Powered By Blogger

Thursday, August 28, 2014

അയ്യന്‍കാളി

സാമൂഹ്യ നവോത്ഥാനത്തിന്റെ നായകൻ
അയ്യങ്കാളിയുടെ 151 -ം ജന്മവാർഷികമാണിന്ന് .
-----------------------------------------------------------

 ജാതിക്കോമരങ്ങളുടെ കോട്ടകൊത്തളങ്ങളെ
വിറപ്പിച്ചു കൊണ്ട് വില്ലുവണ്ടിയിലെത്തിയ
കേരള സാമൂഹ്യ നവോത്ഥാ‍നത്തിന്റെ നായകൻ
മഹാത്മാ അയ്യങ്കാളിയുടെ 151 -ം
ജന്മവാർഷികമാണിന്ന് .

1863 ആഗസ്റ്റ് 28 ന് തിരുവനന്തപുരം ജില്ലയിലെ
വെങ്ങാനൂർ ഗ്രാമത്തിൽ പെരുങ്കാട്ടു വിള വീട്ടിൽ
അയ്യന്റെയും മാലയുടെയും മകനായാണ്
അയ്യങ്കാളി ജനിച്ചത് . മനുഷ്യൻ എന്ന പരിഗണന
പോലും ലഭിക്കാതിരുന്ന ഒരു ജനതയെയാണ്
അയ്യങ്കാളി കണ്ടത് . ചുറ്റും നടമാടിയ
ഉച്ചനീചത്വത്തിനും സാമൂഹിക
ബഹിഷ്കരണത്തിനുമെതിരെ പോരാടാൻ
അദ്ദേഹം തീരുമാനിച്ചു .

28 ം വയസ്സിലാണ് ചരിത്രപസിദ്ധമായ
വില്ലുവണ്ടി യാത്ര അദ്ദേഹം നടത്തിയത് .
വിശേഷ വസ്ത്രങ്ങളിഞ്ഞ് വില്ലുവണ്ടിയില്‍
ആയിരുന്നു അക്കാലത്തെ പ്രമാണിമാരുടെ
സഞ്ചാരം. ഇവരുടെ യാത്രക്കിടയിൽ
ചെന്നുപെടുന്ന കീഴാളർ വഴിമാറി
നടക്കേണ്ടിയിരുന്നു. ഈ ഗർവിനെ അതേ
നാണയത്തിൽ നേരിടാൻ അയ്യൻ‌കാളി
തീരുമാനിച്ചു. അദ്ദേഹം ഒരു കാളവണ്ടിവാങ്ങി,
മുണ്ടും മേൽമുണ്ടും വെള്ള ബനിയനും
തലപ്പാവും ധരിച്ച്, പൊതുവീഥിയിലൂടെ
സാഹസിക യാത്രനടത്തി. ആവേശഭരിതരായ
അനുയായികൾ അദ്ദേഹത്തിന് അകമ്പടി സേവിച്ചു.
സ്വന്തം സമുദായത്തിലുള്ളവർ ആദരപൂർവം
അദ്ദേഹത്തെ അയ്യൻ‌കാളി യജമാനൻ
 എന്നുവിളിക്കുവാൻ തുടങ്ങി.അധസ്ഥിത
ജന വിഭാഗങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യം
പോലുമില്ലാതിരുന്ന രാജപാതകളിൽക്കൂടീ
പുതിയപ്രഭാതത്തിന്റെ മണിയടിശബ്ദവുമായി
അദ്ദേഹത്തിന്റെ വില്ലുവണ്ടി സാമൂഹിക
അസമത്വത്തിനെ വെല്ലുവിളിച്ചുകൊണ്ട്
സഞ്ചരിച്ചു .

വിദ്യാഭ്യാസം നേടാൻ അവകാശമില്ലാതിരുന്ന
ജനതയ്ക്കു വേണ്ടി അദ്ദേഹം സ്വന്തമായി
പള്ളിക്കൂടം തന്നെ സ്ഥാപിച്ചു . പുതുവൽ
വിളാകത്ത് സ്ഥാപിച്ച കുടിപ്പള്ളിക്കുടം ഒട്ടേറെ
പ്രക്ഷോഭങ്ങൾ നടത്തി സ്കൂളാക്കി
ഉയർത്തുകയും ചെയ്തു . ഐതിഹാസികമായ
കാർഷിക പണിമുടക്ക് സമരം അതിനൊരു
നിമിത്തമായി മാറി . 1907 ലാണ്
അവശതയനുഭവിക്കുന്ന എല്ലാ
ജനവിഭാഗങ്ങൾക്കും വേണ്ടി സാധുജന
പരിപാലന സംഘം രൂപീകരിച്ചത് .
അവർണരെ പ്രവേശിപ്പിക്കാനുള്ള സർക്കാർ
ഉത്തരവുമായി ചാവടി നട സ്കൂളിലെത്തിയ
അയ്യങ്കാളിയും സംഘവും സ്കൂൾ
പ്രവേശനത്തിനെ എതിർത്തവരെ
ശക്തമായി നേരിട്ടു . എങ്ങനെയും
അവർണകുട്ടികളുടെ സ്കൂൾ പ്രവേശനം
സാദ്ധ്യമാക്കുമെന്ന തീരുമാനം അയ്യങ്കാളി
എടുത്തത് ഈ സഭവത്തോടെയാണ്.

അന്നത്തെ കാലത്ത് മാറ് മറക്കാന്‍
അവകാശമില്ലാതിരുന്ന തന്റെ ജാതിയിലുള്ള
സ്ത്രീകൾ മുലക്കച്ച അണിഞ്ഞു നടക്കാൻ
അദ്ദേഹം ആഹ്വാനം ചെയ്തു. അടിമത്തത്തിന്റെ
അടയാളമായി കഴുത്തിൽ കല്ലുമാലയും കാതിൽ
ഇരുമ്പുവളയങ്ങളും ധരിക്കണമെന്നുമുള്ള
ജാതിശാസനകളെ ധിക്കരിക്കാനദ്ദേഹം
ആവശ്യപ്പെട്ടു.  അയ്യൻ‌കാളിയെ അനുസരിച്ച
സാധുജനങ്ങളെ അവർ വേട്ടയാടി.
അധഃസ്ഥിത സ്ത്രീകളുടെ മുലക്കച്ചകൾ
മാടമ്പിമാർ വലിച്ചുകീറി. ചെറുത്തു
നിന്നവരുടെ മുലകൾ അറുത്തുകളഞ്ഞു.
കൊല്ലം ജില്ലയിലെ പെരിനാട്ടായിരുന്നു
ഇത്തരത്തിൽ ഏറ്റവും ക്രൂരമായ മർദ്ദനമുറകൾ
അരങ്ങേറിയത്.

രക്തച്ചൊരിച്ചിൽ ഭീകരമായതിനെത്തുടർന്ന്
ജനവിഭാഗങ്ങൾ കൊല്ലത്തെ പീരങ്കി മൈതാനത്തു
സമ്മേളിക്കാൻ അയ്യൻ‌കാളി ആഹ്വാനം
ചെയ്തു. ആക്രമണത്തെത്തുടർന്ന് നാടും വീടും
വിട്ടവർ ഈ സമ്മേളന വേദിയിലേക്കിരച്ചെത്തി.
1915-ൽ നടന്ന ചരിത്ര പ്രസിദ്ധമായ ഈ
മഹാസഭയിൽവച്ച് ജാതീയതയുടെ
അടയാളമായ കല്ലുമാല അറുത്തെറിയുവാൻ
അദ്ദേഹം ആഹ്വാനം ചെയ്തു. സാധുജനങ്ങളുടെ
ഈ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ ഉയർന്ന
ജാതിക്കാർ മാനിക്കണമെന്നും അദ്ദേഹം
ആഹ്വാനം ചെയ്തു. അയ്യൻ‌കാളിയുടെ
ആഹ്വാനം കേട്ട സ്ത്രീകൾ ആവേശത്തോടെ
കല്ലുമാലകൾ അറുത്തുമാറ്റി. കീഴാള
ജനവിഭാഗങ്ങൾ നടത്തിയ വിപ്ലവകരമായ
സാമൂഹിക മുന്നേറ്റമായിരുന്നു ഇത്.
കല്ലുമാല സമരം എന്ന പേരിലാണ്
ഈ സമരം അറിയപ്പെടുന്നത്.

തിരുവിതാംകൂറിൽ കർഷകത്തൊഴിലാളികളുടെ
ആദ്യത്തെ പണിമുടക്കു സമരം നയിച്ചത്
അയ്യൻ‌കാളിയായിരുന്നു. തൊഴിലാളികളെ
മനുഷ്യരായി അംഗീകരിക്കാൻ മടിച്ച
ജന്മിമാരുടെ പാടശേഖരങ്ങളിൽ അധഃസ്ഥിത
വിഭാഗങ്ങളിൽപ്പെട്ടവർ പണിക്കിറങ്ങിയില്ല.
തുടക്കത്തിൽ സ്വയം കൃഷിയിറക്കി
പിടിച്ചുനിൽക്കാൻ മാടമ്പിമാർ ശ്രമിച്ചെങ്കിലും
അതു പരാജയമായി. ഒടുവിൽ പ്രതികാര 
ബുദ്ധിയോടെ അവർ പാടങ്ങൾ തരിശിട്ടു.
തൊഴിലില്ലാതെ കർഷകത്തൊഴിലാളികൾ
ദുരിതക്കയത്തിലായി. എന്നാൽ
മാടമ്പിമാർക്കെതിരെയുള്ള സമരത്തിൽനിന്നും
പിൻ‌വലിയാൻ അവർ കൂട്ടാക്കിയില്ല.
ഒടുവിൽ ജന്മിമാർ കീഴടങ്ങി.

ശ്രീമൂലം പ്രജാ സഭയിൽ പുലയവിഭാഗത്തിന്റെ
പ്രതിനിധിയായി സുഭാഷിണി പത്രാധിപർ
പി കെ ഗോവിന്ദപ്പിള്ളയെ സർക്കാർ നോമിനേറ്റ്
ചെയ്തുതോടെ ഒരു ജനതയുടെ സങ്കടങ്ങളും
ആവശ്യങ്ങളും പ്രജാസഭയിൽ മുഴങ്ങിക്കേട്ടു
തുടങ്ങി .പി കെ ഗോവിന്ദപ്പിള്ളയുടെ
അഭ്യർത്ഥനയിലൂടെ പ്രജാ സഭയിൽ
പുലയരിൽ നിന്നു തന്നെ ഒരു പ്രതിനിധിയെ
നിയോഗിക്കാൻ ദിവാൻ തീരുമാനിച്ചു .
അങ്ങനെ 1911 ഡിസംബർ 4 ന് അയ്യങ്കാളിയെ
ശ്രീമൂലം പ്രജാസഭയിലേക്ക് പ്രതിനിധിയായി
നോമിനേറ്റ് ചെയ്തു . 1912 ഫെബ്രുവരി 7 ന്
അയ്യൻകാളി തന്റെ കന്നിപ്രസംഗം സഭയിൽ
നടത്തി . വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി
അയ്യൻ കാളി നടത്തിയ ഊരൂട്ടമ്പലം പ്രക്ഷോഭം
കേരള നവോത്ഥാന ചരിത്രത്തിലെ
ജ്വലിക്കുന്ന അദ്ധ്യായമാണ് .

1937 ജനുവരി 14 നാണ് മഹാത്മാ ഗാന്ധിയുടേയും
അയ്യങ്കാളിയുടേയും കൂടിക്കാഴ്ച നടക്കുന്നത് .
വെങ്ങാനൂരിലെത്തിയ ഗാന്ധിജിയെ സ്വീകരിക്കാൻ
ആയിരക്കണക്കിന് സാധുജന പരിപാലന സമിതി
അംഗങ്ങളും മറ്റ് അധസ്ഥിത ജനതയും
സന്നിഹിതരായിരുന്നു . സ്വസമുദായത്തിൽ
നിന്നും പത്ത് ബി എ ക്കാരുണ്ടാകാൻ ഗാന്ധിജി
സഹായിക്കണമെന്നായിരുന്നു അയ്യങ്കാളിയുടെ
അഭ്യർത്ഥന. പത്തല്ല നൂറു ബി എ ക്കാർ
ഉണ്ടാകുമെന്നായിരുന്നു ഗാന്ധിജിയുടെ മറുപടി .
തന്റെ വിദ്യാഭ്യാസ ഫണ്ടിൽ നിന്നും അതിനുള്ള
പണം ഗാന്ധിജി അനുവദിക്കുകയും ചെയ്തു .
ഗാന്ധിജിയുടെ സ്വാധീനത്താൽ അന്നു മുതൽ
മരണം വരെ അയ്യങ്കാളി ഖദർ ധരിച്ചിരുന്നതായും
ചരിത്രത്തിൽ രേഖപ്പെടുത്തുന്നു .

1941 നു ജൂൺ 18 ന് 77 -ം വയസ്സിൽ
മഹാത്മാ അയ്യങ്കാളി അന്തരിച്ചു .
നൂറ്റാണ്ടുകളായി അടിമത്വവും അസമത്വവും
അനുഭവിച്ചു കഴിഞ്ഞ ഒരു ജന സമൂഹത്തെ
വിദ്യാഭ്യാസത്തിലൂടെ ഉയർത്തിയ ,
അസമത്വത്തിനെതിരെ പോരാടാൻ അവർക്ക്
നേതൃത്വം നൽകിയ അയ്യങ്കാ‍ളിയുടെ ജീവിതം
കേരളത്തിന്റെ മാത്രമല്ല ഭാരതത്തിന്റെ
സാമൂഹ്യ നവോത്ഥാന ചരിത്രത്തിൽ തിളങ്ങുന്ന
അദ്ധ്യായമായി നിലകൊള്ളുന്നു .

No comments:

Post a Comment