Powered By Blogger

Tuesday, June 12, 2012

E M S

1909 ജൂൺ 13-ന് ഇന്നത്തെ മലപ്പുറം ജില്ലയിൽ
ഉൾപെട്ട പെരിന്തൽമണ്ണക്കടുത്ത് കുന്തിപ്പുഴയുടെ
തീരത്ത് ഏലംകുളം അംശത്തിലെ ഏലംകുളം
ദേശത്ത് ഏലംകുളത്ത് മനയിൽ ജനിച്ചു.
പ്രതാപൈശ്വര്യങ്ങളുടെ നടുവിലായിരുന്നു
അന്ന് ഏലംകുളം മന. അക്കാലത്ത് മനക്കലേക്ക്
അമ്പതായിരം പറ നെല്ല് പാട്ടമായി കിട്ടിയിരുന്നു .
ഇല്ലത്തിന്റെ പേരും പ്രശസ്തിയും മൂലം
ആ ദേശം തന്നെ ഏലംകുളം എന്ന പേരിൽ അറിയപ്പെട്ടു.
പിതാവ് പരമേശ്വരൻ നമ്പൂതിരിപ്പാട്,
മാതാവ് വിഷ്ണുദത്ത. ‘കുഞ്ചു‘ എന്ന
ഓമന‍പ്പേരിലാണ്‌ ശങ്കരൻ അറിയപ്പെട്ടിരുന്നത്.

കടുത്ത യാഥാസ്ഥിതിക കുടുംബത്തിന്റെ
അന്തരീക്ഷത്തിലാണ് ശങ്കരൻ വളർന്നത്.
നമ്പുതിരി കുടുംബങ്ങളിലെ പതിവിൽനിന്നു
വിഭിന്നമായി ശങ്കരനെ പഠിപ്പിക്കാൻ ഒരു സ്കൂൾ
അദ്ധ്യാപകനെ ഏർപ്പാട് ചെയ്തു. എങ്കിലും
പിന്നീട് എഴുത്ത്, വായന, കണക്ക് എന്നീ രീതി
വിട്ട് ശങ്കരനെ സംസ്കൃതം പഠിപ്പിക്കാൻ തുടങ്ങി .
1925 ജൂണിൽ പെരിന്തൽമണ്ണ ഹൈസ്ക്കൂളിൽ
മൂന്നാം ഫോറത്തിൽ ചേർന്നു. ഈ സമയത്ത്
ഒല്ലൂരിനടുത്തുള്ള എടക്കുന്നിയിൽ ഒരു ഇംഗ്ലീഷ്
സ്കൂൾ നമ്പൂതിരി വിദ്യാർത്ഥികളെ ഉദ്ദേശിച്ചു
തുടങ്ങി. കാരണവർമാർ എതിർത്തിരുന്നെങ്കിലും
പലരും അത് പഠിക്കാൻ മുതിർന്നു. അദ്ദേഹവും
‘മ്ലേച്ഛഭാഷ’യായ ഇംഗ്ലീഷ് പഠിച്ചു.

നിസ്സഹരകരണ-ഖിലാഫത്ത് പ്രസ്ഥാനങ്ങളുടെ
വളർച്ചയോട് കൂടി രാഷ്ട്രീയ കാര്യങ്ങളിൽ
അദ്ദേഹത്തിന് താല്പര്യം ജനിക്കാൻ തുടങ്ങി.
1923-ൽ പതിന്നാലാം വയസ്സിൽ നമ്പൂതിരി
യോഗക്ഷേമസഭയുടെ വള്ളുവനാട്
ഉപസഭയുടെ സെക്രട്ടറിയായതാണ് സാമൂഹ്യ
രംഗത്ത് ആദ്യത്തെ കാൽ വയ്പ്. 1931ലെ
നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുത്തു.
1932 ജനുവരി 17 ഇ.എം.എസിന്റെ നേതൃത്വത്തിൽ
മൂന്നുപേർ കടപ്പുറത്തേക്ക് ജാഥ നടത്തി.
ഗാന്ധിജിയുടെ ഉപ്പ് സത്യാഗ്രഹത്തിന്റെ
ഭാഗമായിരുന്നു ഇത്. കടപ്പുറത്തെ വൻപിച്ച
ജനാവലിക്കു മുൻപിൽ വച്ച് അവരെ അറസ്റ്റ് ചെയ്തു.
പൗരാവകാശ ലംഘനം ആരോപിച്ച്‌ ജയിലിലടച്ചു.

കണ്ണൂർ ജയിലിൽ വച്ച് സഹ തടവുകാരനായ
കമൽനാഥ് തിവാരി അദ്ദേഹത്തിന് സോഷ്യലിസ്റ്റ്
ആശയങ്ങൾ പരിചയപ്പെടുത്തി. ഇതു കൂടാതെ
ബംഗാളിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ നേതാക്കളായിരുന്ന സെൻ‍ഗുപ്ത, ചക്രവർത്തി, ആചാര്യ എന്നിവരും
അന്ന് കണ്ണൂർ ജയിലിൽ ഉണ്ടായിരുന്നു.
രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തിൽത്തന്നെ
നേതൃപാടവം പ്രകടമാക്കിയ ഇ.എം.എസ്‌.
1934-36ൽ അഖിലേന്ത്യാ കോൺഗ്രസ്‌ കമ്മിറ്റി അംഗമായി പ്രവർത്തിച്ചു. 1934, 1938, 1940 വർഷങ്ങളിൽ
കെ.പി.സി.സി യുടെ സെക്രട്ടറിയായിരുന്നു.

കോൺഗ്രസിലെ സോഷ്യലിസ്റ്റ്‌ ചിന്താഗതിക്കാർ
കമ്മ്യൂണിസ്റ്റ്‌ പാർട്ടി യെപ്പറ്റി ആലോചിക്കുമ്പോൾതന്നെ
ഇ എം എസ്‌ ആ ചിന്താധാരയ്കൊപ്പം നിന്നു.
അങ്ങനെ 1937-ൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ
കേരളത്തിലെ സ്ഥാപക നേതാക്കളിൽ ഒരാളായി.
1962-ൽ ജനറൽ സെക്രെട്ടറിയായിരുന്ന
അജയഘോഷ് മരണപ്പെട്ടതിനെ തുടർന്ന്,
ഇ.എം.എസ്. പാർട്ടി ജനറൽ സെക്രെട്ടറിയായി.

1957-ല് തിരഞ്ഞെടുപ്പിലൂടെ ഭരണത്തിലെത്തിയ
ലോകത്തിലെ രണ്ടമത്തേയും ഏഷ്യയിലെ
ആദ്യത്തേയും കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തിൽ
നിലവിൽ വന്നു. ഇ.എം.എസ്. ആയിരുന്നു
മന്ത്രിസഭയുടെ സാരഥി.ആദ്യത്തെ കമ്യൂണിസ്റ്റ്
മന്ത്രിസഭയിൽ അദ്ദേഹം രണ്ടുവർഷം
മുഖ്യമന്ത്രിയായിരുന്നു. ഇക്കാലത്ത് അദ്ദേഹത്തിന് ഉന്നതവിഭാഗക്കാരുടെ രൂക്ഷമായ എതിർപ്പുകളെ
നേരിടേണ്ടി വന്നു.

അധികാരത്തിലേറി ഒരാഴ്ചക്കകം
ഇ.എം.എസിന്റെ ചിരകാല
സ്വപ്നമായിരുന്ന ഭൂപരിഷ്കരണ നിയമം
അവർ പാസ്സാക്കി.എന്നാൽ ഈ നിയമം
വ്യാപകമായി എതിർക്കപ്പെട്ടു. കൂടാതെ കാർഷിക
ബില്ലിന്റെയും പോലീസ് നയത്തിന്റെയും പേരിൽ
ധാരാളം എതിർപ്പുകളുണ്ടായി. സർക്കാരിനെതിരായി വിമോചനസമരം എന്നപേരിൽ പ്രക്ഷോഭം നടന്നു.
നായർ സർവീസ് സൊസൈറ്റിയും കത്തോലിക്ക
സഭയും മുസ്ലിം ലീഗും കോൺഗ്രസ്സും ഒന്നിച്ചു
സർക്കാർനെതിരെ സമരം ചെയ്തു.
സ്വാതന്ത്ര്യശേഷംഇന്ത്യയുടെ ചരിത്രത്തിൽ
ആദ്യമായി ഇന്ത്യൻ ഭരണഘടന 356 ചട്ടപ്രകാരം
സർക്കാരിനെ പിരിച്ചു വിട്ടു. പ്രധാനമന്ത്രിയായിരുന്ന
ജവഹർലാൽ നെഹ്രു നാട്ടിലെ ക്രമസമാധാന നില
തകരാറിലായി എന്ന കാരണത്താലാണ്
അപ്രകാരം ചെയ്തത്.

കുടമാളൂർ തെക്കേടത്ത് വാസുദേവൻ
ഭട്ടതിരിപ്പാടിന്റെ സഹോദരിയായ് ‘ടിങ്ങിയ’
എന്ന് ചെല്ലപ്പേരുള്ള-ആര്യ അന്തർജനത്തെയാണ്
അദ്ദേഹം വിവാഹം കഴിച്ചത്.
ഡോ.മാലതി, 2002ൽ അന്തരിച്ച ഇ.എം. ശ്രീധരൻ ,
ഇ.എം.രാധ,ഇ.എം. ശശി എന്നിവർ മക്കളാണ്.
1998 മാർച്ച് 19 ന് രണ്ടു ശ്വാസകോശത്തിലും
ന്യൂമോണിയ ബാധിച്ചതിനെത്തുടർന്നുണ്ടായ
ഹൃദയാഘാതം മൂലം തിരുവനന്തപുരത്തെ
കോസ്മോപൊളിറ്റൻ ആശുപത്രിയിൽ
വച്ച് അന്തരിച്ചു

No comments:

Post a Comment