Powered By Blogger

Monday, September 30, 2013

വൃദ്ധ ദിനം

എന്തിനും ഏതിനും ഓരോ ദിനങ്ങള്‍ ആഘോഷിക്കുമ്പോള്‍
സാധാരണ അത്ര കാര്യമാക്കാറില്ല.... എങ്കിലും ഇത് ....
എന്തോ, പോസ്റ്റ്‌ ചെയ്യണം എന്ന് തോന്നി....

നാളെ ലോക വൃദ്ധ ദിനം...

വാര്‍ദ്ധക്യ ജീവിതങ്ങളെ കരുതലോടെ, കരുണയോടെ
ചേര്‍ത്തു നിര്‍ത്തേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിക്കുന്ന
ഒരു ദിനം. ഒരു ആയുസ്സ് മുഴുവന്‍ കഷ്ടപ്പെട്ട് ജീവിത
സായാഹ്നത്തില്‍ എത്തി നില്‍ക്കുന്നവരോട് നമ്മുടെ
കടമയും കടപ്പാടും ഓര്‍മ്മപ്പെടുത്തുന്ന ദിനം.

വൈദ്യശാസ്ത്രതിലുണ്ടായ   അഭൂതപൂര്‍വമായ
വളര്‍ച്ച കാരണം മരണ നിരക്ക്  കുറയുകയും,
ജനങ്ങളുടെ ആരോഗ്യ നില മെച്ചപ്പെടുകയും ചെയ്ത
ഈ  സാഹചര്യത്തില്‍  ലോക      ജനസംഖ്യയില്‍ 
അവഗണിക്കാന്‍ പറ്റാത്ത ഒരു വിഭാഗമായി 
വൃദ്ധന്മാര്‍ മാറി  കൊണ്ടിരിക്കയാണ്.

സ്വന്തംകാലില്‍ നടക്കാനാവുന്നതുവരെ കൈപിടിച്ചു
നടത്തിയവരെ അവരുടെ അവശതയില്‍ താങ്ങാന്‍
മക്കള്‍ പോലുമില്ലാതാവുന്ന കാലമാണിത്. ഉറ്റവര്‍ കൂടെയുണ്ടാവണമെന്നല്ലാതെ മറ്റൊന്നുമാവശ്യപ്പെടാതെ നിസ്സഹായവാര്‍ധക്യം മുന്നില്‍നില്‍ക്കുമ്പോള്‍
കാലത്തിന്റെ തിരക്കുകളില്‍പ്പെട്ട് പുറംതിരിഞ്ഞ്
നില്‍ക്കുകയാണ് പുതിയ തലമുറ. 

പുരോഗതിയുടെ കല്‍പ്പടവുകള്‍ ചവിട്ടിക്കയറുകയാണ്
എന്ന് വമ്പു പറയുമ്പോള്‍ പോലും, നഷ്ടപ്പെട്ടതൊന്നും
തിരിച്ചു പിടിക്കാന്‍ കഴിയില്ലെന്ന നിസ്സഹായാവസ്ഥ നാം
ഒളിപ്പിച്ചു വെക്കുകയാണോ? എല്ലാം വെട്ടിപ്പിടിച്ചു
എന്ന് അഹങ്കരിച്ചുള്ള പരക്കം പാച്ചിലിനൊടുവില്‍
ചവിട്ടി നില്‍ക്കാന്‍ മണ്ണും, താങ്ങും തണലുമായി
ഉറ്റവരുമില്ലാത്ത അവസ്ഥ സംജാതമായിക്കൊണ്ടിരിക്കുന്നു.

ജീവിതത്തിന്റെ ഈ സായന്തനത്തില്‍ കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും വറ്റാത്ത ഒരു ഉറവ നമ്മുടെ
മാതാപിതാക്കള്‍ക്കും ആരോരുമില്ലാത്ത മറ്റു
വൃദ്ധജനങ്ങള്‍ക്കും വേണ്ടി നമുക്ക് കരുതി വെക്കാം...



Tuesday, September 24, 2013

തിലകന്‍...

മലയാളത്തിന്റെ മഹാ നടന്‍ തിലകന്‍
ഓര്‍മയായിട്ട് ഒരു വര്ഷം.

പി.എസ്.കേശവൻ-പി.എസ്.ദേവയാനി ദമ്പതികളുടെ
മകനായി 1935 ജൂലൈ 15-ന് പത്തനംതിട്ട ജില്ലയിലെ
അയിരൂരിൽ ജനിച്ച സുരേന്ദ്ര നാഥ തിലകന്‍
തന്റെ ബാല്യകാലം പിതാവിന്റെ ജോലിസ്ഥലമായ
മുണ്ടാക്കയതാണ് ചിലവഴിച്ചത്. മുണ്ടക്കയം സി.എം.എസ്.
സ്‌കൂൾ, കോട്ടയം എം.ഡി.സെമിനാരി, കൊല്ലം
ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിലായി
വിദ്യാഭ്യാസം നേടി. സ്‌കൂൾ നാടകങ്ങളിലൂടെ
കലാപ്രവർത്തനം ആരംഭിച്ചു.

1956-ൽ പഠനം ഉപേക്ഷിച്ച് തിലകൻ പൂർണ്ണസമയ
നാടകനടൻ ആയി. ഇക്കാലത്ത് സുഹൃത്തുക്കളോടൊപ്പം
അദ്ദേഹം മുണ്ടക്കയം നാടകസമിതി എന്ന പേരിൽ
ഒരു നാടകസമിതി നടത്തിയിരുന്നു. മുണ്ടക്കയം
കലാസമിതിയുടെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ
ഭാഗമായി മിക്ക രാഷ്ട്രീയയോഗങ്ങളിലും മുണ്ടക്കയം
തിലകന്റെ വിപ്ലവഗാനാലാപനം പതിവായിരുന്നു.
അവ നോട്ടീസിൽ പ്രത്യേകം അച്ചടിക്കുകയും ചെയ്യും.

മറ്റൊരു അഭിനയപ്രതിഭയായിരുന്ന പി.ജെ.ആന്റണിയുടെ
ഞങ്ങളുടെ മണ്ണാണ് എന്ന നാടകം സംവിധാനം
ചെയ്തുകൊണ്ടാണ് തിലകൻ നാടകസംവിധായനത്തിലേക്ക് കടക്കുന്നത്. 1966 വരെ കെ.പി.എ.സി. യിലും തുടർന്ന്
കാളിദാസ കലാകേന്ദ്ര, ചങ്ങനാശ്ശേരി ഗീത എന്നീ
സമിതികളിലും പി.ജെ. ആന്റണിയുടെ സമിതിയിലും
പ്രവർത്തിച്ചു. 18 ഓളം പ്രൊഫഷണൽ നാടകസംഘങ്ങളിലെ
മുഖ്യ സംഘാടകനായിരുന്ന തിലകന്‍ 10,000 ത്തോളം
വേദികളിൽ വിവിധ നാടകങ്ങളിൽ അഭിനയിച്ചു.
43 നാടകങ്ങൾ സംവിധാനം ചെയ്തു.

1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് തിലകൻ സിനിമാരംഗത്തേക്ക്
കടന്നുവരുന്നത്. യവനിക, കിരീടം, മൂന്നാംപക്കം,
സ്ഫടികം, കാട്ടുകുതിര, രാജശില്പി എന്നിവ
തിലകന്റെ അഭിനയജീവിതത്തിലെ സുപ്രധാന
ചിത്രങ്ങളാണ്. ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം
"സീൻ ഒന്ന് - നമ്മുടെ വീട്". ഈ ചിത്രത്തിന്റെ
ലൊക്കേഷനിൽ നിന്നാണ് അദ്ദേഹത്തെ അസുഖം
ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരിക്കുന്നതിനു മുൻപ്, അദ്ദേഹം അഭിനയിച്ച്
പ്രദർശനത്തിനെത്തിയ അവസാന ചിത്രം
സിംഹാസനമായിരുന്നു.

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ
അമ്മയുമായി അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായി
പ്രകടിപ്പിച്ചു. ഇതേത്തുടർന്നു 2010-ൽ അദ്ദേഹത്തെ
അമ്മയിൽ നിന്നു പുറത്താക്കി. സുകുമാർ അഴീക്കോട്
തുടങ്ങി പ്രമുഖർ തിലകനെ പിന്തുണച്ച് രംഗത്തു വന്നു. ഒരുമാസത്തിലധികമായി ആശുപത്രിയിൽ
ചികിത്സയിൽ ആയിരുന്നു. 77 വയസായിരുന്ന
തിലകൻ 2012 സെപ്റ്റംബർ 24-അം തീയതി
പുലർച്ചയ്ക്ക് 3:35 നു ഹൃദയാഘാതത്തെ തുടർന്ന്
അന്തരിച്ചു.

Monday, August 26, 2013

ബാലന്‍ കെ നായര്‍

മലയാളികളുടെ മനം കവര്‍ന്ന വില്ലന്‍
നമ്മെ വിട്ടു പിരിഞ്ഞിട്ട് പതിമൂന്നു വര്ഷം.

1933 ഏപ്രിൽ 4-നു കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി
എന്ന സ്ഥലത്ത് രാമൻ നായർ-ദേവകിയമ്മ ദമ്പതികളുടെ
മകനായാണ്‌ ബാ‍ലൻ കെ. നായർ ജനിച്ചത്.
സിനിമാ അഭിനയത്തിനു മുൻപ് അദ്ദേഹം കോഴിക്കോട്ട്
ഒരു മെക്കാനിക്ക് ആയി ജോലിചെയ്തു. സ്വന്തമായി ഒരു ലോഹ
വർക്ഷോപ്പ് അദ്ദേഹത്തിനുണ്ടായിരുന്നു. അക്കാലത്ത്
അദ്ദേഹം കോഴിക്കോട് സംഗമം തീയേറ്ററുമായി ചേർന്ന്
പ്രവർത്തിച്ചിരുന്നു. ശാരദയെ വിവാഹം കഴിച്ചതിനു ശേഷം
അദ്ദേഹം പാലക്കാട് ജില്ലയിലെ ഷൊർണ്ണൂരേക്ക് താമസം മാറി.

ആദ്യചിത്രമായ നിഴലാട്ടം 1972-ൽ പുറത്തുവന്നു.
പി.എൻ. മേനോൻ ആയിരുന്നു ഈ ചിത്രത്തിന്റെ
സംവിധായകൻ. പിന്നീട് സിനിമയിൽ സജീവമായ അദ്ദേഹം
മലയാളത്തിൽ 300-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ഇതിൽ ഭൂരിഭാഗവും വില്ലൻ കഥാപാത്രങ്ങളായിരുന്നു.
അതിഥി, തച്ചോളി അമ്പു എന്നീ ചിത്രങ്ങളിലെ അഭിനയത്തിന്
അദ്ദേഹത്തിന് ഏറ്റവും നല്ല അഭിനയത്തിനുള്ള സംസ്ഥാന
അവാർഡ് ലഭിച്ചു. ഓപ്പോൾ എന്ന ചിത്രത്തിലെ പരിവർത്തനം
വന്ന സൈനിക ഓഫീസറുടെ കഥാപാത്രത്തിന് ബാലൻ കെ.
നായർക്ക് 1981-ൽ ഓപ്പോൾ എന്ന ചിത്രത്തിലെ
അഭിനയത്തിന് മികച്ച നടനുള്ള പരമോന്നത ബഹുമതിയായ
ഭരത് അവാർഡ് ലഭിച്ചു. മലയള സിനിമയുടെ സുവര്‍ണനാളുകളെന്ന് വിശേഷിപ്പിക്കപ്പെടുന്ന എണ്‍പതുകളില്‍ അഭ്രപാളിയില്‍
അഭിനയ മുഹൂര്‍ത്തങ്ങളുടെ വേലിയേറ്റങ്ങള്‍ സൃഷ്ടിച്ച
ചിത്രമാണ് ഓപ്പോള്‍. എം.ടി വാസുദേവന്‍നായരുടെ ശക്തമായ
തിരക്കഥയിലൂടെ കെ.എസ്. സേതുമാധവന്‍ ഓപ്പോളിനെ
അനശ്വരമാക്കി.

ഓപ്പോളിനുശേഷം വില്ലന്‍ കഥാപാത്രങ്ങളിലേയ്ക്ക്
ബാലന്‍ കെ നായര്‍ തിരിച്ചുപോയി. അത്തരമൊരു ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടയിലാണ് നടന്‍ ജയന്‍റെ അപകടമരണം.
ജയന്‍റെ മരണത്തിനു പിന്നിലെ ദുരൂഹത കുറച്ചുനാള്‍ ബാലന്‍ കെ.
നായരെ സമൂഹ മനസ്സാക്ഷിക്കു മുന്നില്‍ വിചാരണക്കു വിധേയനാക്കി.
എന്നാല്‍ ഈ അഭിനയപ്രതിഭ കൂടുതല്‍ കരുത്താര്‍ജിക്കുന്നതാണ്
മലയാള സിനിമ പിന്നീട് കണ്ടത്.

ഈനാട്, ആര്യൻ, ഒരു വടക്കൻ വീരഗാഥ എന്നിവ ബാലൻ കെ.
നായരുടെ പ്രശസ്തമായ ചിത്രങ്ങളിൽ ചിലതാണ്. അദ്ദേഹത്തിന്റെ
അവസാന ചിത്രം 1990-ൽ പുറത്തുവന്ന കടവ് എന്ന ചിത്രമായിരുന്നു.
ഒരു തോണിക്കാരന്റെ വേഷമായിരുന്നു ഇതിൽ ബാലൻ
കെ നായർക്ക്.

അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത എലിപ്പത്തായം (1981)
എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ അഭിനയം എടുത്തു
പറയത്തക്കതാണ്‌. കേരളത്തിലെ ജന്മിവ്യവസ്ഥയെ
ആലങ്കാരികമായി ഈ ചിത്രം അവതരിപ്പിക്കുന്നു.

സിനിമകളുടെ എണ്ണത്തിനൊത്ത നേട്ടമൊന്നും ജീവിതത്തില്‍
അദ്ദേഹത്തിനു ലഭിച്ചിരുന്നില്ല. വിലപേശി പ്രതിഫലം
വാങ്ങാനുള്ള വേലയും വശമുണ്ടായിരുന്നില്ല. അവസാനകാലം
ചികില്‍സാ ചെലവുകള്‍ക്കുപോലും അദ്ദേഹം വല്ലാതെ
കഷ്ടപ്പെട്ടിരുന്നു. 2000 ഓഗസ്റ്റ് 26 ന് അദേഹം
ഈ ലോകത്തോട്‌ വിടപറഞ്ഞു.

Monday, July 29, 2013

ഭരതന്‍


പ്രശസ്ത
മലയാള ചലച്ചിത്ര സംവിധായകന്‍
ആയിരുന്ന ഭരതന്‍ വിടപറഞ്ഞിട്ടു നാളെ
പതിനഞ്ചു വര്ഷം....

വിന്സന്റ് സംവിധാനം ചെയ്ത ഗന്ധര്‍വ ക്ഷേത്രം
എന്നചിത്രത്തില്‍ കലാ സംവിധായകനായാണ്
ശ്രീ ഭരതന്റെ സിനിമാ ലോകത്തേക്കുള്ള പ്രവേശനം.
1974-ൽ പത്മരാജന്റെ തിരക്കഥയിൽ പ്രയാണം
എന്ന ചലച്ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. ഏറ്റവും നല്ല പ്രാദേശികഭാഷാചിത്രത്തിനുള്ള ആ വർഷത്തെ
ദേശീയ പുരസ്കാരം ഈ ചിത്രത്തിനു കിട്ടി.
ഭരതനും പത്മരാജനുമായുള്ള കൂട്ടുകെട്ട് മലയാള
സിനിമയുടെ സുവർണ്ണ കാലഘട്ടത്തിന്റെ
തുടക്കമായിരുന്നു. പത്മരാജൻ സ്വതന്ത്ര
സംവിധായകനാകുന്നതിനു മുൻപേ ഇരുവരും
ചേർന്ന് പല ചിത്രങ്ങളും നിർമ്മിച്ചു. ഇവയിൽ പ്രധാനം
രതിനിർവ്വേദം, തകര എന്നിവയാണ്. തകര ഭരതന്റെ
ഏറ്റവും നല്ല ചിത്രമായി കരുതപ്പെടുന്നു.

കല കലാകാരനെ അതിശയിക്കുന്നതിന് ഒരു
ഉദാഹരണമായിരിക്കും ഭരതന്റെ വൈശാലി എന്ന ചിത്രം.
അദേഹത്തിന് വൈശാലിയുടെ വശ്യ ശരീരം എങ്ങനെ
കാട്ടിന്റെ കാനനതയുമായി കൂട്ടിച്ചേർക്കണം എന്ന്
അറിയാമായിരുന്നു. ഇതിന്റെ ഫലം മറക്കാനാവാത്ത
ഒരു ക്ലാസിക്ക് ചലച്ചിത്രമാണ്.

ഭരതന് ഭാഷ ഒരു തടസ്സമായില്ല. ശിവാജി ഗണേശൻ
കമലഹാസൻ എന്നിവർ അച്ഛൻ-മകൻ ജോഡിയായി
അഭിനയിക്കുന്ന തേവർമകൻ തമിഴിലെ എക്കാലത്തെയും
മികച്ച ചിത്രങ്ങളിൽ ഒന്നായി കരുതപ്പെടുന്നു.
പല ഭാഷകളിലും പുനർനിർമ്മിക്കപ്പെട്ട ഈ ചിത്രം
പല ദേശീയ പുരസ്കാരങ്ങളും നേടി.

ചലച്ചിത്ര സംവിധാനത്തിനു പുറമേ ഭരതൻ പല
തിരക്കഥകളും രചിച്ചു, തന്റെ പല ചിത്രങ്ങൾക്കുമായി
ഗാനങ്ങൾ രചിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്തു.
കേളി എന്ന ചലച്ചിത്രത്തിലെ ഹിന്ദോളം രാഗത്തിൽ
ചെയ്ത “താരം വാൽക്കണ്ണാടി നോക്കി“ എന്ന ഗാനം
ഭരതന്റെ സംഗീത പ്രാവീണ്യത്തിന് ഉദാഹരണമാണ്.
അദേഹത്തിന്റെ തന്നെ "ചിലമ്പ്" എന്നാ സിനിമയിലെ
"ദേവ ദുന്ദുഭീ സാന്ദ്ര ലയം" എന്നാ ഗാനം എക്കാലത്തെയും
നല്ല ഗാനങ്ങളില്‍ ഒന്നായിരുന്നു. കാതോട് കാതോരം
എന്ന ചിത്രത്തിനു വേണ്ടി പ്രശസ്ത സംഗീതസംഗീതസം
വിധായകനായ ഔസേപ്പച്ചന്റെ കൂടെ അദ്ദേഹം
പ്രവർത്തിച്ചിട്ടുണ്ട്.

തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി ആണ് ഭരതന്റെ
ജന്മസ്ഥലം. നാടക-ചലച്ചിത്രനടിയായ കെ.പി.എ.സി.
ലളിത ആണ് ഭാര്യ. മകൻ സിദ്ദാർത്ഥ് ചലച്ചിത്ര
അഭിനേതാവും സംവിധായകനുമാണ്.

മലയാള സിനിമാ ലോകത്ത് നികത്താനാകാത്ത
ഒരു വിടവ് സൃഷ്ടിച്ചുകൊണ്ട് അദ്ദേഹം 1998 ജൂലൈ 30-നു
മദ്രാസിൽ വെച്ച് അന്തരിച്ചു.