Powered By Blogger

Wednesday, December 9, 2015

ദക്ഷിണാമൂര്‍ത്തി സ്വാമികള്‍

ഹൃദയസരസിലെ സംഗീത കുലപതി ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ തൊണ്ണൂറ്റിയാറാം
ജന്മദിന വാര്‍ഷികം ഇന്ന്
==========================
മലയാളിയുടെ ഹൃദയസരസിലേക്ക്
സംഗീതത്തിന്‍റെ ദൈവീക സ്പര്‍ശമൊഴുക്കിയ
അനശ്വര സംഗീതജ്ഞനാണ് വി.ദക്ഷിണാമൂര്‍ത്തി
സ്വാമികള്‍. കാലത്തിന്‍റെ വേഗതയിലും
ദക്ഷിണേന്ത്യയ്ക്ക് മറക്കാനാവാത്ത ആ
ഋഷിതുല്യ പ്രതിഭയുടെ 96-)o ജന്മദിന
വാര്‍ഷികമാണ് ഇന്ന്. നെറ്റിയില്‍ കളഭവും
ഭസ്മവും, കഴുത്തില്‍ രുദ്രാക്ഷ മാലകളും
അണിഞ്ഞെത്തിയ ഈ സംഗീത കുലപതി
മലയാളിയുടെ മനസ്സിലേക്ക് പകര്‍ന്നു കൊടുത്തത്
സംഗീതത്തിന്റെ അനശ്വര സൗന്ദര്യത്തെയാണ്.

ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ തൊണ്ണൂറ്റിയാറാം
ആലപ്പുഴയിൽ ഡി.വെങ്കടേശ്വര അയ്യരുടേയും
പാർവതി അമ്മാളിന്റേയും മകനായി
1919 ഡിസംബർ ഒന്‍പതിനാണ് വെങ്കിടേശ്വരൻ
ദക്ഷിണാമൂർത്തി എന്ന മലയാളിയുടെ
ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ ജനനം.
ബാല്യത്തില്‍ തന്നെ സംഗീതത്തോടുള്ള
മകനിലെ അഭൂതപൂര്‍വ്വമായ താല്പര്യം
കണ്ടറിഞ്ഞ അമ്മ തന്നെയായിരുന്നു
സ്വാമികളുടെ സംഗീതത്തിലെ ആദ്യ ഗുരു.
മഹാനായ ത്യാഗരാജ സ്വാമികളുടെ
കീർത്തനങ്ങൾ അമ്മ മകനെ പഠിപ്പിച്ചു.
പത്താം ക്ളാസ് കഴിഞ്ഞ് തിരുവനന്തപുരത്ത്
വെങ്കടാചലം പോറ്റിയുടെ ശിഷ്യനായി
കർണ്ണാടക സംഗീതം ശാസ്‌ത്രീയമായി അഭ്യസിച്ചു. 
വൈക്കത്തപ്പന്റെ തികഞ്ഞ വിശ്വാസിയായ
ദക്ഷിണാമൂർത്തിക്ക് സംഗീതമെന്നും തപസും 
ഉപാസനയുമായിരുന്നു.
കുഞ്ചാക്കോയുടെ നല്ലതങ്ക എന്ന
സിനിമയിലൂടെയായിരുന്നു ദക്ഷിണാമൂര്‍ത്തി
സ്വാമികളുടെ സിനിമാപ്രവേശനം. പിന്നീട്
ജീവിത നൗക, നവലോകം, അമ്മ,
ശരിയോ തെറ്റോ, സ്നേഹസീമ,
പാടുന്ന പുഴ, സീത, ജ്ഞാനസുന്ദരി,
ശ്രീകോവില്‍, വേലുത്തമ്പി ദളവ, കാവേരി,
ചക്രവാകം, വിലയ്ക്ക് വാങ്ങിയ വീണ
തുടങ്ങി 125-ഓളം സിനിമകളിലായി
850-ഓളം പാട്ടുകള്‍ക്ക് അദ്ദേഹം ഈണം
പകര്‍ന്നു. അങ്ങനെ ഖരഹരപ്രിയയും,
ആനന്ദ ഭൈരവിയും, ആഭേരിയും,
കല്യാണിയും സിന്ധുഭൈരവിയും തുടങ്ങി
നിരവധി രാഗങ്ങള്‍ സ്വാമിയിലൂടെ
സിനിമാഗാനങ്ങളിലേയ്ക്കും തുടര്‍ന്ന്
ഭക്തിഗാനങ്ങളിലേയ്ക്കും ഒഴുകിയെത്തി.
2008ല്‍ പുറത്തിറങ്ങിയ മിഴികള്‍ സാക്ഷി
ആണ് ദക്ഷിണാമൂര്‍ത്തി അവസാനമായി
സംഗീതസംവിധാനം നിര്‍വഹിച്ച ചിത്രം.
തൊണ്ണൂറാം വയസ്സിലും കര്‍മ നിരതനായിരുന്ന
അദ്ദേഹം നാല് ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നു.
മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി
ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കു വേണ്ടിയും
അദ്ദേഹം സംഗീതസംവിധാനം
നിര്‍വഹിച്ചിട്ടുണ്ട്. രഞ്ജിത്ത്
സംവിധാനം ചെയ്ത ചന്ദ്രോത്സവം എന്ന
ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കുകയും
ചെയ്തു.
''ഉത്തരാസ്വയം വരം കഥകളി കാണുവാന്‍''‍,
''സന്ധ്യയ്ക്കെന്തിനു സിന്ദൂരം'', ''പുലയനാര്‍
മണിയമ്മ'', ''ചന്ദ്രികയില്‍ അലിയുന്നു
ചന്ദ്രകാന്തം'', ''വൃശ്ചികപ്പൂനിലാവേ'',
''ഇന്നലെ നീയൊരു സുന്ദര രാഗമായി'',
''ദേവീ ശ്രീദേവീ'', ''താരകരൂപിണി'',
''കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി'',
''ചിത്രശിലാപാളികള്‍ കൊണ്ടൊരു'',
''ഗോപീചന്ദന കുറിയണിഞ്ഞു'', ''കാട്ടിലെ
പാഴ്മുളം തണ്ടില്‍ നിന്നും'', ''മനസ്സിലുണരൂ
ഉഷ സന്ധ്യയായ്''... തുടങ്ങി മലയാളികള്‍ക്ക്
ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരുപിടി
നല്ല ഗാനങ്ങള്‍ സമ്മാനിച്ച് 2013 ആഗസ്റ്റ്‌
രണ്ടിനാണ് ദക്ഷിണാമൂര്‍ത്തി സ്വാമികള്‍
വിടവാങ്ങിയത്.

No comments:

Post a Comment