Powered By Blogger

Monday, August 20, 2012

P കൃഷ്ണപിള്ള

കേരളത്തിലെ ആദ്യത്തെ കമ്യുണിസ്റ്റ് എന്നറിയപ്പെടുന്ന
P കൃഷ്ണപിള്ളയുടെ 106 ആമത് ജന്മവാര്‍ഷികം നാളെ....

കോട്ടയം ജില്ലയിലെ വൈക്കത്തു ഒരു ഇടത്തരം
മധ്യവർഗ്ഗ കുടുംബത്തിൽ മയിലേഴത്തു മണ്ണം‌പിള്ളി
നാരായണൻ നായരുടെയും പാർവ്വതിയമ്മയുടെയും
മകനായായി 1906 അഗസ്റ് 19 നു അദേഹം ജനിച്ചു.

വളരെ ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ
നഷ്ടപ്പെട്ട അദേഹത്തിന്റെ ചെറുപ്പകാലം വളരെ ദുരിതപൂര്‍ണമായിരുന്നു. തൊഴില്‍ തേടി ഭാരതം
ഉടനീളം അലഞ്ഞ അദേഹം അവിടെ വച്ച് ഹിന്ദി
പഠിക്കുകയും ബിരുദം നേടുകയും ചെയ്തു.

ഉത്തരേന്ത്യൻ ജീവിതം കഴിഞ്ഞു കേരളത്തിൽ
തിരിച്ചെത്തിയ അദ്ദേഹം ഒരു നല്ല പ്രാസംഗികനും
ഹിന്ദി എഴുത്തുകാരനുമായി മാറിയിരുന്നു.

1930 -ൽ കോഴിക്കോടു മുതൽ പയ്യന്നൂർ വരെ നടത്തിയ
ഉപ്പു സത്യാഗ്രഹ ജാഥയിൽ പങ്കെടുക്കുകയും
അതിനെത്തുടർന്നു കണ്ണൂർ ജയിലിൽ തടവിലാക്കപ്പെടുകയും
ചെയ്തു. 1931 -ൽ ഹിന്ദു സമൂഹത്തിലെ അവർണ്ണ
ജനവിഭാഗത്തിനു ക്ഷേത്രപ്രവേശനത്തിനുള്ള
അവകാശം നേടിയെടുക്കാനായി കോൺഗ്രസ്സിന്റെ
നേതൃത്വത്തിൽ നടന്ന ഗുരുവായൂർ സത്യാഗ്രഹത്തിൽ
കൃഷ്ണപിള്ള സജീവമായി പങ്കുചേർന്നു.
സാമൂതിരിയുടെ നായർ പടയാളികളുടെ ഭീകരമർദ്ദനത്തെ
അവഗണിച്ചു കൊണ്ട് ഗുരുവായൂരിലെ ക്ഷേത്രമണി
മുഴക്കി രാജാധികാരത്തെ വെല്ലുവിളിച്ചു സമരനേതൃത്വത്തിനു
വീര്യം പകരുകയുണ്ടായി.

ഭാരതത്തിലെ മറ്റു പ്രമുഖ ഇടതുപക്ഷ നേതാക്കളെപ്പോലെ
തന്നെ കൃഷ്ണപിള്ളയും ഇന്ത്യൻ നാഷണൽ
കോൺഗ്രസ്സിലൂടെയാണു രാഷ്ട്രീയജീവിതം ആരംഭിച്ചത് -

1934 -ൽ ബോംബെയിൽ വച്ച് കോൺഗ്രസ് സോഷ്യലിസ്റ്റ്
പാർട്ടി രൂപീകൃതമായപ്പോൾ പാർട്ടിയുടെ കേരളത്തിലെ സെക്രട്ടറിയായി കൃഷ്ണപിള്ള നിയോഗിക്കപ്പെട്ടു. ഇ.എം.എസ്സായിരുന്നു പാർട്ടിയുടെ ഒരു ദേശീയ
ജനറൽ സെക്രട്ടറി. ഗാന്ധിയൻ ആദര്ശങ്ങളിൽ നിന്നും
വഴിമാറി പ്രവർത്തിക്കാനാരംഭിച്ച അദ്ദേഹം തന്റെ അനുയായികളോടൊപ്പം കേരളത്തിലുടനീളം
സഞ്ചരിക്കുകയും രഹസ്യ രാഷ്ട്രീയ യോഗങ്ങൾ,
പ്രകടനങ്ങൾ, യുവ സംഗമങ്ങൾ, കർഷക,തൊഴിലാളി
യൂണിയൻ തുടങ്ങി ഒട്ടനവധി രാഷ്ട്രീയ പ്രവർത്തനങ്ങൾക്കു
ചുക്കാൻ പിടിക്കുകയും ചെയ്തു.

1936 വരെ മലബാർ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന
കൃഷ്ണപിള്ള പിന്നീട് കൊച്ചിയിലേക്കും
തിരുവിതാംകൂറിലേക്കും തന്റെ പ്രവർത്തന മേഖല
വ്യാപിപ്പിച്ചു. 1938 -ൽ ആലപ്പുഴയിൽ നടന്ന പ്രസിദ്ധമായ
തൊഴിലാളി സമരത്തിന്റെ മുഖ്യ സംഘാടകനായി അദ്ദേഹം.
വൻ വിജയമായി മാറിയ ഈ സമരം തിരുവിതാംകൂറിലെ തൊഴിലാളികൾക്കു സംഘടിക്കാനും കൂലി ചോദിക്കാനുമുള്ള അവകാശം വാങ്ങിക്കൊടുത്തു. വർഷങ്ങൾക്കു ശേഷം നടന്ന പുന്നപ്ര-വയലാർ പ്രക്ഷോഭത്തിനു പിന്നിലെ പ്രധാന
സ്വാധീനവും ഊർജ്ജവുമായി ഈ സമരം മാറി.

കേരളത്തിലെ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി
കമ്മ്യൂണിസ്റ്റ് പാർട്ടിയായി രൂപാന്തരം പ്രാപിക്കുന്നതിൽ
പി. കൃഷ്ണപിള്ളയുടെ അക്ഷീണപ്രയത്നം
ഒരു പ്രധാനപങ്കു വഹിച്ചിട്ടുണ്ട്. 1939 ഒൿടോബർ 13-ന്
കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്ത് പിണറായി
എന്ന ഗ്രാമത്തിൽ പി. കൃഷ്ണപിള്ള, ഇ.എം.എസ്സ്,
കെ.ദാമോദരൻ, എൻ.സി.ശേഖർ തുടങ്ങി തൊണ്ണൂറോളം
കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി നേതാക്കൾ
ഒത്തുകൂടുകയും കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ
കേരള ഘടകത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയായി
രൂപാന്തരപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തു.

മൂന്നു മാസങ്ങൾക്കു ശേഷം 1940 ജനുവരി 26-ന്
ചുവരുകളിലും സർക്കാർ കാര്യാലയങ്ങളിലും
മുദ്രാവാക്യങ്ങൾ എഴുതി വച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി
തങ്ങളുടെ രൂപവത്കരണം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
പിന്നീട് ഒളിവിൽ പോയ കൃഷ്ണപിള്ള കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിക്കുന്നതിനുള്ള ഭാരിച്ച ചുമതല ഏറ്റെടുത്തു.
1940 ഡിസംബറിൽ ജന്മനാടായ വൈക്കത്തു വച്ച്
അദ്ദേഹംപോലീസ് പിടിയിലാവുകയും
കന്യാകുമാരി ജില്ലയിലെ ഇടലക്കുടി സബ് ജയിലിൽ
തടവിലാവുകയും ചെയ്തു. അവിടെ വച്ചാണ്
പിന്നീട് ജീവിതപങ്കാളിയായി മാറിയ തങ്കമ്മയെ
പരിചയപ്പെടുന്നത്.

1943-ൽ കോഴിക്കോടുവച്ചു നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടി
ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ ആദ്യത്തെ സമ്മേളനത്തിൽ കൃഷ്ണപിള്ളയെ ആദ്യ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു.1948-ലെ കൽക്കത്താ തീസിസ്സിനെ തുടർന്ന്
ഭാരതത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടു. കൃഷ്ണപിള്ളയടക്കമുള്ള നേതാക്കൾ വീണ്ടും
ഒളിവിൽ പോയി.

ഈ.എം.എസ്സിനും ഏ.കെ.ജീക്കുമൊപ്പം
കേരള സംസ്ഥാനത്തു കമ്യൂണിസ്റ്റ് പ്രസ്ഥാനം
വേരുപിടിപ്പിക്കുന്നതിൽ നടുനായകത്വം വഹിച്ചു.
കമ്മ്യൂണിസ്റ്റ് പ്രവർ‌ത്തകർക്കിടയിൽ "സഖാവ്" എന്നു മാത്രം അറിയപ്പെട്ടിരുന്ന പി. കൃഷ്ണപിള്ള കേരളത്തിലെ
"ആദ്യത്തെ കമ്മ്യൂണിസ്റ്റ്" എന്നു വിശേഷിപ്പിക്കപ്പെടുന്നു.

1948 ഓഗസ്റ്റ് 19-ന് ആലപ്പുഴ ജില്ലയിലെ മുഹമ്മയിൽ
കണ്ണാർക്കാട് എന്ന ഗ്രാമത്തിൽ ഒരു കയർ തൊഴിലാളിയുടെ
കുടിലിൽ ഒളിവിൽ കഴിയുകയായിരുന്ന പി.കൃഷ്ണപിള്ളയ്ക്ക് സർപ്പദംശനമേറ്റു. അര മണിക്കൂറിനുള്ളിൽ അദ്ദേഹം മരണമടയുകയായിരുന്നു.

ആ ധീര സഖാവിന്റെ സ്മരണക്കു മുന്നില്‍ പ്രണാമാം....

No comments:

Post a Comment