Powered By Blogger

Wednesday, January 28, 2015

                                  
                                                             ലാലാ ലജ്പത് റായ്




സ്വതന്ത്രഭാരതം പിറവിയെടുത്തത് ഒറ്റരാത്രികൊണ്ടല്ല . ഭാരതീയരുടെ കാലങ്ങളായുള്ള ആത്മ ത്യാഗത്തിന്റെയും സഹനത്തിന്റെയും സാഹോദര്യത്തിന്റെയുമൊക്കെ ഫലമാണ് നമ്മളിന്നനുഭവിക്കുന്ന സ്വാതന്ത്ര്യം . സ്വന്തമെന്ന് കരുതാവുന്നതെല്ലാം കൈവിട്ടുപോകുമ്പോഴും മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടാൻ ഒട്ടും മടിക്കാതിരുന്ന അസംഖ്യം ധീരദേശാഭിമാനികളുടെ ഓർമകൾക്ക് മരണമില്ലാത്തതും അത് കൊണ്ട് കൂടിയാണ് .ഭഗത് സിംഗിന്റെ വീരവാണികളും ആസാദിന്റെ അന്തസ്സുറ്റ ബലിദാനവും അഭിമാനത്തോടെയും കൃതജ്ഞതയോടും കൂടിമാത്രമേ നമുക്ക് സ്മരിക്കാൻ കഴിയുകയുള്ളൂ . ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കരിക്കല്ലടുക്കുകളെ ദേശാഭിമാനത്തിന്റെ ചങ്കുറപ്പ് കൊണ്ട് തകർത്ത വിപ്ലവ രാജകുമാരന്മാരുടെ ഗുരുക്കന്മാരിൽ ഒരാളുടെ,  ലാൽ ബാൽ പാൽ ത്രയങ്ങളിലൊരാൾ ലാലാ ലജ്പത് റായുടെ നൂറ്റിയൻപതാം ജന്മവാർഷികമാണിന്ന് .

1865  ജനുവരി 28 ന്  ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബിൽ ഡ്യൂഡിക്ക് എന്ന സ്ഥലത്താണ് ലാലാജിയുടെ ജനനം . ആര്യസമാജത്തിന്റെ പ്രവർത്തകനായിരുന്ന അദ്ദേഹം പിന്നീട് കോൺഗ്രസിനോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയായിരുന്നു.  പഞ്ചാബ് സിംഹം എന്നറിയപ്പെട്ട അദ്ദേഹമാണ് പഞ്ചനദങ്ങളുടെ നാട്ടിലെ സ്വാതന്ത്ര്യ സമര പ്രവർത്തനത്തിന്റെ കേന്ദ്രസ്ഥാനം അലങ്കരിച്ചിരുന്നത് . കോൺഗ്രസിനുള്ളിലെ തീവ്രപക്ഷക്കാരനായിരുന്നു ലാലാ .1905 ലെ ബംഗാൾ വിഭജനത്തിനെതിരെ ശക്തമായ പ്രക്ഷോഭമായിരുന്നു ലാലായുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത് . അങ്ങനെ 1907 ൽ ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തെ ബർമയിലേക്ക് നാടുകടത്തി

വിദേശങ്ങളിൽ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് പിന്തുണ നേടാൻ 1914 ൽ ബ്രിട്ടനിലേക്ക് പോയ അദ്ദേഹത്തിന് ലോകമഹായുദ്ധം നടക്കുന്ന സാഹചര്യമായതിനാൽ  1920 ലാണ് മടങ്ങിയെത്താൻ കഴിഞ്ഞത് . വിപ്ലവകാരികളായ യുവാക്കളുടെ ആരാധനാ പുരുഷനായിരുന്ന ലാലാ ജാലിയൻ വാലാബാഗിനെത്തുടർന്നുണ്ടായ പ്രക്ഷോഭത്തിലും നിസ്സഹകരണ പ്രസ്ഥാനത്തിലും ഗണ്യമായ പങ്കു വഹിച്ചു

1928 ൽ സൈമൺ കമ്മീഷനെതിരെ ലാഹോറിൽ നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്ത ലാലാ ലജ്പത് റായിയെ ബ്രിട്ടീഷ് പോലീസ് ക്രൂരമായി തല്ലിച്ചതച്ചു .പോലീസ് സൂപ്രണ്ട് സ്കോട്ടിന്റെ നിർദ്ദേശമനുസരിച്ച് സാണ്ടേഴ്സ് എന്ന പോലീസ് ഓഫീസറാണ് ലജ് പത് റായിയെ മർദ്ദിച്ചത് . എന്നാൽ ഗുരുതരമായ പരിക്കേറ്റിട്ടും ലജ്പത് റായ് സമ്മേളനത്തിൽ പ്രസംഗിക്കുക തന്നെ ചെയ്തു .  അദ്ദേഹം പ്രസംഗമവസാനിപ്പിച്ചത് ഇങ്ങനെയാണ് ." ഈ സർക്കാർ അധിക കാലം നിലനിൽക്കില്ല . എന്റെ മേൽ വീണ ഓരോ അടിയും ഭാരതത്തിലെ ബ്രിട്ടീഷ് ഭരണത്തിന്റെ ശവപ്പെട്ടിയിലെ ആണിയിന്മേലുള്ള അടികളാണെന്ന് ഞാനിതാ പ്രഖ്യാപിക്കുന്നു "

ക്രൂരമായ മർദ്ദനമേറ്റ ലാലാജി പിന്നെ അധിക നാൾ ജീവിച്ചിരുന്നില്ല  .1928 നവംബർ 17 ന് അദ്ദേഹം അന്ത്യശ്വാസം വലിച്ചു . ആദരണീയനായ നേതാവിനെ ബ്രിട്ടീഷ് പോലീസ് മർദ്ദിച്ചു കൊന്നത് ഓരോ ഭാരതീയന്റെ മനസ്സിലും ബ്രിട്ടീഷ് ഭരണത്തോടുള്ള വെറുപ്പ് സൃഷ്ടിച്ചു. രാവി നദീതീരത്ത് നടത്തിയ അന്ത്യ സംസ്കാരത്തിൽ ലക്ഷങ്ങളാണ് പങ്കെടുത്തത് . ചിത കത്തിത്തീരുന്നത് വരെ ആയിരക്കണക്കിന് യുവാക്കളാണ് രാവി നദീതീരത്ത് തമ്പടിച്ചത് . അന്ന് ലാലായുടെ പട്ടടയെ സാക്ഷിയാക്കി ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് അസോസിയേഷൻ ഒരു പ്രതിജ്ഞയെടുത്തു. ഭാരതം അടിമരാഷ്ട്രമല്ല ആത്മാഭിനമുള്ള രാഷ്ട്രമാണെന്ന് ബ്രിട്ടീഷുകാർക്ക് തെളിയിച്ചു കൊടുക്കണമെന്നു തന്നെ അവർ മനസ്സിലുറച്ചു .സ്കോട്ടിനെയും സാണ്ടേഴ്സിനേയും വധിക്കാനായിരുന്നു എച്ച് എസ് ആർ എ യുടെ തീരുമാനം

കൃത്യം ഒരു മാസംകഴിഞ്ഞ് ഡിസംബര്‍ 17 ന് ചന്ദ്രശേഖര്‍ ആസാദ്, ഭഗത് സിംഗ് , സുഖ്ദേവ് , രാജ്ഗുരു ,ജയഗോപാല്‍ എന്നിവരുടെ സംഘം ലഹോർ ഡി എ വി കോളേജിന്റെ പരിസരത്ത് വച്ച് സാണ്ടേഴ്സിനെ കൊലപ്പെടുത്തുക തന്നെ ചെയ്തു.  ഭാരതം കണ്ട ഏറ്റവും ധൈര്യശാലികളായ ഈ വിപ്ലവ നേതാക്കന്മാർ നേരിട്ട് ലാലായുടെ മരണത്തിനു പകരം വീട്ടിയതിൽ നിന്ന് തന്നെ അദ്ദേഹത്തിന് അവരിലുണ്ടായിരുന്ന സ്വാധീനം നമുക്ക് മനസ്സിലാക്കാൻ സാധിക്കും .രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവത്യാഗം ചെയ്യാൻ തയ്യാറുള്ള ആയിരക്കണക്കിന് യുവ വിപ്ലവകാരികളെ സൃഷ്ടിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച പഞ്ചാബ് സിംഹം ലാലാ ലജ്പത് റായിക്ക് ജനം ടിവിയുടെ സാദര പ്രണാമങ്ങൾ .

Wednesday, January 21, 2015

വൈക്കം മുഹമ്മദ്‌ ബഷീര്‍

'' പേന എടുത്തുതുടങ്ങുമ്പോള്‍ ഇത് മുഴുമിപ്പിക്കാന്‍ ഞാന്‍ ഉണ്ടാവുമോ എന്നെനിക്ക് അറിയില്ല. അതിനാല്‍ ഓരോ കഥയും പൂര്‍ത്തിയാവുമ്പോള്‍ സുന്ദരഗോളത്തില്‍ പിന്നേയും ദിവസങ്ങള്‍ അനുവദിച്ചുതന്ന ദൈവത്തിന് നന്ദി പറയും. മംഗളവും ശുഭവും എഴുതും''... എഴുത്തിലെ‘ഇമ്മിണി ബല്യ സുൽത്താൻ’ഒരിക്കൽ പറഞ്ഞു. മലയാള സാഹിത്യത്തിന്‍റെ നടുമുറ്റത്ത് കുഴിമടിയനായ ബഡുകൂസാണ് താനെന്ന് പ്രഖ്യാപിച്ച വൈക്കം മുഹമ്മദ് ബഷീറിന്‍റെ നൂറ്റിയാറാം ജന്മദിനമാണ് ഇന്ന്.
ചിരിയ്ക്കും ചിന്തയ്ക്കുമൊപ്പം ജീവിതത്തിന്‍റെ നേർക്കാഴ്ചകളേയാണ് ബഷീർ ആസ്വാദകന്‍റെ മാങ്കോസ്റ്റിൻ മരച്ചുവട്ടിൽ നട്ടു വളർത്തിയത്. ലളിതമായ വാക്കുകള്‍, നര്‍മ്മത്തില്‍ പതിയിരിക്കുന്ന വേദനകള്, സ്വന്തമായ ഭാഷയില്‍ കഥ പറഞ്ഞ എഴുത്തുകാരന്‍‍‍..‍... ബേപ്പൂരിന്‍റെ എഴുത്തുകാരന് വിശേഷണങ്ങള്‍ അനവധിയുണ്ട്.
1908 ജനുവരി 21ന് കായി അബ്ദു റഹ്മാന്റെയും കുഞ്ഞാത്തുമ്മയുടെയും മൂത്ത മകനായി കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ തലയോലപ്പറമ്പ് ഗ്രാമത്തിലാണ് വൈക്കം മുഹമ്മദ് ബഷീര്‍ ജനിച്ചത്. തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്‌ളീഷ് സ്‌കൂളിലുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രാഥമിക വിദ്യാഭ്യാസം. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാന്‍ വീട്ടില്‍ നിന്നും ബഷീര്‍ ഒളിച്ചോടിയത്. കാല്‍നടയായി എറണാകുളത്തു ചെന്നു കളളവണ്ടി കയറി കോഴിക്കോട്ടെത്തിയാണ് അന്ന് ഗാന്ധിജിയെ കണ്ടത്. പില്‍ക്കാലത്ത് തന്‍റെ ബാല്യകാലത്തെ അഭിമാനകരമായ നിമിഷമായി അന്ന് ഗാന്ധിയെ തൊട്ട കാര്യം ബഷീര്‍ ഓര്‍ത്തെടുക്കുമായിരുന്നു.
പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം 1930-ല്‍ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയിലിലായി. പിന്നീട് ഭഗത് സിംഗ് മാതൃകയില്‍ തീവ്രവാദ സംഘമുണ്ടാക്കി. സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തില്‍ ലേഖനങ്ങള്‍ എഴുതാന്‍ ആരംഭിച്ചു. ‘പ്രഭ’ എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. ലോകം ചുറ്റുന്നതില്‍ താല്പര്യമുള്ള യുവാവായ ബഷീര്‍ ആഫ്രിക്ക, അറേബ്യ, തുടങ്ങിയ രാജ്യങ്ങള്‍ ചുറ്റി. ഏകദേശം 9 വര്‍ഷത്തോളം നീണ്ട ഈ യാത്രയില്‍ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും അദ്ദേഹം നേരിട്ടു കണ്ടു.
1943-ലാണ് മലയാള സാഹിത്യത്തിലെ എക്കാലത്തെയും പ്രണയലേഖനമായ 'ഒരു പ്രേമലേഖനം' അദ്ദേഹം പ്രസിദ്ധീകരിക്കുന്നത്. ബാല്യകാലസഖി (1944), ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് (1951), ആനവാരിയും പൊൻകുരിശും (1953), പാത്തുമ്മയുടെ ആട് (1959), മതിലുകൾ , ഭൂമിയുടെ അവകാശികൾ (1977), ശബ്ദങ്ങൾ (1947), സ്ഥലത്തെ പ്രധാന ദിവ്യൻ (നോവൽ) (1953) വിശ്വവിഖ്യാതമായ മൂക്ക് തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ പ്രധാനകൃതികളില്‍ ചിലത്.
1982-ല്‍ ഇന്ത്യാ ഗവണ്‍മെന്റ് പത്മശ്രീ പുരസ്‌കാരം നല്‍കി ബഷീറിനെ ആദരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ‘ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ്’ ബിരുദം (1987), സംസ്‌കാരദീപം അവാര്‍ഡ് (1987), പ്രേംനസീര്‍ അവാര്‍ഡ് (1992), ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ് (1992), മുട്ടത്തുവര്‍ക്കി അവാര്‍ഡ് (1993), വള്ളത്തോള്‍ പുരസ്‌കാരം(1993) തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 1994 ജൂലൈ അഞ്ചിന് അദ്ദേഹം അന്തരിച്ചു.

റാഷ് ബിഹാരി ബോസ്

1912 ഡിസംബർ 23

ബ്രിട്ടീഷ് ചക്രവർത്തിയുടെ പ്രതിപുരുഷനായ പുതിയ വൈസ്രോയിയുടെ പ്രൗഢ ഗംഭീരമായ സ്വീകരണ ഘോഷയാത്ര ഡൽഹിയിലെ ചാന്ദ്നീ ചൗക്കിലൂടെ കടന്നു വരികയാണ് . ഒരു മനുഷ്യ സമുദ്രം തന്നെ അലയടിച്ചു വരുന്ന രീതിയിലുള്ള ആ ഘോഷയാത്രയിൽ കമനീയമായി അലങ്കരിച്ചൊരുക്കിയ ഒരു കൊമ്പനാനയുടെ മുകളിലിരിക്കുകയാണ് വൈസ്രോയി ഹാർഡിഞ്ച് പ്രഭു . പെട്ടെന്ന് ആൾക്കൂട്ടത്തിനിടയിൽ നിന്നും ഒരു കൈ ഉയർന്നു താണു . ചെകിടടപ്പിക്കുന്ന സ്ഫോടനം . പുകപടലങ്ങൾ അടങ്ങിയപ്പോൾ കണ്ടത് പരിക്കേറ്റ് ചോരയിൽ കുളിച്ചു കിടക്കുന്ന ഹാർഡിഞ്ച് പ്രഭുവിനേയും മരിച്ചു കിടക്കുന്ന അദ്ദേഹത്തിന്റെ അംഗരക്ഷകനേയുമാണ് .ഡൽഹി തലസ്ഥാനമാക്കിക്കൊണ്ട് അവിടെ രാജകീയമായി പ്രവേശിക്കാനെത്തിയ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കിങ്കരനെ എതിരേറ്റത് "സ്വാതന്ത്ര്യമാണ് ജീവിതം അടിമത്തമോ മരണം " എന്ന ആവേശോജ്ജ്വലമായ മുദ്രാവാക്യമുയർത്തി വിപ്ലവപാതയിലേക്കെടുത്തു ചാടിയ ഒരു കൂട്ടം ധീര ദേശാഭിമാനികളുടെ ബോംബുകളാണ് .

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപന്മാർക്ക് വിപ്ലവകാരികൾ നൽകിയ ഈ സ്വീകരണം ഒരിക്കലും സഹിക്കാനാകുമായിരുന്നില്ല . അപമാനഭാരം കൊണ്ട് വീർപ്പു മുട്ടിയ അവർ ഈ ബോംബ് സ്ഫോടനത്തിനു പിന്നിലുള്ളവരെ തേടി നാലുപാടും പാഞ്ഞു . ഒരു വർഷത്തോളം ഡൽഹി ബോംബാക്രമണത്തിനു പിന്നിൽ ആരെന്ന് കണ്ടെത്താനവർക്കായില്ല .ഒടുവിൽ ഡെറാഡൂൺ വന ഗവേഷണ സ്ഥാപനത്തിൽ ഗുമസ്തനായി ജോലി ചെയ്യുന്ന ഒരു ബംഗാൾ സ്വദേശിയാണ് ഈ ബോംബ് സ്ഫോടനം ആസൂത്രണം ചെയ്തതെന്ന് അവർ കണ്ടുപിടിച്ചൂ .ഭാരതത്തിലെ വിപ്ലവ പ്രസ്ഥാനങ്ങളുടെ പ്രധാന സൂത്രധാരൻ എന്ന് വിശേഷിപ്പിക്കപ്പെട്ട റാഷ് ബിഹാരി ബോസ് ആയിരുന്നു ആ ബോംബ് സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചിരുന്നത് . തന്നെ ബ്രിട്ടീഷുകാർ മനസ്സിലാക്കി എന്നറിഞ്ഞ നിമിഷം റാഷ് ബിഹാരി ഡെറാഡൂണിൽ നിന്ന് രക്ഷപ്പെട്ട് ബനാറസിലെത്തി.. അവിടെ മൂന്നുവർഷത്തോളം ഒളിവിലിരുന്ന് വിപ്ലവ പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകി . ഭാരതത്തിനകത്തും പുറത്തുമായി വളർന്നു വന്ന ഗദർ പ്രസ്ഥാനമുൾപ്പെടെയുള്ള സംഘടനകൾക്ക് മാർഗ്ഗ നിർദ്ദേശം നൽകിക്കൊണ്ട് അദ്ദേഹം വിപ്ലവ പ്രവർത്തനം തുടർന്നു .

വിദേശ രാജ്യങ്ങളിൽ സ്വാതന്ത്ര്യ പ്രവർത്തനങ്ങൾ നടത്തിയ വിപ്ലവ നായകർ ഭാരതത്തിലേക്ക് മടങ്ങിത്തുടങ്ങി . റാഷ് ബിഹാരിയുടെ നേതൃത്വത്തിൽ ഒരു സമ്പൂർണ വിപ്ലവ പദ്ധതി ഉയർന്നു വന്നു. ലാലാ ഹർദയാലും, സചീന്ദ്ര നാഥ സന്യാലും വിഷ്ണു പിംഗളേയുമടക്കമുള്ള നിരവധി ധീര ദേശാഭിമാനികൾ ഓരോ നഗരങ്ങളിലും സഞ്ചരിച്ച് പദ്ധതി വിജയിപ്പിക്കാൻ യത്നിച്ചു കൊണ്ടിരുന്നു . അങ്ങനെ 1915 ഫെബ്രുവരി 21 സമ്പൂർണ വിപ്ലവത്തിനു വേണ്ടി തിരഞ്ഞെടുക്കപ്പെട്ടു . അന്ന് ഇന്ത്യൻ സൈന്യത്തിലെ വിവിധ ട്രൂപ്പുകളും വിപ്ലവത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നു .എന്നാൽ നിർഭാഗ്യകരമെന്ന് പറയട്ടെ വിപ്ലവ സംഘടനയിലേക്ക് പുതുതായി ചേർക്കപ്പെട്ട ഒരംഗം പദ്ധതിയെ ബ്രിട്ടീഷുകാർക്ക് ഒറ്റിക്കൊടുത്തു .291 പേർ അറസ്റ്റ് ചെയ്യപ്പെട്ടു . അതിൽ 42 പേരെ തൂക്കിക്കൊന്നു . 114 പേർ നാടുകടത്തപ്പെട്ടു . ബാക്കിയുള്ളവരെ വെറുതെ വിട്ടു . റാഷ് ബിഹാരി ബോസ് ഭാരതം വിടാൻ നിർബന്ധിതനാവുകയും ജപ്പാനിലേക്ക് രക്ഷപ്പെടുകയും ചെയ്തു

ജപ്പാനിലെത്തിയ അദ്ദേഹത്തിന് പതിനേഴ് പ്രാവശ്യം താമസ സ്ഥലം മാറേണ്ടി വന്നു . അന്ന് ജപ്പാനും ബ്രിട്ടനുമായി സൗഹൃദം നിലനിന്നിരുന്നതിനാൽ റാഷ് ബിഹാരിയെ പിടിക്കാൻ ബ്രിട്ടൻ ജപ്പാനെ സമീപിച്ചിരുന്നു . ജപ്പാനിലെ ദേശീയവാദികളിൽ ചിലർ റാഷ് ബിഹാരിയെ പിന്തുണച്ചു .അങ്ങനെ ബ്രിട്ടന്റെ പിടിയിലകപ്പെടാതെ ജപ്പാനിൽ ജീവിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. തന്നെ ഒളിവിൽ താമസിപ്പിച്ച സോമ കുടുംബത്തിൽ നിന്ന് അദ്ദേഹം വിവാഹം കഴിച്ചു .തുടർന്ന് ജാപ്പനീസ് ഭാഷ പഠിച്ച് അവിടെ പത്രപ്രവർത്തകനായി അദ്ദേഹം ജോലിചെയ്തു . ഇതിനിടയിലും ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കാളിയായിരുന്നു. സ്വാതന്ത്ര്യ സമരത്തെപ്പറ്റിയും ഭാരതത്തിന്റെ അവകാശങ്ങളെപ്പറ്റിയും ജാപ്പനീസ് ഭാഷയിൽ നിരവധി ലേഖനങ്ങളും പുസ്തകങ്ങളുമെഴുതി. ഭാവിയിൽ സുഭാഷ് ചന്ദ്ര ബോസിന് സ്വാതന്ത്ര്യ സമര പോരാട്ടത്തിനുതകും വിധം വളക്കൂറുള്ള മണ്ണായി അദ്ദേഹം ജപ്പാനെ മാറ്റി . ഇന്ത്യൻ നാഷണൽ ആർമിയുടെ രൂപീകരണത്തിന് പ്രധാന പങ്കു വഹിച്ചത് റാഷ് ബിഹാരിയാണ്.

അവസാനശ്വാസം വരെ സമരം നിർത്തരുതെന്ന് അദ്ദേഹം സ്വാതന്ത്ര്യ ഭടന്മാരെ ഉദ്ബോധിപ്പിച്ചിരുന്നു. ഒരിക്കൽ സചീന്ദ്ര സന്യാലിൽ നിന്ന് ലഭിച്ച കത്തിൽ നിരാശ നിഴലിക്കുന്നത് തിരിച്ചറിഞ്ഞ റാഷ് ബിഹാരി ഇങ്ങനെ കുറിച്ചു . " താങ്കളുടെ എഴുത്തിൽ ചിലയിടത്ത് നിഴലിക്കുന്ന നിരാശാ ബോധം എനിക്കിഷ്ടപ്പെടുന്നില്ല .ജീവിതം സനാതനമാണ് . അതിനാൽ സംഘർഷവും സനാതനമാണ് "

1945 ജനുവരി 21 ന് അദ്ദേഹം അന്തരിച്ചു . ഒരു വിദേശിക്ക് ലഭിക്കാവുന്ന ഏറ്റവുമുയർന്ന ബഹുമതിയായ ഓർഡർ ഓഫ് ദ മെറിറ്റ് ഓഫ് ദ റൈസിംഗ് സൺ നൽകിയാണ് ജപ്പാൻ അദ്ദേഹത്തെ ആദരിച്ചത് . 2013 ൽ ആ ധീര ദേശാഭിമാനിയുടെ ചിതാഭസ്മം ജപ്പാനിൽ നിന്ന് ഭാരതത്തിലെത്തിച്ച് ഹൂബ്ലി നദിയിൽ നിമഞ്ജനം ചെയ്തു. സ്വതന്ത്ര ഭാരതത്തിലേക്ക് സ്വന്തം ചിതാഭസ്മമെങ്കിലും എത്തപ്പെട്ടല്ലോയെന്ന് അറിയപ്പെടാത്ത ലോകത്തിരുന്ന് ഒരു പക്ഷേ അദ്ദേഹം ചിന്തിച്ചിരിക്കാം ....