Powered By Blogger

Wednesday, January 21, 2015

വൈക്കം മുഹമ്മദ്‌ ബഷീര്‍

'' പേന എടുത്തുതുടങ്ങുമ്പോള്‍ ഇത് മുഴുമിപ്പിക്കാന്‍ ഞാന്‍ ഉണ്ടാവുമോ എന്നെനിക്ക് അറിയില്ല. അതിനാല്‍ ഓരോ കഥയും പൂര്‍ത്തിയാവുമ്പോള്‍ സുന്ദരഗോളത്തില്‍ പിന്നേയും ദിവസങ്ങള്‍ അനുവദിച്ചുതന്ന ദൈവത്തിന് നന്ദി പറയും. മംഗളവും ശുഭവും എഴുതും''... എഴുത്തിലെ‘ഇമ്മിണി ബല്യ സുൽത്താൻ’ഒരിക്കൽ പറഞ്ഞു. മലയാള സാഹിത്യത്തിന്‍റെ നടുമുറ്റത്ത് കുഴിമടിയനായ ബഡുകൂസാണ് താനെന്ന് പ്രഖ്യാപിച്ച വൈക്കം മുഹമ്മദ് ബഷീറിന്‍റെ നൂറ്റിയാറാം ജന്മദിനമാണ് ഇന്ന്.
ചിരിയ്ക്കും ചിന്തയ്ക്കുമൊപ്പം ജീവിതത്തിന്‍റെ നേർക്കാഴ്ചകളേയാണ് ബഷീർ ആസ്വാദകന്‍റെ മാങ്കോസ്റ്റിൻ മരച്ചുവട്ടിൽ നട്ടു വളർത്തിയത്. ലളിതമായ വാക്കുകള്‍, നര്‍മ്മത്തില്‍ പതിയിരിക്കുന്ന വേദനകള്, സ്വന്തമായ ഭാഷയില്‍ കഥ പറഞ്ഞ എഴുത്തുകാരന്‍‍‍..‍... ബേപ്പൂരിന്‍റെ എഴുത്തുകാരന് വിശേഷണങ്ങള്‍ അനവധിയുണ്ട്.
1908 ജനുവരി 21ന് കായി അബ്ദു റഹ്മാന്റെയും കുഞ്ഞാത്തുമ്മയുടെയും മൂത്ത മകനായി കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ തലയോലപ്പറമ്പ് ഗ്രാമത്തിലാണ് വൈക്കം മുഹമ്മദ് ബഷീര്‍ ജനിച്ചത്. തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്‌ളീഷ് സ്‌കൂളിലുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രാഥമിക വിദ്യാഭ്യാസം. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാന്‍ വീട്ടില്‍ നിന്നും ബഷീര്‍ ഒളിച്ചോടിയത്. കാല്‍നടയായി എറണാകുളത്തു ചെന്നു കളളവണ്ടി കയറി കോഴിക്കോട്ടെത്തിയാണ് അന്ന് ഗാന്ധിജിയെ കണ്ടത്. പില്‍ക്കാലത്ത് തന്‍റെ ബാല്യകാലത്തെ അഭിമാനകരമായ നിമിഷമായി അന്ന് ഗാന്ധിയെ തൊട്ട കാര്യം ബഷീര്‍ ഓര്‍ത്തെടുക്കുമായിരുന്നു.
പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം 1930-ല്‍ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയിലിലായി. പിന്നീട് ഭഗത് സിംഗ് മാതൃകയില്‍ തീവ്രവാദ സംഘമുണ്ടാക്കി. സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തില്‍ ലേഖനങ്ങള്‍ എഴുതാന്‍ ആരംഭിച്ചു. ‘പ്രഭ’ എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. ലോകം ചുറ്റുന്നതില്‍ താല്പര്യമുള്ള യുവാവായ ബഷീര്‍ ആഫ്രിക്ക, അറേബ്യ, തുടങ്ങിയ രാജ്യങ്ങള്‍ ചുറ്റി. ഏകദേശം 9 വര്‍ഷത്തോളം നീണ്ട ഈ യാത്രയില്‍ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും അദ്ദേഹം നേരിട്ടു കണ്ടു.
1943-ലാണ് മലയാള സാഹിത്യത്തിലെ എക്കാലത്തെയും പ്രണയലേഖനമായ 'ഒരു പ്രേമലേഖനം' അദ്ദേഹം പ്രസിദ്ധീകരിക്കുന്നത്. ബാല്യകാലസഖി (1944), ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് (1951), ആനവാരിയും പൊൻകുരിശും (1953), പാത്തുമ്മയുടെ ആട് (1959), മതിലുകൾ , ഭൂമിയുടെ അവകാശികൾ (1977), ശബ്ദങ്ങൾ (1947), സ്ഥലത്തെ പ്രധാന ദിവ്യൻ (നോവൽ) (1953) വിശ്വവിഖ്യാതമായ മൂക്ക് തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ പ്രധാനകൃതികളില്‍ ചിലത്.
1982-ല്‍ ഇന്ത്യാ ഗവണ്‍മെന്റ് പത്മശ്രീ പുരസ്‌കാരം നല്‍കി ബഷീറിനെ ആദരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ‘ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ്’ ബിരുദം (1987), സംസ്‌കാരദീപം അവാര്‍ഡ് (1987), പ്രേംനസീര്‍ അവാര്‍ഡ് (1992), ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ് (1992), മുട്ടത്തുവര്‍ക്കി അവാര്‍ഡ് (1993), വള്ളത്തോള്‍ പുരസ്‌കാരം(1993) തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 1994 ജൂലൈ അഞ്ചിന് അദ്ദേഹം അന്തരിച്ചു.

1 comment: