Powered By Blogger

Monday, August 20, 2012

സഹോദരന്‍ അയ്യപ്പന്‍

കേരളത്തിലെ പ്രമുഖ സാമൂഹിക പരിഷ്കര്‍താവായിരുന്ന സഹോദരന്‍ അയ്യപ്പന്‍റെ നൂറ്റി ഇരുപത്തി മൂന്നാം
ജന്മവാര്‍ഷികം നാളെ...

ഏറണാകുള ജില്ലയിലെ ചെറായിയിലെ
കുമ്പളത്തു പറമ്പില്‍ വീട്ടിലെ കൊച്ചാവു വൈദ്യരുടെയും ഉണ്ണൂലിയുടേയും ഇളയ മകനായിരുന്നു അയ്യപ്പന്‍.
1889 ഓഗസ്റ്റ് 22 ന് (1065 ചിങ്ങം ഏഴിന്) ആയിരുന്നു
അദ്ദേഹത്തിന്‍റെ ജനനം.

പിതാവ് അകാലചരമമടഞ്ഞതുമൂലം അയ്യപ്പൻ,
ജേഷ്ഠനായ അച്ച്യുതൻ വൈദ്യരുടെ സംരക്ഷണയിലാണ്
വളർന്നത്. ചെറായിയിൽ ഒരു വർഷത്തെ പ്രാഥമിക
വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം പറവൂർ
ഇംഗ്ലീഷ് ഹൈസ്കൂളിൽ പഠിച്ചു. കോഴിക്കോട് മലബാർ
ക്രിസ്ത്യൻ കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പരീക്ഷ
പഠിച്ച് പാസ്സായി മദ്രാസിൽ ഉപരിപഠനത്തിനു ചെന്നെങ്കിലും ശരീരാസ്വാസ്ഥ്യം മൂലം ഇടയ്ക്കുവച്ച് പഠനം നിർത്തി
ഒരു കൊല്ലക്കാലം നാട്ടിൽ നിൽക്കേണ്ടി വന്നു.
പിന്നീട് ശ്രീനാരായണ ഗുരുവിന്റെ പ്രേരണയും
സഹായവും കൊണ്ട് അയ്യപ്പൻ പഠനം തുടർന്നു.
തിരുവനന്തപുരം മഹാരാജാസ് കോളേജിൽ സംസ്കൃതവും
ഇന്ത്യാ ചരിത്രവും ഐച്ഛികവിഷയങ്ങളായി എടുത്ത്
ബി.എയ്ക്ക് ചേർന്നു. തിരുവനന്തപുരത്ത് പഠിക്കുമ്പോൾ
തന്നെ സാമുദായികപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.

സമുദായത്തിൽ വേരൂന്നിയിരുന്ന അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും പിഴുതെറിയുവാനുള്ള വിപ്ലവ
പ്രസ്ഥാനത്തിന്റെ നേതാവായി അദ്ദേഹം
പ്രവർത്തനരംഗത്തിറങ്ങി. ജാതിചിന്തയ്ക്കെതിരെ
അദ്ദേഹം പ്രവര്‍ത്തിച്ചു. മിശ്രവിവാഹം ജാതിവിശ്വാസം
മാറ്റാനുള്ള ഒരു ഉപാധിയാണെന്ന് അദ്ദേഹം മനസിലാക്കി.
അതുകൊണ്ട് ഒട്ടേറെ മിശ്രവിവാഹ സംഘങ്ങള്‍ക്ക്
രൂപം നല്‍കി.

സമൂഹത്തിലെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും
തുടച്ചു മാറ്റാനുള്ള ഏക ഉപാധി യുക്തിവിചാരം പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
അതുകൊണ്ട് നാടെങ്ങും യുക്തിവാദി സംഘടനകള്‍
ഉണ്ടാക്കുന്നതിലും അദ്ദേഹം മുന്‍‌കൈയെടുത്തു.
ശ്രീനാരായണ ഗുരുവിന്‍റെ അടുത്ത ശിഷ്യനായിരുന്ന
അയ്യപ്പന്‍ അഹിംസയിലും അക്രമരാഹിത്യത്തിലും
വിശ്വസിച്ചു. പക്ഷെ, അദ്ദേഹത്തിനു സ്വജാതിയില്‍
നിന്നുപോലും എതിര്‍പ്പുകളും ഭത്സനങ്ങളും
നേരിടേണ്ടിവന്നു.

മനുഷ്യന്‍റെ വേഷവും ഭാഷയും മതവും ഏതായിരുന്നാലും
ജാതി ഒന്നാണ് എന്ന ശ്രീനാരായണ ഗുരുവിന്‍റെ
ഉപദേശം കണക്കിലെടുത്ത് അദ്ദേഹം പന്തി ഭോജനത്തിനും മിശ്രഭോജനത്തിനും എല്ലാം നേതൃത്വം നല്‍കി.
ചെറായിയിൽ 1917 മെയ് 29-ന് ഏതാനും ഈഴവരെയും
പുലയരെയും ഒന്നിച്ചിരുത്തി മിശ്രഭോജനം നടത്തി
മിശ്രഭോജന പ്രസ്ഥാനം ഉദ്ഘാടനം ചെയ്തു. അതോടുകൂടി ‘പുലയനയ്യപ്പൻ’ എന്ന പേർ കിട്ടി. ഈ വിശേഷണം അദ്ദേഹം അഭിമാനത്തോടെ സ്വീകരിച്ചു.

അസാമാന്യ ധീരത പ്രകടിപ്പിച്ച ആളായിരുന്നു അയ്യപ്പന്‍.
കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിലെ അശ്ലീലതയ്ക്കെതിരെ
ശക്തമായ നിലപാടെടുത്തു. തിരുവിതാം‌കൂര്‍ മഹാറാണി
ഈ ഏര്‍പ്പാട് നിര്‍ത്തണമെന്ന് കല്‍പ്പിച്ചിരുന്നു.
എന്നാല്‍ കൊച്ചി രാജാവ് അതിനു തയാറായില്ല.
പെണ്ണായ മഹാറാണിക്ക് കഴിഞ്ഞത് ആണായ താങ്കള്‍ക്ക്
എന്തുകൊണ്ട് കഴിഞ്ഞില്ല എന്ന് രാജാവിന്‍റെ മുഖത്തു നോക്കി അയ്യപ്പന്‍ ചോദിച്ചിരുന്നു.

1919ൽ അദ്ദേഹം മട്ടാഞ്ചേരിയിൽ നിന്ന് ‘സഹോദരൻ‘
പത്രം ആരംഭിച്ചു. ഈ പത്രം 1956 വരെ നിലനിന്നു. കേരളീയപത്രപ്രവർത്തന ചരിത്രത്തിൽ ഉജ്ജ്വലമായൊരു അദ്ധ്യായമാണ് ‘സഹോദരൻ’ പത്രത്തിന്റെ പ്രവർത്തനം.

ഒടുവിലത്തെ 15 വർഷത്തോളം സജീവമായ
പൊതുപ്രവർത്തനത്തിൽ നിന്നും വിരമിച്ച്
വായനയ്ക്കും എഴുത്തിനുമായി അദ്ദേഹം സമയം
വിനിയോഗിച്ചു. മരണം വരെ അദ്ദേഹം കേരളകൗമുദിയിൽ ‘ആഴ്ച്ചക്കുറിപ്പുകൾ’ എന്ന പംക്തിയിൽ കുറിപ്പുകള്‍
 എഴുതിയിരുന്നു. 1968 മാർച്ച് 6-ന് ഹൃദ്‌രോഗബാധിതനായി
അദ്ദേഹം അന്തരിച്ചു.

No comments:

Post a Comment