Powered By Blogger

Tuesday, April 26, 2016

വി . സാംബശിവന്‍

ആ ശബ്ദം നിലച്ചിട്ട് ഇത് ഇരുപതാം വർഷം

കേരളത്തിൽ, കഥാപ്രസംഗം എന്ന ഗ്രാമീണകലാരൂപത്തെ ജനകീയമാക്കിയതിൽ ആദ്യം എടുത്തു പറയാവുന്ന പേരാണ് വി. സാംബശിവൻ. ഘനഗംഭീരമായ ശബ്ദവും, അവതരിപ്പിക്കുന്ന വിഷയത്തോടുളള   സമീപനവും, ഭാവാഭിനയത്തിലെ തന്മയത്വവും അദ്ദേഹത്തെ കഥാപ്രാസംഗകരിൽ വേറിട്ട സ്വരമാക്കി.
1929 ജൂലൈ 4 ന് കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗത്ത് മേലൂട്ട് വേലായുധന്റെയും, ശാരദയുടെയും മൂത്ത പുത്രനായാണ് സാംബശിവൻ ജനിക്കുന്നത്. ചവറ സൗത്ത് ഗവ. യു.പി. സ്കൂളിലും, ഗുഹാനന്ദപുരം സംസ്കൃതസ്കൂളിലും, ശങ്കരമംഗലം സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം. കൊല്ലം എസ്.എൻ. കോളേജിൽ നിന്നു ബി.എ. ഒന്നാം ക്ലാസ്സിൽ പാസ്സായ സാംബശിവൻ 1960ൽ ബി.എഡ് പാസ്സായി. 1957ൽ ഗുഹാനന്ദപുരം ഹൈസ്കൂളിൽ അദ്ധ്യാപകനായി.
1949 ലെ ഓണക്കാലത്ത് ഗുഹാനന്ദപുരം ക്ഷേത്രസന്നിധിയിൽ ആദ്യമായി മുഴങ്ങിക്കേട്ട ആ ശബ്ദം മലയാളിയുടെ മനസ്സിനെ പതിറ്റാണ്ടുകളോളം കീഴ്പ്പെടുത്തിയെന്നു തന്നെ പറയാം. കഥാപ്രസംഗകലയുടെ അവസാനവാക്കായിത്തന്നെ ജ്വലിച്ചു നിന്നു സാംബശിവൻ. ചങ്ങമ്പുഴയുടെ ‘ദേവത‘ എന്ന കവിതയായിരുന്നു അദ്ദേഹം ആദ്യമായി കഥാപ്രസംഗരൂപത്തിൽ അവതരിപ്പിച്ചത്.
സർവ്വകലാശാലാവിദ്യാഭ്യാസത്തിനു പണമില്ലാതെ വന്ന സാഹചര്യത്തിലാണ് അദ്ദേഹം ‘ഞാനൊരു കഥ പറയാം, പകരം പണം തന്നെന്നെ സഹായിക്കണം‘ എന്ന ആമുഖവുമായി കഥാപ്രസംഗവേദിയിലേയ്ക്കു കാലെടുത്തു വയ്ക്കുന്നത്. പഠനകാലത്തും, അതിനുശേഷവും ആയിരക്കണക്കായ വേദികളെ കോരിത്തരിപ്പിച്ച ആ വാഗ്‌വൈഭവത്തോടൊപ്പം നിരവധി ഹൃദയങ്ങൾ ചിരിച്ചും, തേങ്ങിയും, വിതുമ്പിയും, ആവേശം കൊണ്ടും, ജ്വലിച്ചും, തളർന്നുമങ്ങനെ സഞ്ചരിച്ചു. ആ മനോയാനങ്ങളുടെ സഞ്ചാരപഥങ്ങളിലൊക്കെയും സാംബശിവൻ അനുഗ്രഹീതമായ കാവ്യകുസുമങ്ങൾ തേനും, ചന്ദനവും ചേർത്തു വിതറി.
സാധാരണക്കാരെ ഹഠാദാകർഷിച്ച അക്കാലത്തെ ചങ്ങമ്പുഴക്കവിതകൾ ഏതാണ്ടെല്ലാം തന്നെ സാംബശിവനു കഥകളായി. കഥകൾ പലതും സാധാരണക്കാരനു ജീവിതവും, ജീവിത ചിത്രണങ്ങളുമായി. ക്ഷേത്രസങ്കേതങ്ങളിലും, സാംസ്കാരികസദസ്സുകളിലും, രാഷ്ട്രീയ പരിപാടികളിലുമെന്നു വേണ്ട സാധാരണക്കാർ വന്നു പെടുന്ന സ്ഥലങ്ങളെല്ലാം സാംബശിവനെ വേദിയൊരുക്കി സ്വാഗതം ചെയ്തു.
ദേവതക്കു ശേഷം കൊച്ചുസീത, മഗ്ദലനമറിയം, വാഴക്കുല ,ആയിഷ,റാണി, പട്ടുനൂലും വാഴനാരും , പ്രേമശിൽപ്പി, പുളളിമാൻ ഇങ്ങനെ നിരവധി കഥകളിലൂടെ സാംബശിവൻ കഥാപ്രസംഗമെന്ന കേരളത്തിന്റെ മനോഹര കലാരൂപത്തിന്റെ പര്യായമായി ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠിതനാവുകയായിരുന്നു.
നാടൻ ജീവിതവും, കാവ്യങ്ങളും മാത്രമല്ല വിശ്വസാഹിത്യം വരെ സാംബശിവനു വിഷയമായി. 1963ൽ, പ്രായേണ വിശ്വസാഹിത്യമൊക്കെ സാധാരണക്കാരന് തീർത്തും അന്യമായിരുന്ന കാലഘട്ടത്തിലാണ് സാംബശിവൻ, ലിയോ ടോൾസ്റ്റോയിയുടെ ‘ദ പവർ ഓഫ് ഡാർക്നെസ്‘ എന്ന നാടകം അനീസ്യ എന്ന പേരിൽ തന്റെ അനുവാചകരുടെ മുൻപിലേയ്ക്ക് ആദ്യമായി അവതരിപ്പിക്കുന്നത്. കഥാപ്രസംഗമായി മാറിയ ആദ്യ വിശ്വസാഹിത്യം അതായിരുന്നു.
പുഷ്പിത ജീവിതവാടിയിലൊ
രപ്സരസുന്ദരിയാണനീസ്യ – എന്ന മധുരോദാരമായ ഗാനത്തോടെ കഥാപ്രസംഗ വേദിയിലവതരിച്ച അനീസ്യയെ, തികച്ചും അപരിചിതമായ കഥാപശ്ചാത്തലമായിരുന്നിട്ടു കൂടി മലയാളി സമൂഹം നെഞ്ചേറ്റു വാങ്ങിയെങ്കിൽ അത് സാംബശിവൻ എന്ന അനുഗ്രഹീത കലാകാരന്റെ വൈദഗ്ദ്ധ്യവും, കൈത്തഴക്കവും ഒന്നു കൊണ്ടു മാത്രമാണ്.
സാംസ്കാരിക-സാമൂഹിക പരിഷ്കാരങ്ങളിൽ കലയിലൂടെ തന്റെ ഇടം കണ്ടെത്തിയ കലാകാരൻ കൂടിയായിരുന്നു സാംബശിവൻ. വ്യവസ്ഥിതികളോടു പടപൊരുതിയ ആ കാലഘട്ടത്തിലെ ഏതാണ്ടെല്ലാ സാഹിത്യ രചനകളും സാംബശിവനു വിഷയമായി. അവയെല്ലാം – ഒന്നൊഴിയാതെ – ജനഹൃദയങ്ങൾ സഹർഷം സ്വാഗതം ചെയ്യുകയും ചെയ്തു.
സാംബശിവനെ ഏറ്റവുമധികം പ്രശസ്തനാക്കിയത് ‘ഒഥല്ലോ ദി മൂർ ഓഫ് വെനീസ്‘ എന്ന ഷേക്സ്പീരിയൻ നാടകത്തിന്റെ കഥാപ്രസംഗരൂപമാണ്. ഇംഗ്ലീഷ് സാഹിത്യത്തിൽ ഉന്നത വിദ്യാഭ്യാസം ചെയ്യുന്നവർ മാത്രം അക്കാലങ്ങളിൽ പരിചയിച്ച ഷേക്സ്പിയറും, ഒഥല്ലോയുമെല്ലാം ഇങ്ങു നാട്ടിൽ, സാധാരണക്കാരുടെ തട്ടകങ്ങളിൽ, അമ്പലപ്പറമ്പിലും, ചായക്കടത്തിണ്ണയിലുമെല്ലാം ചർച്ച ചെയ്യപ്പെട്ടു. സാധ്യതകളെ പ്രതിബദ്ധതയോടെ കണ്ടെത്തി അവയെ ആത്മാംശം ചോർന്നു പോകാതെ അനുവാചകനു പകർന്നു നൽകാനുളള    അത്ഭുതസിദ്ധിക്കുടമയായിരുന്നു സാംബശിവൻ. ഒഥല്ലോ എന്ന ദുരന്തനാടകത്തിന്റെ കഥാപ്രസംഗരൂപം കയ്യൊതുക്കത്തോടെയും, മലയാളിക്കുൾക്കൊളളാൻ കഴിയുന്ന ഗ്രാമ്യസൗന്ദര്യത്തോടെയും തന്നെയാണ് സാംബശിവൻ വേദിയിൽ അവതരിപ്പിച്ചത്.
നീചബുദ്ധിയുടെ മനുഷ്യരൂപമായ ഇയാഗോയുടെ കുടിലതന്ത്രങ്ങളുടെ വാഗ്സ്ഫോടനം ‘I like that not‘ എന്ന് ഷേക്സ്പിയർ അവതരിപ്പിച്ചപ്പോൾ, സാംബശിവൻ ‘ഛെയ് എനിക്കതു തീരെ പിടിച്ചില്ല‘ എന്ന് അനായാസമായി മൊഴിമാറ്റം ചെയ്തു കേൾപ്പിച്ചു കൊടുത്തു; ഇന്നാട്ടിലെ പണ്ഡിതനും, പാമരനുമടങ്ങുന്ന അനുവാചകവൃന്ദത്തെ… നോക്കുക; ആ കയ്യൊതുക്കവും, കലാവതരണത്തിലെ വൈദഗ്ദ്ധ്യവും. ഇംഗ്ലീഷ് സാഹിത്യവിദ്യാർത്ഥികളെ നന്നേ വലയ്ക്കുന്ന ഗഹനതയുളളതാണ് ഷേക്സ്പീരിയൻ സാഹിത്യമെന്നതു കൂടി ഈയവസരത്തിൽ നാമോർക്കേണ്ടതുണ്ട്.
പഠനവും, നോവലും, യാത്രാവിവരണവുമൊക്കെയായി ആറോളം ഗ്രന്ഥങ്ങളും രചിച്ചു, ഈ തിരക്കിട്ട ജീവിതത്തിനിടയിലും സാംബശിവൻ.
അവസാന വേദിയായ പാങ്കുളം മാടൻനടയിൽ 1996 മാർച്ച് 7ന് അദ്ദേഹമവതരിപ്പിച്ച കഥ ‘ഏഴു നിമിഷങ്ങ‘ളായിരുന്നു. ശ്വാസകോശാർബുദത്തെത്തുടർന്ന് 1996 ഏപ്രിൽ 25ന് തന്റെ അറുപത്തിയേഴാം വയസ്സിൽ ഈ ലോകത്തോടു സാംബശിവൻ വിടപറയുമ്പൊഴും, അനുവാചകസഹസ്രങ്ങളുടെ ഹൃദയാകാശങ്ങളിൽ ഒഥല്ലോയുടെ ശീലുകൾ -കഥ പറഞ്ഞു, കഥ പറഞ്ഞു ശ്വാസം നിലച്ച ആ പ്രതിഭാധനന്റെ മുഴങ്ങുന്ന ശബ്ദം- അലയടിക്കുന്നുണ്ടായിരുന്നു…

Saturday, March 19, 2016

ജിം കോര്‍ബറ്റ്

ജനങ്ങളുടെ മനസ്സിൽ അമാനുഷികതയുടെ പരിവേഷമുള്ളവരാണ് പട്ടാളക്കാരും നായാട്ടുകാരും. സാധാരണരീതിയിൽ മനുഷ്യർക്ക് കടന്നെത്താൻ കഴിയാത്ത മരണം പതിയിരിക്കുന്ന സാഹചര്യങ്ങളിൽക്കൂടി കടന്നു പോകുന്ന ഇവർ എല്ലാ തലമുറയിലെയും നിത്യഹരിത നായകരാണ്. അങ്ങനെയൊരു നിത്യഹരിത നായകന്റെ കഥയാണ് ജിം കോര്‍ബറ്റിന്റെയും.
ഇതിഹാസ തുല്യമായ ദൌത്യങ്ങളിലൂടെ നൂറുകണക്കിന് ജീവൻ രക്ഷിച്ച ഒരു ശിക്കാരിയുടെ ജീവിതമാണ്…ജിം കോർബറ്റ്. 1875 ജൂലായ്‌ 25 ന് ഇപ്പോഴത്തെ ഉത്തരാഖണ്ടിലെ നൈനിറ്റാളിൽ ഐറിഷ് ദമ്പതികളായ വില്യം ക്രിസ്റ്റഫറിന്റെയും മേരി ജെയിൻ കൊർബറ്റിന്റെയും 16 മക്കളിൽ എട്ടാമനായി ജിം ജനിക്കുമ്പോൾ ഭാരതം ബ്രിട്ടീഷ് ഭരണത്തിന്റെ മൂർധന്യത്തിലായിരുന്നു. കടുത്ത ദാരിദ്ര്യത്തിലും കഷ്ടപ്പാടിലുമായിരുന്നു ജിമ്മിന്റെ കുടുംബം. പോസ്റ്റ്‌ മാസ്റ്ററായിരുന്നു ജിമ്മിന്റെ പിതാവ്. അദ്ദേഹത്തിനു നാല് വയസ്സുള്ളപ്പോൾ മരണപ്പെട്ടു. ജ്യേഷ്ഠന്റെ സംരക്ഷണയിലാണ് വളർന്നത്.
തീരെ ചെറുപ്പത്തിൽ തന്നെ ജിം നൈനിറ്റാളിലെ വനങ്ങളിൽ അലഞ്ഞു തിരിഞ്ഞു. ഇളം പ്രായത്തിൽ തന്നെ വന്യമൃഗങ്ങളെയും പക്ഷികളെയും തിരിച്ചറിയാനും അവയെ പിന്തുടർന്ന് നിരീക്ഷിക്കാനുമുള്ള അസാധാരണമായ വൈദഗ്ധ്യം ജിമ്മിനുണ്ടായിരുന്നു. വനത്തിലെ ശബ്ദങ്ങളും ഇലയനക്കങ്ങളും കാറ്റിന്റെ ഗതിയുമൊക്കെ ഒരു ആറാമിന്ദ്രിയം പോലെ വന്യസൗന്ദര്യത്തിന്റെ മന്ത്രദീക്ഷ അവനു പ്രകൃതി കനിഞ്ഞു നൽകി. ഏതു കൊടുങ്കാടിന്റെ നിഗൂഢതയും ജിമ്മിനു കരതലാമലകമായി.
ജീവിതസാഹചര്യം മൂലം വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാതെ പത്തൊമ്പതാമത്തെ വയസ്സിൽ റയിൽവെയിൽ ജോലിക്ക് പ്രവേശിച്ചു എങ്കിലും കാടിന്റെ വിളി അദ്ദേഹത്തിനു ഉപേക്ഷിക്കാൻ കഴിഞ്ഞില്ല. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരു വന,വന്യജീവി വിദഗ്ദ്ധനായി അദ്ദേഹം പേരെടുത്തു. അക്കാലത്ത് കുമയൂൺ മേഖലയിൽ ഒരുപാട് നരഭോജി കടുവകൾ ഉണ്ടായിരുന്നു. വികസനമോ വിദ്യാഭ്യാസമോ എത്തിപ്പെട്ടിട്ടില്ലാത്ത പാവങ്ങളിൽ പാവങ്ങളായ മനുഷ്യർ താമസിക്കുന്ന ഗ്രാമങ്ങളിലെ മനുഷ്യർ പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും നിരന്തരം ഈ നരഭോജികളുടെ ഇരയായി. സർക്കാർ പലവട്ടം ഇവറ്റകളെ വകവരുത്താൻ പലരെയും നിയോഗിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇരുളിന്റെയും പൊന്തകളുടെയും മറയിൽ നിന്ന് ഏതു നിമിഷവും ചാടിവീഴുന്ന മരണത്തിന്റെ നിഴലിൽ കഴിയാനായിരുന്നു കുമയൂൺ കുന്നുകളിലെ ആ പാവങ്ങളുടെ വിധി.
വായിച്ച് രസിക്കും പോലെ ലളിതമല്ല നരഭോജി വേട്ട .നൂറു കണക്കിന് ചതുരശ്രമൈൽ ചുറ്റളവിലാണ് ഒരു കടുവയുടെ ആവാസ മേഖല. പതിയിരിക്കാനും നിരീക്ഷിക്കാനും മിന്നൽ വേഗത്തിൽ ചാടിവീണ് ഇരയെ കീഴ്പ്പെടുത്താനും അതിനു പ്രകൃത്യാ കഴിവുണ്ട്. ഈ വിശാലമായ ആവാസ മേഖലയിൽ നിന്ന് അവനെ കണ്ടെത്തുക എന്നത് തന്നെ വൈക്കോൽ കൂനയിൽ കടുകുമണി തിരയുന്നത് പോലെയാണ്. തിരിച്ചറിഞ്ഞാലൊ പറ്റിയ ഒരവസരത്തിനു വേണ്ടി കാത്തിരിക്കുക. വെടിയേറ്റ് മുറിവുപറ്റിയ മൃഗം അത്യാപൽക്കാരിയാണ്. അതിനെ പിൻതുടർന്ന് വകവരുത്തുക. രക്തം മരവിക്കുന്ന ക്ഷമയും അധ്വാനവും കഴിവും ആവശ്യമുള്ള കാര്യമാണിത്. കാടിന്റെയും ആവാസവ്യവസ്ഥയുടെയും വ്യാകരണം വന്യമൃഗങ്ങളേപ്പോലെ തന്നെ മനസ്സിലാക്കിയവർക്കെ ഇത് സാധിക്കൂ.
ഇവിടെയാണ്‌ കാടിന്റെ ആത്മാവിനെ കണ്ടറിഞ്ഞ ജിം കോർബറ്റിനെ പോലെയുള്ള ഒരു മനുഷ്യന്റെ പ്രസക്തി.1920 മുതൽ 1930 വരെയുള്ള പത്ത് വർഷക്കാലം കുമയൂൺ മേഖല അവിടെ വിളയാടിയ നരഭോജികളെ പോലെ അദ്ദേഹത്തിന്റെയും ആവാസ ഭൂമിയായി. സർക്കാർ സമീപിക്കുമ്പോൾ രണ്ട് ഉപാധികൾ അദ്ദേഹം മുമ്പോട്ട് വച്ചു. പ്രതിഫല വാഗ്ദാനം പിൻവലിക്കുക, മേഖലയിലുള്ള മറ്റ് ശിക്കാരികൾ സ്ഥലം വിടുക. നരഭോജി ശല്യം എറ്റവും കൂടുതലുള്ള പ്രദേശത്ത് തന്നെ സ്വയം തമ്പടിച്ച് തന്റെ റൈഫിളുമായി അദ്ദേഹം ദൗത്യം ആരംഭിക്കും. കടുവ നരഭോജിയാണന്ന് ഉറപ്പ് വരുത്തിയിട്ടേ അദ്ദേഹം ദൗത്യം എറ്റെടുക്കുകയുള്ളൂ.
കുമയൂണിലെ ദുര്‍ഗമമായ ഗ്രാമ വീഥികളിലും വയലുകളിലും വനങ്ങളിലും പുല്ലരിയാനും വിറക് ശേഖരിക്കാനും പോകുന്ന സ്ത്രീകളാണ് എറ്റവുമധികം കൊല്ലപ്പെട്ടിട്ടുള്ളത്. അവിടേക്ക് ജിം കോർബറ്റ് ദൈവദൂതനെപ്പോലെയാണ്‌ സ്വീകരിക്കപ്പെട്ടത്. അവരുടെ വയലുകൾക്കും വളർത്ത് മൃഗങ്ങൾക്കും ഇമവെട്ടാതെ അദ്ദേഹം റൈഫിളുമായി കാവലിരുന്നു. പതുങ്ങിയെത്തുന്ന ക്രൌര്യത്തിന്റെ മണം പിടിച്ച് തന്റെ പ്രിയപ്പെട്ട വേട്ടനായ റോബിനുമായി കുമയൂണിന്റെ വനഗർഭങ്ങളിൽ മരണവുമായി ചതുരംഗം കളിച്ചു.
അദ്ദേഹം പറയുന്ന പ്രകാരം കടുവ കുലീനനാണ്. അവൻ ഇരുളിന്റെ മറവിൽ വേട്ടയാടില്ല. പകൽ വെളിച്ചത്തിലെ ആക്രമിക്കൂ. ഇരയോട്‌ അധികം ക്രൂരത കാട്ടില്ല. ഓരോ കടുവക്കും അതിന്റേതായ രീതികളുണ്ട്. ഈ രീതികളും സ്വഭാവങ്ങളും മനസ്സിലാക്കി വേണം അതിനെ നേരിടാനും. ആദ്യം നോക്കുക അതിന്റെ കാൽപാദങ്ങളുടെ മണ്ണിൽ പതിഞ്ഞ അടയാളങ്ങളാണ് . അതിൽ നിന്നും കടുവയുടെ പ്രായം വലിപ്പം തൂക്കം ലിംഗം എന്നിവ മനസ്സിലാക്കാം. കൊന്ന ഇരകളുടെ അവശിഷ്ടങ്ങളിൽ നിന്നും ഇത് നേരിടുന്ന ശാരീരിക ബുദ്ധിമുട്ട് എന്താണെന്നും അറിയുന്നു. മിക്കവാറും വെടിവെച്ചാൽ ഉടൻ ഇത് ചാകില്ല. മുറിവുമായി ഇത് കാട്ടിലേക്ക് മറഞ്ഞാൽ അപകട സാധ്യത കൂടുതലാണ്. രക്തപ്പാടുകൾ നോക്കി കടുവയുടെ മണം പിടിച്ച് കാടിനുള്ളിൽ പതുങ്ങിയിരിക്കുന്ന കടുവയെ പിൻതുടരുക എന്നത് അതീവ സാഹസമാണ്. ഇതിനിടയിൽ 64 മണിക്കൂർ വരെ അദ്ദേഹം ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഴിഞ്ഞിട്ടുണ്ട്. എല്ലാം കഴിഞ്ഞ് നരഭോജിയെ വകവരുത്തി ഒരു പ്രതിഫലവും കൈപ്പറ്റാതെ ആ ഗ്രാമം ഉപേക്ഷിച്ച് പോകുമ്പോൾ ഗ്രാമവാസികളായ പാവം മനുഷ്യർ അദ്ദേഹത്തിന്റെ കാലിൽ വീണ് പൊട്ടിക്കരഞ്ഞ സന്ദർഭങ്ങളുണ്ട്.
1800 ചതുരശ്ര കിലോമീറ്റർ വ്യാപിച്ച് കിടക്കുന്ന കുമായൂൺ മേഖലയിൽ,1500 ഓളം സാധാരണക്കാരെ കൊന്ന ഇരുതോളം നരഭോജികളെ അദ്ദേഹം വെടിവച്ച് വീഴ്ത്തി. കാടിന്റെ മനസ്സറിഞ്ഞ ഒരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ കൂടിയായിരുന്നു ജിം കോർബറ്റ്. അത്യാധുനിക ക്യാമറകളോ ലെൻസുകളോ ഇല്ലാത്ത കാലത്ത് അദ്ദേഹം പകർത്തിയ നിഴലും നിലാവും ഇണചേരുന്ന വനനിഗൂഡതകളുടെ വന്യചിത്രങ്ങൾ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിലെ ക്ലാസിക്കുകളാണ്.
1930 കളോടെ നരഭോജി കടുവകളുടെ വേട്ടയിൽ നിന്നും പിൻവാങ്ങിയ ജിം കോർബറ്റ്, ഭാരതത്തിന്റെ വിശാലമായ വന്യജീവി സമ്പത്തിനെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ മുഴുകി. കരുത്തും സൗന്ദര്യവും ഒരുപോലെ ഒത്തിണങ്ങിയ ഇന്ത്യൻ കടുവകൾ സംരക്ഷിക്കപ്പെടേണ്ടത്തിന്റെ ആവശ്യം അദ്ദേഹത്തിനു നന്നായി അറിയാമായിരുന്നു.അക്കാലത്തെ നാട്ടുരാജാക്കന്മാരുടെ പ്രധാന വിനോദങ്ങളിലോന്നായിരുന്നു കടുവ വേട്ട. വേട്ടക്കിടയിൽ മുറിവേൽക്കപ്പെടുന്ന കടുവകൾ സ്വാഭാവികമായി നരഭോജികളായി. നരഭോജിക്കടുവകളെ കൊല്ലുകയല്ല, അവയെ നരഭോജികളാക്കാതിരിക്കുകയാണ് വേണ്ടത് എന്ന സത്യം ബോധിപ്പിക്കാൻ വേണ്ടി 1934 ൽ ആദ്യത്തെ നാഷണൽ പാർക്ക് അദ്ദേഹം സ്ഥാപിച്ചു. കടുവകളുടെയും വന്യമൃഗങ്ങളുടെയും സ്വാഭിവികമായ ആവാസ വ്യവസ്ഥ സംരക്ഷിച്ചാൽ വിശാലമായ വനമേടുകളിൽ അവ ആർക്കും ശല്യമുണ്ടാക്കാതെ മേഞ്ഞു നടന്നു കൊള്ളും. നാട്ടിലിറങ്ങി നരഭോജിയാകേണ്ട സാഹചര്യം ഉണ്ടാക്കാതിരിക്കുക എന്ന ചെറിയ കാര്യമേ നമുക്ക് ചെയ്യേണ്ടതായുള്ളൂ. എൺപത് വർഷങ്ങൾക്കു മുൻപ് അദ്ദേഹമുണ്ടാക്കിയ നിയമാവലികലാണ് ഇന്നും ലോകം മുഴുവനുമുള്ള കടുവാ സംരക്ഷണത്തിന്റെ റഫറൻസ്.
സഹോദരിക്ക് വേണ്ടി ജീവിതം സമർപ്പിച്ച ജിം കോർബറ്റ് ജീവിതകാലം മുഴുവൻ അവിവാഹിതനായിരുന്നു.1947 ൽ സഹോദരി മാഗിയോടൊപ്പം കെനിയയിലേക്ക് കുടിയേറി. തന്റെ ജീവിതാനുഭവങ്ങൾ എഴുതാനാണ് പിൽക്കാലം ചെലവഴിച്ചത്. വന്യജീവി അനുഭവങ്ങളെപ്പറ്റി പന്ത്രണ്ടോളം പുസ്തകങ്ങൾ അദ്ദേഹം രചിച്ചു. അതിൽ “കുമയൂൻ കുന്നുകളിലെ നരഭോജികൾ ” എക്കാലത്തെയും വലിയ ബെസ്റ്റ് സെല്ലറുകലിലൊന്നാണ്.1955 ഏപ്രിൽ 19ന് മനുഷ്യസ്നേഹിയായ ആ ശിക്കാരി യാത്രയായി. അദ്ദേഹത്തിനോടുള്ള ആദരസൂചകമായി അദ്ദേഹം സ്ഥാപിച്ച നാഷണൽ പാർക്ക്,1963 മുതൽ ജിം കോർബറ്റ് നാഷണൽ പാർക്കായി നാമകരണം ചെയ്യപ്പെട്ടു .
ഇന്നും കുമയൂണിലെ മരണം പതിയിരിക്കുന്ന മലമടക്കുകളിൽ കാരിരുമ്പിന്റെ കരുത്തുള്ള കൈകളിൽ റൈഫിളും തലയിൽ നായാട്ടുതൊപ്പിയുമായി നൈനിറ്റാളിലെ സാഹിബ് തങ്ങൾക്ക് കാവൽ നിൽക്കുന്നു എന്ന് അവിടുത്തെ ഗ്രാമവാസികൾ വിശ്വസിക്കുന്നു.

Monday, March 14, 2016

എസ് കെ പൊറ്റക്കാട്

കാലം 1981. സ്കൂൾ ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ വിതരണം ചെയ്യുന്നു. ക്ലാസ് ടീച്ചർ ഒരു കെട്ട് പുസ്തകങ്ങൾ മേശപ്പുറത്ത് വെച്ച് ഓരോരുത്തരെയായി വിളിച്ച് ഓരോ പുസ്തകം വീതം കൊടുക്കുന്നു. തരുന്നത് കൊണ്ടുപോയ്ക്കൊള്ളണം. ഒരാഴ്ചക്ക് ശേഷം തിരിച്ച് കൊടുക്കണം. വായിച്ചോ ഇല്ലയോ എന്നതൊന്നും വിഷയമല്ല. ഒരു സർക്കാർ സ്കൂൾ രീതി. പൂമ്പാറ്റ, അമർ ചിത്രകഥ എന്നിവയിൽ കുരുങ്ങിക്കിടന്ന ബാല്യകാലത്തിന് ഗൗരവമായ വായന അപരിചിതമായിരുന്നു. എന്റെ ഊഴമെത്തി. കഷ്ടി നൂറ്റമ്പത് പേജുള്ള ഒരു പുസ്തകം. പ്രത്യേകിച്ച് ഭാവഭേദമൊന്നുമില്ലാതെ പുസ്തകം വാങ്ങി. ‘നൈൽ ഡയറി, എസ് കെ പൊറ്റക്കാട്ട്’. ക്ലാസ് റൂമിൽ പുസ്തകവിതരണത്തിന്റെ ബഹളത്തിനിടയിൽ നിസ്സംഗതയോടെ മറിച്ച് നോക്കി.
‘നൈൽ ഒരു മഹാകാവ്യമാണ്’.
ക്വിസ് മത്സരങ്ങളിൽ എറ്റവും നീളം കൂടിയ നദി നൈൽ എന്ന് മാത്രം പരിചയിച്ച ആറാം ക്ലാസ്സുകാരന്റെ മനസ്സിലേക്ക് മകരമഞ്ഞു പോലെ പെയ്തിറങ്ങിയ ആ വാചകം പിന്നീടൊരിക്കലും ഇറങ്ങിപ്പോയില്ല. അതെഴുതിയ അനശ്വരനായ സഞ്ചാരി അവന്റെ മനസ്സിൽ ഒരു അമാനുഷികനായി വളർന്നു.
1913 മാർച്ച് 14 നു കോഴിക്കോട് ജനിച്ച ശങ്കരൻ കുട്ടിയിലെ എഴുത്തുകാരൻ വിശ്വത്തോളം ഉയരാനുള്ള യാത്ര തുടങ്ങിയത് വളരെ യാദൃശ്ചികമായിട്ടാണ്. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് തൊഴില്‍ രഹിതനായിരുന്ന മൂന്ന് വർഷം. ലോക ക്ലാസ്സിക്കുകളിലൂടെ നടത്തിയ സഞ്ചാരം ആ വ്യക്തിത്വ രൂപീകരണത്തിൽ വലിയ പങ്കാണ് വഹിച്ചത്. അതിനു മുൻപും എഴുതിയിട്ടുണ്ടങ്കിലും, തന്റെ മാർഗ്ഗം ഇതാണ് എന്നദ്ദേഹം തിരിച്ചറിഞ്ഞത് അപ്പോഴാണ്‌. അതിനു ശേഷമാണ് മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹിറ്റ്‌ നോവൽ എന്ന് വിശേഷിപ്പിക്കാവുന്ന നാടൻ പ്രേമവും പിന്നാലെ പ്രേമശിക്ഷയും എഴുതിയത്. അപ്പോഴേക്കും 1940 കളിൽ കവിതയിൽ ചങ്ങമ്പുഴയും ഗദ്യരചനയിൽ എസ്കെയും മലയാളി നെഞ്ചെറ്റി കഴിഞ്ഞിരുന്നു. മലയാള ഗദ്യസാഹിത്യത്തെ സംസ്കൃത ബാഹുല്യവും ക്ളിഷ്ടവുമായ രചനാരീതികളിൽ നിന്ന് ജനകീയമാക്കിയ ഒരു മഹാവിപ്ലവം തന്നയാണ് ചങ്ങമ്പുഴയും എസ്കെ യും ചേർന്ന് അക്കാലത്ത് നടത്തിയത്. ചെറുപ്പക്കാർക്കിടയിൽ നക്ഷത്ര പരിവേഷത്തോടെയാണ് ഇവർ ജീവിച്ചത്. പിന്നാലെ വന്ന എം.ടി., എൻ.പി. മുഹമ്മദ്‌ തുടങ്ങിയ മഹാരഥരുടെ എറ്റവും വലിയ മാതൃകയും എസ്.കെ.യായിരുന്നു. അച്ചടക്കമില്ലാത്ത വഴിവിട്ട ജീവിതം ചങ്ങമ്പുഴയെ വളരെ നേരത്തെ കൊണ്ടുപോയങ്കിൽ വ്യക്തമായ കാഴ്ചപ്പാടോടയും ലക്ഷ്യത്തോടയും മുന്നേറിയ എസ്കെ പതിറ്റാണ്ടുകളോളം മലയാളിക്ക് പ്രിയങ്കരനായി ജീവിക്കുന്നു.
കാഥികന്റെ പണിപ്പുരയിൽ എംടി എഴുതിയിട്ടുണ്ട് എഴുതിത്തുടങ്ങുന്നവർക്ക് മാതൃകയാക്കാൻ എസ്‌കെയെപ്പോലെ മറ്റൊരാളില്ല. ദിവസവും കാണുന്നതും കേൾക്കുന്നതും പരിചയപ്പെടുന്ന വ്യക്തികൾ, അനുഭവങ്ങൾ എല്ലാം അദ്ദേഹം എഴുതി വയ്ക്കും. പെട്ടന്നാകും മാതൃഭൂമിയിൽ നിന്നോ മറ്റൊ ആളെത്തുക അത്യാവശ്യമായി ഒരു കഥ എഴുതിത്തരണം. അദ്ദേഹത്തിനു ഡയറി ഒന്ന് പരതുകയെ വേണ്ടൂ. കുറിച്ച് വെച്ച എതങ്കിലും കഥാപാത്രത്തിലോ സംഭവത്തിലോ മനസ്സുടക്കിയാൽ ഒരു മണിക്കൂറിനകം കഥ റെഡി. ഇത്ര പ്രൊഫഷനൽ ആയ ഒരു എഴുത്തുകാരൻ ലോകത്തിൽ തന്നെ അപൂർവമാണ് എന്നാണ് എംടിയുടെ അഭിപ്രായം.
വയനാട്ടിലെ കുടിയേറ്റത്തിന്റെ പശ്ചാത്തലത്തിലെഴുതിയ ‘വിഷകന്യക’, മിഠായിത്തെരുവിന്റെ ഇതിഹാസം പറയുന്ന ‘ഒരു തെരുവിന്റെ കഥ’, ആത്മകഥാംശം ഏറെയുള്ള ‘ഒരു ദേശത്തിന്റെ കഥ’ എന്നിവയാണ് എഴുതിയ പത്ത് നോവലുകളിൽ എറ്റവും ആഴമുള്ളതും ജനകീയമായതും. ഹൃദയത്തിന്റെ ഭാഷയിൽ ഉള്ളിൽ തട്ടി എസ്കെ എഴുതിയപ്പോൾ, ഒരു കിലോമീറ്റർ നീളമുള്ള മിഠായിത്തെരുവ് കോഴിക്കോടിന്റെ ഹൃദയധമനിയായി മാറി. എഴുത്തുകാരന്റെ പ്രിയപ്പെട്ട തെരുവ് കാണാൻ ആയിരക്കണക്കിന് ചെറുപ്പക്കാർ കോഴിക്കോട് വണ്ടിയിറങ്ങി. വളരെ അപൂർവമായി മാത്രമേ മലയാള സാഹിത്യത്തിൽ ഒരു പ്രദേശം തന്നെ കഥാപാത്രമാകുന്നതും ജനകീയമാകുന്നതും. തെരുവിന്റെ കഥ കൂടാതെ മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’, ഒവി വിജയൻന്റെ ‘ഖസാക്കിന്റെ ഇതിഹാസം’, അങ്ങനെ വളരെ അപൂർവ്വം.
ചെറുകഥയും നോവലും നാടകവും കവിതയുമൊക്കയായി സാഹിത്യത്തിന്റെ സമസ്ഥ മേഖലയിലും പാറിപ്പറന്ന എസ്കെയുടെ പ്രതിഭ പരാജയപ്പെട്ടങ്കിലും പുതിയൊരു സാഹിത്യരൂപം കൂടി വെട്ടിത്തുറന്നു. നോവലും നാടകവും സംയോജിപ്പിച്ച് അദ്ദേഹമെഴുതിയ ‘ഭാരതപ്പുഴയുടെ മക്കൾ’ ലോകത്തിലെ തന്നെ ഒരേയൊരു നോവടകം ആണ്. 1962 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അത്യപൂർവമായൊരു പുതുമ കൂടി നൽകി. എസ്കെയും സുകുമാർ അഴീക്കോടും കൊമ്പുകൊർത്ത ആ തെരഞ്ഞെടുപ്പിൽ തലശ്ശേരിയിൽ നിന്ന് മലബാറിന്റെ പ്രിയപുത്രൻ പാര്‍ളമെന്റിലെത്തി. 1967 വരെ ഇടതുപക്ഷ എംപിയായി ലോകസഭയിൽ. ആ അനുഭവങ്ങളെ അധികരിച്ച് എഴുതാൻ തുടങ്ങിയ നോർത്ത് അവന്യൂ എന്ന നോവൽ അദ്ദേഹത്തിനു മുഴുമിക്കാനായില്ല.
1980 ൽ ജ്ഞാനപീഠം ലഭിച്ചത് മലയാളത്തിൽ നിന്നുള്ള ഈ രണ്ടാം ശങ്കരനായിരുന്നു (ആദ്യം ലഭിച്ചത് ജി ശങ്കരക്കുറുപ്പ് ,രണ്ടാമത് ശങ്കരൻ കുട്ടി പൊറ്റക്കാട്ട് മൂന്നാമത് തകഴി ശിവശങ്കരപ്പിള്ള).
ഓരോ പ്രതിഭക്കും ഓരോ ജന്മനിയോഗങ്ങളുണ്ട്. എസ്കെ എന്ന ജീനിയസ്സിന്റെ നിയോഗം സഞ്ചാരസാഹിത്യം എന്ന മഹാപ്രപഞ്ചത്തിലെക്ക് മലയാളിയെ കൈപിടിച്ച് നടത്തുക എന്നതായിരുന്നു. നിറഞ്ഞ യൌവ്വനത്തിൽ പൈതൃകമായി കിട്ടിയതും ഉണ്ടാക്കിയതുമെല്ലാം വിറ്റുപെറുക്കി ലോകം ചുറ്റാനിറങ്ങിയ മാനസികാവസ്ഥയെ മുഴുഭ്രാന്തെന്ന് വിളിക്കാത്തവർ കുറവായിരുന്നു. യാത്രാസൌകര്യങ്ങളും, വാർത്താവിനിമയവും അങ്ങേയറ്റം പരിമിതമായ 1940 കളിൽ പഴയൊരു ക്യാമറയും പെട്ടിനിറയെ പ്ലെയേഴ്സ് സിഗരറ്റും ഉള്ളിലെ ജിജ്ഞാസയുടെ കടലിരമ്പവുമായി ആ അന്വേഷണ തൃഷ്ണ അലഞ്ഞു തിരിയാത്ത ഒരു തരി മണ്ണ് പോലും ലോകത്തില്ലായിരുന്നു. കെനിയയിലെ ദാർ എസ് സലാം മുതൽ ഈജിപ്റ്റിലെ അലക്സാണ്ട്രിയ വരെ ട്രെയിനിലും ബസ്സിലും ബോട്ടിലും താണ്ടിയ പതിനായിരത്തിൽ പരം കിലോമീറ്റ‌റുകളിലൂടെ ഇരുണ്ട ഭൂഖണ്ടത്തിന്റെ നേർചിത്രമാണ് അദ്ദേഹം കോറിയിട്ടത്‌. എത്തിപ്പെടുന്ന സ്ഥലത്ത് പുതിയ ബന്ധങ്ങൾ സ്ഥാപിച്ചും കൌതുകവസ്തുക്കൾ ശേഖരിച്ചും പുതിയ അനുഭവങ്ങളിലൂടെ സഞ്ചരിച്ചും നടത്തിയ അനുഭവങ്ങൾ വിവരിച്ചപ്പോൾ മലയാളി അന്തം വിട്ടിരുന്നു. എഴുത്തുകാരന്റെയും സഞ്ചാരിയുടെയും സർഗപ്രതിഭകൾ സംഗമിച്ചപ്പോൾ അദ്ദേഹത്തിന്റെ നോവലുകളെക്കാൾ ഹൃദ്യമായ സഞ്ചാര കാവ്യങ്ങൾ തന്നെ പിറന്നു വീണു. ഭാരതപ്പുഴക്കും സഹ്യപർവതത്തിനുമപ്പുറത്തേക്ക് വളർന്നിട്ടില്ലാത്ത മലയാളിയുടെ ചിന്തകളിൽ യൂണിയൻ ജാക്ക് വിരിച്ചിട്ട പോലെ രൂപകൽപന ചെയ്ത ഖാർതൂമിലും മോസ്കോയിലെ ഭൂഗര്‍‌ഭ റെയിൽവെയിലും മാർക്ക് ആന്റണിയും ക്ളിയോപ്പാട്രയും കെട്ടിപ്പുണർന്നു നിന്ന നൈലിന്റെ തീരങ്ങളിലും അലയാൻ തുടങ്ങി. അത് വെറും സഞ്ചാര രേഖകൾ മാത്രമല്ല. ആ കാലഘട്ടത്തിൽ ലോകത്തിനു നേരെയും രാജ്യങ്ങളുടെ ചരിത്രങ്ങളുടെ നേരെയും പിടിച്ചിരിക്കുന്ന ഒരു കണ്ണാടിയാണ്.
അദ്ദേഹത്തിന്റെ പതിനേഴ്‌ യാത്രാവിവരണങ്ങൾ പിന്നീട് മൂന്ന് വോള്യമായി പ്രസിദ്ധീകരിച്ചു. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിങ്ങനെ. ഇത് മൂന്നും മലയാളത്തിലെ എക്കാലത്തെയും മികച്ച ബെസ്റ്റ് സെല്ലരുകലാണ് പ്രത്യേകിച്ച് ആഫ്രിക്ക. ഇതെഴുതുന്നതിനു കിട്ടുന്ന പ്രതിഫലത്തെപ്പറ്റി ചോദിച്ചപ്പോൾ എസ്കെ പറഞ്ഞ മറുപടിയുണ്ട്. ‘കാപ്പിരികളുടെ നാട്ടിൽ’ എഴുതിയതിനു മാതൃഭൂമി കൊടുത്ത പ്രതിഫലത്തിന്റെ ഇരട്ടിയിലധികം തുകക്ക് അദ്ദേഹം ഈ സമയത്ത് പ്ലയേഴ്സ് വലിച്ച് തള്ളിയിട്ടുണ്ട് എന്ന്. അപ്പോഴാണ്‌ ഈ മനുഷ്യൻ തലമുറകൾക്ക് വേണ്ടി കാത്ത് വച്ച ഈ മഹാനിധികളുടെ പ്രാധാന്യം മനസ്സിലാകുന്നത്.
1980 ൽ ജീവിതയാത്രയിൽ താങ്ങും തണലുമായിരുന്ന പ്രിയതമ ജയവല്ലിയുടെ മരണം എസ്കെയുടെ പദക്രമങ്ങളുടെ താളം തെറ്റിച്ചു. സാഹിത്യത്തിന്റെ ഒരു വിശാലസാമ്രാജ്യം തന്നെ നമുക്ക് സമ്മാനിച്ച് കൊണ്ട് 1982 ആഗസ്റ്റ്‌ 6 ന് മഹാനായ സഞ്ചാരി യാത്രയായി. തന്റെ പ്രിയപ്പെട്ട തെരുവിനെ നിരീക്ഷിക്കുന്ന രീതിയിൽ മിഠായിത്തെരുവിന്റെ തുടക്കത്തിൽ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കപ്പെട്ടു. നഗരത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് കോഴിക്കോട് തിലോദകം നൽകിയത് അങ്ങനെയാണ്.
ലോകത്തിലെ എല്ലാ കോണിൽ നിന്നുമുള്ള കൌതുകവസ്തുക്കൾ ശേഖരിക്കപ്പെട്ട പുതിയറയിലെ ചന്ദ്രകാന്തത്തിനു സമീപമെത്തുമ്പോൾ അറിയാതെ കൊതിച്ച് പോകുന്നു. ചുണ്ടിൽ സദാ തിളങ്ങുന്ന കുസ്രുതിച്ചിരിയുമായി എസ്കെ ഈ പരിസരത്തുണ്ടായിരുന്നെങ്കിൽ.

Tuesday, February 2, 2016

മാശകളും അബദ്ധങ്ങളും പൊട്ടിച്ചിരികളുമായി ചലച്ചിത്രലോകത്ത് പലവേഷങ്ങളണിഞ്ഞ മലയാളത്തിന്റെ പ്രിയ താരം കൊച്ചി ഹനീഫ ഓര്‍മ്മയായിട്ട് ഇന്ന് ആറുവര്‍ഷം. ആസാനെ…. നിക്ക് ആസാനെ….. മലയാളികള്‍ക്ക് കൊച്ചിന്‍ ഹനീഫയെ ഓര്‍മ്മിക്കാന്‍ ഈ ഒരൊറ്റ ഡയലോഗ് മാത്രം മതി.
കൊച്ചി വെളുത്തേടത്ത് തറവാട്ടില്‍ മൂഹമ്മദിന്റെയും ഹാജിറയുടെയും മകനായി 1951 ഏപ്രില്‍ 22നാണ് ഹനീഫ ജനിച്ചത്. ബോട്ടണി ബിരുദധാരിയായ ഹനീഫ കൊച്ചിയിലെ സെന്റ് ആല്‍ബര്‍ട്ട്‌സ് സ്‌കൂളിലും കോളജിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സ്‌കൂള്‍ തലത്തില്‍ മോണോ ആക്ട് അവതരിപ്പിച്ചാണ് കലാപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം. നാടകങ്ങളിലും സജീവമായി. കൊച്ചിന്‍ കലാഭവന്‍ ട്രൂപ്പില്‍ അംഗമായതോടെ കൊച്ചിന്‍ ഹനീഫയായി. ശേഷം സിനിമാ മോഹവുമായി ചെന്നൈയിലേക്കു പോയി.
1979 ല്‍ അഷ്ടാവക്രന്‍ എന്ന ചിത്രത്തിലെ ഒരു ചെറിയ റോളില്‍ അഭിനയിച്ചായിരുന്നു ചലച്ചിത്ര അരങ്ങേറ്റം. വില്ലന്‍ വേഷങ്ങളിലാണ് തുടങ്ങിയതെങ്കിലും ഹാസ്യ വേഷങ്ങളിലൂടെയാണ് ഹനീഫ പേരെടുത്തത്. മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തില്‍ പഞ്ചാബി ഹൗസ്, മഴത്തുള്ളി കിലുക്കം, ചക്കര മുത്ത്, അരയന്നങ്ങളുടെ വീട്, സൂത്രധാരന്‍,കസ്തൂരിമാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം മലയാളികളെ ചിരിപ്പിച്ചു. പിന്നീട് അദ്ദേഹം  സംവിധാനം മേഖലയിലേക്കും കടന്നു. ഒരു സന്ദേശം കൂടി, ആണ്‍കിളിയുടെ താരാട്ട്, വാത്സല്യം തുടങ്ങി കുടുംബ പ്രേക്ഷകരുടെ ഉള്ളുലയ്ക്കുന്ന നിരവധി ചിത്രങ്ങള്‍. കടത്തനാടന്‍ അമ്പാടി, ലാല്‍ അമേരിക്കയില്‍, ഇണക്കിളി എന്നിവയുടെ തിരക്കഥാകൃത്തായി.
2010 ഫെബ്രുവരി രണ്ടിന് ആയിരുന്നു കൊച്ചിന്‍ ഹനീഫ മലയാള മനസ്സുകളെ കണ്ണീരിലാക്കി വിടപറഞ്ഞത്. അന്നും ഇന്നും കൊച്ചിന്‍ ഹനീഫയ്ക്കു പകരംവയ്ക്കാന്‍ മറ്റൊരാളില്ല. ഹനീഫയ്ക്ക് തുല്യം ഹനീഫ മാത്രം.നിഷ്‌കളങ്ക ഹാസ്യമായിരുന്നു കൊച്ചിന്‍ ഹനീഫയുടെ മുഖമുദ്ര. ഹനീഫയുടെ കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ഹാസ്യത്തിന്റെ പുതിയ അനുഭവങ്ങള്‍ സമ്മാനിച്ചു. വില്ലനായി വന്ന് സംവിധായകനായും തിരക്കഥാകൃത്തായും കൊമേഡിയനായുമൊക്കെ തിളങ്ങിയ ഹനീഫ സിനിമാക്കാരുടെ പതിവ് ജാഡകള്‍ക്കും ബഹളങ്ങള്‍ക്കുമൊക്കെ അതീതനായിരുന്നു.
തമിഴിലും, ഹിന്ദിയിലൂം ഒട്ടേറെ ശ്രദ്ധേയ വേഷങ്ങള്‍. വിഎംസി ഹനീഫയെന്നായിരുന്നു അന്യ ഭാഷാ ചിത്രങ്ങളില്‍ അറിയപ്പെട്ടിരുന്നത്. അങ്ങനെ പല ഭാഷകളിലായി 300 ഓളം ചിത്രങ്ങള്‍. ഒടുവില്‍ കരള്‍ രോഗത്തെ തുടര്‍ന്ന് ആ അനശ്വര കലാകാരന്‍ എന്നന്നേക്കുമായി യാത്ര പറഞ്ഞു. എങ്കിലും അതിഭാവുകത്വമില്ലാതെ ഹനീഫ പകര്‍ന്നു തന്ന നിഷ്‌കളങ്ക ഹാസ്യത്തിന് പകരം വെയ്ക്കാന്‍ ഇന്നും മറ്റൊരാളില്ല. സമാനതകളില്ലാത്ത ഈ സിനിമാ താരത്തിന് പ്രണാമം.

(ജന്മഭൂമി)

Tuesday, December 15, 2015

കുമ്മനം രാജശേഖരന്‍.

എന്റെ സുഹൃത്ത്‌ പലതവണ പറഞ്ഞ ഒരു കഥയുണ്ട്,
ഒരിക്കല്‍ തിരുവനന്തപുരം മാരാര്‍ജി ഭവനില്‍നിന്നും
എന്തോ പ്രോഗ്രാം കഴിഞ്ഞ് പരിവാര്‍ നേതാക്കള്‍
ഒക്കെ പിരിയുന്നു... രാത്രി സമയം..... ജില്ലാ തലത്തിലും
അതിനു താഴെ ഉള്ളതും, അത്ര ഒന്നും പ്രധാനപ്പെട്ടവര്‍
അല്ലാത്തതും ആയ നേതാക്കളെ വരെ ഓരോരോ
വാഹനങ്ങള്‍ വന്നു പിക്ക് ചെയ്യുന്നു. ഒരു വലിയ
സ്യൂട്ട് കേയ്സും പിടിച്ചു നരച്ചതാടിയുമായി
രാജേട്ടന്‍ ആരെയോ പ്രതീക്ഷിച്ചു മാറി നില്‍ക്കുന്നു.
അവസാനം മാരാര്‍ജി ഭവനില്‍ നിന്നും യാത്രയായ
ആള്‍ അദ്ദേഹതോട്ചോദിക്കുന്നു,
"രാജേട്ടാ പോരുന്നോ....?"
"ഇല്ല, എനിക്കുള്ള വണ്ടി ഇപ്പോള്‍ വരും... "
അല്‍പ സമയം കഴിഞ്ഞപ്പോള്‍ ഒരു ബൈക്ക്
വന്നു നില്‍ക്കുന്നു, രാജേട്ടന്‍ സ്യൂട്ട് കേയ്സുമായി
അതിനു പിന്നില്‍ കയറുന്നു, അത്ഭുതപ്പെട്ടു നിന്ന
എന്റെ സുഹൃത്തിനോട്‌ അവിടെ നിന്ന ഓഫീസ്
സ്റ്റാഫ് പറയുന്നു...
"നേരെ റെയില്‍വേ സ്റ്റെഷന്‍.. സെക്കണ്ട് ക്ലാസ്
ടിക്കറ്റ് എടുത്താണ് യാത്ര... ഓഫീസില്‍ വന്നാല്‍
ഇദേഹത്തിനു മാത്രം ആവശ്യങ്ങളില്ല, പരാതികളില്ല,
ഉള്ള സൌകര്യങ്ങില്‍ പൂര്‍ണ തൃപ്തന്‍... ഇതുതന്നെ
അധികം എന്ന ഭാവം..."
അതാണ്‌ രാജേട്ടന്‍...
കോട്ടയം, കുമ്മനം എന്ന കൊച്ചുഗ്രാമത്തിലെ ഒരു
ഇടത്തരം കുടുംബത്തില്‍ ജനിച്ച അദേഹം
അവിടെയുള്ള സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നും
പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.പിന്നീട്
കോട്ടയം C M S കോളേജില്‍ നിന്നും ബിരുദം
എടുത്തു. . ജേണലിസത്തില്‍ പോസ്റ്റ്‌ ഗ്രാജുവേറ്റ്
ഡിപ്ലോമ നേടിയ അദേഹം ദീപിക പത്രത്തിലൂടി
ആണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
വിദ്യാഭ്യാസ കാലം മുതല്‍ തന്നെ സംഘ പരിവാര്‍
പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു വന്ന ഇദേഹം
1987 ഇല്‍ F C I യില്‍ ഉണ്ടായിരുന്ന ജോലി
രാജിവെച്ചു മുഴുവന്‍ സമയ സംഘ പ്രവര്‍ത്തകനായി.
1981 ല്‍ വിശ്വഹിന്ദു പരിഷത്തിലൂടി സംസ്ഥാന
നേതൃത്വത്തിലേക്ക് വന്ന അദേഹം 1983 ലെ നിലക്കല്‍
പ്രക്ഷോഭത്തോട് കൂടിയാണ് ജനശ്രദ്ധ നേടിയത്.
ഹിന്ദു മുന്നണി ജനറല്‍ സെക്രട്ടറിയായിരുന്ന
അദേഹം തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നും
മത്സരിച്ചു രണ്ടാം സ്ഥാനം നേടി.
ഹൈന്ദവ സമൂഹത്തിലെ അനാചാരങ്ങളായി
കണക്കാക്കി പോന്ന എളവൂര്‍ തൂക്കം, പാലാഴി
തൊട്ടുകൂടായ്മ എന്നിവയ്ക്കൊക്കെ എതിരെ
പ്രക്ഷോഭ സമരങ്ങള്‍ നയിച്ച അദേഹം 92 ല്‍
ഹിന്ദു ഐക്യവേദി ജനറല്‍ കണ്‍വീനര്‍ ആയി.
രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ പ്രചാരക്,
വിശ്വ ഹിന്ദു പരിഷതിന്റെ ഓർഗനൈസിംഗ്
സെക്രട്ടറി, ശബരിമല അയ്യപ്പ സേവാ സംഘത്തിന്റെ
ജനറൽ സെക്രട്ടറി തുടങ്ങി ധാരാളം ഹൈന്ദവ
പ്രസ്ഥാനങ്ങളുടെ അമരക്കാരനായിരുന്ന അദ്ദേഹം
2011 ല്‍ ജന്മഭൂമി പത്രത്തിന്റെ ചെയര്‍മാനായി
നിയമിതനായി.
2012 ല്‍ ആറന്മുള വിമാത്താതാവളത്തിനെതിരെ
സമരം നയിച്ച"ആറന്മുള പൈതൃകഗ്രാമ കർമ്മസമിതി"
യുടെമുഖ്യരക്ഷാധികാരി എന്ന ദൌത്യം
ഏറ്റെടുക്കുകയുംനിരന്തരമായ സമരതിലൂടെയും
നിയമപോരാട്ടത്തിലൂടെയും ആ സമരം
വിജയിപ്പിക്കുകയുംചെയ്തത് അദേഹത്തിന്
സമൂഹത്തില്‍ ഉള്ള സ്വീകാര്യത ഒന്നുകൂടി
ഉറപ്പിക്കുന്നതായിരുന്നു.
ഹൈന്ദവ സമൂഹത്തിനു വേണ്ടി നിരന്തര
പോരാട്ടങ്ങള്‍ നയിക്കുമ്പോഴും ഒരിക്കല്‍ പോലും
ഇതര മതസ്ഥര്‍ക്ക് അദേഹം അനഭിമതന്‍
ആയിരുന്നില്ല. പരിവാര്‍ പ്രസ്ഥാനങ്ങളെ
എതിര്‍ക്കുന്ന ഒരു രാഷ്ട്രീയ കക്ഷിയും നേതാക്കളും
അദേഹത്തെ വിമര്‍ശിക്കുകയോ അദ്ദേഹത്തിനെതിരെ
ആരോപണങ്ങള്‍ ഉന്നയിക്കുകയോ ചെയ്ത
സംഭവങ്ങള്‍ ഉണ്ടായിട്ടില്ല എന്നത് അദേഹത്തിന്റെ
മഹത്വം വിളിച്ചോതുന്നു.
ഇന്നുള്ള പല ഹൈന്ദവ നേതാക്കളും സന്യാസിമാരും
വളരെ തീവ്രവും വര്‍ഗീയവും ആയ ഭാഷ
ഉപയോഗിക്കുമ്പോഴും സംസാരത്തിലും
പ്രവര്‍ത്തനങ്ങളിലും ജീവിതത്തിലും ലാളിത്യം
സൂക്ഷിക്കുന്ന രാജേട്ടന്‍ അദേഹത്തെ
അറിയുന്നവര്‍ക്ക് എന്നും ഒരു അത്ഭുതമാണ്.
പരിചയപ്പെടുന്ന ആരില്‍ നിന്നും എന്നും
അദ്ദേഹത്തിന് ലഭിക്കുന്നത് ബഹുമാനവും
ആദരവും മാത്രം.
ഇന്ന് അദേഹത്തെ പാര്‍ടി കേന്ദ്രനേതൃത്വം
ഡല്‍ഹിക്ക് വിളിപ്പിച്ചിരിക്കുകയാണ്. B J P യുടെ
സംസ്ഥാന അധ്യക്ഷ പദവി അദ്ദേഹത്തിന്
നല്‍കുന്നതിന്‍റെ ഭാഗമാണ് എന്ന് പറയപ്പെടുന്നു.
ഇന്ന് B J P ക്ക് ആ സ്ഥാനത്തേക്ക് നിര്‍ദേശിക്കാന്‍
കഴിയുന്ന ഏറ്റവുംഉചിതമായ പേര് രാജേട്ടന്റെ
ആണ് എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല.
പാര്‍ടി ഒരു ഇരുപതു വര്‍ഷം മുന്‍പ് ചിന്തിക്കേണ്ട
കാര്യമായിരുന്നു ഇത് എന്നാണ് എന്റെ
അഭിപ്രായം.
ഒരു കാര്യം ഉറപ്പുണ്ട്, അദ്ദേഹം ഒരിക്കലും
ആ സ്ഥാനം ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ
സ്വമേധയാ അദ്ദേഹം ആ സ്ഥാനം ഏറ്റെടുക്കും
എന്നും ഞാന്‍ വിശ്വസിക്കുന്നില്ല. കേന്ദ്ര
നേതൃത്വത്തിന്റെ നിര്‍ബന്ധത്തിനു മുന്നില്‍,
പ്രസ്ഥാനത്തിന്റെ അനുസരണയുള്ള ഒരു
പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഒരുപക്ഷെ
അദ്ദേഹം ആ ചുമതല വഹിക്കാന്‍ തയാറായേക്കാം...
പാര്‍ടിക്ക് അത് ഗുണകരമായിരിക്കും എന്നതില്‍
സംശയമില്ല.

Wednesday, December 9, 2015

ദക്ഷിണാമൂര്‍ത്തി സ്വാമികള്‍

ഹൃദയസരസിലെ സംഗീത കുലപതി ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ തൊണ്ണൂറ്റിയാറാം
ജന്മദിന വാര്‍ഷികം ഇന്ന്
==========================
മലയാളിയുടെ ഹൃദയസരസിലേക്ക്
സംഗീതത്തിന്‍റെ ദൈവീക സ്പര്‍ശമൊഴുക്കിയ
അനശ്വര സംഗീതജ്ഞനാണ് വി.ദക്ഷിണാമൂര്‍ത്തി
സ്വാമികള്‍. കാലത്തിന്‍റെ വേഗതയിലും
ദക്ഷിണേന്ത്യയ്ക്ക് മറക്കാനാവാത്ത ആ
ഋഷിതുല്യ പ്രതിഭയുടെ 96-)o ജന്മദിന
വാര്‍ഷികമാണ് ഇന്ന്. നെറ്റിയില്‍ കളഭവും
ഭസ്മവും, കഴുത്തില്‍ രുദ്രാക്ഷ മാലകളും
അണിഞ്ഞെത്തിയ ഈ സംഗീത കുലപതി
മലയാളിയുടെ മനസ്സിലേക്ക് പകര്‍ന്നു കൊടുത്തത്
സംഗീതത്തിന്റെ അനശ്വര സൗന്ദര്യത്തെയാണ്.

ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ തൊണ്ണൂറ്റിയാറാം
ആലപ്പുഴയിൽ ഡി.വെങ്കടേശ്വര അയ്യരുടേയും
പാർവതി അമ്മാളിന്റേയും മകനായി
1919 ഡിസംബർ ഒന്‍പതിനാണ് വെങ്കിടേശ്വരൻ
ദക്ഷിണാമൂർത്തി എന്ന മലയാളിയുടെ
ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ ജനനം.
ബാല്യത്തില്‍ തന്നെ സംഗീതത്തോടുള്ള
മകനിലെ അഭൂതപൂര്‍വ്വമായ താല്പര്യം
കണ്ടറിഞ്ഞ അമ്മ തന്നെയായിരുന്നു
സ്വാമികളുടെ സംഗീതത്തിലെ ആദ്യ ഗുരു.
മഹാനായ ത്യാഗരാജ സ്വാമികളുടെ
കീർത്തനങ്ങൾ അമ്മ മകനെ പഠിപ്പിച്ചു.
പത്താം ക്ളാസ് കഴിഞ്ഞ് തിരുവനന്തപുരത്ത്
വെങ്കടാചലം പോറ്റിയുടെ ശിഷ്യനായി
കർണ്ണാടക സംഗീതം ശാസ്‌ത്രീയമായി അഭ്യസിച്ചു. 
വൈക്കത്തപ്പന്റെ തികഞ്ഞ വിശ്വാസിയായ
ദക്ഷിണാമൂർത്തിക്ക് സംഗീതമെന്നും തപസും 
ഉപാസനയുമായിരുന്നു.
കുഞ്ചാക്കോയുടെ നല്ലതങ്ക എന്ന
സിനിമയിലൂടെയായിരുന്നു ദക്ഷിണാമൂര്‍ത്തി
സ്വാമികളുടെ സിനിമാപ്രവേശനം. പിന്നീട്
ജീവിത നൗക, നവലോകം, അമ്മ,
ശരിയോ തെറ്റോ, സ്നേഹസീമ,
പാടുന്ന പുഴ, സീത, ജ്ഞാനസുന്ദരി,
ശ്രീകോവില്‍, വേലുത്തമ്പി ദളവ, കാവേരി,
ചക്രവാകം, വിലയ്ക്ക് വാങ്ങിയ വീണ
തുടങ്ങി 125-ഓളം സിനിമകളിലായി
850-ഓളം പാട്ടുകള്‍ക്ക് അദ്ദേഹം ഈണം
പകര്‍ന്നു. അങ്ങനെ ഖരഹരപ്രിയയും,
ആനന്ദ ഭൈരവിയും, ആഭേരിയും,
കല്യാണിയും സിന്ധുഭൈരവിയും തുടങ്ങി
നിരവധി രാഗങ്ങള്‍ സ്വാമിയിലൂടെ
സിനിമാഗാനങ്ങളിലേയ്ക്കും തുടര്‍ന്ന്
ഭക്തിഗാനങ്ങളിലേയ്ക്കും ഒഴുകിയെത്തി.
2008ല്‍ പുറത്തിറങ്ങിയ മിഴികള്‍ സാക്ഷി
ആണ് ദക്ഷിണാമൂര്‍ത്തി അവസാനമായി
സംഗീതസംവിധാനം നിര്‍വഹിച്ച ചിത്രം.
തൊണ്ണൂറാം വയസ്സിലും കര്‍മ നിരതനായിരുന്ന
അദ്ദേഹം നാല് ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നു.
മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി
ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കു വേണ്ടിയും
അദ്ദേഹം സംഗീതസംവിധാനം
നിര്‍വഹിച്ചിട്ടുണ്ട്. രഞ്ജിത്ത്
സംവിധാനം ചെയ്ത ചന്ദ്രോത്സവം എന്ന
ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കുകയും
ചെയ്തു.
''ഉത്തരാസ്വയം വരം കഥകളി കാണുവാന്‍''‍,
''സന്ധ്യയ്ക്കെന്തിനു സിന്ദൂരം'', ''പുലയനാര്‍
മണിയമ്മ'', ''ചന്ദ്രികയില്‍ അലിയുന്നു
ചന്ദ്രകാന്തം'', ''വൃശ്ചികപ്പൂനിലാവേ'',
''ഇന്നലെ നീയൊരു സുന്ദര രാഗമായി'',
''ദേവീ ശ്രീദേവീ'', ''താരകരൂപിണി'',
''കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി'',
''ചിത്രശിലാപാളികള്‍ കൊണ്ടൊരു'',
''ഗോപീചന്ദന കുറിയണിഞ്ഞു'', ''കാട്ടിലെ
പാഴ്മുളം തണ്ടില്‍ നിന്നും'', ''മനസ്സിലുണരൂ
ഉഷ സന്ധ്യയായ്''... തുടങ്ങി മലയാളികള്‍ക്ക്
ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരുപിടി
നല്ല ഗാനങ്ങള്‍ സമ്മാനിച്ച് 2013 ആഗസ്റ്റ്‌
രണ്ടിനാണ് ദക്ഷിണാമൂര്‍ത്തി സ്വാമികള്‍
വിടവാങ്ങിയത്.

Tuesday, May 5, 2015

കാള്‍ മാക്സ്

മേയ് അഞ്ച്... കാള്‍ മാക്സിന്റെ ജന്മദിനം.
================================
ലോക കമ്യുണിസ്റ്റ് തത്വ ചിന്തകള്‍ക്ക് അടിത്തറ
പാകിയ കാള്‍ ഹെന്രി മാക്സ് എന്നാ കാല്‍ മാക്സ്
പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രമുഖ
ചരിത്ര കാരനും സാമ്പത്തിക വിദഗ്ദ്ധനും രാഷ്ട്രീയ
സൈദ്ധാന്തികനും തത്വ ചിന്തകനും ആയിരുന്നു.
1818 മേയ് അഞ്ചിന് പഴയ യൂറോപ്യൻ രാജ്യമായിരുന്ന
പ്രഷ്യയില്‍ സാമ്പത്തികമായി മികച്ച നിലയിലുള്ള
ഒരു മധ്യവർഗ്ഗ കുടുംബത്തില്‍ ആണ് മാർക്സിനാണ്.
കാളിന്റെ പിതാവ് ഹെർഷൽ മാർക്സ്. നവോത്ഥാന
മൂല്യങ്ങളിൽ വിശ്വസിച്ചിരുന്ന അദ്ദേഹത്തിന്
ഇമ്മാനുവേൽ കാന്റിന്റേയും, വോൾട്ടയറിന്റേയും
ആശയങ്ങളിലും താൽപര്യമുണ്ടായിരുന്നു.
സ്വദേശമായ പ്രഷ്യയിലെ രാജവാഴ്ചയ്ക്ക്
അറുതിവരുത്താനും ഭരണമാറ്റം വരുത്താനുമായി
നടന്ന പ്രക്ഷോഭങ്ങളിൽ കാളിന്റെ പിതാവ്
പങ്കുകൊണ്ടിരുന്നു. . ഫിലിപ്സ് കമ്പനിയുടെ
സ്ഥാപകരായിരുന്ന ഫ്രിറ്റ്സ് ഫിലിപ്സ്,
ജെറാൾഡ് ഫിലിപ്സ്, അന്റൺ ഫിലിപ്സ്
എന്നിവരുടെ പിതൃ സഹോദരി ആയിരുന്നു
കാളിന്റെ മാതാവ്.
1835 ൽ കാൾ തത്വശാസ്ത്രവും, സാഹിത്യവും
പഠിക്കുന്നതിനായി ബോൺ സർവ്വകലാശാലയിൽ
ചേർന്നു. സർവ്വകലാശാല വിദ്യാഭ്യാസ കാലത്ത്
കാൾ മദ്യപാനത്തോട് അമിത ആസക്തിയുള്ളവനായി കാണപ്പെട്ടുവിദ്യാഭ്യാസത്തോടുള്ള താൽപര്യം
കുറഞ്ഞതോടെ അദ്ദേഹത്തിന്റെ പിതാവ്
കുറച്ചുകൂടെ നല്ല വിദ്യാഭ്യാസം കിട്ടുന്നതിനായി
ബെർലിൻ സർവകലാശാലയിലേക്കു കാളിനെ മാറ്റി.
അവിടെ കാൾ കൂടുതൽ ശ്രദ്ധവെച്ചത് തത്വശാസ്ത്രവും,
ചരിത്രവും പഠിക്കാനായിരുന്നു.
1836 ൽ, പ്രഷ്യയിലെ ഭരണവർഗ്ഗകുടുംബത്തിലെ
ഒരു പ്രഭ്വി ആയിരുന്നു കാൾ മാർക്സിന്റെ ഭാര്യ.
ട്രയർ എന്ന ദേശത്തെ ഏറ്റവും സുന്ദരിയായ
യുവതി ആയിരുന്നു ജെന്നി ഫോൺ വെസ്റ്റ്ഫാലൻ
എന്നു പറയപ്പെടുന്നു. അക്കാലത്ത് നിലവിലുണ്ടായിരുന്ന
സാമൂഹ്യ ഭ്രഷ്ടുകളെ തകർത്തെറിഞ്ഞതായിരുന്നു
അവരുടെ വിവാഹം. സമൂഹത്തിന്റെ
ഉന്നതനിലയിൽ ജീവിക്കുന്ന കുടുംബത്തിലുള്ള
ഒരു യുവതിയും, ഒരു ജൂതനുമായിട്ടുള്ള
വിവാഹം അന്നത്തെക്കാലത്ത് ആലോചിക്കാൻ
പോലും പറ്റില്ലായിരുന്നു. ഇത്തരം എതിർപ്പുകളെല്ലാം
ഉണ്ടായിരുന്നെങ്കിലും ഇവരുടെ വിവാഹത്തിനു
ജെന്നിയുടെ അച്ഛൻ അനുകൂലമായിരുന്നു.
ഉദാരമായ ചിന്താഗതികളുള്ള ഒരു
വ്യവസായിയായിരുന്നു ജെന്നിയുടെ പിതാവ്.
ജർമ്മൻ തത്വചിന്തകനായ ഹേഗലിന്റെ
ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്ന
യങ് ഹെഗേലിയൻസ് എന്ന രാഷ്ട്രീയ സംഘടയിൽ
ചേർന്ന് പ്രവർത്തിക്കുവാൻ തുടങ്ങി.
കാൾ മാർക്സിനെ പോലെ തന്നെയായിരുന്നു
സംഘടനയിലെ എല്ലാപേരും. ഹെഗേലിയൻ
ചിന്താഗതികളോടെ ഒരു വിമർശനബുദ്ധിയോടെയാണ്
എല്ലാവരും സമീപിച്ചിരുന്നത്. എന്നാൽ ഹെഗൽ
അവതരിപ്പിച്ച വൈരുദ്ധ്യാത്മകത എന്ന ആശയത്തെ
അവരെല്ലാവരും ഇഷ്ടപ്പെട്ടിരുന്നു.
ഒരു ജോലിക്കു വേണ്ടി മാർക്സ് പത്ര
പ്രവർത്തനത്തിലേക്കു തിരിഞ്ഞു. യൂറോപ്യൻ
സർക്കാരുകളുടെ പിന്തിരിപ്പൻ നയങ്ങളെ മാർക്സ്
വളരെ നിശിതമായി വിമർശിച്ചു. കൂടാതെ
നിലവിലുള്ള സോഷ്യലിസ്റ്റ് ആശയങ്ങൾ
കാലഹരണപ്പെട്ടതാണെന്ന് കാൾ വാദിച്ചു.
കാൾ മാർക്സിന്റെ ആശയങ്ങൾ അടങ്ങുന്ന
പത്രം പ്രഷ്യൻ സർക്കാർ വളരെ സൂക്ഷ്മമായി
ശ്രദ്ധിക്കാൻ തുടങ്ങി. റഷ്യൻ രാജാധികാരത്തെ
കഠിനമായി വിമർശിച്ച ഒരു ലക്കത്തിനുശേഷം,
റഷ്യയിലെ നിക്കോളാസ് രണ്ടാമൻ ഈ പത്രം
നിരോധിക്കണം എന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.
1843 ൽ പ്രഷ്യൻ സർക്കാർ ഈ പത്രം നിരോധിച്ചു.
എന്നാൽ ഇതിനെ കഠിനമായി വിമർശിച്ച്
കാൾ മാർക്സ് ഹെഗെൽ ആശയങ്ങളോട്
അനുഭാവം പുലർത്തുന്ന ഒരു മാസികയിൽ
ലേഖനം എഴുതി. ഈ ലേഖനം മൂലം ഈ മാസികയും
സർക്കാർ നിരോധിച്ചു.
നിലവിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന പത്രം
സർക്കാർ നിരോധിച്ചപ്പോൾ കാൾ മറ്റൊരു
പത്രത്തിലേക്ക് മാറാൻ നിർബന്ധിതനായി.
ഈ പത്രം. പത്രം പുറത്തിറങ്ങിയിരുന്നത്
ജർമ്മനിയിൽ നിന്നല്ല മറിച്ച് പാരീസിൽ
നിന്നായിരുന്നു. ഇക്കാലത്ത് മാർക്സും ഭാര്യയും
പാരീസിലേക്ക് താമസം മാറി.
28 ഓഗസ്റ്റ് 1844 ൽ പാരീസിൽ വെച്ചാണ്
കാൾ ഫ്രെഡറിക് ഏംഗൽസിനെ കണ്ടുമുട്ടുന്നത്.
ഏംഗൽസ് അപ്പോഴേക്കും മാർക്സിന്റെ
രചനകളിൽ ആകൃഷ്ടനായിരുന്നു.. ഏംഗൽസ്
താൻ എഴുതിയ ദ കണ്ടീഷൻ ഓഫ് ദ വർക്കിംഗ്
ക്ലാസ്സ് ഇൻ ലണ്ടൻ ഇൻ 1844 എന്ന പുസ്തകം
മാർക്സിനെ കാണിക്കുകയുണ്ടായി. അതോടെ
താൻ വിഭാവനം ചെയ്ത വിപ്ലവത്തിലെ
അവസാന ഉപകരണം തൊഴിലാളി വർഗ്ഗമാണെന്ന
മാർക്സിന്റെ വിശ്വാസത്തിന് ആക്കം കൂടി.
യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ എഴുതാൻ
കഴിയുന്ന മറ്റൊരു ജർമ്മൻ പത്രത്തിലേക്കു കാൾ
പിന്നീട് മാറി. ഫോർവാട്ട്സ് എന്ന ഈ പത്രം,
ജർമ്മൻ ഭാഷയിൽ പുറത്തിറങ്ങുന്നതായിരുന്നു.
പാരീസിൽ നിന്നും പുറത്തു വന്നിരുന്ന ഈ പത്രം
പല പ്രമുഖ സാമൂഹ്യപരിഷ്കർത്താക്കളുമായി
നേരിട്ടു ബന്ധമുള്ളവതായിരുന്നു. എന്നാൽ
ചുരുങ്ങിയ കാലംകൊണ്ടു തന്നെ ഈ സാമൂഹ്യം
എന്നത് കമ്മ്യൂണിസ്റ്റ് ലീഗ് എന്ന ആശയത്തിലേക്കു
പരിവർത്തനം ചെയ്യപ്പെട്ടു. വോർവാർട്ട്സിൽ
മാർക്സ് ഹെഗെലിന്റെ ആശയങ്ങളെ
അടിസ്ഥാനമാക്കി വൈരുദ്ധ്യാത്മക
ഭൗതികവാദം എന്നതിനെ സ്ഫുടം
ചെയ്തെടുക്കാൻ തുടങ്ങി. ഇതോടൊപ്പം തന്നെ
പല യൂറോപ്യൻ സാമൂഹ്യപരിഷ്കർത്താക്കളേയും
കഠിനമായി വിമർശിക്കാനും തുടങ്ങി. പ്രഷ്യൻ
സർക്കാരിൽ നിന്നും ലഭിച്ച ഒരു അഭ്യർത്ഥനയെ
മാനിച്ച് സർക്കാർ ഫോർവാട്ട്സ് അടച്ചു
പൂട്ടാൻ കൽപിച്ചു. അതോടൊപ്പം തന്നെ,
മാർക്സിനെ ഫ്രാൻസിൽ നിന്നും
പുറത്താക്കാനും ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു.
ഫ്രാൻസിലോ, ജർമ്മനിയിലോ ജീവിക്കാൻ
കഴിയാതെ വന്ന മാർക്സ് അവസാനം
ബെൽജിയത്തിലുള്ള ബ്രസ്സൽസ്സിലേക്ക്
പോകാൻ തീരുമാനിച്ചു. എന്നാൽ രാഷ്ട്രീയപരമായി
എന്തെങ്കിലും എഴുതുന്നതിൽ നിന്നും മാർക്സിനെ
വിലക്കിക്കൊണ്ടുള്ള ഒരു സമ്മതപത്രത്തിൽ
ഒപ്പുവെച്ചതിനുശേഷം മാത്രമേ അദ്ദേഹത്തിന്
ബ്രസ്സൽസിലേക്കു പ്രവേശനം നൽകപ്പെട്ടുള്ളു.
1848 ഫെബ്രുവരി 21 നാണ് മാക്സും ഏംഗൽസം
ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ
ആദ്യ പതിപ്പ് പുറത്തിറക്കിയത്.
കമ്മ്യൂണിസ്റ്റ് ലീഗ് എന്ന അവരുടെ സ്വപ്നത്തിന്
നിറം നൽകാൻ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോക്കു
സാധിച്ചു. ഇതുവരെയുള്ള സമൂഹത്തിന്റെ
ചരിത്രം എന്നത് തൊഴിലാളി വർഗ്ഗത്തിന്റെ
ചരിത്രമാണ് എന്ന് ആദ്യപതിപ്പിന്റെ
ആമുഖത്തിൽ ഇരുവരും ചേർന്നെഴുതി.
ബൂർഷ്വാസി എന്നു വിളിക്കപ്പെടുന്ന സമ്പന്ന
വർഗ്ഗവും, പ്രോലിറ്റേറിയറ്റ് എന്നു വിളിക്കപ്പെടുന്ന
തൊഴിലാളി വർഗ്ഗവും തമ്മിലുള്ള വർഗ്ഗസമരം
എന്നു വിളിക്കപ്പെടുന്ന വിപ്ലവം ആണ് ഭാവിയിൽ
ഉണ്ടാവാൻ പോകുന്നത് എന്ന് കമ്മ്യൂണിസ്റ്റ്
മാനിഫെസ്റ്റോയിൽ പറയുന്നു.
1849 ൽ മാർക്സ് ലണ്ടനിലേക്ക് പാലായനം ചെയ്തു,
പീന്നീട് തന്റെ ജീവിതാവസാനം വരെ ലണ്ടനിൽ
ആയിരുന്നു മാർക്സിന്റെ പ്രവൃത്തികേന്ദ്രം.
ലണ്ടനിൽ താമസമാക്കിയതിനു ശേഷം അദ്ദേഹം
കമ്മ്യൂണിസ്റ്റ് ലീഗിന്റെ ആസ്ഥാനം ലണ്ടനിലേക്കു
മാറ്റുകയും, ജർമ്മൻ വർക്കേഴ്സ് എഡ്യുക്കേഷണൽ
സൊസൈറ്റിയിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കുകയും
ചെയ്തു.
1860 ൽ രാഷ്ട്രീയ സമ്പദ്വ്യവസ്ഥിതിയുടെ
ഉപഞ്ജാതാക്കളായ ആഡം സ്മിത്തിനേയും,
ഡേവിഡ് റികാർഡോയും എല്ലാം ഉദ്ധരിച്ചുകൊണ്ട്
തിയറീസ് ഓഫ് സർപ്ലസ് വാല്യൂ എന്ന മൂന്നു
ഖണ്ഡങ്ങൾ ഉള്ള ഒരു ഗ്രന്ഥം പുറത്തിറക്കുകയുണ്ടായി.
സാമ്പത്തിക ചരിത്രത്തിന്റെ ഒരു സമഗ്രമായ,
മനോഹരമായ രചനയായിരുന്നു ഈ പുസ്തകം.
1867 ൽ മൂലധനത്തിന്റെ ആദ്യ ഖണ്ഡം പുറത്തിറങ്ങി.
രണ്ടാമത്തേയും, മൂന്നാമത്തേയും ഖണ്ഡങ്ങൾ
മാർക്സിന്റെ മരണശേഷം ഏംഗൽസ് ആണ്
പ്രസിദ്ധീകരിച്ചത്.
പലപ്പോഴും അധികാരികളിൽ നിന്നും
മറഞ്ഞിരിക്കുവാനായി മാർക്സ് വ്യാജപേരുകൾ
ഉപയോഗിക്കുമായിരുന്നു. മെസ്സ്യുർ റാംബോസ്
എന്ന പേരാണ് പാരീസിൽ അദ്ദേഹം
ഉപയോഗിച്ചതെങ്കിൽ, ലണ്ടനിൽ എ. വില്ല്യംസ്
എന്നാണ് എഴുത്തുകുത്തുകൾക്കായി മാർക്സ്
സ്വീകരിച്ചിരുന്ന പേര്. അദ്ദേഹത്തിന്റെ
സുഹൃത്തുക്കൾ മൂർ എന്ന പേരിലാണ്
മാർക്സിനെ വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ
കറുത്ത നിറവും, ചുരുണ്ട മുടിയും വടക്കൻ
ആഫ്രിക്കയിലെ മൂർസ് എന്ന നീഗ്രോ വംശജരെ
ഓർമ്മിപ്പിച്ചിരുന്നത്രെ.
1881 ൽ മാർക്സിന്റെ ഭാര്യ ജെന്നി അന്തരിച്ചു.
മാർക്സിന്റെ ജീവിതത്തിന്റെ അവസാന
മാസങ്ങൾ അദ്ദേഹം രോഗാതുരനായിരുന്നു.
ഇത് ക്രമേണ ബ്രോങ്കൈറ്റിസ് എന്ന രോഗമായി
പരിണമിക്കുകയും 1883 മാർച്ച് 14 ന് അദ്ദേഹം
അന്തരിക്കുകയും ചെയ്തു.

Wednesday, January 28, 2015

                                  
                                                             ലാലാ ലജ്പത് റായ്




സ്വതന്ത്രഭാരതം പിറവിയെടുത്തത് ഒറ്റരാത്രികൊണ്ടല്ല . ഭാരതീയരുടെ കാലങ്ങളായുള്ള ആത്മ ത്യാഗത്തിന്റെയും സഹനത്തിന്റെയും സാഹോദര്യത്തിന്റെയുമൊക്കെ ഫലമാണ് നമ്മളിന്നനുഭവിക്കുന്ന സ്വാതന്ത്ര്യം . സ്വന്തമെന്ന് കരുതാവുന്നതെല്ലാം കൈവിട്ടുപോകുമ്പോഴും മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടാൻ ഒട്ടും മടിക്കാതിരുന്ന അസംഖ്യം ധീരദേശാഭിമാനികളുടെ ഓർമകൾക്ക് മരണമില്ലാത്തതും അത് കൊണ്ട് കൂടിയാണ് .ഭഗത് സിംഗിന്റെ വീരവാണികളും ആസാദിന്റെ അന്തസ്സുറ്റ ബലിദാനവും അഭിമാനത്തോടെയും കൃതജ്ഞതയോടും കൂടിമാത്രമേ നമുക്ക് സ്മരിക്കാൻ കഴിയുകയുള്ളൂ . ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കരിക്കല്ലടുക്കുകളെ ദേശാഭിമാനത്തിന്റെ ചങ്കുറപ്പ് കൊണ്ട് തകർത്ത വിപ്ലവ രാജകുമാരന്മാരുടെ ഗുരുക്കന്മാരിൽ ഒരാളുടെ,  ലാൽ ബാൽ പാൽ ത്രയങ്ങളിലൊരാൾ ലാലാ ലജ്പത് റായുടെ നൂറ്റിയൻപതാം ജന്മവാർഷികമാണിന്ന് .

1865  ജനുവരി 28 ന്  ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബിൽ ഡ്യൂഡിക്ക് എന്ന സ്ഥലത്താണ് ലാലാജിയുടെ ജനനം . ആര്യസമാജത്തിന്റെ പ്രവർത്തകനായിരുന്ന അദ്ദേഹം പിന്നീട് കോൺഗ്രസിനോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയായിരുന്നു.  പഞ്ചാബ് സിംഹം എന്നറിയപ്പെട്ട അദ്ദേഹമാണ് പഞ്ചനദങ്ങളുടെ നാട്ടിലെ സ്വാതന്ത്ര്യ സമര പ്രവർത്തനത്തിന്റെ കേന്ദ്രസ്ഥാനം അലങ്കരിച്ചിരുന്നത് . കോൺഗ്രസിനുള്ളിലെ തീവ്രപക്ഷക്കാരനായിരുന്നു ലാലാ .1905 ലെ ബംഗാൾ വിഭജനത്തിനെതിരെ ശക്തമായ പ്രക്ഷോഭമായിരുന്നു ലാലായുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത് . അങ്ങനെ 1907 ൽ ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തെ ബർമയിലേക്ക് നാടുകടത്തി

വിദേശങ്ങളിൽ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് പിന്തുണ നേടാൻ 1914 ൽ ബ്രിട്ടനിലേക്ക് പോയ അദ്ദേഹത്തിന് ലോകമഹായുദ്ധം നടക്കുന്ന സാഹചര്യമായതിനാൽ  1920 ലാണ് മടങ്ങിയെത്താൻ കഴിഞ്ഞത് . വിപ്ലവകാരികളായ യുവാക്കളുടെ ആരാധനാ പുരുഷനായിരുന്ന ലാലാ ജാലിയൻ വാലാബാഗിനെത്തുടർന്നുണ്ടായ പ്രക്ഷോഭത്തിലും നിസ്സഹകരണ പ്രസ്ഥാനത്തിലും ഗണ്യമായ പങ്കു വഹിച്ചു

1928 ൽ സൈമൺ കമ്മീഷനെതിരെ ലാഹോറിൽ നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്ത ലാലാ ലജ്പത് റായിയെ ബ്രിട്ടീഷ് പോലീസ് ക്രൂരമായി തല്ലിച്ചതച്ചു .പോലീസ് സൂപ്രണ്ട് സ്കോട്ടിന്റെ നിർദ്ദേശമനുസരിച്ച് സാണ്ടേഴ്സ് എന്ന പോലീസ് ഓഫീസറാണ് ലജ് പത് റായിയെ മർദ്ദിച്ചത് . എന്നാൽ ഗുരുതരമായ പരിക്കേറ്റിട്ടും ലജ്പത് റായ് സമ്മേളനത്തിൽ പ്രസംഗിക്കുക തന്നെ ചെയ്തു .  അദ്ദേഹം പ്രസംഗമവസാനിപ്പിച്ചത് ഇങ്ങനെയാണ് ." ഈ സർക്കാർ അധിക കാലം നിലനിൽക്കില്ല . എന്റെ മേൽ വീണ ഓരോ അടിയും ഭാരതത്തിലെ ബ്രിട്ടീഷ് ഭരണത്തിന്റെ ശവപ്പെട്ടിയിലെ ആണിയിന്മേലുള്ള അടികളാണെന്ന് ഞാനിതാ പ്രഖ്യാപിക്കുന്നു "

ക്രൂരമായ മർദ്ദനമേറ്റ ലാലാജി പിന്നെ അധിക നാൾ ജീവിച്ചിരുന്നില്ല  .1928 നവംബർ 17 ന് അദ്ദേഹം അന്ത്യശ്വാസം വലിച്ചു . ആദരണീയനായ നേതാവിനെ ബ്രിട്ടീഷ് പോലീസ് മർദ്ദിച്ചു കൊന്നത് ഓരോ ഭാരതീയന്റെ മനസ്സിലും ബ്രിട്ടീഷ് ഭരണത്തോടുള്ള വെറുപ്പ് സൃഷ്ടിച്ചു. രാവി നദീതീരത്ത് നടത്തിയ അന്ത്യ സംസ്കാരത്തിൽ ലക്ഷങ്ങളാണ് പങ്കെടുത്തത് . ചിത കത്തിത്തീരുന്നത് വരെ ആയിരക്കണക്കിന് യുവാക്കളാണ് രാവി നദീതീരത്ത് തമ്പടിച്ചത് . അന്ന് ലാലായുടെ പട്ടടയെ സാക്ഷിയാക്കി ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് അസോസിയേഷൻ ഒരു പ്രതിജ്ഞയെടുത്തു. ഭാരതം അടിമരാഷ്ട്രമല്ല ആത്മാഭിനമുള്ള രാഷ്ട്രമാണെന്ന് ബ്രിട്ടീഷുകാർക്ക് തെളിയിച്ചു കൊടുക്കണമെന്നു തന്നെ അവർ മനസ്സിലുറച്ചു .സ്കോട്ടിനെയും സാണ്ടേഴ്സിനേയും വധിക്കാനായിരുന്നു എച്ച് എസ് ആർ എ യുടെ തീരുമാനം

കൃത്യം ഒരു മാസംകഴിഞ്ഞ് ഡിസംബര്‍ 17 ന് ചന്ദ്രശേഖര്‍ ആസാദ്, ഭഗത് സിംഗ് , സുഖ്ദേവ് , രാജ്ഗുരു ,ജയഗോപാല്‍ എന്നിവരുടെ സംഘം ലഹോർ ഡി എ വി കോളേജിന്റെ പരിസരത്ത് വച്ച് സാണ്ടേഴ്സിനെ കൊലപ്പെടുത്തുക തന്നെ ചെയ്തു.  ഭാരതം കണ്ട ഏറ്റവും ധൈര്യശാലികളായ ഈ വിപ്ലവ നേതാക്കന്മാർ നേരിട്ട് ലാലായുടെ മരണത്തിനു പകരം വീട്ടിയതിൽ നിന്ന് തന്നെ അദ്ദേഹത്തിന് അവരിലുണ്ടായിരുന്ന സ്വാധീനം നമുക്ക് മനസ്സിലാക്കാൻ സാധിക്കും .രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവത്യാഗം ചെയ്യാൻ തയ്യാറുള്ള ആയിരക്കണക്കിന് യുവ വിപ്ലവകാരികളെ സൃഷ്ടിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച പഞ്ചാബ് സിംഹം ലാലാ ലജ്പത് റായിക്ക് ജനം ടിവിയുടെ സാദര പ്രണാമങ്ങൾ .

Wednesday, January 21, 2015

വൈക്കം മുഹമ്മദ്‌ ബഷീര്‍

'' പേന എടുത്തുതുടങ്ങുമ്പോള്‍ ഇത് മുഴുമിപ്പിക്കാന്‍ ഞാന്‍ ഉണ്ടാവുമോ എന്നെനിക്ക് അറിയില്ല. അതിനാല്‍ ഓരോ കഥയും പൂര്‍ത്തിയാവുമ്പോള്‍ സുന്ദരഗോളത്തില്‍ പിന്നേയും ദിവസങ്ങള്‍ അനുവദിച്ചുതന്ന ദൈവത്തിന് നന്ദി പറയും. മംഗളവും ശുഭവും എഴുതും''... എഴുത്തിലെ‘ഇമ്മിണി ബല്യ സുൽത്താൻ’ഒരിക്കൽ പറഞ്ഞു. മലയാള സാഹിത്യത്തിന്‍റെ നടുമുറ്റത്ത് കുഴിമടിയനായ ബഡുകൂസാണ് താനെന്ന് പ്രഖ്യാപിച്ച വൈക്കം മുഹമ്മദ് ബഷീറിന്‍റെ നൂറ്റിയാറാം ജന്മദിനമാണ് ഇന്ന്.
ചിരിയ്ക്കും ചിന്തയ്ക്കുമൊപ്പം ജീവിതത്തിന്‍റെ നേർക്കാഴ്ചകളേയാണ് ബഷീർ ആസ്വാദകന്‍റെ മാങ്കോസ്റ്റിൻ മരച്ചുവട്ടിൽ നട്ടു വളർത്തിയത്. ലളിതമായ വാക്കുകള്‍, നര്‍മ്മത്തില്‍ പതിയിരിക്കുന്ന വേദനകള്, സ്വന്തമായ ഭാഷയില്‍ കഥ പറഞ്ഞ എഴുത്തുകാരന്‍‍‍..‍... ബേപ്പൂരിന്‍റെ എഴുത്തുകാരന് വിശേഷണങ്ങള്‍ അനവധിയുണ്ട്.
1908 ജനുവരി 21ന് കായി അബ്ദു റഹ്മാന്റെയും കുഞ്ഞാത്തുമ്മയുടെയും മൂത്ത മകനായി കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ തലയോലപ്പറമ്പ് ഗ്രാമത്തിലാണ് വൈക്കം മുഹമ്മദ് ബഷീര്‍ ജനിച്ചത്. തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്‌ളീഷ് സ്‌കൂളിലുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രാഥമിക വിദ്യാഭ്യാസം. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാന്‍ വീട്ടില്‍ നിന്നും ബഷീര്‍ ഒളിച്ചോടിയത്. കാല്‍നടയായി എറണാകുളത്തു ചെന്നു കളളവണ്ടി കയറി കോഴിക്കോട്ടെത്തിയാണ് അന്ന് ഗാന്ധിജിയെ കണ്ടത്. പില്‍ക്കാലത്ത് തന്‍റെ ബാല്യകാലത്തെ അഭിമാനകരമായ നിമിഷമായി അന്ന് ഗാന്ധിയെ തൊട്ട കാര്യം ബഷീര്‍ ഓര്‍ത്തെടുക്കുമായിരുന്നു.
പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം 1930-ല്‍ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയിലിലായി. പിന്നീട് ഭഗത് സിംഗ് മാതൃകയില്‍ തീവ്രവാദ സംഘമുണ്ടാക്കി. സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തില്‍ ലേഖനങ്ങള്‍ എഴുതാന്‍ ആരംഭിച്ചു. ‘പ്രഭ’ എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. ലോകം ചുറ്റുന്നതില്‍ താല്പര്യമുള്ള യുവാവായ ബഷീര്‍ ആഫ്രിക്ക, അറേബ്യ, തുടങ്ങിയ രാജ്യങ്ങള്‍ ചുറ്റി. ഏകദേശം 9 വര്‍ഷത്തോളം നീണ്ട ഈ യാത്രയില്‍ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും അദ്ദേഹം നേരിട്ടു കണ്ടു.
1943-ലാണ് മലയാള സാഹിത്യത്തിലെ എക്കാലത്തെയും പ്രണയലേഖനമായ 'ഒരു പ്രേമലേഖനം' അദ്ദേഹം പ്രസിദ്ധീകരിക്കുന്നത്. ബാല്യകാലസഖി (1944), ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് (1951), ആനവാരിയും പൊൻകുരിശും (1953), പാത്തുമ്മയുടെ ആട് (1959), മതിലുകൾ , ഭൂമിയുടെ അവകാശികൾ (1977), ശബ്ദങ്ങൾ (1947), സ്ഥലത്തെ പ്രധാന ദിവ്യൻ (നോവൽ) (1953) വിശ്വവിഖ്യാതമായ മൂക്ക് തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ പ്രധാനകൃതികളില്‍ ചിലത്.
1982-ല്‍ ഇന്ത്യാ ഗവണ്‍മെന്റ് പത്മശ്രീ പുരസ്‌കാരം നല്‍കി ബഷീറിനെ ആദരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ‘ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ്’ ബിരുദം (1987), സംസ്‌കാരദീപം അവാര്‍ഡ് (1987), പ്രേംനസീര്‍ അവാര്‍ഡ് (1992), ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ് (1992), മുട്ടത്തുവര്‍ക്കി അവാര്‍ഡ് (1993), വള്ളത്തോള്‍ പുരസ്‌കാരം(1993) തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 1994 ജൂലൈ അഞ്ചിന് അദ്ദേഹം അന്തരിച്ചു.

റാഷ് ബിഹാരി ബോസ്

1912 ഡിസംബർ 23

ബ്രിട്ടീഷ് ചക്രവർത്തിയുടെ പ്രതിപുരുഷനായ പുതിയ വൈസ്രോയിയുടെ പ്രൗഢ ഗംഭീരമായ സ്വീകരണ ഘോഷയാത്ര ഡൽഹിയിലെ ചാന്ദ്നീ ചൗക്കിലൂടെ കടന്നു വരികയാണ് . ഒരു മനുഷ്യ സമുദ്രം തന്നെ അലയടിച്ചു വരുന്ന രീതിയിലുള്ള ആ ഘോഷയാത്രയിൽ കമനീയമായി അലങ്കരിച്ചൊരുക്കിയ ഒരു കൊമ്പനാനയുടെ മുകളിലിരിക്കുകയാണ് വൈസ്രോയി ഹാർഡിഞ്ച് പ്രഭു . പെട്ടെന്ന് ആൾക്കൂട്ടത്തിനിടയിൽ നിന്നും ഒരു കൈ ഉയർന്നു താണു . ചെകിടടപ്പിക്കുന്ന സ്ഫോടനം . പുകപടലങ്ങൾ അടങ്ങിയപ്പോൾ കണ്ടത് പരിക്കേറ്റ് ചോരയിൽ കുളിച്ചു കിടക്കുന്ന ഹാർഡിഞ്ച് പ്രഭുവിനേയും മരിച്ചു കിടക്കുന്ന അദ്ദേഹത്തിന്റെ അംഗരക്ഷകനേയുമാണ് .ഡൽഹി തലസ്ഥാനമാക്കിക്കൊണ്ട് അവിടെ രാജകീയമായി പ്രവേശിക്കാനെത്തിയ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കിങ്കരനെ എതിരേറ്റത് "സ്വാതന്ത്ര്യമാണ് ജീവിതം അടിമത്തമോ മരണം " എന്ന ആവേശോജ്ജ്വലമായ മുദ്രാവാക്യമുയർത്തി വിപ്ലവപാതയിലേക്കെടുത്തു ചാടിയ ഒരു കൂട്ടം ധീര ദേശാഭിമാനികളുടെ ബോംബുകളാണ് .

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപന്മാർക്ക് വിപ്ലവകാരികൾ നൽകിയ ഈ സ്വീകരണം ഒരിക്കലും സഹിക്കാനാകുമായിരുന്നില്ല . അപമാനഭാരം കൊണ്ട് വീർപ്പു മുട്ടിയ അവർ ഈ ബോംബ് സ്ഫോടനത്തിനു പിന്നിലുള്ളവരെ തേടി നാലുപാടും പാഞ്ഞു . ഒരു വർഷത്തോളം ഡൽഹി ബോംബാക്രമണത്തിനു പിന്നിൽ ആരെന്ന് കണ്ടെത്താനവർക്കായില്ല .ഒടുവിൽ ഡെറാഡൂൺ വന ഗവേഷണ സ്ഥാപനത്തിൽ ഗുമസ്തനായി ജോലി ചെയ്യുന്ന ഒരു ബംഗാൾ സ്വദേശിയാണ് ഈ ബോംബ് സ്ഫോടനം ആസൂത്രണം ചെയ്തതെന്ന് അവർ കണ്ടുപിടിച്ചൂ .ഭാരതത്തിലെ വിപ്ലവ പ്രസ്ഥാനങ്ങളുടെ പ്രധാന സൂത്രധാരൻ എന്ന് വിശേഷിപ്പിക്കപ്പെട്ട റാഷ് ബിഹാരി ബോസ് ആയിരുന്നു ആ ബോംബ് സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചിരുന്നത് . തന്നെ ബ്രിട്ടീഷുകാർ മനസ്സിലാക്കി എന്നറിഞ്ഞ നിമിഷം റാഷ് ബിഹാരി ഡെറാഡൂണിൽ നിന്ന് രക്ഷപ്പെട്ട് ബനാറസിലെത്തി.. അവിടെ മൂന്നുവർഷത്തോളം ഒളിവിലിരുന്ന് വിപ്ലവ പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകി . ഭാരതത്തിനകത്തും പുറത്തുമായി വളർന്നു വന്ന ഗദർ പ്രസ്ഥാനമുൾപ്പെടെയുള്ള സംഘടനകൾക്ക് മാർഗ്ഗ നിർദ്ദേശം നൽകിക്കൊണ്ട് അദ്ദേഹം വിപ്ലവ പ്രവർത്തനം തുടർന്നു .

വിദേശ രാജ്യങ്ങളിൽ സ്വാതന്ത്ര്യ പ്രവർത്തനങ്ങൾ നടത്തിയ വിപ്ലവ നായകർ ഭാരതത്തിലേക്ക് മടങ്ങിത്തുടങ്ങി . റാഷ് ബിഹാരിയുടെ നേതൃത്വത്തിൽ ഒരു സമ്പൂർണ വിപ്ലവ പദ്ധതി ഉയർന്നു വന്നു. ലാലാ ഹർദയാലും, സചീന്ദ്ര നാഥ സന്യാലും വിഷ്ണു പിംഗളേയുമടക്കമുള്ള നിരവധി ധീര ദേശാഭിമാനികൾ ഓരോ നഗരങ്ങളിലും സഞ്ചരിച്ച് പദ്ധതി വിജയിപ്പിക്കാൻ യത്നിച്ചു കൊണ്ടിരുന്നു . അങ്ങനെ 1915 ഫെബ്രുവരി 21 സമ്പൂർണ വിപ്ലവത്തിനു വേണ്ടി തിരഞ്ഞെടുക്കപ്പെട്ടു . അന്ന് ഇന്ത്യൻ സൈന്യത്തിലെ വിവിധ ട്രൂപ്പുകളും വിപ്ലവത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നു .എന്നാൽ നിർഭാഗ്യകരമെന്ന് പറയട്ടെ വിപ്ലവ സംഘടനയിലേക്ക് പുതുതായി ചേർക്കപ്പെട്ട ഒരംഗം പദ്ധതിയെ ബ്രിട്ടീഷുകാർക്ക് ഒറ്റിക്കൊടുത്തു .291 പേർ അറസ്റ്റ് ചെയ്യപ്പെട്ടു . അതിൽ 42 പേരെ തൂക്കിക്കൊന്നു . 114 പേർ നാടുകടത്തപ്പെട്ടു . ബാക്കിയുള്ളവരെ വെറുതെ വിട്ടു . റാഷ് ബിഹാരി ബോസ് ഭാരതം വിടാൻ നിർബന്ധിതനാവുകയും ജപ്പാനിലേക്ക് രക്ഷപ്പെടുകയും ചെയ്തു

ജപ്പാനിലെത്തിയ അദ്ദേഹത്തിന് പതിനേഴ് പ്രാവശ്യം താമസ സ്ഥലം മാറേണ്ടി വന്നു . അന്ന് ജപ്പാനും ബ്രിട്ടനുമായി സൗഹൃദം നിലനിന്നിരുന്നതിനാൽ റാഷ് ബിഹാരിയെ പിടിക്കാൻ ബ്രിട്ടൻ ജപ്പാനെ സമീപിച്ചിരുന്നു . ജപ്പാനിലെ ദേശീയവാദികളിൽ ചിലർ റാഷ് ബിഹാരിയെ പിന്തുണച്ചു .അങ്ങനെ ബ്രിട്ടന്റെ പിടിയിലകപ്പെടാതെ ജപ്പാനിൽ ജീവിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. തന്നെ ഒളിവിൽ താമസിപ്പിച്ച സോമ കുടുംബത്തിൽ നിന്ന് അദ്ദേഹം വിവാഹം കഴിച്ചു .തുടർന്ന് ജാപ്പനീസ് ഭാഷ പഠിച്ച് അവിടെ പത്രപ്രവർത്തകനായി അദ്ദേഹം ജോലിചെയ്തു . ഇതിനിടയിലും ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കാളിയായിരുന്നു. സ്വാതന്ത്ര്യ സമരത്തെപ്പറ്റിയും ഭാരതത്തിന്റെ അവകാശങ്ങളെപ്പറ്റിയും ജാപ്പനീസ് ഭാഷയിൽ നിരവധി ലേഖനങ്ങളും പുസ്തകങ്ങളുമെഴുതി. ഭാവിയിൽ സുഭാഷ് ചന്ദ്ര ബോസിന് സ്വാതന്ത്ര്യ സമര പോരാട്ടത്തിനുതകും വിധം വളക്കൂറുള്ള മണ്ണായി അദ്ദേഹം ജപ്പാനെ മാറ്റി . ഇന്ത്യൻ നാഷണൽ ആർമിയുടെ രൂപീകരണത്തിന് പ്രധാന പങ്കു വഹിച്ചത് റാഷ് ബിഹാരിയാണ്.

അവസാനശ്വാസം വരെ സമരം നിർത്തരുതെന്ന് അദ്ദേഹം സ്വാതന്ത്ര്യ ഭടന്മാരെ ഉദ്ബോധിപ്പിച്ചിരുന്നു. ഒരിക്കൽ സചീന്ദ്ര സന്യാലിൽ നിന്ന് ലഭിച്ച കത്തിൽ നിരാശ നിഴലിക്കുന്നത് തിരിച്ചറിഞ്ഞ റാഷ് ബിഹാരി ഇങ്ങനെ കുറിച്ചു . " താങ്കളുടെ എഴുത്തിൽ ചിലയിടത്ത് നിഴലിക്കുന്ന നിരാശാ ബോധം എനിക്കിഷ്ടപ്പെടുന്നില്ല .ജീവിതം സനാതനമാണ് . അതിനാൽ സംഘർഷവും സനാതനമാണ് "

1945 ജനുവരി 21 ന് അദ്ദേഹം അന്തരിച്ചു . ഒരു വിദേശിക്ക് ലഭിക്കാവുന്ന ഏറ്റവുമുയർന്ന ബഹുമതിയായ ഓർഡർ ഓഫ് ദ മെറിറ്റ് ഓഫ് ദ റൈസിംഗ് സൺ നൽകിയാണ് ജപ്പാൻ അദ്ദേഹത്തെ ആദരിച്ചത് . 2013 ൽ ആ ധീര ദേശാഭിമാനിയുടെ ചിതാഭസ്മം ജപ്പാനിൽ നിന്ന് ഭാരതത്തിലെത്തിച്ച് ഹൂബ്ലി നദിയിൽ നിമഞ്ജനം ചെയ്തു. സ്വതന്ത്ര ഭാരതത്തിലേക്ക് സ്വന്തം ചിതാഭസ്മമെങ്കിലും എത്തപ്പെട്ടല്ലോയെന്ന് അറിയപ്പെടാത്ത ലോകത്തിരുന്ന് ഒരു പക്ഷേ അദ്ദേഹം ചിന്തിച്ചിരിക്കാം ....

Friday, November 14, 2014

അഞ്ഞൂറാന്‍

അഞ്ഞൂറാന്‍ ഓര്‍മയായിട്ടു പത്തൊന്‍പതു വര്‍ഷം.

  എൻ നാരായണ പിള്ള. എന്ന എന്‍ എന്‍ പിള്ള
ഉള്ളിലക്കീറുപറമ്പിൽ നാരായണപിള്ളയുടെയും
തെക്കേതിൽ പാറുക്കുട്ടിയമ്മയുടെയും മകനായി
1918ൽ കോട്ടയം ജില്ലയിലെ വൈക്കത്ത് ജനിച്ചു.
വില്ലേജ് ഓഫീസര്‍ ആയിരുന്ന അച്ഛന്റെ
സ്ഥലംമാറ്റം കാരണം കേരളത്തിലെ പല
സ്ഥലങ്ങളിലായായിരുന്നു സ്കൂൾ പഠനം.

കോട്ടയം സി എം എസ് കോളേജിൽ പഠിക്കവെ
ഇന്റർമീഡിയേറ്റിനു തോറ്റ് നാടുവിട്ട് മലേഷ്യയ്ക്ക്
പോയി. അവിടെ ഒരു എസ്റ്റേറ്റ് മാനേജരായി
ജോലി നോക്കി. രണ്ടാം ലോക യുദ്ധകാലത്ത്
1939 മുതൽ 1945 വരെ നേതാജിയുടെ
ഐ എൻ എയിൽ പ്രവർത്തിച്ചു. ആ
സമയത്താണ് അദ്ദേഹം തന്റെ ആദ്യ നാടകമായ
താന്തിയ തോപ്പി എഴുതിയത്.

യുദ്ധത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തിയ
എൻ എൻ പിള്ള, 2 വർഷങ്ങൾക്ക് ശേഷം
കുടുംബസമേതം വീണ്ടും മലേഷ്യക്ക് പോയി.
പിന്നീട് തിരിച്ചെത്തി കുടുംബാംഗങ്ങളെ
ഉൾക്കൊള്ളിച്ച് വിശ്വകേരള കലാസമിതി
എന്ന നാടക ട്രൂപ്പ് സ്ഥാപിച്ചു.

28 നാടകങ്ങളും 21 ഏകാങ്കനാടകങ്ങളും രണ്ട്
നാടക പഠനങ്ങളും ഞാൻ എന്ന ആത്മകഥയും
അദ്ദേഹത്തിന്റെ രചനയിൽ പുറത്തുവന്നിട്ടുണ്ട്.
മലയാളത്തിലെ എക്കാലത്തെയും മികച്ച
ആത്മകഥകളിലൊന്നായി വാഴ്ത്തപ്പെടുന്ന
കൃതിയാണ് ഞാൻ.

എൻ എൻ പിള്ളയുടെ പോട്ടർ കുഞ്ഞാലി,
ക്രോസ് ബെൽറ്റ്, കാപാലിക തുടങ്ങിയ
നാടകങ്ങൾ സിനിമയാക്കിയിട്ടുണ്ട്. കാപാലിക
എന്ന നാടകത്തിൽ അദ്ദേഹം അഭിനയിച്ച വേഷം
 അത് സിനിമയായപ്പോൾ ചെയ്തത് അദ്ദേഹം
തന്നെയാണ്.

1987 ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന്
അഭിനയരംഗത്തു നിന്നും പിൻവാങ്ങിയ
എൻ എൻ പിള്ള, അതിനു ശേഷം ഗോഡ്‌ഫാദർ,
നാടോടി എന്നീ രണ്ട് മലയാള സിനിമകളിൽ
അഭിനയിച്ചു. കൂടാതെ ഗോഡ്ഫാദറിന്റെ
തമിഴ്-തെലുങ്ക് പതിപ്പുകളായ പെരിയവർ,
പെദരിക്കം എന്നീ ചിത്രങ്ങളിലും മുഖം കാണിച്ചു.

ഭാര്യ: ചിന്നമ്മ മക്കൾ: സുലോചന, രേണുക,
വിജയരാഘവൻ (പ്രശസ്ത ചലച്ചിത്ര നടൻ)

നാടകലോകത്തിലെ സംഭാവനകൾക്ക് കേന്ദ്ര-
സംസ്ഥാന സർക്കാരുകളുടെയും കേരള
സാഹിത്യ അക്കാഡമിയുടെയും സംഗീത
നാടക അക്കാഡമിയുടെയും അവാർഡുകൾ
നേടിയിട്ടുണ്ട്.

1995 നവംബർ 15ന് ന്യുമോണിയ ബാധിച്ച്
കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച്
അദ്ദേഹം അന്തരിച്ചു.

മലയാള നാടക ലോകത്തെ ആ അതുല്യ
പ്രതിഭയുടെ സ്മരണക്കു മുന്നില്‍ പ്രാണാമം

Thursday, August 28, 2014

അയ്യന്‍കാളി

സാമൂഹ്യ നവോത്ഥാനത്തിന്റെ നായകൻ
അയ്യങ്കാളിയുടെ 151 -ം ജന്മവാർഷികമാണിന്ന് .
-----------------------------------------------------------

 ജാതിക്കോമരങ്ങളുടെ കോട്ടകൊത്തളങ്ങളെ
വിറപ്പിച്ചു കൊണ്ട് വില്ലുവണ്ടിയിലെത്തിയ
കേരള സാമൂഹ്യ നവോത്ഥാ‍നത്തിന്റെ നായകൻ
മഹാത്മാ അയ്യങ്കാളിയുടെ 151 -ം
ജന്മവാർഷികമാണിന്ന് .

1863 ആഗസ്റ്റ് 28 ന് തിരുവനന്തപുരം ജില്ലയിലെ
വെങ്ങാനൂർ ഗ്രാമത്തിൽ പെരുങ്കാട്ടു വിള വീട്ടിൽ
അയ്യന്റെയും മാലയുടെയും മകനായാണ്
അയ്യങ്കാളി ജനിച്ചത് . മനുഷ്യൻ എന്ന പരിഗണന
പോലും ലഭിക്കാതിരുന്ന ഒരു ജനതയെയാണ്
അയ്യങ്കാളി കണ്ടത് . ചുറ്റും നടമാടിയ
ഉച്ചനീചത്വത്തിനും സാമൂഹിക
ബഹിഷ്കരണത്തിനുമെതിരെ പോരാടാൻ
അദ്ദേഹം തീരുമാനിച്ചു .

28 ം വയസ്സിലാണ് ചരിത്രപസിദ്ധമായ
വില്ലുവണ്ടി യാത്ര അദ്ദേഹം നടത്തിയത് .
വിശേഷ വസ്ത്രങ്ങളിഞ്ഞ് വില്ലുവണ്ടിയില്‍
ആയിരുന്നു അക്കാലത്തെ പ്രമാണിമാരുടെ
സഞ്ചാരം. ഇവരുടെ യാത്രക്കിടയിൽ
ചെന്നുപെടുന്ന കീഴാളർ വഴിമാറി
നടക്കേണ്ടിയിരുന്നു. ഈ ഗർവിനെ അതേ
നാണയത്തിൽ നേരിടാൻ അയ്യൻ‌കാളി
തീരുമാനിച്ചു. അദ്ദേഹം ഒരു കാളവണ്ടിവാങ്ങി,
മുണ്ടും മേൽമുണ്ടും വെള്ള ബനിയനും
തലപ്പാവും ധരിച്ച്, പൊതുവീഥിയിലൂടെ
സാഹസിക യാത്രനടത്തി. ആവേശഭരിതരായ
അനുയായികൾ അദ്ദേഹത്തിന് അകമ്പടി സേവിച്ചു.
സ്വന്തം സമുദായത്തിലുള്ളവർ ആദരപൂർവം
അദ്ദേഹത്തെ അയ്യൻ‌കാളി യജമാനൻ
 എന്നുവിളിക്കുവാൻ തുടങ്ങി.അധസ്ഥിത
ജന വിഭാഗങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യം
പോലുമില്ലാതിരുന്ന രാജപാതകളിൽക്കൂടീ
പുതിയപ്രഭാതത്തിന്റെ മണിയടിശബ്ദവുമായി
അദ്ദേഹത്തിന്റെ വില്ലുവണ്ടി സാമൂഹിക
അസമത്വത്തിനെ വെല്ലുവിളിച്ചുകൊണ്ട്
സഞ്ചരിച്ചു .

വിദ്യാഭ്യാസം നേടാൻ അവകാശമില്ലാതിരുന്ന
ജനതയ്ക്കു വേണ്ടി അദ്ദേഹം സ്വന്തമായി
പള്ളിക്കൂടം തന്നെ സ്ഥാപിച്ചു . പുതുവൽ
വിളാകത്ത് സ്ഥാപിച്ച കുടിപ്പള്ളിക്കുടം ഒട്ടേറെ
പ്രക്ഷോഭങ്ങൾ നടത്തി സ്കൂളാക്കി
ഉയർത്തുകയും ചെയ്തു . ഐതിഹാസികമായ
കാർഷിക പണിമുടക്ക് സമരം അതിനൊരു
നിമിത്തമായി മാറി . 1907 ലാണ്
അവശതയനുഭവിക്കുന്ന എല്ലാ
ജനവിഭാഗങ്ങൾക്കും വേണ്ടി സാധുജന
പരിപാലന സംഘം രൂപീകരിച്ചത് .
അവർണരെ പ്രവേശിപ്പിക്കാനുള്ള സർക്കാർ
ഉത്തരവുമായി ചാവടി നട സ്കൂളിലെത്തിയ
അയ്യങ്കാളിയും സംഘവും സ്കൂൾ
പ്രവേശനത്തിനെ എതിർത്തവരെ
ശക്തമായി നേരിട്ടു . എങ്ങനെയും
അവർണകുട്ടികളുടെ സ്കൂൾ പ്രവേശനം
സാദ്ധ്യമാക്കുമെന്ന തീരുമാനം അയ്യങ്കാളി
എടുത്തത് ഈ സഭവത്തോടെയാണ്.

അന്നത്തെ കാലത്ത് മാറ് മറക്കാന്‍
അവകാശമില്ലാതിരുന്ന തന്റെ ജാതിയിലുള്ള
സ്ത്രീകൾ മുലക്കച്ച അണിഞ്ഞു നടക്കാൻ
അദ്ദേഹം ആഹ്വാനം ചെയ്തു. അടിമത്തത്തിന്റെ
അടയാളമായി കഴുത്തിൽ കല്ലുമാലയും കാതിൽ
ഇരുമ്പുവളയങ്ങളും ധരിക്കണമെന്നുമുള്ള
ജാതിശാസനകളെ ധിക്കരിക്കാനദ്ദേഹം
ആവശ്യപ്പെട്ടു.  അയ്യൻ‌കാളിയെ അനുസരിച്ച
സാധുജനങ്ങളെ അവർ വേട്ടയാടി.
അധഃസ്ഥിത സ്ത്രീകളുടെ മുലക്കച്ചകൾ
മാടമ്പിമാർ വലിച്ചുകീറി. ചെറുത്തു
നിന്നവരുടെ മുലകൾ അറുത്തുകളഞ്ഞു.
കൊല്ലം ജില്ലയിലെ പെരിനാട്ടായിരുന്നു
ഇത്തരത്തിൽ ഏറ്റവും ക്രൂരമായ മർദ്ദനമുറകൾ
അരങ്ങേറിയത്.

രക്തച്ചൊരിച്ചിൽ ഭീകരമായതിനെത്തുടർന്ന്
ജനവിഭാഗങ്ങൾ കൊല്ലത്തെ പീരങ്കി മൈതാനത്തു
സമ്മേളിക്കാൻ അയ്യൻ‌കാളി ആഹ്വാനം
ചെയ്തു. ആക്രമണത്തെത്തുടർന്ന് നാടും വീടും
വിട്ടവർ ഈ സമ്മേളന വേദിയിലേക്കിരച്ചെത്തി.
1915-ൽ നടന്ന ചരിത്ര പ്രസിദ്ധമായ ഈ
മഹാസഭയിൽവച്ച് ജാതീയതയുടെ
അടയാളമായ കല്ലുമാല അറുത്തെറിയുവാൻ
അദ്ദേഹം ആഹ്വാനം ചെയ്തു. സാധുജനങ്ങളുടെ
ഈ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ ഉയർന്ന
ജാതിക്കാർ മാനിക്കണമെന്നും അദ്ദേഹം
ആഹ്വാനം ചെയ്തു. അയ്യൻ‌കാളിയുടെ
ആഹ്വാനം കേട്ട സ്ത്രീകൾ ആവേശത്തോടെ
കല്ലുമാലകൾ അറുത്തുമാറ്റി. കീഴാള
ജനവിഭാഗങ്ങൾ നടത്തിയ വിപ്ലവകരമായ
സാമൂഹിക മുന്നേറ്റമായിരുന്നു ഇത്.
കല്ലുമാല സമരം എന്ന പേരിലാണ്
ഈ സമരം അറിയപ്പെടുന്നത്.

തിരുവിതാംകൂറിൽ കർഷകത്തൊഴിലാളികളുടെ
ആദ്യത്തെ പണിമുടക്കു സമരം നയിച്ചത്
അയ്യൻ‌കാളിയായിരുന്നു. തൊഴിലാളികളെ
മനുഷ്യരായി അംഗീകരിക്കാൻ മടിച്ച
ജന്മിമാരുടെ പാടശേഖരങ്ങളിൽ അധഃസ്ഥിത
വിഭാഗങ്ങളിൽപ്പെട്ടവർ പണിക്കിറങ്ങിയില്ല.
തുടക്കത്തിൽ സ്വയം കൃഷിയിറക്കി
പിടിച്ചുനിൽക്കാൻ മാടമ്പിമാർ ശ്രമിച്ചെങ്കിലും
അതു പരാജയമായി. ഒടുവിൽ പ്രതികാര 
ബുദ്ധിയോടെ അവർ പാടങ്ങൾ തരിശിട്ടു.
തൊഴിലില്ലാതെ കർഷകത്തൊഴിലാളികൾ
ദുരിതക്കയത്തിലായി. എന്നാൽ
മാടമ്പിമാർക്കെതിരെയുള്ള സമരത്തിൽനിന്നും
പിൻ‌വലിയാൻ അവർ കൂട്ടാക്കിയില്ല.
ഒടുവിൽ ജന്മിമാർ കീഴടങ്ങി.

ശ്രീമൂലം പ്രജാ സഭയിൽ പുലയവിഭാഗത്തിന്റെ
പ്രതിനിധിയായി സുഭാഷിണി പത്രാധിപർ
പി കെ ഗോവിന്ദപ്പിള്ളയെ സർക്കാർ നോമിനേറ്റ്
ചെയ്തുതോടെ ഒരു ജനതയുടെ സങ്കടങ്ങളും
ആവശ്യങ്ങളും പ്രജാസഭയിൽ മുഴങ്ങിക്കേട്ടു
തുടങ്ങി .പി കെ ഗോവിന്ദപ്പിള്ളയുടെ
അഭ്യർത്ഥനയിലൂടെ പ്രജാ സഭയിൽ
പുലയരിൽ നിന്നു തന്നെ ഒരു പ്രതിനിധിയെ
നിയോഗിക്കാൻ ദിവാൻ തീരുമാനിച്ചു .
അങ്ങനെ 1911 ഡിസംബർ 4 ന് അയ്യങ്കാളിയെ
ശ്രീമൂലം പ്രജാസഭയിലേക്ക് പ്രതിനിധിയായി
നോമിനേറ്റ് ചെയ്തു . 1912 ഫെബ്രുവരി 7 ന്
അയ്യൻകാളി തന്റെ കന്നിപ്രസംഗം സഭയിൽ
നടത്തി . വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി
അയ്യൻ കാളി നടത്തിയ ഊരൂട്ടമ്പലം പ്രക്ഷോഭം
കേരള നവോത്ഥാന ചരിത്രത്തിലെ
ജ്വലിക്കുന്ന അദ്ധ്യായമാണ് .

1937 ജനുവരി 14 നാണ് മഹാത്മാ ഗാന്ധിയുടേയും
അയ്യങ്കാളിയുടേയും കൂടിക്കാഴ്ച നടക്കുന്നത് .
വെങ്ങാനൂരിലെത്തിയ ഗാന്ധിജിയെ സ്വീകരിക്കാൻ
ആയിരക്കണക്കിന് സാധുജന പരിപാലന സമിതി
അംഗങ്ങളും മറ്റ് അധസ്ഥിത ജനതയും
സന്നിഹിതരായിരുന്നു . സ്വസമുദായത്തിൽ
നിന്നും പത്ത് ബി എ ക്കാരുണ്ടാകാൻ ഗാന്ധിജി
സഹായിക്കണമെന്നായിരുന്നു അയ്യങ്കാളിയുടെ
അഭ്യർത്ഥന. പത്തല്ല നൂറു ബി എ ക്കാർ
ഉണ്ടാകുമെന്നായിരുന്നു ഗാന്ധിജിയുടെ മറുപടി .
തന്റെ വിദ്യാഭ്യാസ ഫണ്ടിൽ നിന്നും അതിനുള്ള
പണം ഗാന്ധിജി അനുവദിക്കുകയും ചെയ്തു .
ഗാന്ധിജിയുടെ സ്വാധീനത്താൽ അന്നു മുതൽ
മരണം വരെ അയ്യങ്കാളി ഖദർ ധരിച്ചിരുന്നതായും
ചരിത്രത്തിൽ രേഖപ്പെടുത്തുന്നു .

1941 നു ജൂൺ 18 ന് 77 -ം വയസ്സിൽ
മഹാത്മാ അയ്യങ്കാളി അന്തരിച്ചു .
നൂറ്റാണ്ടുകളായി അടിമത്വവും അസമത്വവും
അനുഭവിച്ചു കഴിഞ്ഞ ഒരു ജന സമൂഹത്തെ
വിദ്യാഭ്യാസത്തിലൂടെ ഉയർത്തിയ ,
അസമത്വത്തിനെതിരെ പോരാടാൻ അവർക്ക്
നേതൃത്വം നൽകിയ അയ്യങ്കാ‍ളിയുടെ ജീവിതം
കേരളത്തിന്റെ മാത്രമല്ല ഭാരതത്തിന്റെ
സാമൂഹ്യ നവോത്ഥാന ചരിത്രത്തിൽ തിളങ്ങുന്ന
അദ്ധ്യായമായി നിലകൊള്ളുന്നു .

Saturday, March 22, 2014

E M S

E M S നമ്പൂതിരിപ്പാട്‌ ചരിത്രമായിട്ട്
പതിനാറു വര്ഷം.
ഏലംകുളം മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാട്‌ അഥവാ
ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌ ഇന്ത്യൻ മാർക്സിസ്റ്റ്-
കമ്മ്യൂണിസ്റ്റ് നേതാവും ഐക്യകേരളത്തിന്റെ
ആദ്യ മുഖ്യമന്ത്രിയുമായിരുന്നു. ജനാധിപത്യ
പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ലോകത്തിലെ
ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ സർക്കാരിന്റെ തലവനെന്ന
നിലയിലും അറിയപ്പെടുന്നു. ചരിത്രകാരൻ,
മാർക്സിസ്റ്റ്‌ തത്ത്വശാസ്ത്രജ്ഞൻ, സാമൂഹിക
പരിഷ്ക്കർത്താവ്‌ എന്നീ നിലകളിൽ പ്രശസ്തനായ
അദ്ദേഹം ആധുനിക കേരളത്തിന്റെ ശിൽപികളിൽ
പ്രധാനിയാണ്‌.
1909 ജൂൺ 13-ന് ഇന്നത്തെ മലപ്പുറം ജില്ലയിൽ ഉൾപെട്ട
ഏറനാട് താലൂക്കിലെ പെരിന്തൽമണ്ണക്കടുത്ത്
കുന്തിപ്പുഴയുടെ തീരത്ത് ഏലംകുളം അംശത്തിലെ
ഏലംകുളം ദേശത്ത് ഏലംകുളത്ത് മനയിൽ ജനിച്ചു.
സ്കൂൾ പഠനകാലത്ത് രാഷ്ട്രീയത്തിലുള്ള അഭിനിവേശം
നിമിത്തം അന്ന് ചെന്നൈയിൽ വച്ച് നടന്ന ഇന്ത്യൻ
നാഷണൽ കോൺഗ്രസ്സ് സമ്മേളനത്തിൽ പങ്കെടുത്തു.
സ്കൂൾ വിദ്യാഭ്യാസത്തിന്റെ അവസാന കാലം
പാലക്കാട് ആയിരുന്നു. അവിടെ വച്ച് വി.ടി. ഭട്ടതിരിപ്പാട്,
കുട്ടൻ നമ്പൂതിരിപ്പാട് പാണ്ടം, കുറൂർ തുടങ്ങിയവരുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി. ഇക്കാലത്ത്
ആര്യ സമാജത്തിന്റെ പ്രചരണത്തിനായി വന്ന ഒരു പഞ്ചാബുകാരനിൽനിന്ന് ഹിന്ദി പഠിക്കാൻ
ആരംഭിച്ചു. എന്നാൽ ഹിന്ദിയുടെ പ്രചാരണം
സ്കൂളിന്റെ പ്രിൻസിപ്പൽ തടഞ്ഞു. ഇത്
അദ്ദേഹമുൾപ്പെടുന്നവരുടെ സമര വീര്യം
ആളി കത്തിച്ചു. 1931ലെ നിസ്സഹകരണ പ്രസ്ഥാനത്തിൽ
പങ്കെടുത്തു. തൊട്ടടുത്തവർഷം നിയമലംഘന
പ്രസ്ഥാനത്തിന്റെ മുഖ്യ സംഘാടകനായ
എം ഗോവിന്ദമേനോൻ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ
തത്സ്ഥാനത്തേയ്ക്ക് പരിഗണിച്ചത് അത്രയൊന്നും
പേരെടുക്കാത്ത ശങ്കരനെയാണ്. അത് പത്രമാധ്യമങ്ങളിൽ
വരികയും അന്നുവരെ ശങ്കരന്റെ ഇത്തരം
പ്രവൃത്തികൾ അറിയാത്ത അമ്മ അത് അറിയുകയും
ചെയ്തു. അവർ മകനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
1932 ജനുവരി 17 ഇ.എം.എസിന്റെ നേതൃത്വത്തിൽ
മൂന്നുപേർ കടപ്പുറത്തേക്ക് ഉപ്പ് ശേഖരണ ജാഥ നടത്തി.
ഗാന്ധിജിയുടെ ഉപ്പ് സത്യാഗ്രഹത്തിന്റെ
ഭാഗമായിരുന്നു ഇത്.
1932-കോളേജ് വിട്ട് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി ജീവിക്കാൻ ആരംഭിച്ചു. ഗാന്ധിജി നിയമലംഘനപ്രസ്ഥാനം നിർത്തിവെച്ചത് രാജ്യത്തെ യുവാക്കൾക്കിടയിൽ വലിയ എതിർപ്പുണ്ടാക്കി. ഇക്കാലയളവിൽ സോവിയറ്റ്
യൂണിയൻ നടപ്പിലാക്കിയ പഞ്ചവത്സരപദ്ധതികളുടെ
വിജയം യുവാക്കളെ ആകർഷിച്ചു. കോൺഗ്രസ്സിലെ
ഇടതുപക്ഷത്തേക്ക് ചലിച്ചുകൊണ്ടിരുന്ന ഇ.എം.എസ്സിന്
കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരണത്തിനു
പിന്തുണ നൽകാൻ പ്രയാസമുണ്ടായില്ല. 1934 ൽ
കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപംകൊണ്ടപ്പോൾ
അതിന്റെ അഖിലേന്ത്യാ സെക്രട്ടറിമാരിലൊരാൾ
ഇ.എം.എസ്സായിരുന്നു
1936 ൽ ഇ.എം.എസ്സ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ
അംഗമായി. ഏതാണ്ട് ഒരു വർഷം കഴിഞ്ഞപ്പോൾ
കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു ഗ്രൂപ്പ്
രൂപം കൊണ്ടു. ഇ.എം.എസ്സ്, പി.കൃഷ്ണപിള്ള,
കെ.ദാമോദരൻ, എൻ.കെ.ശേഖർ എന്നിവരായിരുന്ന
ആദ്യ അംഗങ്ങൾ. അങ്ങനെ 1937-ൽ കമ്മ്യൂണിസ്റ്റ്‌
പാർട്ടിയുടെ കേരളത്തിലെ സ്ഥാപക നേതാക്കളിൽ
ഒരാളായി. 1962-ൽ ജനറൽ സെക്രെട്ടറിയായിരുന്ന
അജയഘോഷ് മരണപ്പെട്ടതിനെ തുടർന്ന്, ഇ.എം.എസ്.
പാർട്ടി ജനറൽ സെക്രട്ടറിയായി. അതോടൊപ്പം
പാർട്ടിയിലുണ്ടായിരുന്ന വിഭാഗീയത തീർക്കുന്നതിനായി
പാർട്ടി ചെയർമാൻ എന്ന പുതിയ പദവി സൃഷ്ടിച്ച്,
എ.എസ്. ഡാംഗെയെ പാർട്ടി ചെയർമാനായി
തിരഞ്ഞെടുത്തു.
ചൈനയും ഇന്ത്യയുമായി 1962 ൽ യുദ്ധമുണ്ടായപ്പോൾ
ചില കമ്യൂണിസ്റ്റ് നേതാക്കൾ യുദ്ധം മുതലാളിത്ത സ്റ്റേറ്റും
സോഷ്യലിസ്റ്റ് സ്റ്റേറ്റും തമ്മിലുള്ള പോരാട്ടമാണെന്നു
പറഞ്ഞ് ചൈനയുടെ നിലപാടിനെ സാധൂകരിക്കുകയും
പല കമ്യൂണിസ്റ്റുകാരെയും ചൈനാ അനുകൂലികൾ
എന്ന കാരണത്താൽ ജയിലിലടക്കുകയും ചെയ്തു.
ഇ.എം.എസ്., അച്ച്യുത മേനോൻ എന്നിവർ ഉൾപ്പെടെ
പലരേയും അക്കാലത്ത് ജയിലിലടച്ചു.
എന്നാൽ അദ്ദേഹത്തെ മാത്രം ഒരാഴ്ചക്കകം
മോചിപ്പിച്ചു.
1936 ൽ ഇ.എം.എസ്സ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ
അംഗമായി. ഏതാണ്ട് ഒരു വർഷം കഴിഞ്ഞപ്പോൾ
കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു ഗ്രൂപ്പ്
രൂപം കൊണ്ടു. ഇ.എം.എസ്സ്, പി.കൃഷ്ണപിള്ള,
കെ.ദാമോദരൻ, എൻ.കെ.ശേഖർ എന്നിവരായിരുന്ന
ആദ്യ അംഗങ്ങൾ.[14] അങ്ങനെ 1937-ൽ കമ്മ്യൂണിസ്റ്റ്‌
പാർട്ടിയുടെ കേരളത്തിലെ സ്ഥാപക നേതാക്കളിൽ
ഒരാളായി. 1962-ൽ ജനറൽ സെക്രെട്ടറിയായിരുന്ന
അജയഘോഷ് മരണപ്പെട്ടതിനെ തുടർന്ന്,
ഇ.എം.എസ്. പാർട്ടി ജനറൽ സെക്രട്ടറിയായി.
അതോടൊപ്പം പാർട്ടിയിലുണ്ടായിരുന്ന വിഭാഗീയത
തീർക്കുന്നതിനായി പാർട്ടി ചെയർമാൻ എന്ന പുതിയ
പദവി സൃഷ്ടിച്ച്, എ.എസ്. ഡാംഗെയെ പാർട്ടി
ചെയർമാനായി തിരഞ്ഞെടുത്തു.
ചൈനയും ഇന്ത്യയുമായി 1962 ൽ യുദ്ധമുണ്ടായപ്പോൾ
ചില കമ്യൂണിസ്റ്റ് നേതാക്കൾ യുദ്ധം മുതലാളിത്ത സ്റ്റേറ്റും
സോഷ്യലിസ്റ്റ് സ്റ്റേറ്റും തമ്മിലുള്ള പോരാട്ടമാണെന്നു
പറഞ്ഞ് ചൈനയുടെ നിലപാടിനെ സാധൂകരിക്കുകയും
പല കമ്യൂണിസ്റ്റുകാരെയും ചൈനാ അനുകൂലികൾ
എന്ന കാരണത്താൽ ജയിലിലടക്കുകയും ചെയ്തു.
ഇ.എം.എസ്., അച്ച്യുത മേനോൻ എന്നിവർ ഉൾപ്പെടെ
പലരേയും അക്കാലത്ത് ജയിലിലടച്ചു. എന്നാൽ
അദ്ദേഹത്തെ മാത്രം ഒരാഴ്ചക്കകം മോചിപ്പിച്ചു.
1957-ൽ തിരഞ്ഞെടുപ്പിലൂടെ ഭരണത്തിലെത്തിയ
ലോകത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തിൽ
നിലവിൽ വന്നു. ഇ.എം.എസ്. ആയിരുന്നു
മന്ത്രിസഭയുടെ സാരഥി. ആദ്യത്തെ കമ്മ്യൂണിസ്റ്റ്
മന്ത്രിസഭയിൽ അദ്ദേഹം രണ്ടുവർഷം
മുഖ്യമന്ത്രിയായിരുന്നു. ഇക്കാലത്ത് അദ്ദേഹത്തിന് ഉന്നതവിഭാഗക്കാരുടെ രൂക്ഷമായ എതിർപ്പുകളെ
നേരിടേണ്ടി വന്നു. അധികാരത്തിലേറി
ഒരാഴ്ചക്കകം ഇ.എം.എസിന്റെ ചിരകാല
സ്വപ്നമായിരുന്ന ഭൂപരിഷ്കരണ നിയമം
മന്ത്രിസഭ പാസ്സാക്കി. ഇതിനോടൊപ്പം
പാസ്സാക്കപ്പെട്ട വിദ്യാഭ്യാസ പരിഷ്കരണ
നിയമവും സാമൂഹ്യ വ്യവസ്ഥിതിയെ അപ്പാടെ മാറ്റിമറിക്കുന്നതായിരുന്നു. വിദ്യാഭ്യാസ ബില്ല്
അദ്ധ്യാപകരുടെ ക്ഷേമം വർദ്ധിപ്പിക്കുവാനുതകുന്നതും മാനേജ്മെന്റിന്റെ അമിത ചൂഷണം
തടയുന്നതുമായിരുന്നു. എന്നാൽ ഈ നിയമം
വ്യാപകമായി എതിർക്കപ്പെട്ടു. കൂടാതെ കാർഷിക
ബില്ലിന്റെയും പോലീസ് നയത്തിന്റെയും
പേരിൽ ധാരാളം എതിർപ്പുകളുണ്ടായി.
സർക്കാരിനെതിരായി വിമോചനസമരം
എന്നപേരിൽ പ്രക്ഷോഭം നടന്നു. നായർ സർവീസ്
സൊസൈറ്റിയും കത്തോലിക്ക സഭയും
മുസ്ലിം ലീഗും കോൺഗ്രസ്സും ഒന്നിച്ചു
സർക്കാരിനെതിരെ സമരം ചെയ്തു.
സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയുടെ ചരിത്രത്തിൽ
ആദ്യമായി ഇന്ത്യൻ ഭരണഘടന ചട്ടം
356 ഉപയോഗിച്ച് സർക്കാരിനെ പിരിച്ചു വിട്ടു.
1967 ലെ പൊതുതിരഞ്ഞെടുപ്പിൽ മുഖ്യ
എതിരാളിയായിരുന്ന കോൺഗ്രസ്സിനിതിരേ ഒരു
വിശാല ഐക്യമുന്നണി രൂപീകരിക്കുന്നതിൽ
മുൻകൈയ്യെടുത്തത് ഇ.എം.എസ്സാണ്. ആ
തിരഞ്ഞെടുപ്പിൽ വലിയ വിജയം കൈവരിച്ച്
ഇ.എം.എസ്സ് വീണ്ടും കേരളത്തിന്റെ മുഖ്യമന്ത്രിയായി. ഇ.എം.എസിന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ്
സർക്കാർ വീണ്ടും 1967 ൽ അധികാരത്തിൽ
വന്നപ്പോൾ പുതിയ ഭൂപരിഷ്കരണ നിയമം
നിലവിൽ വന്നു. ജന്മി സമ്പ്രദായം പൂർണ്ണമായും
നിരോധിച്ചു. ഭൂമികൈവശംവയ്ക്കുന്നതിനുള്ള
പരിധി വീണ്ടും താഴേക്കു കൊണ്ടു വന്നു.
അന്ന് യാതൊരു എതിർപ്പുമില്ലാതെയാണ്
ഈ നിയമംപാസ്സാക്കപ്പെട്ടത്.[22] എന്നാൽ
ഭരണത്തിൽ പങ്കാളിയായിരുന്ന സി.പി.ഐ
മുന്നണി വിട്ട്, കോൺഗ്രസ്സിന്റെ കൂടെ കൂടുകയും
ഇ.എം.എസ്സ് മന്ത്രിസഭ രാജിവെക്കാൻ
നിർബന്ധിതരാവുകയും ചെയ്തു.
കുടമാളൂർ തെക്കേടത്ത് വാസുദേവൻ
ഭട്ടതിരിപ്പാടിന്റെ സഹോദരിയായ് ‘ടിങ്ങിയ’
എന്ന് ചെല്ലപ്പേരുള്ള ആര്യ അന്തർജനത്തെയാണ്
അദ്ദേഹം വിവാഹം കഴിച്ചത്. 1998 മാർച്ച് 19 ന്
രണ്ടു ശ്വാസകോശത്തിലും ന്യൂമോണിയ
ബാധിച്ചതിനെത്തുടർന്നുണ്ടായ ഹൃദയാഘാതം
മൂലം തിരുവനന്തപുരത്തെ കോസ്മോപൊളിറ്റൻ
ആശുപത്രിയിൽ വച്ച് അന്തരിച്ചു.
അതുല്യനായ ആ സഖാവിന്റെ മരിക്കാത്ത
ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം...

Saturday, January 18, 2014

നന്ദിത





പ്രണയവും വിരഹവും, ശക്തമായ കാവ്യഭാഷയുടെ പട്ടുനൂലിനാൽ ബന്ധിച്ച് സ്വന്തം ഡയറിതാളുകളിൽ കുത്തികുറിച്ചുവച്ച് പ്രണയത്തിനു വേണ്ടി മരണത്തിന്റെ ഈറൻ വൈലറ്റ് പൂക്കൾ തേടിപോയ നന്ദിത. ഉള്ളിൽ ആളികത്തുന്ന പ്രതികാരവും നഷ്ടപ്പെടുത്താൻ കഴിയാത്ത ഭ്രാന്തമായ പ്രണയവും ഒടുവിൽ കൊണ്ടെത്തിച്ചത് ഗൂഡമായ അഖാഡകളിൽ നിന്ന് ഇറങ്ങിവരുന്ന തണുത്തുറഞ്ഞ മഞ്ഞുമാസങ്ങളുടേയും വർഷങ്ങളുടേയും കണക്കെടുക്കാ മരണത്തിന്റെ മാസ്മരികമായ അനന്തതയിലേക്ക്. പ്രണയം വിരഹം വിഷാദം പ്രതികാരം-ഈ നാലുവികാരങ്ങളുടെ പ്രക്ഷുബ്ദമായ ഇരുണ്ട നിലവറകൾക്കുള്ളിലേക്ക് മാത്രമായ് നന്ദിത എന്നാണ് ചുഴറ്റി എറിയപ്പെട്ടത്? ചികഞ്ഞു നോക്കുമ്പോൾ നന്ദിതയുടെ കഥതുടങ്ങുന്നത് കലാലയ ജീവിതത്തോടുകൂടിയാണ്‌. കേരളത്തിലെ മറ്റേതു ശരാശരി പെൺകുട്ടികളേയുമ്പോലെ സാധാരണമായിരുന്നു നന്ദിതയുടെ ബാല്യവും കൗമാരവും. പ്രീഡിഗ്രി (പ്ളസ്-ടു)കാലയളവിൽ നിറമുള്ള കലാലയ ജീവിതം ആസ്വദിച്ച നന്ദിത ബിരുദത്തിനു ചേർന്നതോടുകൂടി എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട് സ്വയം തീർത്ത മൗനത്തിന്റെ അഗാധതയിലേക്ക് ഊളിയിട്ടുതുടങ്ങി. ഹോസ്റ്റൽ മുറിയുടെ നാല് ചുവരുകള്‍ക്കുള്ളിലിരുന്ന് നന്ദിത തന്റെതായ പ്രണയത്തിന്റെയും വിഷാദത്തിന്റെയും ഗോപ്യമായ ഒരു ലോകം തീർത്തെടുക്കാൻ തുടങ്ങി. അവിടെ തുടങ്ങുന്നു യഥാർത്ഥ നന്ദിതയുടെ കഥ.

 കോഴിക്കോട് ഫറൂക്ക് കോളജിന്റെ ഹോസ്റ്റസ്റ്റൽറൂമിലിരുന്ന് പ്രണയത്തിന്റെ മേച്ചില്പുറങ്ങൾ തേടുമ്പോൾ, ബൈപോളാര്‍ അഫക്ടീവ് ഡിസോര്‍ഡര്‍ (Bipolar Affective Disorder or Manic-Depression) എന്ന മാനസികരോഗത്തിലേക്ക് താൻ വഴുതി വീഴുകയാണന്ന് നന്ദിതപോലും അറിഞ്ഞിരുന്നില്ല. ഒരുപക്ഷേ കോട്ടയം മെഡിക്കല്‍ കോളേജിലെ റിസര്‍ച്ച് മെഡിക്കല്‍ ഓഫീസറായ ഡോ. കെ. ബൈജു തന്റെ ലേഖനത്തില്‍ നന്ദിതയുടെ മാനസികാവസ്ഥാന്തരങ്ങളെകുറിച്ച് വെളിപ്പെടുത്തുംവരെ നന്ദിതയുടെ സുഹ്യത്തുക്കളോ ബന്ധുക്കളോപോലും അത് മനസ്സിലാക്കിയിട്ടുണ്ടാവില്ല. ഉന്മാദം(Mania), വിഷാദം (Depression) എന്നീ അവസ്ഥകള്‍ മാറിമാറി മനസ്സിനെ കീഴ്പ്പെടുത്തുന്ന സങ്കീർണ്ണമായ ഈ അവസ്ഥ ആരിലും മാനസികരോഗമന്ന ഒരു ചിന്തയെ ജനിപ്പിക്കില്ല. അതുതന്നയാണ്‌ ഈ അവസ്ഥയുടെ ഭീകരതയും. സാധാരണ മാനസികരോഗത്തിന്റെ യാതൊരു ലക്ഷണങ്ങളും ഈ രോഗിയില്‍ കാണാന്‍ സാധിക്കുകയില്ല. ദിവസങ്ങളോളം ഉറങ്ങാതെയിരുന്ന് നിസ്സാരമായ കാര്യങ്ങൾ പോലും എഴുതി നിറക്കുകയും, എന്ത് സാഹസിക പ്രവർത്തിയും ചെയ്യാനുള്ള ധൈര്യവും തന്റേടവുമുള്ള ഉന്മാദ അവസ്ഥയും, എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട് ആരോടും സംസാരിക്കാതെ മൗനത്തിന്റെ അഗാധതയിലേക്ക് ചേക്കേറുന്ന വിഷാദാവസ്ഥയും ഇവരില്‍ കാണുന്ന സവിശേഷതയാണ്. നിസ്സാരമായ കാര്യങ്ങള്‍ക്ക് പോലും കടുത്തപക സൂക്ഷിച്ച് ഏതുവിധേനയും അവരെ നശിപ്പിക്കുകയോ അപമാനപ്പെടുത്തുകയോ അല്ലങ്കിൽ സ്വയം ശിക്ഷിച്ച് പ്രതികാരത്തിന്റെ ഉൾത്തടങ്ങളിലൂടെ ഊളിയിട്ട് മരണത്തിന്റെ ഈറൻ വൈലറ്റുപൂക്കൾ തേടിപോകുകയോ ചെയ്യുന്നവരായ് തീരുന്ന വളരെ അപകടകരാമായ ഒരു അവസ്ഥയിലേക്ക് ഇവർ എത്തിപ്പെടുന്നു. ഫറൂക്കിലെ കലാലയജീവിതത്തിനിടയിൽ മൊട്ടിട്ട ജീവിതത്തിലെ ആദ്യ പ്രണയം നഷ്ടപ്പെടുത്തേണ്ടിവന്ന കാലം മുതൽ നന്ദിതയില്‍ ഈ നാല് അവസ്ഥകളും മാറിമാറി വന്നുകൊണ്ടിരുന്നു. രാവെളുക്കോളം ഉറക്കമൊഴിച്ചിരുന്ന് ഒരോന്നു കുത്തിക്കുറിച്ചതും, മാതാപിതാക്കളുമായി നിസ്സാരകാര്യങ്ങള്‍ക്ക് പോലും വഴക്കടിച്ചതും, കവിതകള്‍ക്ക് താഴെ അജ്ഞാതമായ പേരുകള്‍ കുറിച്ചിട്ടതുമൊക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങളായിരുന്നു.

  1994-ല്‍ വിവാഹത്തോളമെത്തിയ അന്യമതസ്ഥനുമായുണ്ടായിരുന്ന പ്രണയത്തിന്റെ പേരിൽ അച്ഛനുമായ് വഴക്കിട്ട നന്ദിത ചിരാലിലെ തന്റെ ചെറിയമ്മയുടെ വീട്ടിലേക്ക് ഭാണ്ഡം മുറുക്കി പോവുകയായിരുന്നു. തന്നെയും തന്റെ പ്രണയത്തെയും അംഗീകരിക്കാത്ത അച്ഛനോടുള്ള നന്ദിതയുടെ പ്രതികാരമായിരുന്നു വീടുവിട്ടുള്ള ആ ഇറങ്ങിപോക്കും എല്ലാവരെയും ധിക്കരിച്ചുകൊണ്ട് അതിസാഹസികാമാം വിധത്തിൽ അച്ഛന്റെ കീഴ്‌ജീവനക്കാരന്റെ വിദ്യാഭ്യാസമോ ജോലിയോ ഒന്നും തന്നെ എടുത്തു പറയാനില്ലാത്ത മകനുമായുള്ള പിന്നീടുണ്ടായ പ്രണയവും വിവാഹവും. പലരും കരുതുമ്പോലെ അജിത്തിനെ കണ്ടുമുട്ടിയ ശേഷം നന്ദിത കവിതകൾ എഴുതിയിരുന്നില്ല എന്നത് തികച്ചും ശരിയല്ല. അജിത്തിന്റെ വീട്ടിലായിരിക്കുമ്പോഴും ഡയറിതാളുകളിൽ ഏകാന്തമായിരുന്ന് ചിലപ്പോൾ വളരെ ശാന്തമായും മറ്റുചിലപ്പോൾ തികച്ചും വന്യമായും നന്ദിത പലതും കുത്തികുറിച്ചിരുന്നു. അജിത്തുമായ് പ്രണയത്തിലായിരുന്ന നാളുകളിൽ ഫറൂക്ക് കോളജിൽ ജോലി നോക്കിയിരുന്ന നന്ദിത വിഷാദത്തിന്റെ നീരൊഴുക്കില്‍ പെട്ടുഴറുമ്പോഴും ഉറക്കമൊഴിച്ചിരുന്ന് അജിത്തിനെഴുതിയ കവിതകളേക്കാൾ മനോഹരമായ പ്രണയലേഖനങ്ങളിൽ സിംഹഭാഗവും നന്ദിതയുടെ മരണശേഷം അഗ്നിക്കിരയാക്കി. നന്ദിതയുടെ ചില ഡോക്യുമന്റ്സുകളും കവിതകളും പ്രണയലേഖനങ്ങളും മരണശേഷവും ബാങ്ക് ലോക്കറിൽ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഇന്ന് അതിനൊക്കെ എന്തു സംഭവിച്ചു എന്ന് അറിയേണ്ടിയിരിക്കുന്നു. നന്ദിതയുടെ മരണശേഷം ജീവിതത്തിൽ തികച്ചും ഒറ്റപ്പെട്ടുപോയ അജിത്ത്, പ്രായമായ അമ്മയെ നോക്കാനും വീട് സംരക്ഷിക്കാനും ആരും ഇല്ലാത്ത അനാഥമായ അവസ്ഥയിൽ പലരുടേയും നിർബന്ധങ്ങൾക്ക് വഴങ്ങി അടുത്ത കാലത്ത് വിവാഹിതനായതോടെ വീടിന്റെ തട്ടിൻപുറത്തേക്ക് മാറ്റിയ നന്ദിതയുടെ ശേഷിപ്പുകൾ ചിതലരിക്കുകയോ ചാമ്പലാകുകയോ ചെയ്തിട്ടുണ്ടാകണം. പക്ഷേ അവരുടെ അപൂർവ്വമായ ഫോട്ടോകളും വിവാഹ ആൽബവും ഇന്നും അജിത്തിന്റെ കിടപ്പറയിൽ ഭദ്രമാണ്.

 അജിത്തിനെ കണ്ടതിനു ശേഷം ഒരിക്കലും നന്ദിത കവിതകള്‍ എഴുതിയിരുന്നില്ല എന്നു വേണം ധരിക്കാന്‍. എന്നാല്‍ ചിരാലില്‍ ചിലവഴിച്ച അവധിക്കാലത്തിനു ശേഷം കോഴിക്കോട് ഫറൂക്കില്‍ അധ്യാപികയായ നന്ദിത, ദിവസവും അജിത്തിന് പ്രണയ ലേഖനങ്ങള്‍ എഴുതിയിരുന്നു. ഫോണും, മൊബൈലും ഒന്നും സാധാരണമല്ലാതിരുന്നതിനാല്‍ കത്തുകള്‍ മാത്രമായിരുന്നു ഏക ആശ്രയം. വടിവൊത്ത അക്ഷരത്തില്‍, പേജുകളോളം നീളമുള്ളവയായിരുന്നു ആ കത്തുകള്‍. എങ്ങനെ ഇത്രത്തോളം നീണ്ട പ്രണയ ലേഖനങ്ങള്‍ തുടര്‍ച്ചയായ് എഴുതാന്‍ കഴിയുന്നുവന്ന് അജിത്ത് അല്‍ഭുതപ്പെട്ടിരുന്നു. ആ കത്തുകളില്‍ പലതും ഇന്നും അജിത്ത് സൂക്ഷിച്ചു വച്ചിരിക്കുന്നു. നന്ദിതയുടെ മരണത്തിനു മുന്‍പ് അവള്‍ കവിത എഴുതിയിരുന്നുവന്ന് അജിത്ത് പോലും അറിഞ്ഞിരുന്നില്ല. വീട്ടിലുള്ള ദിവസങ്ങളില്‍ പലപ്പോഴും പേനയും ബുക്കുമായ് വിദൂരതയിലേക്ക് നോക്കി ഇരിക്കാറുണ്ടായിരുന്നത് അജിത്ത് ഓര്‍ക്കുന്നു. എന്നാല്‍ ഒരിക്കലും ഒന്നും എഴുതി കണ്ടില്ല. ഇത്തരം കാര്യങ്ങളിലൊന്നും താല്പര്യമില്ലാത്ത അജിത്ത് അതിലൊന്നും ശ്രദ്ധിച്ചുമില്ല. പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയ നന്ദിതയുടെ കവിതകള്‍, അവളുടെ മുഖചിത്രതോടുകൂടി പല പുസ്തകശാലകളിലെയും ചില്ലലമാരയില്‍ ഇരിക്കുന്നത് കണ്ടിട്ടും ഒരിക്കല്‍ പോലും അതൊന്ന് മറിച്ചു നോക്കാന്‍ അജിത്ത് ഇഷ്ടപ്പെട്ടില്ല എന്നതില്‍നിന്നും കവിതകളോടുള്ള അജിത്തിന്റെ ബന്ധം മനസ്സിലാക്കാം. എന്തുകൊണ്ട് ഒരു കോപ്പി വാങ്ങിയില്ല, വെറുതേ ഒന്നു മറിച്ചു നോക്കുക കൂടി ചെയ്തില്ല എന്ന ചോദ്യത്തിന് അത് കാണാനുള്ള ശക്തിയില്ല, എനിക്ക് നഷ്ടമാകേണ്ടത് എന്നേ നഷ്ടമായി എന്ന് പറഞ്ഞുകൊണ്ട് കണ്ണില്‍ ഊറികൂടിയ നനവിനെ മറച്ചുകൊണ്ട് മുഖം തിരിച്ച് വിദൂരതയിലേക്ക് കണ്ണു നട്ടു. മുട്ടില്‍ ഓര്‍ഫനേജ് കോളജില്‍ ലീവ് വേക്കന്‍സിയില്‍ പകരക്കാരിയായ് ജോലി ചെയ്തിരുന്ന നന്ദിതക്ക് ശമ്പളം ക്യത്യമായ് കിട്ടിയിരുന്നില്ല. മരിക്കുമ്പോള്‍ നല്ലൊരു തുക കോളജില്‍ നിന്നും ശമ്പളയിനത്തില്‍ നന്ദിതക്ക് കിട്ടാനുണ്ടായിരുന്നു. അത് കൈപ്പറ്റുവാന്‍ അജിത്തിന്റെ പേരില്‍ അധികാരപത്രം എഴുതി നല്‍കിയിരുന്നു നന്ദിത. എന്നാല്‍ അജിത്ത് അതിലെ ഒരു ചില്ലി കാശുപോലും കൈപ്പറ്റാതെ, ആ തുകയ്ക്ക് നന്ദിതയുടെ പേരില്‍, കോളജില്‍ എന്‍ഡോവമെന്റ് ഏര്‍പ്പെടുത്താന്‍ മുന്‍‌കൈ എടുത്തതിന്റെ കാരണം എന്നും നന്ദിതയുടെ പേര് മായാതെ ഇവിടെ ഉണ്ടാകണം എന്ന ആഗ്രഹമായിരുന്നുവത്രേ.

 വയനാടന്‍ ചുരങ്ങളെ മഞ്ഞുപൊതിയുന്ന മകരമാസത്തിലെ തണുത്തരാത്രിയില്‍ അവ്യക്തസുന്ദരമായ ഒരു വളകിലുക്കം അവശേഷിപ്പിച്ചുകൊണ്ട് രണ്ടു മുഴം നീളമുള്ള ചുരിദാര്‍ ദുപ്പട്ടയില്‍ നന്ദിത എന്ന സംഗീത തുന്ദിലിതമായ നാമം പിടഞ്ഞു മരിച്ചപ്പോള്‍, സുഹ്യത്തുക്കളേയോ ബന്ധുജനങ്ങളേയോ എന്നല്ല അവനവനെ തന്നെ ബോധ്യപ്പെടുത്താനാവാത്ത ഒരു സമസ്യയാണ് ആത്മഹത്യ എന്ന് നമുക്ക് കാട്ടിതരികയായിരുന്നു. ദാമ്പത്യജീവിതത്തിലെ താളപിഴകളാണ് ആ മരണത്തിനു കാരണമന്ന് സുഹ്യത്തുക്കളും ബന്ധുക്കളും വിധിയെഴുതി. എന്നാല്‍ അക്ഞാതമായ കാരണങ്ങളാല്‍ മരണത്തിന്റെ ഈറന്‍ വയലറ്റ് പൂക്കള്‍ തേടിപോയ സുന്ദരിയായ പെണ്‍കുട്ടിയുടെ തലയിണക്കടിയില്‍ നിന്നും കണ്ടെടുത്ത ഡയറികുറിപ്പുകളായ് എഴുതിയ 59 കവിതകളടങ്ങിയ ഡയറി, ഉത്തരം കിട്ടാത്ത അനേകം ദുരൂഹതകളിലേക്കാണ് കൊണ്ടെത്തിച്ചത്. നന്ദിത രഹസ്യമാക്കി സൂക്ഷിച്ചിരുന്ന നമ്പര്‍ ലോക്കിട്ട് ഭദ്രമക്കപ്പെട്ട ഇരുമ്പുപെട്ടി കുത്തിപൊളിച്ചതും, കണ്ടെടുക്കപ്പെട്ട ഡയറിയിലെ താളുകള്‍ ചീന്തിയെടുക്കപ്പെട്ടതും എന്തിനന്നത് നന്ദിതയുടെ ഭര്‍ത്താവായ അജിത്തിന് മാത്രം അറിയാവുന്ന രഹസ്യം.

 സ്നേഹത്തിനുവേണ്ടി ഉഴറുകയും ലഭിക്കാതെ വന്നപ്പോള്‍ തന്നോടുതന്നെ പ്രതികാരം വീട്ടുകയും വഴികളെല്ലാം അടഞ്ഞുപോയി എന്നു തോന്നിയപ്പോള്‍ ഈ ലോകം വിട്ടുപോവുകയും ചെയ്ത നന്ദിത സ്വന്തം ജീവിതത്തിന്റെ ബാക്കിപത്രമായി കുറെ കവിതകള്‍ അവശേഷിപ്പിച്ചിരുന്നു. പക്ഷെ എല്ലാം രഹസ്യമാക്കിവച്ചു. അമ്മയും അച്‌ഛനും അനിയനും പോലും അക്കാര്യം അറിയുന്നത്‌ നന്ദിത ഇവിടം വിട്ടു പോയശേഷമാണ്‌. മറ്റുള്ളവരെപ്പോലെ ഭാവനയില്‍ വിടരുന്ന ചിത്രങ്ങള്‍ അക്ഷരങ്ങളാക്കി കടലാസില്‍ കോറിയിടുകയായിരുന്നില്ല നന്ദിത ചെയ്തിരുന്നത്‌. പിന്നയോ, തന്റെ സ്വകാര്യങ്ങള്‍, അജ്ഞാതനായ കാമുകന്‍, സങ്കടങ്ങള്‍, ജീവിതത്തോടുള്ള കാഴ്ച്ചപ്പാട്‌, മരണം ഇവയെല്ലാമായിരുന്നു അവളുടെ കവിതകള്‍ക്ക്‌ വിഷയമായിരുന്നത്‌.

നന്ദിത പഠിക്കാന്‍ മിടുക്കിയായിരുന്നു; സുന്ദരിയായിരുന്നു. കോഴിക്കോട്‌ ചാലപ്പുറം ഗവണ്‍മന്റ്‌ ഗേള്‍സ്‌ ഹൈസ്കൂള്‍, ഗുരുവായൂരപ്പന്‍ കോളേജ്‌, ഫാറൂഖ്‌ കോളേജ്‌, Calicut University English Dept. Mother Theresa Women's University - Chennai എന്നിവിടങ്ങളില്‍ ഒന്നാം നിരക്കാരിയായി വിദ്യാഭ്യാസം. 1999 ജനുവരി 17ന്‌ പെട്ടന്ന് നന്ദിത ജീവിതം അവസാനിപ്പിച്ചു. കാരണം ദുരൂഹം.

അന്ന് കിടക്കാന്‍ പോവുന്നതിനുമുമ്പ്‌ അമ്മയോടു നന്ദിത പറഞ്ഞു; "അമ്മേ ഒരു ഫോണ്‍ വരും. ഞാന്‍ തന്നെ അറ്റന്റു ചെയ്തുകൊള്ളാം." ആ ഫോണ്‍ കോള്‍ വന്നതായി അച്‌ഛനോ അമ്മയോ കേട്ടില്ല. അര്‍ദ്ധരാത്രി എന്തിനോവേണ്ടി അമ്മ ഡ്രോയിംഗ്‌ റൂമിലേക്കു വന്നപ്പോള്‍ മുകളിലെമുറിയോട്‌ ചേര്‍ന്നുള്ള ടെറസ്സില്‍ നിന്നു താഴെക്കു സാരിയില്‍ കെട്ടിത്തൂങ്ങിക്കിടക്കുന്നു. അമ്മ എത്തുന്നതിന്‌ എത്രയോ മുമ്പേ അവള്‍ പോയിക്കഴിഞ്ഞിരുന്നു. യൂണിവേഴ്‌സിറ്റിയില്‍ നന്ദിതയെ പഠിപ്പിച്ച ഒരദ്ധ്യാപകന്‍ പറയുന്നു; "മിടുക്കിയായിരുന്നു, ബുദ്ധിപരമായ ചര്‍ച്ചകളില്‍ അവള്‍ക്ക്‌ പ്രത്യേക താല്‍പര്യമുണ്ടായിരുന്നു. ഹൃദ്യവും ആകര്‍ഷണീയവുമായ പെരുമാറ്റം. ജീവിതത്തോട്‌ അഗാധമായ മമത. എങ്ങനെ സംഭവിച്ചു ഈ ദുരന്തം?"


 ശിരസ്സുയര്‍ത്താനാവാതെ
നിന്റെ മുഖം കൈകളിലൊതുക്കി
നെറ്റിയിലമര്‍ത്തി ചുംബിക്കാനാവാതെ

ഞാനിരുന്നു
നീണ്ട യാത്രയുടെ ആരംഭത്തില്‍
കടിഞ്ഞാണില്ലാത്ത കുതിരകള്‍ കുതിക്കുന്നു
തീക്കൂനയില്‍ ചവുട്ടി വേവുന്നു,
ഇനി നമ്മളെങ്ങോട്ടു പോവാന്‍…?
എനിക്കിനി മടക്കയാത്ര.
എന്നെ തളര്‍ത്തുന്ന നിന്റെ കണ്ണുകളുയര്‍ത്തി
ഇങ്ങനെ നോക്കാതിരിക്കൂ…
നിന്നെത്തേടിയൊരു ജ്വലിക്കുന്ന അശ്വമെത്തുമെന്ന്
ഇരുളിനപ്പുറത്ത്‌ നിന്നെത്തുന്ന കുളമ്പൊച്ചയും,
കിഴക്ക്‌ പടരുന്ന അഗ്നിയുമെന്നോട്‌ പറയുന്നു.
സാഗരത്തിന്റെ അനന്തതയില്‍ പൂക്കുന്ന
സ്വപ്നങ്ങള്‍ അറുത്തെടുത്ത്‌
ഞാനിനി തിരിച്ചു പോകട്ടെ…