനായി രൂപവത്കരിച്ച പാർലമെന്ററി ജോയിന്റ്
സെലക്റ്റ് കമ്മിറ്റി മുൻപാകെ ഇന്ത്യൻ ഹോംറൂൾ
ലീഗിനുവേണ്ടി തിലകൻ ഹാജരായി.
1919-ൽ ഇന്ത്യയിലേക്കു തിരിച്ചുവന്ന തിലകൻ കോൺഗ്രസ് പ്രവർത്തനങ്ങളിൽ മുഴുകി.

1920-ൽ തിലകന്റെ 64-ാം ജന്മദിനം ആഘോഷിച്ചു.
അനാരോഗ്യം മൂലം കുറച്ചുദിവസങ്ങൾക്കുശേഷം ഇദ്ദേഹം ബോംബേയിൽ ചികിത്സയിലായി. 1920 ആഗ. 1- ന് തിലകൻ നിര്യാതനായി.

No comments:

Post a Comment