Powered By Blogger

Monday, March 14, 2016

എസ് കെ പൊറ്റക്കാട്

കാലം 1981. സ്കൂൾ ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ വിതരണം ചെയ്യുന്നു. ക്ലാസ് ടീച്ചർ ഒരു കെട്ട് പുസ്തകങ്ങൾ മേശപ്പുറത്ത് വെച്ച് ഓരോരുത്തരെയായി വിളിച്ച് ഓരോ പുസ്തകം വീതം കൊടുക്കുന്നു. തരുന്നത് കൊണ്ടുപോയ്ക്കൊള്ളണം. ഒരാഴ്ചക്ക് ശേഷം തിരിച്ച് കൊടുക്കണം. വായിച്ചോ ഇല്ലയോ എന്നതൊന്നും വിഷയമല്ല. ഒരു സർക്കാർ സ്കൂൾ രീതി. പൂമ്പാറ്റ, അമർ ചിത്രകഥ എന്നിവയിൽ കുരുങ്ങിക്കിടന്ന ബാല്യകാലത്തിന് ഗൗരവമായ വായന അപരിചിതമായിരുന്നു. എന്റെ ഊഴമെത്തി. കഷ്ടി നൂറ്റമ്പത് പേജുള്ള ഒരു പുസ്തകം. പ്രത്യേകിച്ച് ഭാവഭേദമൊന്നുമില്ലാതെ പുസ്തകം വാങ്ങി. ‘നൈൽ ഡയറി, എസ് കെ പൊറ്റക്കാട്ട്’. ക്ലാസ് റൂമിൽ പുസ്തകവിതരണത്തിന്റെ ബഹളത്തിനിടയിൽ നിസ്സംഗതയോടെ മറിച്ച് നോക്കി.
‘നൈൽ ഒരു മഹാകാവ്യമാണ്’.
ക്വിസ് മത്സരങ്ങളിൽ എറ്റവും നീളം കൂടിയ നദി നൈൽ എന്ന് മാത്രം പരിചയിച്ച ആറാം ക്ലാസ്സുകാരന്റെ മനസ്സിലേക്ക് മകരമഞ്ഞു പോലെ പെയ്തിറങ്ങിയ ആ വാചകം പിന്നീടൊരിക്കലും ഇറങ്ങിപ്പോയില്ല. അതെഴുതിയ അനശ്വരനായ സഞ്ചാരി അവന്റെ മനസ്സിൽ ഒരു അമാനുഷികനായി വളർന്നു.
1913 മാർച്ച് 14 നു കോഴിക്കോട് ജനിച്ച ശങ്കരൻ കുട്ടിയിലെ എഴുത്തുകാരൻ വിശ്വത്തോളം ഉയരാനുള്ള യാത്ര തുടങ്ങിയത് വളരെ യാദൃശ്ചികമായിട്ടാണ്. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് തൊഴില്‍ രഹിതനായിരുന്ന മൂന്ന് വർഷം. ലോക ക്ലാസ്സിക്കുകളിലൂടെ നടത്തിയ സഞ്ചാരം ആ വ്യക്തിത്വ രൂപീകരണത്തിൽ വലിയ പങ്കാണ് വഹിച്ചത്. അതിനു മുൻപും എഴുതിയിട്ടുണ്ടങ്കിലും, തന്റെ മാർഗ്ഗം ഇതാണ് എന്നദ്ദേഹം തിരിച്ചറിഞ്ഞത് അപ്പോഴാണ്‌. അതിനു ശേഷമാണ് മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹിറ്റ്‌ നോവൽ എന്ന് വിശേഷിപ്പിക്കാവുന്ന നാടൻ പ്രേമവും പിന്നാലെ പ്രേമശിക്ഷയും എഴുതിയത്. അപ്പോഴേക്കും 1940 കളിൽ കവിതയിൽ ചങ്ങമ്പുഴയും ഗദ്യരചനയിൽ എസ്കെയും മലയാളി നെഞ്ചെറ്റി കഴിഞ്ഞിരുന്നു. മലയാള ഗദ്യസാഹിത്യത്തെ സംസ്കൃത ബാഹുല്യവും ക്ളിഷ്ടവുമായ രചനാരീതികളിൽ നിന്ന് ജനകീയമാക്കിയ ഒരു മഹാവിപ്ലവം തന്നയാണ് ചങ്ങമ്പുഴയും എസ്കെ യും ചേർന്ന് അക്കാലത്ത് നടത്തിയത്. ചെറുപ്പക്കാർക്കിടയിൽ നക്ഷത്ര പരിവേഷത്തോടെയാണ് ഇവർ ജീവിച്ചത്. പിന്നാലെ വന്ന എം.ടി., എൻ.പി. മുഹമ്മദ്‌ തുടങ്ങിയ മഹാരഥരുടെ എറ്റവും വലിയ മാതൃകയും എസ്.കെ.യായിരുന്നു. അച്ചടക്കമില്ലാത്ത വഴിവിട്ട ജീവിതം ചങ്ങമ്പുഴയെ വളരെ നേരത്തെ കൊണ്ടുപോയങ്കിൽ വ്യക്തമായ കാഴ്ചപ്പാടോടയും ലക്ഷ്യത്തോടയും മുന്നേറിയ എസ്കെ പതിറ്റാണ്ടുകളോളം മലയാളിക്ക് പ്രിയങ്കരനായി ജീവിക്കുന്നു.
കാഥികന്റെ പണിപ്പുരയിൽ എംടി എഴുതിയിട്ടുണ്ട് എഴുതിത്തുടങ്ങുന്നവർക്ക് മാതൃകയാക്കാൻ എസ്‌കെയെപ്പോലെ മറ്റൊരാളില്ല. ദിവസവും കാണുന്നതും കേൾക്കുന്നതും പരിചയപ്പെടുന്ന വ്യക്തികൾ, അനുഭവങ്ങൾ എല്ലാം അദ്ദേഹം എഴുതി വയ്ക്കും. പെട്ടന്നാകും മാതൃഭൂമിയിൽ നിന്നോ മറ്റൊ ആളെത്തുക അത്യാവശ്യമായി ഒരു കഥ എഴുതിത്തരണം. അദ്ദേഹത്തിനു ഡയറി ഒന്ന് പരതുകയെ വേണ്ടൂ. കുറിച്ച് വെച്ച എതങ്കിലും കഥാപാത്രത്തിലോ സംഭവത്തിലോ മനസ്സുടക്കിയാൽ ഒരു മണിക്കൂറിനകം കഥ റെഡി. ഇത്ര പ്രൊഫഷനൽ ആയ ഒരു എഴുത്തുകാരൻ ലോകത്തിൽ തന്നെ അപൂർവമാണ് എന്നാണ് എംടിയുടെ അഭിപ്രായം.
വയനാട്ടിലെ കുടിയേറ്റത്തിന്റെ പശ്ചാത്തലത്തിലെഴുതിയ ‘വിഷകന്യക’, മിഠായിത്തെരുവിന്റെ ഇതിഹാസം പറയുന്ന ‘ഒരു തെരുവിന്റെ കഥ’, ആത്മകഥാംശം ഏറെയുള്ള ‘ഒരു ദേശത്തിന്റെ കഥ’ എന്നിവയാണ് എഴുതിയ പത്ത് നോവലുകളിൽ എറ്റവും ആഴമുള്ളതും ജനകീയമായതും. ഹൃദയത്തിന്റെ ഭാഷയിൽ ഉള്ളിൽ തട്ടി എസ്കെ എഴുതിയപ്പോൾ, ഒരു കിലോമീറ്റർ നീളമുള്ള മിഠായിത്തെരുവ് കോഴിക്കോടിന്റെ ഹൃദയധമനിയായി മാറി. എഴുത്തുകാരന്റെ പ്രിയപ്പെട്ട തെരുവ് കാണാൻ ആയിരക്കണക്കിന് ചെറുപ്പക്കാർ കോഴിക്കോട് വണ്ടിയിറങ്ങി. വളരെ അപൂർവമായി മാത്രമേ മലയാള സാഹിത്യത്തിൽ ഒരു പ്രദേശം തന്നെ കഥാപാത്രമാകുന്നതും ജനകീയമാകുന്നതും. തെരുവിന്റെ കഥ കൂടാതെ മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’, ഒവി വിജയൻന്റെ ‘ഖസാക്കിന്റെ ഇതിഹാസം’, അങ്ങനെ വളരെ അപൂർവ്വം.
ചെറുകഥയും നോവലും നാടകവും കവിതയുമൊക്കയായി സാഹിത്യത്തിന്റെ സമസ്ഥ മേഖലയിലും പാറിപ്പറന്ന എസ്കെയുടെ പ്രതിഭ പരാജയപ്പെട്ടങ്കിലും പുതിയൊരു സാഹിത്യരൂപം കൂടി വെട്ടിത്തുറന്നു. നോവലും നാടകവും സംയോജിപ്പിച്ച് അദ്ദേഹമെഴുതിയ ‘ഭാരതപ്പുഴയുടെ മക്കൾ’ ലോകത്തിലെ തന്നെ ഒരേയൊരു നോവടകം ആണ്. 1962 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അത്യപൂർവമായൊരു പുതുമ കൂടി നൽകി. എസ്കെയും സുകുമാർ അഴീക്കോടും കൊമ്പുകൊർത്ത ആ തെരഞ്ഞെടുപ്പിൽ തലശ്ശേരിയിൽ നിന്ന് മലബാറിന്റെ പ്രിയപുത്രൻ പാര്‍ളമെന്റിലെത്തി. 1967 വരെ ഇടതുപക്ഷ എംപിയായി ലോകസഭയിൽ. ആ അനുഭവങ്ങളെ അധികരിച്ച് എഴുതാൻ തുടങ്ങിയ നോർത്ത് അവന്യൂ എന്ന നോവൽ അദ്ദേഹത്തിനു മുഴുമിക്കാനായില്ല.
1980 ൽ ജ്ഞാനപീഠം ലഭിച്ചത് മലയാളത്തിൽ നിന്നുള്ള ഈ രണ്ടാം ശങ്കരനായിരുന്നു (ആദ്യം ലഭിച്ചത് ജി ശങ്കരക്കുറുപ്പ് ,രണ്ടാമത് ശങ്കരൻ കുട്ടി പൊറ്റക്കാട്ട് മൂന്നാമത് തകഴി ശിവശങ്കരപ്പിള്ള).
ഓരോ പ്രതിഭക്കും ഓരോ ജന്മനിയോഗങ്ങളുണ്ട്. എസ്കെ എന്ന ജീനിയസ്സിന്റെ നിയോഗം സഞ്ചാരസാഹിത്യം എന്ന മഹാപ്രപഞ്ചത്തിലെക്ക് മലയാളിയെ കൈപിടിച്ച് നടത്തുക എന്നതായിരുന്നു. നിറഞ്ഞ യൌവ്വനത്തിൽ പൈതൃകമായി കിട്ടിയതും ഉണ്ടാക്കിയതുമെല്ലാം വിറ്റുപെറുക്കി ലോകം ചുറ്റാനിറങ്ങിയ മാനസികാവസ്ഥയെ മുഴുഭ്രാന്തെന്ന് വിളിക്കാത്തവർ കുറവായിരുന്നു. യാത്രാസൌകര്യങ്ങളും, വാർത്താവിനിമയവും അങ്ങേയറ്റം പരിമിതമായ 1940 കളിൽ പഴയൊരു ക്യാമറയും പെട്ടിനിറയെ പ്ലെയേഴ്സ് സിഗരറ്റും ഉള്ളിലെ ജിജ്ഞാസയുടെ കടലിരമ്പവുമായി ആ അന്വേഷണ തൃഷ്ണ അലഞ്ഞു തിരിയാത്ത ഒരു തരി മണ്ണ് പോലും ലോകത്തില്ലായിരുന്നു. കെനിയയിലെ ദാർ എസ് സലാം മുതൽ ഈജിപ്റ്റിലെ അലക്സാണ്ട്രിയ വരെ ട്രെയിനിലും ബസ്സിലും ബോട്ടിലും താണ്ടിയ പതിനായിരത്തിൽ പരം കിലോമീറ്റ‌റുകളിലൂടെ ഇരുണ്ട ഭൂഖണ്ടത്തിന്റെ നേർചിത്രമാണ് അദ്ദേഹം കോറിയിട്ടത്‌. എത്തിപ്പെടുന്ന സ്ഥലത്ത് പുതിയ ബന്ധങ്ങൾ സ്ഥാപിച്ചും കൌതുകവസ്തുക്കൾ ശേഖരിച്ചും പുതിയ അനുഭവങ്ങളിലൂടെ സഞ്ചരിച്ചും നടത്തിയ അനുഭവങ്ങൾ വിവരിച്ചപ്പോൾ മലയാളി അന്തം വിട്ടിരുന്നു. എഴുത്തുകാരന്റെയും സഞ്ചാരിയുടെയും സർഗപ്രതിഭകൾ സംഗമിച്ചപ്പോൾ അദ്ദേഹത്തിന്റെ നോവലുകളെക്കാൾ ഹൃദ്യമായ സഞ്ചാര കാവ്യങ്ങൾ തന്നെ പിറന്നു വീണു. ഭാരതപ്പുഴക്കും സഹ്യപർവതത്തിനുമപ്പുറത്തേക്ക് വളർന്നിട്ടില്ലാത്ത മലയാളിയുടെ ചിന്തകളിൽ യൂണിയൻ ജാക്ക് വിരിച്ചിട്ട പോലെ രൂപകൽപന ചെയ്ത ഖാർതൂമിലും മോസ്കോയിലെ ഭൂഗര്‍‌ഭ റെയിൽവെയിലും മാർക്ക് ആന്റണിയും ക്ളിയോപ്പാട്രയും കെട്ടിപ്പുണർന്നു നിന്ന നൈലിന്റെ തീരങ്ങളിലും അലയാൻ തുടങ്ങി. അത് വെറും സഞ്ചാര രേഖകൾ മാത്രമല്ല. ആ കാലഘട്ടത്തിൽ ലോകത്തിനു നേരെയും രാജ്യങ്ങളുടെ ചരിത്രങ്ങളുടെ നേരെയും പിടിച്ചിരിക്കുന്ന ഒരു കണ്ണാടിയാണ്.
അദ്ദേഹത്തിന്റെ പതിനേഴ്‌ യാത്രാവിവരണങ്ങൾ പിന്നീട് മൂന്ന് വോള്യമായി പ്രസിദ്ധീകരിച്ചു. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിങ്ങനെ. ഇത് മൂന്നും മലയാളത്തിലെ എക്കാലത്തെയും മികച്ച ബെസ്റ്റ് സെല്ലരുകലാണ് പ്രത്യേകിച്ച് ആഫ്രിക്ക. ഇതെഴുതുന്നതിനു കിട്ടുന്ന പ്രതിഫലത്തെപ്പറ്റി ചോദിച്ചപ്പോൾ എസ്കെ പറഞ്ഞ മറുപടിയുണ്ട്. ‘കാപ്പിരികളുടെ നാട്ടിൽ’ എഴുതിയതിനു മാതൃഭൂമി കൊടുത്ത പ്രതിഫലത്തിന്റെ ഇരട്ടിയിലധികം തുകക്ക് അദ്ദേഹം ഈ സമയത്ത് പ്ലയേഴ്സ് വലിച്ച് തള്ളിയിട്ടുണ്ട് എന്ന്. അപ്പോഴാണ്‌ ഈ മനുഷ്യൻ തലമുറകൾക്ക് വേണ്ടി കാത്ത് വച്ച ഈ മഹാനിധികളുടെ പ്രാധാന്യം മനസ്സിലാകുന്നത്.
1980 ൽ ജീവിതയാത്രയിൽ താങ്ങും തണലുമായിരുന്ന പ്രിയതമ ജയവല്ലിയുടെ മരണം എസ്കെയുടെ പദക്രമങ്ങളുടെ താളം തെറ്റിച്ചു. സാഹിത്യത്തിന്റെ ഒരു വിശാലസാമ്രാജ്യം തന്നെ നമുക്ക് സമ്മാനിച്ച് കൊണ്ട് 1982 ആഗസ്റ്റ്‌ 6 ന് മഹാനായ സഞ്ചാരി യാത്രയായി. തന്റെ പ്രിയപ്പെട്ട തെരുവിനെ നിരീക്ഷിക്കുന്ന രീതിയിൽ മിഠായിത്തെരുവിന്റെ തുടക്കത്തിൽ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കപ്പെട്ടു. നഗരത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് കോഴിക്കോട് തിലോദകം നൽകിയത് അങ്ങനെയാണ്.
ലോകത്തിലെ എല്ലാ കോണിൽ നിന്നുമുള്ള കൌതുകവസ്തുക്കൾ ശേഖരിക്കപ്പെട്ട പുതിയറയിലെ ചന്ദ്രകാന്തത്തിനു സമീപമെത്തുമ്പോൾ അറിയാതെ കൊതിച്ച് പോകുന്നു. ചുണ്ടിൽ സദാ തിളങ്ങുന്ന കുസ്രുതിച്ചിരിയുമായി എസ്കെ ഈ പരിസരത്തുണ്ടായിരുന്നെങ്കിൽ.

No comments:

Post a Comment