Powered By Blogger

Monday, September 30, 2013

വൃദ്ധ ദിനം

എന്തിനും ഏതിനും ഓരോ ദിനങ്ങള്‍ ആഘോഷിക്കുമ്പോള്‍
സാധാരണ അത്ര കാര്യമാക്കാറില്ല.... എങ്കിലും ഇത് ....
എന്തോ, പോസ്റ്റ്‌ ചെയ്യണം എന്ന് തോന്നി....

നാളെ ലോക വൃദ്ധ ദിനം...

വാര്‍ദ്ധക്യ ജീവിതങ്ങളെ കരുതലോടെ, കരുണയോടെ
ചേര്‍ത്തു നിര്‍ത്തേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിക്കുന്ന
ഒരു ദിനം. ഒരു ആയുസ്സ് മുഴുവന്‍ കഷ്ടപ്പെട്ട് ജീവിത
സായാഹ്നത്തില്‍ എത്തി നില്‍ക്കുന്നവരോട് നമ്മുടെ
കടമയും കടപ്പാടും ഓര്‍മ്മപ്പെടുത്തുന്ന ദിനം.

വൈദ്യശാസ്ത്രതിലുണ്ടായ   അഭൂതപൂര്‍വമായ
വളര്‍ച്ച കാരണം മരണ നിരക്ക്  കുറയുകയും,
ജനങ്ങളുടെ ആരോഗ്യ നില മെച്ചപ്പെടുകയും ചെയ്ത
ഈ  സാഹചര്യത്തില്‍  ലോക      ജനസംഖ്യയില്‍ 
അവഗണിക്കാന്‍ പറ്റാത്ത ഒരു വിഭാഗമായി 
വൃദ്ധന്മാര്‍ മാറി  കൊണ്ടിരിക്കയാണ്.

സ്വന്തംകാലില്‍ നടക്കാനാവുന്നതുവരെ കൈപിടിച്ചു
നടത്തിയവരെ അവരുടെ അവശതയില്‍ താങ്ങാന്‍
മക്കള്‍ പോലുമില്ലാതാവുന്ന കാലമാണിത്. ഉറ്റവര്‍ കൂടെയുണ്ടാവണമെന്നല്ലാതെ മറ്റൊന്നുമാവശ്യപ്പെടാതെ നിസ്സഹായവാര്‍ധക്യം മുന്നില്‍നില്‍ക്കുമ്പോള്‍
കാലത്തിന്റെ തിരക്കുകളില്‍പ്പെട്ട് പുറംതിരിഞ്ഞ്
നില്‍ക്കുകയാണ് പുതിയ തലമുറ. 

പുരോഗതിയുടെ കല്‍പ്പടവുകള്‍ ചവിട്ടിക്കയറുകയാണ്
എന്ന് വമ്പു പറയുമ്പോള്‍ പോലും, നഷ്ടപ്പെട്ടതൊന്നും
തിരിച്ചു പിടിക്കാന്‍ കഴിയില്ലെന്ന നിസ്സഹായാവസ്ഥ നാം
ഒളിപ്പിച്ചു വെക്കുകയാണോ? എല്ലാം വെട്ടിപ്പിടിച്ചു
എന്ന് അഹങ്കരിച്ചുള്ള പരക്കം പാച്ചിലിനൊടുവില്‍
ചവിട്ടി നില്‍ക്കാന്‍ മണ്ണും, താങ്ങും തണലുമായി
ഉറ്റവരുമില്ലാത്ത അവസ്ഥ സംജാതമായിക്കൊണ്ടിരിക്കുന്നു.

ജീവിതത്തിന്റെ ഈ സായന്തനത്തില്‍ കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും വറ്റാത്ത ഒരു ഉറവ നമ്മുടെ
മാതാപിതാക്കള്‍ക്കും ആരോരുമില്ലാത്ത മറ്റു
വൃദ്ധജനങ്ങള്‍ക്കും വേണ്ടി നമുക്ക് കരുതി വെക്കാം...



No comments:

Post a Comment