Powered By Blogger

Tuesday, December 15, 2015

കുമ്മനം രാജശേഖരന്‍.

എന്റെ സുഹൃത്ത്‌ പലതവണ പറഞ്ഞ ഒരു കഥയുണ്ട്,
ഒരിക്കല്‍ തിരുവനന്തപുരം മാരാര്‍ജി ഭവനില്‍നിന്നും
എന്തോ പ്രോഗ്രാം കഴിഞ്ഞ് പരിവാര്‍ നേതാക്കള്‍
ഒക്കെ പിരിയുന്നു... രാത്രി സമയം..... ജില്ലാ തലത്തിലും
അതിനു താഴെ ഉള്ളതും, അത്ര ഒന്നും പ്രധാനപ്പെട്ടവര്‍
അല്ലാത്തതും ആയ നേതാക്കളെ വരെ ഓരോരോ
വാഹനങ്ങള്‍ വന്നു പിക്ക് ചെയ്യുന്നു. ഒരു വലിയ
സ്യൂട്ട് കേയ്സും പിടിച്ചു നരച്ചതാടിയുമായി
രാജേട്ടന്‍ ആരെയോ പ്രതീക്ഷിച്ചു മാറി നില്‍ക്കുന്നു.
അവസാനം മാരാര്‍ജി ഭവനില്‍ നിന്നും യാത്രയായ
ആള്‍ അദ്ദേഹതോട്ചോദിക്കുന്നു,
"രാജേട്ടാ പോരുന്നോ....?"
"ഇല്ല, എനിക്കുള്ള വണ്ടി ഇപ്പോള്‍ വരും... "
അല്‍പ സമയം കഴിഞ്ഞപ്പോള്‍ ഒരു ബൈക്ക്
വന്നു നില്‍ക്കുന്നു, രാജേട്ടന്‍ സ്യൂട്ട് കേയ്സുമായി
അതിനു പിന്നില്‍ കയറുന്നു, അത്ഭുതപ്പെട്ടു നിന്ന
എന്റെ സുഹൃത്തിനോട്‌ അവിടെ നിന്ന ഓഫീസ്
സ്റ്റാഫ് പറയുന്നു...
"നേരെ റെയില്‍വേ സ്റ്റെഷന്‍.. സെക്കണ്ട് ക്ലാസ്
ടിക്കറ്റ് എടുത്താണ് യാത്ര... ഓഫീസില്‍ വന്നാല്‍
ഇദേഹത്തിനു മാത്രം ആവശ്യങ്ങളില്ല, പരാതികളില്ല,
ഉള്ള സൌകര്യങ്ങില്‍ പൂര്‍ണ തൃപ്തന്‍... ഇതുതന്നെ
അധികം എന്ന ഭാവം..."
അതാണ്‌ രാജേട്ടന്‍...
കോട്ടയം, കുമ്മനം എന്ന കൊച്ചുഗ്രാമത്തിലെ ഒരു
ഇടത്തരം കുടുംബത്തില്‍ ജനിച്ച അദേഹം
അവിടെയുള്ള സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നും
പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.പിന്നീട്
കോട്ടയം C M S കോളേജില്‍ നിന്നും ബിരുദം
എടുത്തു. . ജേണലിസത്തില്‍ പോസ്റ്റ്‌ ഗ്രാജുവേറ്റ്
ഡിപ്ലോമ നേടിയ അദേഹം ദീപിക പത്രത്തിലൂടി
ആണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
വിദ്യാഭ്യാസ കാലം മുതല്‍ തന്നെ സംഘ പരിവാര്‍
പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു വന്ന ഇദേഹം
1987 ഇല്‍ F C I യില്‍ ഉണ്ടായിരുന്ന ജോലി
രാജിവെച്ചു മുഴുവന്‍ സമയ സംഘ പ്രവര്‍ത്തകനായി.
1981 ല്‍ വിശ്വഹിന്ദു പരിഷത്തിലൂടി സംസ്ഥാന
നേതൃത്വത്തിലേക്ക് വന്ന അദേഹം 1983 ലെ നിലക്കല്‍
പ്രക്ഷോഭത്തോട് കൂടിയാണ് ജനശ്രദ്ധ നേടിയത്.
ഹിന്ദു മുന്നണി ജനറല്‍ സെക്രട്ടറിയായിരുന്ന
അദേഹം തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നും
മത്സരിച്ചു രണ്ടാം സ്ഥാനം നേടി.
ഹൈന്ദവ സമൂഹത്തിലെ അനാചാരങ്ങളായി
കണക്കാക്കി പോന്ന എളവൂര്‍ തൂക്കം, പാലാഴി
തൊട്ടുകൂടായ്മ എന്നിവയ്ക്കൊക്കെ എതിരെ
പ്രക്ഷോഭ സമരങ്ങള്‍ നയിച്ച അദേഹം 92 ല്‍
ഹിന്ദു ഐക്യവേദി ജനറല്‍ കണ്‍വീനര്‍ ആയി.
രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ പ്രചാരക്,
വിശ്വ ഹിന്ദു പരിഷതിന്റെ ഓർഗനൈസിംഗ്
സെക്രട്ടറി, ശബരിമല അയ്യപ്പ സേവാ സംഘത്തിന്റെ
ജനറൽ സെക്രട്ടറി തുടങ്ങി ധാരാളം ഹൈന്ദവ
പ്രസ്ഥാനങ്ങളുടെ അമരക്കാരനായിരുന്ന അദ്ദേഹം
2011 ല്‍ ജന്മഭൂമി പത്രത്തിന്റെ ചെയര്‍മാനായി
നിയമിതനായി.
2012 ല്‍ ആറന്മുള വിമാത്താതാവളത്തിനെതിരെ
സമരം നയിച്ച"ആറന്മുള പൈതൃകഗ്രാമ കർമ്മസമിതി"
യുടെമുഖ്യരക്ഷാധികാരി എന്ന ദൌത്യം
ഏറ്റെടുക്കുകയുംനിരന്തരമായ സമരതിലൂടെയും
നിയമപോരാട്ടത്തിലൂടെയും ആ സമരം
വിജയിപ്പിക്കുകയുംചെയ്തത് അദേഹത്തിന്
സമൂഹത്തില്‍ ഉള്ള സ്വീകാര്യത ഒന്നുകൂടി
ഉറപ്പിക്കുന്നതായിരുന്നു.
ഹൈന്ദവ സമൂഹത്തിനു വേണ്ടി നിരന്തര
പോരാട്ടങ്ങള്‍ നയിക്കുമ്പോഴും ഒരിക്കല്‍ പോലും
ഇതര മതസ്ഥര്‍ക്ക് അദേഹം അനഭിമതന്‍
ആയിരുന്നില്ല. പരിവാര്‍ പ്രസ്ഥാനങ്ങളെ
എതിര്‍ക്കുന്ന ഒരു രാഷ്ട്രീയ കക്ഷിയും നേതാക്കളും
അദേഹത്തെ വിമര്‍ശിക്കുകയോ അദ്ദേഹത്തിനെതിരെ
ആരോപണങ്ങള്‍ ഉന്നയിക്കുകയോ ചെയ്ത
സംഭവങ്ങള്‍ ഉണ്ടായിട്ടില്ല എന്നത് അദേഹത്തിന്റെ
മഹത്വം വിളിച്ചോതുന്നു.
ഇന്നുള്ള പല ഹൈന്ദവ നേതാക്കളും സന്യാസിമാരും
വളരെ തീവ്രവും വര്‍ഗീയവും ആയ ഭാഷ
ഉപയോഗിക്കുമ്പോഴും സംസാരത്തിലും
പ്രവര്‍ത്തനങ്ങളിലും ജീവിതത്തിലും ലാളിത്യം
സൂക്ഷിക്കുന്ന രാജേട്ടന്‍ അദേഹത്തെ
അറിയുന്നവര്‍ക്ക് എന്നും ഒരു അത്ഭുതമാണ്.
പരിചയപ്പെടുന്ന ആരില്‍ നിന്നും എന്നും
അദ്ദേഹത്തിന് ലഭിക്കുന്നത് ബഹുമാനവും
ആദരവും മാത്രം.
ഇന്ന് അദേഹത്തെ പാര്‍ടി കേന്ദ്രനേതൃത്വം
ഡല്‍ഹിക്ക് വിളിപ്പിച്ചിരിക്കുകയാണ്. B J P യുടെ
സംസ്ഥാന അധ്യക്ഷ പദവി അദ്ദേഹത്തിന്
നല്‍കുന്നതിന്‍റെ ഭാഗമാണ് എന്ന് പറയപ്പെടുന്നു.
ഇന്ന് B J P ക്ക് ആ സ്ഥാനത്തേക്ക് നിര്‍ദേശിക്കാന്‍
കഴിയുന്ന ഏറ്റവുംഉചിതമായ പേര് രാജേട്ടന്റെ
ആണ് എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല.
പാര്‍ടി ഒരു ഇരുപതു വര്‍ഷം മുന്‍പ് ചിന്തിക്കേണ്ട
കാര്യമായിരുന്നു ഇത് എന്നാണ് എന്റെ
അഭിപ്രായം.
ഒരു കാര്യം ഉറപ്പുണ്ട്, അദ്ദേഹം ഒരിക്കലും
ആ സ്ഥാനം ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ
സ്വമേധയാ അദ്ദേഹം ആ സ്ഥാനം ഏറ്റെടുക്കും
എന്നും ഞാന്‍ വിശ്വസിക്കുന്നില്ല. കേന്ദ്ര
നേതൃത്വത്തിന്റെ നിര്‍ബന്ധത്തിനു മുന്നില്‍,
പ്രസ്ഥാനത്തിന്റെ അനുസരണയുള്ള ഒരു
പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഒരുപക്ഷെ
അദ്ദേഹം ആ ചുമതല വഹിക്കാന്‍ തയാറായേക്കാം...
പാര്‍ടിക്ക് അത് ഗുണകരമായിരിക്കും എന്നതില്‍
സംശയമില്ല.

Wednesday, December 9, 2015

ദക്ഷിണാമൂര്‍ത്തി സ്വാമികള്‍

ഹൃദയസരസിലെ സംഗീത കുലപതി ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ തൊണ്ണൂറ്റിയാറാം
ജന്മദിന വാര്‍ഷികം ഇന്ന്
==========================
മലയാളിയുടെ ഹൃദയസരസിലേക്ക്
സംഗീതത്തിന്‍റെ ദൈവീക സ്പര്‍ശമൊഴുക്കിയ
അനശ്വര സംഗീതജ്ഞനാണ് വി.ദക്ഷിണാമൂര്‍ത്തി
സ്വാമികള്‍. കാലത്തിന്‍റെ വേഗതയിലും
ദക്ഷിണേന്ത്യയ്ക്ക് മറക്കാനാവാത്ത ആ
ഋഷിതുല്യ പ്രതിഭയുടെ 96-)o ജന്മദിന
വാര്‍ഷികമാണ് ഇന്ന്. നെറ്റിയില്‍ കളഭവും
ഭസ്മവും, കഴുത്തില്‍ രുദ്രാക്ഷ മാലകളും
അണിഞ്ഞെത്തിയ ഈ സംഗീത കുലപതി
മലയാളിയുടെ മനസ്സിലേക്ക് പകര്‍ന്നു കൊടുത്തത്
സംഗീതത്തിന്റെ അനശ്വര സൗന്ദര്യത്തെയാണ്.

ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ തൊണ്ണൂറ്റിയാറാം
ആലപ്പുഴയിൽ ഡി.വെങ്കടേശ്വര അയ്യരുടേയും
പാർവതി അമ്മാളിന്റേയും മകനായി
1919 ഡിസംബർ ഒന്‍പതിനാണ് വെങ്കിടേശ്വരൻ
ദക്ഷിണാമൂർത്തി എന്ന മലയാളിയുടെ
ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ ജനനം.
ബാല്യത്തില്‍ തന്നെ സംഗീതത്തോടുള്ള
മകനിലെ അഭൂതപൂര്‍വ്വമായ താല്പര്യം
കണ്ടറിഞ്ഞ അമ്മ തന്നെയായിരുന്നു
സ്വാമികളുടെ സംഗീതത്തിലെ ആദ്യ ഗുരു.
മഹാനായ ത്യാഗരാജ സ്വാമികളുടെ
കീർത്തനങ്ങൾ അമ്മ മകനെ പഠിപ്പിച്ചു.
പത്താം ക്ളാസ് കഴിഞ്ഞ് തിരുവനന്തപുരത്ത്
വെങ്കടാചലം പോറ്റിയുടെ ശിഷ്യനായി
കർണ്ണാടക സംഗീതം ശാസ്‌ത്രീയമായി അഭ്യസിച്ചു. 
വൈക്കത്തപ്പന്റെ തികഞ്ഞ വിശ്വാസിയായ
ദക്ഷിണാമൂർത്തിക്ക് സംഗീതമെന്നും തപസും 
ഉപാസനയുമായിരുന്നു.
കുഞ്ചാക്കോയുടെ നല്ലതങ്ക എന്ന
സിനിമയിലൂടെയായിരുന്നു ദക്ഷിണാമൂര്‍ത്തി
സ്വാമികളുടെ സിനിമാപ്രവേശനം. പിന്നീട്
ജീവിത നൗക, നവലോകം, അമ്മ,
ശരിയോ തെറ്റോ, സ്നേഹസീമ,
പാടുന്ന പുഴ, സീത, ജ്ഞാനസുന്ദരി,
ശ്രീകോവില്‍, വേലുത്തമ്പി ദളവ, കാവേരി,
ചക്രവാകം, വിലയ്ക്ക് വാങ്ങിയ വീണ
തുടങ്ങി 125-ഓളം സിനിമകളിലായി
850-ഓളം പാട്ടുകള്‍ക്ക് അദ്ദേഹം ഈണം
പകര്‍ന്നു. അങ്ങനെ ഖരഹരപ്രിയയും,
ആനന്ദ ഭൈരവിയും, ആഭേരിയും,
കല്യാണിയും സിന്ധുഭൈരവിയും തുടങ്ങി
നിരവധി രാഗങ്ങള്‍ സ്വാമിയിലൂടെ
സിനിമാഗാനങ്ങളിലേയ്ക്കും തുടര്‍ന്ന്
ഭക്തിഗാനങ്ങളിലേയ്ക്കും ഒഴുകിയെത്തി.
2008ല്‍ പുറത്തിറങ്ങിയ മിഴികള്‍ സാക്ഷി
ആണ് ദക്ഷിണാമൂര്‍ത്തി അവസാനമായി
സംഗീതസംവിധാനം നിര്‍വഹിച്ച ചിത്രം.
തൊണ്ണൂറാം വയസ്സിലും കര്‍മ നിരതനായിരുന്ന
അദ്ദേഹം നാല് ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നു.
മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി
ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കു വേണ്ടിയും
അദ്ദേഹം സംഗീതസംവിധാനം
നിര്‍വഹിച്ചിട്ടുണ്ട്. രഞ്ജിത്ത്
സംവിധാനം ചെയ്ത ചന്ദ്രോത്സവം എന്ന
ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കുകയും
ചെയ്തു.
''ഉത്തരാസ്വയം വരം കഥകളി കാണുവാന്‍''‍,
''സന്ധ്യയ്ക്കെന്തിനു സിന്ദൂരം'', ''പുലയനാര്‍
മണിയമ്മ'', ''ചന്ദ്രികയില്‍ അലിയുന്നു
ചന്ദ്രകാന്തം'', ''വൃശ്ചികപ്പൂനിലാവേ'',
''ഇന്നലെ നീയൊരു സുന്ദര രാഗമായി'',
''ദേവീ ശ്രീദേവീ'', ''താരകരൂപിണി'',
''കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി'',
''ചിത്രശിലാപാളികള്‍ കൊണ്ടൊരു'',
''ഗോപീചന്ദന കുറിയണിഞ്ഞു'', ''കാട്ടിലെ
പാഴ്മുളം തണ്ടില്‍ നിന്നും'', ''മനസ്സിലുണരൂ
ഉഷ സന്ധ്യയായ്''... തുടങ്ങി മലയാളികള്‍ക്ക്
ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരുപിടി
നല്ല ഗാനങ്ങള്‍ സമ്മാനിച്ച് 2013 ആഗസ്റ്റ്‌
രണ്ടിനാണ് ദക്ഷിണാമൂര്‍ത്തി സ്വാമികള്‍
വിടവാങ്ങിയത്.

Tuesday, May 5, 2015

കാള്‍ മാക്സ്

മേയ് അഞ്ച്... കാള്‍ മാക്സിന്റെ ജന്മദിനം.
================================
ലോക കമ്യുണിസ്റ്റ് തത്വ ചിന്തകള്‍ക്ക് അടിത്തറ
പാകിയ കാള്‍ ഹെന്രി മാക്സ് എന്നാ കാല്‍ മാക്സ്
പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രമുഖ
ചരിത്ര കാരനും സാമ്പത്തിക വിദഗ്ദ്ധനും രാഷ്ട്രീയ
സൈദ്ധാന്തികനും തത്വ ചിന്തകനും ആയിരുന്നു.
1818 മേയ് അഞ്ചിന് പഴയ യൂറോപ്യൻ രാജ്യമായിരുന്ന
പ്രഷ്യയില്‍ സാമ്പത്തികമായി മികച്ച നിലയിലുള്ള
ഒരു മധ്യവർഗ്ഗ കുടുംബത്തില്‍ ആണ് മാർക്സിനാണ്.
കാളിന്റെ പിതാവ് ഹെർഷൽ മാർക്സ്. നവോത്ഥാന
മൂല്യങ്ങളിൽ വിശ്വസിച്ചിരുന്ന അദ്ദേഹത്തിന്
ഇമ്മാനുവേൽ കാന്റിന്റേയും, വോൾട്ടയറിന്റേയും
ആശയങ്ങളിലും താൽപര്യമുണ്ടായിരുന്നു.
സ്വദേശമായ പ്രഷ്യയിലെ രാജവാഴ്ചയ്ക്ക്
അറുതിവരുത്താനും ഭരണമാറ്റം വരുത്താനുമായി
നടന്ന പ്രക്ഷോഭങ്ങളിൽ കാളിന്റെ പിതാവ്
പങ്കുകൊണ്ടിരുന്നു. . ഫിലിപ്സ് കമ്പനിയുടെ
സ്ഥാപകരായിരുന്ന ഫ്രിറ്റ്സ് ഫിലിപ്സ്,
ജെറാൾഡ് ഫിലിപ്സ്, അന്റൺ ഫിലിപ്സ്
എന്നിവരുടെ പിതൃ സഹോദരി ആയിരുന്നു
കാളിന്റെ മാതാവ്.
1835 ൽ കാൾ തത്വശാസ്ത്രവും, സാഹിത്യവും
പഠിക്കുന്നതിനായി ബോൺ സർവ്വകലാശാലയിൽ
ചേർന്നു. സർവ്വകലാശാല വിദ്യാഭ്യാസ കാലത്ത്
കാൾ മദ്യപാനത്തോട് അമിത ആസക്തിയുള്ളവനായി കാണപ്പെട്ടുവിദ്യാഭ്യാസത്തോടുള്ള താൽപര്യം
കുറഞ്ഞതോടെ അദ്ദേഹത്തിന്റെ പിതാവ്
കുറച്ചുകൂടെ നല്ല വിദ്യാഭ്യാസം കിട്ടുന്നതിനായി
ബെർലിൻ സർവകലാശാലയിലേക്കു കാളിനെ മാറ്റി.
അവിടെ കാൾ കൂടുതൽ ശ്രദ്ധവെച്ചത് തത്വശാസ്ത്രവും,
ചരിത്രവും പഠിക്കാനായിരുന്നു.
1836 ൽ, പ്രഷ്യയിലെ ഭരണവർഗ്ഗകുടുംബത്തിലെ
ഒരു പ്രഭ്വി ആയിരുന്നു കാൾ മാർക്സിന്റെ ഭാര്യ.
ട്രയർ എന്ന ദേശത്തെ ഏറ്റവും സുന്ദരിയായ
യുവതി ആയിരുന്നു ജെന്നി ഫോൺ വെസ്റ്റ്ഫാലൻ
എന്നു പറയപ്പെടുന്നു. അക്കാലത്ത് നിലവിലുണ്ടായിരുന്ന
സാമൂഹ്യ ഭ്രഷ്ടുകളെ തകർത്തെറിഞ്ഞതായിരുന്നു
അവരുടെ വിവാഹം. സമൂഹത്തിന്റെ
ഉന്നതനിലയിൽ ജീവിക്കുന്ന കുടുംബത്തിലുള്ള
ഒരു യുവതിയും, ഒരു ജൂതനുമായിട്ടുള്ള
വിവാഹം അന്നത്തെക്കാലത്ത് ആലോചിക്കാൻ
പോലും പറ്റില്ലായിരുന്നു. ഇത്തരം എതിർപ്പുകളെല്ലാം
ഉണ്ടായിരുന്നെങ്കിലും ഇവരുടെ വിവാഹത്തിനു
ജെന്നിയുടെ അച്ഛൻ അനുകൂലമായിരുന്നു.
ഉദാരമായ ചിന്താഗതികളുള്ള ഒരു
വ്യവസായിയായിരുന്നു ജെന്നിയുടെ പിതാവ്.
ജർമ്മൻ തത്വചിന്തകനായ ഹേഗലിന്റെ
ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്ന
യങ് ഹെഗേലിയൻസ് എന്ന രാഷ്ട്രീയ സംഘടയിൽ
ചേർന്ന് പ്രവർത്തിക്കുവാൻ തുടങ്ങി.
കാൾ മാർക്സിനെ പോലെ തന്നെയായിരുന്നു
സംഘടനയിലെ എല്ലാപേരും. ഹെഗേലിയൻ
ചിന്താഗതികളോടെ ഒരു വിമർശനബുദ്ധിയോടെയാണ്
എല്ലാവരും സമീപിച്ചിരുന്നത്. എന്നാൽ ഹെഗൽ
അവതരിപ്പിച്ച വൈരുദ്ധ്യാത്മകത എന്ന ആശയത്തെ
അവരെല്ലാവരും ഇഷ്ടപ്പെട്ടിരുന്നു.
ഒരു ജോലിക്കു വേണ്ടി മാർക്സ് പത്ര
പ്രവർത്തനത്തിലേക്കു തിരിഞ്ഞു. യൂറോപ്യൻ
സർക്കാരുകളുടെ പിന്തിരിപ്പൻ നയങ്ങളെ മാർക്സ്
വളരെ നിശിതമായി വിമർശിച്ചു. കൂടാതെ
നിലവിലുള്ള സോഷ്യലിസ്റ്റ് ആശയങ്ങൾ
കാലഹരണപ്പെട്ടതാണെന്ന് കാൾ വാദിച്ചു.
കാൾ മാർക്സിന്റെ ആശയങ്ങൾ അടങ്ങുന്ന
പത്രം പ്രഷ്യൻ സർക്കാർ വളരെ സൂക്ഷ്മമായി
ശ്രദ്ധിക്കാൻ തുടങ്ങി. റഷ്യൻ രാജാധികാരത്തെ
കഠിനമായി വിമർശിച്ച ഒരു ലക്കത്തിനുശേഷം,
റഷ്യയിലെ നിക്കോളാസ് രണ്ടാമൻ ഈ പത്രം
നിരോധിക്കണം എന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.
1843 ൽ പ്രഷ്യൻ സർക്കാർ ഈ പത്രം നിരോധിച്ചു.
എന്നാൽ ഇതിനെ കഠിനമായി വിമർശിച്ച്
കാൾ മാർക്സ് ഹെഗെൽ ആശയങ്ങളോട്
അനുഭാവം പുലർത്തുന്ന ഒരു മാസികയിൽ
ലേഖനം എഴുതി. ഈ ലേഖനം മൂലം ഈ മാസികയും
സർക്കാർ നിരോധിച്ചു.
നിലവിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന പത്രം
സർക്കാർ നിരോധിച്ചപ്പോൾ കാൾ മറ്റൊരു
പത്രത്തിലേക്ക് മാറാൻ നിർബന്ധിതനായി.
ഈ പത്രം. പത്രം പുറത്തിറങ്ങിയിരുന്നത്
ജർമ്മനിയിൽ നിന്നല്ല മറിച്ച് പാരീസിൽ
നിന്നായിരുന്നു. ഇക്കാലത്ത് മാർക്സും ഭാര്യയും
പാരീസിലേക്ക് താമസം മാറി.
28 ഓഗസ്റ്റ് 1844 ൽ പാരീസിൽ വെച്ചാണ്
കാൾ ഫ്രെഡറിക് ഏംഗൽസിനെ കണ്ടുമുട്ടുന്നത്.
ഏംഗൽസ് അപ്പോഴേക്കും മാർക്സിന്റെ
രചനകളിൽ ആകൃഷ്ടനായിരുന്നു.. ഏംഗൽസ്
താൻ എഴുതിയ ദ കണ്ടീഷൻ ഓഫ് ദ വർക്കിംഗ്
ക്ലാസ്സ് ഇൻ ലണ്ടൻ ഇൻ 1844 എന്ന പുസ്തകം
മാർക്സിനെ കാണിക്കുകയുണ്ടായി. അതോടെ
താൻ വിഭാവനം ചെയ്ത വിപ്ലവത്തിലെ
അവസാന ഉപകരണം തൊഴിലാളി വർഗ്ഗമാണെന്ന
മാർക്സിന്റെ വിശ്വാസത്തിന് ആക്കം കൂടി.
യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ എഴുതാൻ
കഴിയുന്ന മറ്റൊരു ജർമ്മൻ പത്രത്തിലേക്കു കാൾ
പിന്നീട് മാറി. ഫോർവാട്ട്സ് എന്ന ഈ പത്രം,
ജർമ്മൻ ഭാഷയിൽ പുറത്തിറങ്ങുന്നതായിരുന്നു.
പാരീസിൽ നിന്നും പുറത്തു വന്നിരുന്ന ഈ പത്രം
പല പ്രമുഖ സാമൂഹ്യപരിഷ്കർത്താക്കളുമായി
നേരിട്ടു ബന്ധമുള്ളവതായിരുന്നു. എന്നാൽ
ചുരുങ്ങിയ കാലംകൊണ്ടു തന്നെ ഈ സാമൂഹ്യം
എന്നത് കമ്മ്യൂണിസ്റ്റ് ലീഗ് എന്ന ആശയത്തിലേക്കു
പരിവർത്തനം ചെയ്യപ്പെട്ടു. വോർവാർട്ട്സിൽ
മാർക്സ് ഹെഗെലിന്റെ ആശയങ്ങളെ
അടിസ്ഥാനമാക്കി വൈരുദ്ധ്യാത്മക
ഭൗതികവാദം എന്നതിനെ സ്ഫുടം
ചെയ്തെടുക്കാൻ തുടങ്ങി. ഇതോടൊപ്പം തന്നെ
പല യൂറോപ്യൻ സാമൂഹ്യപരിഷ്കർത്താക്കളേയും
കഠിനമായി വിമർശിക്കാനും തുടങ്ങി. പ്രഷ്യൻ
സർക്കാരിൽ നിന്നും ലഭിച്ച ഒരു അഭ്യർത്ഥനയെ
മാനിച്ച് സർക്കാർ ഫോർവാട്ട്സ് അടച്ചു
പൂട്ടാൻ കൽപിച്ചു. അതോടൊപ്പം തന്നെ,
മാർക്സിനെ ഫ്രാൻസിൽ നിന്നും
പുറത്താക്കാനും ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു.
ഫ്രാൻസിലോ, ജർമ്മനിയിലോ ജീവിക്കാൻ
കഴിയാതെ വന്ന മാർക്സ് അവസാനം
ബെൽജിയത്തിലുള്ള ബ്രസ്സൽസ്സിലേക്ക്
പോകാൻ തീരുമാനിച്ചു. എന്നാൽ രാഷ്ട്രീയപരമായി
എന്തെങ്കിലും എഴുതുന്നതിൽ നിന്നും മാർക്സിനെ
വിലക്കിക്കൊണ്ടുള്ള ഒരു സമ്മതപത്രത്തിൽ
ഒപ്പുവെച്ചതിനുശേഷം മാത്രമേ അദ്ദേഹത്തിന്
ബ്രസ്സൽസിലേക്കു പ്രവേശനം നൽകപ്പെട്ടുള്ളു.
1848 ഫെബ്രുവരി 21 നാണ് മാക്സും ഏംഗൽസം
ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ
ആദ്യ പതിപ്പ് പുറത്തിറക്കിയത്.
കമ്മ്യൂണിസ്റ്റ് ലീഗ് എന്ന അവരുടെ സ്വപ്നത്തിന്
നിറം നൽകാൻ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോക്കു
സാധിച്ചു. ഇതുവരെയുള്ള സമൂഹത്തിന്റെ
ചരിത്രം എന്നത് തൊഴിലാളി വർഗ്ഗത്തിന്റെ
ചരിത്രമാണ് എന്ന് ആദ്യപതിപ്പിന്റെ
ആമുഖത്തിൽ ഇരുവരും ചേർന്നെഴുതി.
ബൂർഷ്വാസി എന്നു വിളിക്കപ്പെടുന്ന സമ്പന്ന
വർഗ്ഗവും, പ്രോലിറ്റേറിയറ്റ് എന്നു വിളിക്കപ്പെടുന്ന
തൊഴിലാളി വർഗ്ഗവും തമ്മിലുള്ള വർഗ്ഗസമരം
എന്നു വിളിക്കപ്പെടുന്ന വിപ്ലവം ആണ് ഭാവിയിൽ
ഉണ്ടാവാൻ പോകുന്നത് എന്ന് കമ്മ്യൂണിസ്റ്റ്
മാനിഫെസ്റ്റോയിൽ പറയുന്നു.
1849 ൽ മാർക്സ് ലണ്ടനിലേക്ക് പാലായനം ചെയ്തു,
പീന്നീട് തന്റെ ജീവിതാവസാനം വരെ ലണ്ടനിൽ
ആയിരുന്നു മാർക്സിന്റെ പ്രവൃത്തികേന്ദ്രം.
ലണ്ടനിൽ താമസമാക്കിയതിനു ശേഷം അദ്ദേഹം
കമ്മ്യൂണിസ്റ്റ് ലീഗിന്റെ ആസ്ഥാനം ലണ്ടനിലേക്കു
മാറ്റുകയും, ജർമ്മൻ വർക്കേഴ്സ് എഡ്യുക്കേഷണൽ
സൊസൈറ്റിയിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കുകയും
ചെയ്തു.
1860 ൽ രാഷ്ട്രീയ സമ്പദ്വ്യവസ്ഥിതിയുടെ
ഉപഞ്ജാതാക്കളായ ആഡം സ്മിത്തിനേയും,
ഡേവിഡ് റികാർഡോയും എല്ലാം ഉദ്ധരിച്ചുകൊണ്ട്
തിയറീസ് ഓഫ് സർപ്ലസ് വാല്യൂ എന്ന മൂന്നു
ഖണ്ഡങ്ങൾ ഉള്ള ഒരു ഗ്രന്ഥം പുറത്തിറക്കുകയുണ്ടായി.
സാമ്പത്തിക ചരിത്രത്തിന്റെ ഒരു സമഗ്രമായ,
മനോഹരമായ രചനയായിരുന്നു ഈ പുസ്തകം.
1867 ൽ മൂലധനത്തിന്റെ ആദ്യ ഖണ്ഡം പുറത്തിറങ്ങി.
രണ്ടാമത്തേയും, മൂന്നാമത്തേയും ഖണ്ഡങ്ങൾ
മാർക്സിന്റെ മരണശേഷം ഏംഗൽസ് ആണ്
പ്രസിദ്ധീകരിച്ചത്.
പലപ്പോഴും അധികാരികളിൽ നിന്നും
മറഞ്ഞിരിക്കുവാനായി മാർക്സ് വ്യാജപേരുകൾ
ഉപയോഗിക്കുമായിരുന്നു. മെസ്സ്യുർ റാംബോസ്
എന്ന പേരാണ് പാരീസിൽ അദ്ദേഹം
ഉപയോഗിച്ചതെങ്കിൽ, ലണ്ടനിൽ എ. വില്ല്യംസ്
എന്നാണ് എഴുത്തുകുത്തുകൾക്കായി മാർക്സ്
സ്വീകരിച്ചിരുന്ന പേര്. അദ്ദേഹത്തിന്റെ
സുഹൃത്തുക്കൾ മൂർ എന്ന പേരിലാണ്
മാർക്സിനെ വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ
കറുത്ത നിറവും, ചുരുണ്ട മുടിയും വടക്കൻ
ആഫ്രിക്കയിലെ മൂർസ് എന്ന നീഗ്രോ വംശജരെ
ഓർമ്മിപ്പിച്ചിരുന്നത്രെ.
1881 ൽ മാർക്സിന്റെ ഭാര്യ ജെന്നി അന്തരിച്ചു.
മാർക്സിന്റെ ജീവിതത്തിന്റെ അവസാന
മാസങ്ങൾ അദ്ദേഹം രോഗാതുരനായിരുന്നു.
ഇത് ക്രമേണ ബ്രോങ്കൈറ്റിസ് എന്ന രോഗമായി
പരിണമിക്കുകയും 1883 മാർച്ച് 14 ന് അദ്ദേഹം
അന്തരിക്കുകയും ചെയ്തു.

Wednesday, January 28, 2015

                                  
                                                             ലാലാ ലജ്പത് റായ്




സ്വതന്ത്രഭാരതം പിറവിയെടുത്തത് ഒറ്റരാത്രികൊണ്ടല്ല . ഭാരതീയരുടെ കാലങ്ങളായുള്ള ആത്മ ത്യാഗത്തിന്റെയും സഹനത്തിന്റെയും സാഹോദര്യത്തിന്റെയുമൊക്കെ ഫലമാണ് നമ്മളിന്നനുഭവിക്കുന്ന സ്വാതന്ത്ര്യം . സ്വന്തമെന്ന് കരുതാവുന്നതെല്ലാം കൈവിട്ടുപോകുമ്പോഴും മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടാൻ ഒട്ടും മടിക്കാതിരുന്ന അസംഖ്യം ധീരദേശാഭിമാനികളുടെ ഓർമകൾക്ക് മരണമില്ലാത്തതും അത് കൊണ്ട് കൂടിയാണ് .ഭഗത് സിംഗിന്റെ വീരവാണികളും ആസാദിന്റെ അന്തസ്സുറ്റ ബലിദാനവും അഭിമാനത്തോടെയും കൃതജ്ഞതയോടും കൂടിമാത്രമേ നമുക്ക് സ്മരിക്കാൻ കഴിയുകയുള്ളൂ . ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കരിക്കല്ലടുക്കുകളെ ദേശാഭിമാനത്തിന്റെ ചങ്കുറപ്പ് കൊണ്ട് തകർത്ത വിപ്ലവ രാജകുമാരന്മാരുടെ ഗുരുക്കന്മാരിൽ ഒരാളുടെ,  ലാൽ ബാൽ പാൽ ത്രയങ്ങളിലൊരാൾ ലാലാ ലജ്പത് റായുടെ നൂറ്റിയൻപതാം ജന്മവാർഷികമാണിന്ന് .

1865  ജനുവരി 28 ന്  ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബിൽ ഡ്യൂഡിക്ക് എന്ന സ്ഥലത്താണ് ലാലാജിയുടെ ജനനം . ആര്യസമാജത്തിന്റെ പ്രവർത്തകനായിരുന്ന അദ്ദേഹം പിന്നീട് കോൺഗ്രസിനോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയായിരുന്നു.  പഞ്ചാബ് സിംഹം എന്നറിയപ്പെട്ട അദ്ദേഹമാണ് പഞ്ചനദങ്ങളുടെ നാട്ടിലെ സ്വാതന്ത്ര്യ സമര പ്രവർത്തനത്തിന്റെ കേന്ദ്രസ്ഥാനം അലങ്കരിച്ചിരുന്നത് . കോൺഗ്രസിനുള്ളിലെ തീവ്രപക്ഷക്കാരനായിരുന്നു ലാലാ .1905 ലെ ബംഗാൾ വിഭജനത്തിനെതിരെ ശക്തമായ പ്രക്ഷോഭമായിരുന്നു ലാലായുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത് . അങ്ങനെ 1907 ൽ ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തെ ബർമയിലേക്ക് നാടുകടത്തി

വിദേശങ്ങളിൽ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് പിന്തുണ നേടാൻ 1914 ൽ ബ്രിട്ടനിലേക്ക് പോയ അദ്ദേഹത്തിന് ലോകമഹായുദ്ധം നടക്കുന്ന സാഹചര്യമായതിനാൽ  1920 ലാണ് മടങ്ങിയെത്താൻ കഴിഞ്ഞത് . വിപ്ലവകാരികളായ യുവാക്കളുടെ ആരാധനാ പുരുഷനായിരുന്ന ലാലാ ജാലിയൻ വാലാബാഗിനെത്തുടർന്നുണ്ടായ പ്രക്ഷോഭത്തിലും നിസ്സഹകരണ പ്രസ്ഥാനത്തിലും ഗണ്യമായ പങ്കു വഹിച്ചു

1928 ൽ സൈമൺ കമ്മീഷനെതിരെ ലാഹോറിൽ നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്ത ലാലാ ലജ്പത് റായിയെ ബ്രിട്ടീഷ് പോലീസ് ക്രൂരമായി തല്ലിച്ചതച്ചു .പോലീസ് സൂപ്രണ്ട് സ്കോട്ടിന്റെ നിർദ്ദേശമനുസരിച്ച് സാണ്ടേഴ്സ് എന്ന പോലീസ് ഓഫീസറാണ് ലജ് പത് റായിയെ മർദ്ദിച്ചത് . എന്നാൽ ഗുരുതരമായ പരിക്കേറ്റിട്ടും ലജ്പത് റായ് സമ്മേളനത്തിൽ പ്രസംഗിക്കുക തന്നെ ചെയ്തു .  അദ്ദേഹം പ്രസംഗമവസാനിപ്പിച്ചത് ഇങ്ങനെയാണ് ." ഈ സർക്കാർ അധിക കാലം നിലനിൽക്കില്ല . എന്റെ മേൽ വീണ ഓരോ അടിയും ഭാരതത്തിലെ ബ്രിട്ടീഷ് ഭരണത്തിന്റെ ശവപ്പെട്ടിയിലെ ആണിയിന്മേലുള്ള അടികളാണെന്ന് ഞാനിതാ പ്രഖ്യാപിക്കുന്നു "

ക്രൂരമായ മർദ്ദനമേറ്റ ലാലാജി പിന്നെ അധിക നാൾ ജീവിച്ചിരുന്നില്ല  .1928 നവംബർ 17 ന് അദ്ദേഹം അന്ത്യശ്വാസം വലിച്ചു . ആദരണീയനായ നേതാവിനെ ബ്രിട്ടീഷ് പോലീസ് മർദ്ദിച്ചു കൊന്നത് ഓരോ ഭാരതീയന്റെ മനസ്സിലും ബ്രിട്ടീഷ് ഭരണത്തോടുള്ള വെറുപ്പ് സൃഷ്ടിച്ചു. രാവി നദീതീരത്ത് നടത്തിയ അന്ത്യ സംസ്കാരത്തിൽ ലക്ഷങ്ങളാണ് പങ്കെടുത്തത് . ചിത കത്തിത്തീരുന്നത് വരെ ആയിരക്കണക്കിന് യുവാക്കളാണ് രാവി നദീതീരത്ത് തമ്പടിച്ചത് . അന്ന് ലാലായുടെ പട്ടടയെ സാക്ഷിയാക്കി ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് അസോസിയേഷൻ ഒരു പ്രതിജ്ഞയെടുത്തു. ഭാരതം അടിമരാഷ്ട്രമല്ല ആത്മാഭിനമുള്ള രാഷ്ട്രമാണെന്ന് ബ്രിട്ടീഷുകാർക്ക് തെളിയിച്ചു കൊടുക്കണമെന്നു തന്നെ അവർ മനസ്സിലുറച്ചു .സ്കോട്ടിനെയും സാണ്ടേഴ്സിനേയും വധിക്കാനായിരുന്നു എച്ച് എസ് ആർ എ യുടെ തീരുമാനം

കൃത്യം ഒരു മാസംകഴിഞ്ഞ് ഡിസംബര്‍ 17 ന് ചന്ദ്രശേഖര്‍ ആസാദ്, ഭഗത് സിംഗ് , സുഖ്ദേവ് , രാജ്ഗുരു ,ജയഗോപാല്‍ എന്നിവരുടെ സംഘം ലഹോർ ഡി എ വി കോളേജിന്റെ പരിസരത്ത് വച്ച് സാണ്ടേഴ്സിനെ കൊലപ്പെടുത്തുക തന്നെ ചെയ്തു.  ഭാരതം കണ്ട ഏറ്റവും ധൈര്യശാലികളായ ഈ വിപ്ലവ നേതാക്കന്മാർ നേരിട്ട് ലാലായുടെ മരണത്തിനു പകരം വീട്ടിയതിൽ നിന്ന് തന്നെ അദ്ദേഹത്തിന് അവരിലുണ്ടായിരുന്ന സ്വാധീനം നമുക്ക് മനസ്സിലാക്കാൻ സാധിക്കും .രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവത്യാഗം ചെയ്യാൻ തയ്യാറുള്ള ആയിരക്കണക്കിന് യുവ വിപ്ലവകാരികളെ സൃഷ്ടിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച പഞ്ചാബ് സിംഹം ലാലാ ലജ്പത് റായിക്ക് ജനം ടിവിയുടെ സാദര പ്രണാമങ്ങൾ .

Wednesday, January 21, 2015

വൈക്കം മുഹമ്മദ്‌ ബഷീര്‍

'' പേന എടുത്തുതുടങ്ങുമ്പോള്‍ ഇത് മുഴുമിപ്പിക്കാന്‍ ഞാന്‍ ഉണ്ടാവുമോ എന്നെനിക്ക് അറിയില്ല. അതിനാല്‍ ഓരോ കഥയും പൂര്‍ത്തിയാവുമ്പോള്‍ സുന്ദരഗോളത്തില്‍ പിന്നേയും ദിവസങ്ങള്‍ അനുവദിച്ചുതന്ന ദൈവത്തിന് നന്ദി പറയും. മംഗളവും ശുഭവും എഴുതും''... എഴുത്തിലെ‘ഇമ്മിണി ബല്യ സുൽത്താൻ’ഒരിക്കൽ പറഞ്ഞു. മലയാള സാഹിത്യത്തിന്‍റെ നടുമുറ്റത്ത് കുഴിമടിയനായ ബഡുകൂസാണ് താനെന്ന് പ്രഖ്യാപിച്ച വൈക്കം മുഹമ്മദ് ബഷീറിന്‍റെ നൂറ്റിയാറാം ജന്മദിനമാണ് ഇന്ന്.
ചിരിയ്ക്കും ചിന്തയ്ക്കുമൊപ്പം ജീവിതത്തിന്‍റെ നേർക്കാഴ്ചകളേയാണ് ബഷീർ ആസ്വാദകന്‍റെ മാങ്കോസ്റ്റിൻ മരച്ചുവട്ടിൽ നട്ടു വളർത്തിയത്. ലളിതമായ വാക്കുകള്‍, നര്‍മ്മത്തില്‍ പതിയിരിക്കുന്ന വേദനകള്, സ്വന്തമായ ഭാഷയില്‍ കഥ പറഞ്ഞ എഴുത്തുകാരന്‍‍‍..‍... ബേപ്പൂരിന്‍റെ എഴുത്തുകാരന് വിശേഷണങ്ങള്‍ അനവധിയുണ്ട്.
1908 ജനുവരി 21ന് കായി അബ്ദു റഹ്മാന്റെയും കുഞ്ഞാത്തുമ്മയുടെയും മൂത്ത മകനായി കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ തലയോലപ്പറമ്പ് ഗ്രാമത്തിലാണ് വൈക്കം മുഹമ്മദ് ബഷീര്‍ ജനിച്ചത്. തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്‌ളീഷ് സ്‌കൂളിലുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രാഥമിക വിദ്യാഭ്യാസം. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാന്‍ വീട്ടില്‍ നിന്നും ബഷീര്‍ ഒളിച്ചോടിയത്. കാല്‍നടയായി എറണാകുളത്തു ചെന്നു കളളവണ്ടി കയറി കോഴിക്കോട്ടെത്തിയാണ് അന്ന് ഗാന്ധിജിയെ കണ്ടത്. പില്‍ക്കാലത്ത് തന്‍റെ ബാല്യകാലത്തെ അഭിമാനകരമായ നിമിഷമായി അന്ന് ഗാന്ധിയെ തൊട്ട കാര്യം ബഷീര്‍ ഓര്‍ത്തെടുക്കുമായിരുന്നു.
പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം 1930-ല്‍ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയിലിലായി. പിന്നീട് ഭഗത് സിംഗ് മാതൃകയില്‍ തീവ്രവാദ സംഘമുണ്ടാക്കി. സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തില്‍ ലേഖനങ്ങള്‍ എഴുതാന്‍ ആരംഭിച്ചു. ‘പ്രഭ’ എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. ലോകം ചുറ്റുന്നതില്‍ താല്പര്യമുള്ള യുവാവായ ബഷീര്‍ ആഫ്രിക്ക, അറേബ്യ, തുടങ്ങിയ രാജ്യങ്ങള്‍ ചുറ്റി. ഏകദേശം 9 വര്‍ഷത്തോളം നീണ്ട ഈ യാത്രയില്‍ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും അദ്ദേഹം നേരിട്ടു കണ്ടു.
1943-ലാണ് മലയാള സാഹിത്യത്തിലെ എക്കാലത്തെയും പ്രണയലേഖനമായ 'ഒരു പ്രേമലേഖനം' അദ്ദേഹം പ്രസിദ്ധീകരിക്കുന്നത്. ബാല്യകാലസഖി (1944), ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് (1951), ആനവാരിയും പൊൻകുരിശും (1953), പാത്തുമ്മയുടെ ആട് (1959), മതിലുകൾ , ഭൂമിയുടെ അവകാശികൾ (1977), ശബ്ദങ്ങൾ (1947), സ്ഥലത്തെ പ്രധാന ദിവ്യൻ (നോവൽ) (1953) വിശ്വവിഖ്യാതമായ മൂക്ക് തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ പ്രധാനകൃതികളില്‍ ചിലത്.
1982-ല്‍ ഇന്ത്യാ ഗവണ്‍മെന്റ് പത്മശ്രീ പുരസ്‌കാരം നല്‍കി ബഷീറിനെ ആദരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ‘ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ്’ ബിരുദം (1987), സംസ്‌കാരദീപം അവാര്‍ഡ് (1987), പ്രേംനസീര്‍ അവാര്‍ഡ് (1992), ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ് (1992), മുട്ടത്തുവര്‍ക്കി അവാര്‍ഡ് (1993), വള്ളത്തോള്‍ പുരസ്‌കാരം(1993) തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 1994 ജൂലൈ അഞ്ചിന് അദ്ദേഹം അന്തരിച്ചു.

റാഷ് ബിഹാരി ബോസ്

1912 ഡിസംബർ 23

ബ്രിട്ടീഷ് ചക്രവർത്തിയുടെ പ്രതിപുരുഷനായ പുതിയ വൈസ്രോയിയുടെ പ്രൗഢ ഗംഭീരമായ സ്വീകരണ ഘോഷയാത്ര ഡൽഹിയിലെ ചാന്ദ്നീ ചൗക്കിലൂടെ കടന്നു വരികയാണ് . ഒരു മനുഷ്യ സമുദ്രം തന്നെ അലയടിച്ചു വരുന്ന രീതിയിലുള്ള ആ ഘോഷയാത്രയിൽ കമനീയമായി അലങ്കരിച്ചൊരുക്കിയ ഒരു കൊമ്പനാനയുടെ മുകളിലിരിക്കുകയാണ് വൈസ്രോയി ഹാർഡിഞ്ച് പ്രഭു . പെട്ടെന്ന് ആൾക്കൂട്ടത്തിനിടയിൽ നിന്നും ഒരു കൈ ഉയർന്നു താണു . ചെകിടടപ്പിക്കുന്ന സ്ഫോടനം . പുകപടലങ്ങൾ അടങ്ങിയപ്പോൾ കണ്ടത് പരിക്കേറ്റ് ചോരയിൽ കുളിച്ചു കിടക്കുന്ന ഹാർഡിഞ്ച് പ്രഭുവിനേയും മരിച്ചു കിടക്കുന്ന അദ്ദേഹത്തിന്റെ അംഗരക്ഷകനേയുമാണ് .ഡൽഹി തലസ്ഥാനമാക്കിക്കൊണ്ട് അവിടെ രാജകീയമായി പ്രവേശിക്കാനെത്തിയ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കിങ്കരനെ എതിരേറ്റത് "സ്വാതന്ത്ര്യമാണ് ജീവിതം അടിമത്തമോ മരണം " എന്ന ആവേശോജ്ജ്വലമായ മുദ്രാവാക്യമുയർത്തി വിപ്ലവപാതയിലേക്കെടുത്തു ചാടിയ ഒരു കൂട്ടം ധീര ദേശാഭിമാനികളുടെ ബോംബുകളാണ് .

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപന്മാർക്ക് വിപ്ലവകാരികൾ നൽകിയ ഈ സ്വീകരണം ഒരിക്കലും സഹിക്കാനാകുമായിരുന്നില്ല . അപമാനഭാരം കൊണ്ട് വീർപ്പു മുട്ടിയ അവർ ഈ ബോംബ് സ്ഫോടനത്തിനു പിന്നിലുള്ളവരെ തേടി നാലുപാടും പാഞ്ഞു . ഒരു വർഷത്തോളം ഡൽഹി ബോംബാക്രമണത്തിനു പിന്നിൽ ആരെന്ന് കണ്ടെത്താനവർക്കായില്ല .ഒടുവിൽ ഡെറാഡൂൺ വന ഗവേഷണ സ്ഥാപനത്തിൽ ഗുമസ്തനായി ജോലി ചെയ്യുന്ന ഒരു ബംഗാൾ സ്വദേശിയാണ് ഈ ബോംബ് സ്ഫോടനം ആസൂത്രണം ചെയ്തതെന്ന് അവർ കണ്ടുപിടിച്ചൂ .ഭാരതത്തിലെ വിപ്ലവ പ്രസ്ഥാനങ്ങളുടെ പ്രധാന സൂത്രധാരൻ എന്ന് വിശേഷിപ്പിക്കപ്പെട്ട റാഷ് ബിഹാരി ബോസ് ആയിരുന്നു ആ ബോംബ് സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചിരുന്നത് . തന്നെ ബ്രിട്ടീഷുകാർ മനസ്സിലാക്കി എന്നറിഞ്ഞ നിമിഷം റാഷ് ബിഹാരി ഡെറാഡൂണിൽ നിന്ന് രക്ഷപ്പെട്ട് ബനാറസിലെത്തി.. അവിടെ മൂന്നുവർഷത്തോളം ഒളിവിലിരുന്ന് വിപ്ലവ പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകി . ഭാരതത്തിനകത്തും പുറത്തുമായി വളർന്നു വന്ന ഗദർ പ്രസ്ഥാനമുൾപ്പെടെയുള്ള സംഘടനകൾക്ക് മാർഗ്ഗ നിർദ്ദേശം നൽകിക്കൊണ്ട് അദ്ദേഹം വിപ്ലവ പ്രവർത്തനം തുടർന്നു .

വിദേശ രാജ്യങ്ങളിൽ സ്വാതന്ത്ര്യ പ്രവർത്തനങ്ങൾ നടത്തിയ വിപ്ലവ നായകർ ഭാരതത്തിലേക്ക് മടങ്ങിത്തുടങ്ങി . റാഷ് ബിഹാരിയുടെ നേതൃത്വത്തിൽ ഒരു സമ്പൂർണ വിപ്ലവ പദ്ധതി ഉയർന്നു വന്നു. ലാലാ ഹർദയാലും, സചീന്ദ്ര നാഥ സന്യാലും വിഷ്ണു പിംഗളേയുമടക്കമുള്ള നിരവധി ധീര ദേശാഭിമാനികൾ ഓരോ നഗരങ്ങളിലും സഞ്ചരിച്ച് പദ്ധതി വിജയിപ്പിക്കാൻ യത്നിച്ചു കൊണ്ടിരുന്നു . അങ്ങനെ 1915 ഫെബ്രുവരി 21 സമ്പൂർണ വിപ്ലവത്തിനു വേണ്ടി തിരഞ്ഞെടുക്കപ്പെട്ടു . അന്ന് ഇന്ത്യൻ സൈന്യത്തിലെ വിവിധ ട്രൂപ്പുകളും വിപ്ലവത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നു .എന്നാൽ നിർഭാഗ്യകരമെന്ന് പറയട്ടെ വിപ്ലവ സംഘടനയിലേക്ക് പുതുതായി ചേർക്കപ്പെട്ട ഒരംഗം പദ്ധതിയെ ബ്രിട്ടീഷുകാർക്ക് ഒറ്റിക്കൊടുത്തു .291 പേർ അറസ്റ്റ് ചെയ്യപ്പെട്ടു . അതിൽ 42 പേരെ തൂക്കിക്കൊന്നു . 114 പേർ നാടുകടത്തപ്പെട്ടു . ബാക്കിയുള്ളവരെ വെറുതെ വിട്ടു . റാഷ് ബിഹാരി ബോസ് ഭാരതം വിടാൻ നിർബന്ധിതനാവുകയും ജപ്പാനിലേക്ക് രക്ഷപ്പെടുകയും ചെയ്തു

ജപ്പാനിലെത്തിയ അദ്ദേഹത്തിന് പതിനേഴ് പ്രാവശ്യം താമസ സ്ഥലം മാറേണ്ടി വന്നു . അന്ന് ജപ്പാനും ബ്രിട്ടനുമായി സൗഹൃദം നിലനിന്നിരുന്നതിനാൽ റാഷ് ബിഹാരിയെ പിടിക്കാൻ ബ്രിട്ടൻ ജപ്പാനെ സമീപിച്ചിരുന്നു . ജപ്പാനിലെ ദേശീയവാദികളിൽ ചിലർ റാഷ് ബിഹാരിയെ പിന്തുണച്ചു .അങ്ങനെ ബ്രിട്ടന്റെ പിടിയിലകപ്പെടാതെ ജപ്പാനിൽ ജീവിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. തന്നെ ഒളിവിൽ താമസിപ്പിച്ച സോമ കുടുംബത്തിൽ നിന്ന് അദ്ദേഹം വിവാഹം കഴിച്ചു .തുടർന്ന് ജാപ്പനീസ് ഭാഷ പഠിച്ച് അവിടെ പത്രപ്രവർത്തകനായി അദ്ദേഹം ജോലിചെയ്തു . ഇതിനിടയിലും ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കാളിയായിരുന്നു. സ്വാതന്ത്ര്യ സമരത്തെപ്പറ്റിയും ഭാരതത്തിന്റെ അവകാശങ്ങളെപ്പറ്റിയും ജാപ്പനീസ് ഭാഷയിൽ നിരവധി ലേഖനങ്ങളും പുസ്തകങ്ങളുമെഴുതി. ഭാവിയിൽ സുഭാഷ് ചന്ദ്ര ബോസിന് സ്വാതന്ത്ര്യ സമര പോരാട്ടത്തിനുതകും വിധം വളക്കൂറുള്ള മണ്ണായി അദ്ദേഹം ജപ്പാനെ മാറ്റി . ഇന്ത്യൻ നാഷണൽ ആർമിയുടെ രൂപീകരണത്തിന് പ്രധാന പങ്കു വഹിച്ചത് റാഷ് ബിഹാരിയാണ്.

അവസാനശ്വാസം വരെ സമരം നിർത്തരുതെന്ന് അദ്ദേഹം സ്വാതന്ത്ര്യ ഭടന്മാരെ ഉദ്ബോധിപ്പിച്ചിരുന്നു. ഒരിക്കൽ സചീന്ദ്ര സന്യാലിൽ നിന്ന് ലഭിച്ച കത്തിൽ നിരാശ നിഴലിക്കുന്നത് തിരിച്ചറിഞ്ഞ റാഷ് ബിഹാരി ഇങ്ങനെ കുറിച്ചു . " താങ്കളുടെ എഴുത്തിൽ ചിലയിടത്ത് നിഴലിക്കുന്ന നിരാശാ ബോധം എനിക്കിഷ്ടപ്പെടുന്നില്ല .ജീവിതം സനാതനമാണ് . അതിനാൽ സംഘർഷവും സനാതനമാണ് "

1945 ജനുവരി 21 ന് അദ്ദേഹം അന്തരിച്ചു . ഒരു വിദേശിക്ക് ലഭിക്കാവുന്ന ഏറ്റവുമുയർന്ന ബഹുമതിയായ ഓർഡർ ഓഫ് ദ മെറിറ്റ് ഓഫ് ദ റൈസിംഗ് സൺ നൽകിയാണ് ജപ്പാൻ അദ്ദേഹത്തെ ആദരിച്ചത് . 2013 ൽ ആ ധീര ദേശാഭിമാനിയുടെ ചിതാഭസ്മം ജപ്പാനിൽ നിന്ന് ഭാരതത്തിലെത്തിച്ച് ഹൂബ്ലി നദിയിൽ നിമഞ്ജനം ചെയ്തു. സ്വതന്ത്ര ഭാരതത്തിലേക്ക് സ്വന്തം ചിതാഭസ്മമെങ്കിലും എത്തപ്പെട്ടല്ലോയെന്ന് അറിയപ്പെടാത്ത ലോകത്തിരുന്ന് ഒരു പക്ഷേ അദ്ദേഹം ചിന്തിച്ചിരിക്കാം ....