Powered By Blogger

Wednesday, January 21, 2015

റാഷ് ബിഹാരി ബോസ്

1912 ഡിസംബർ 23

ബ്രിട്ടീഷ് ചക്രവർത്തിയുടെ പ്രതിപുരുഷനായ പുതിയ വൈസ്രോയിയുടെ പ്രൗഢ ഗംഭീരമായ സ്വീകരണ ഘോഷയാത്ര ഡൽഹിയിലെ ചാന്ദ്നീ ചൗക്കിലൂടെ കടന്നു വരികയാണ് . ഒരു മനുഷ്യ സമുദ്രം തന്നെ അലയടിച്ചു വരുന്ന രീതിയിലുള്ള ആ ഘോഷയാത്രയിൽ കമനീയമായി അലങ്കരിച്ചൊരുക്കിയ ഒരു കൊമ്പനാനയുടെ മുകളിലിരിക്കുകയാണ് വൈസ്രോയി ഹാർഡിഞ്ച് പ്രഭു . പെട്ടെന്ന് ആൾക്കൂട്ടത്തിനിടയിൽ നിന്നും ഒരു കൈ ഉയർന്നു താണു . ചെകിടടപ്പിക്കുന്ന സ്ഫോടനം . പുകപടലങ്ങൾ അടങ്ങിയപ്പോൾ കണ്ടത് പരിക്കേറ്റ് ചോരയിൽ കുളിച്ചു കിടക്കുന്ന ഹാർഡിഞ്ച് പ്രഭുവിനേയും മരിച്ചു കിടക്കുന്ന അദ്ദേഹത്തിന്റെ അംഗരക്ഷകനേയുമാണ് .ഡൽഹി തലസ്ഥാനമാക്കിക്കൊണ്ട് അവിടെ രാജകീയമായി പ്രവേശിക്കാനെത്തിയ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കിങ്കരനെ എതിരേറ്റത് "സ്വാതന്ത്ര്യമാണ് ജീവിതം അടിമത്തമോ മരണം " എന്ന ആവേശോജ്ജ്വലമായ മുദ്രാവാക്യമുയർത്തി വിപ്ലവപാതയിലേക്കെടുത്തു ചാടിയ ഒരു കൂട്ടം ധീര ദേശാഭിമാനികളുടെ ബോംബുകളാണ് .

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപന്മാർക്ക് വിപ്ലവകാരികൾ നൽകിയ ഈ സ്വീകരണം ഒരിക്കലും സഹിക്കാനാകുമായിരുന്നില്ല . അപമാനഭാരം കൊണ്ട് വീർപ്പു മുട്ടിയ അവർ ഈ ബോംബ് സ്ഫോടനത്തിനു പിന്നിലുള്ളവരെ തേടി നാലുപാടും പാഞ്ഞു . ഒരു വർഷത്തോളം ഡൽഹി ബോംബാക്രമണത്തിനു പിന്നിൽ ആരെന്ന് കണ്ടെത്താനവർക്കായില്ല .ഒടുവിൽ ഡെറാഡൂൺ വന ഗവേഷണ സ്ഥാപനത്തിൽ ഗുമസ്തനായി ജോലി ചെയ്യുന്ന ഒരു ബംഗാൾ സ്വദേശിയാണ് ഈ ബോംബ് സ്ഫോടനം ആസൂത്രണം ചെയ്തതെന്ന് അവർ കണ്ടുപിടിച്ചൂ .ഭാരതത്തിലെ വിപ്ലവ പ്രസ്ഥാനങ്ങളുടെ പ്രധാന സൂത്രധാരൻ എന്ന് വിശേഷിപ്പിക്കപ്പെട്ട റാഷ് ബിഹാരി ബോസ് ആയിരുന്നു ആ ബോംബ് സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചിരുന്നത് . തന്നെ ബ്രിട്ടീഷുകാർ മനസ്സിലാക്കി എന്നറിഞ്ഞ നിമിഷം റാഷ് ബിഹാരി ഡെറാഡൂണിൽ നിന്ന് രക്ഷപ്പെട്ട് ബനാറസിലെത്തി.. അവിടെ മൂന്നുവർഷത്തോളം ഒളിവിലിരുന്ന് വിപ്ലവ പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകി . ഭാരതത്തിനകത്തും പുറത്തുമായി വളർന്നു വന്ന ഗദർ പ്രസ്ഥാനമുൾപ്പെടെയുള്ള സംഘടനകൾക്ക് മാർഗ്ഗ നിർദ്ദേശം നൽകിക്കൊണ്ട് അദ്ദേഹം വിപ്ലവ പ്രവർത്തനം തുടർന്നു .

വിദേശ രാജ്യങ്ങളിൽ സ്വാതന്ത്ര്യ പ്രവർത്തനങ്ങൾ നടത്തിയ വിപ്ലവ നായകർ ഭാരതത്തിലേക്ക് മടങ്ങിത്തുടങ്ങി . റാഷ് ബിഹാരിയുടെ നേതൃത്വത്തിൽ ഒരു സമ്പൂർണ വിപ്ലവ പദ്ധതി ഉയർന്നു വന്നു. ലാലാ ഹർദയാലും, സചീന്ദ്ര നാഥ സന്യാലും വിഷ്ണു പിംഗളേയുമടക്കമുള്ള നിരവധി ധീര ദേശാഭിമാനികൾ ഓരോ നഗരങ്ങളിലും സഞ്ചരിച്ച് പദ്ധതി വിജയിപ്പിക്കാൻ യത്നിച്ചു കൊണ്ടിരുന്നു . അങ്ങനെ 1915 ഫെബ്രുവരി 21 സമ്പൂർണ വിപ്ലവത്തിനു വേണ്ടി തിരഞ്ഞെടുക്കപ്പെട്ടു . അന്ന് ഇന്ത്യൻ സൈന്യത്തിലെ വിവിധ ട്രൂപ്പുകളും വിപ്ലവത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നു .എന്നാൽ നിർഭാഗ്യകരമെന്ന് പറയട്ടെ വിപ്ലവ സംഘടനയിലേക്ക് പുതുതായി ചേർക്കപ്പെട്ട ഒരംഗം പദ്ധതിയെ ബ്രിട്ടീഷുകാർക്ക് ഒറ്റിക്കൊടുത്തു .291 പേർ അറസ്റ്റ് ചെയ്യപ്പെട്ടു . അതിൽ 42 പേരെ തൂക്കിക്കൊന്നു . 114 പേർ നാടുകടത്തപ്പെട്ടു . ബാക്കിയുള്ളവരെ വെറുതെ വിട്ടു . റാഷ് ബിഹാരി ബോസ് ഭാരതം വിടാൻ നിർബന്ധിതനാവുകയും ജപ്പാനിലേക്ക് രക്ഷപ്പെടുകയും ചെയ്തു

ജപ്പാനിലെത്തിയ അദ്ദേഹത്തിന് പതിനേഴ് പ്രാവശ്യം താമസ സ്ഥലം മാറേണ്ടി വന്നു . അന്ന് ജപ്പാനും ബ്രിട്ടനുമായി സൗഹൃദം നിലനിന്നിരുന്നതിനാൽ റാഷ് ബിഹാരിയെ പിടിക്കാൻ ബ്രിട്ടൻ ജപ്പാനെ സമീപിച്ചിരുന്നു . ജപ്പാനിലെ ദേശീയവാദികളിൽ ചിലർ റാഷ് ബിഹാരിയെ പിന്തുണച്ചു .അങ്ങനെ ബ്രിട്ടന്റെ പിടിയിലകപ്പെടാതെ ജപ്പാനിൽ ജീവിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. തന്നെ ഒളിവിൽ താമസിപ്പിച്ച സോമ കുടുംബത്തിൽ നിന്ന് അദ്ദേഹം വിവാഹം കഴിച്ചു .തുടർന്ന് ജാപ്പനീസ് ഭാഷ പഠിച്ച് അവിടെ പത്രപ്രവർത്തകനായി അദ്ദേഹം ജോലിചെയ്തു . ഇതിനിടയിലും ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കാളിയായിരുന്നു. സ്വാതന്ത്ര്യ സമരത്തെപ്പറ്റിയും ഭാരതത്തിന്റെ അവകാശങ്ങളെപ്പറ്റിയും ജാപ്പനീസ് ഭാഷയിൽ നിരവധി ലേഖനങ്ങളും പുസ്തകങ്ങളുമെഴുതി. ഭാവിയിൽ സുഭാഷ് ചന്ദ്ര ബോസിന് സ്വാതന്ത്ര്യ സമര പോരാട്ടത്തിനുതകും വിധം വളക്കൂറുള്ള മണ്ണായി അദ്ദേഹം ജപ്പാനെ മാറ്റി . ഇന്ത്യൻ നാഷണൽ ആർമിയുടെ രൂപീകരണത്തിന് പ്രധാന പങ്കു വഹിച്ചത് റാഷ് ബിഹാരിയാണ്.

അവസാനശ്വാസം വരെ സമരം നിർത്തരുതെന്ന് അദ്ദേഹം സ്വാതന്ത്ര്യ ഭടന്മാരെ ഉദ്ബോധിപ്പിച്ചിരുന്നു. ഒരിക്കൽ സചീന്ദ്ര സന്യാലിൽ നിന്ന് ലഭിച്ച കത്തിൽ നിരാശ നിഴലിക്കുന്നത് തിരിച്ചറിഞ്ഞ റാഷ് ബിഹാരി ഇങ്ങനെ കുറിച്ചു . " താങ്കളുടെ എഴുത്തിൽ ചിലയിടത്ത് നിഴലിക്കുന്ന നിരാശാ ബോധം എനിക്കിഷ്ടപ്പെടുന്നില്ല .ജീവിതം സനാതനമാണ് . അതിനാൽ സംഘർഷവും സനാതനമാണ് "

1945 ജനുവരി 21 ന് അദ്ദേഹം അന്തരിച്ചു . ഒരു വിദേശിക്ക് ലഭിക്കാവുന്ന ഏറ്റവുമുയർന്ന ബഹുമതിയായ ഓർഡർ ഓഫ് ദ മെറിറ്റ് ഓഫ് ദ റൈസിംഗ് സൺ നൽകിയാണ് ജപ്പാൻ അദ്ദേഹത്തെ ആദരിച്ചത് . 2013 ൽ ആ ധീര ദേശാഭിമാനിയുടെ ചിതാഭസ്മം ജപ്പാനിൽ നിന്ന് ഭാരതത്തിലെത്തിച്ച് ഹൂബ്ലി നദിയിൽ നിമഞ്ജനം ചെയ്തു. സ്വതന്ത്ര ഭാരതത്തിലേക്ക് സ്വന്തം ചിതാഭസ്മമെങ്കിലും എത്തപ്പെട്ടല്ലോയെന്ന് അറിയപ്പെടാത്ത ലോകത്തിരുന്ന് ഒരു പക്ഷേ അദ്ദേഹം ചിന്തിച്ചിരിക്കാം ....

No comments:

Post a Comment