Powered By Blogger

Tuesday, April 26, 2016

വി . സാംബശിവന്‍

ആ ശബ്ദം നിലച്ചിട്ട് ഇത് ഇരുപതാം വർഷം

കേരളത്തിൽ, കഥാപ്രസംഗം എന്ന ഗ്രാമീണകലാരൂപത്തെ ജനകീയമാക്കിയതിൽ ആദ്യം എടുത്തു പറയാവുന്ന പേരാണ് വി. സാംബശിവൻ. ഘനഗംഭീരമായ ശബ്ദവും, അവതരിപ്പിക്കുന്ന വിഷയത്തോടുളള   സമീപനവും, ഭാവാഭിനയത്തിലെ തന്മയത്വവും അദ്ദേഹത്തെ കഥാപ്രാസംഗകരിൽ വേറിട്ട സ്വരമാക്കി.
1929 ജൂലൈ 4 ന് കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗത്ത് മേലൂട്ട് വേലായുധന്റെയും, ശാരദയുടെയും മൂത്ത പുത്രനായാണ് സാംബശിവൻ ജനിക്കുന്നത്. ചവറ സൗത്ത് ഗവ. യു.പി. സ്കൂളിലും, ഗുഹാനന്ദപുരം സംസ്കൃതസ്കൂളിലും, ശങ്കരമംഗലം സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം. കൊല്ലം എസ്.എൻ. കോളേജിൽ നിന്നു ബി.എ. ഒന്നാം ക്ലാസ്സിൽ പാസ്സായ സാംബശിവൻ 1960ൽ ബി.എഡ് പാസ്സായി. 1957ൽ ഗുഹാനന്ദപുരം ഹൈസ്കൂളിൽ അദ്ധ്യാപകനായി.
1949 ലെ ഓണക്കാലത്ത് ഗുഹാനന്ദപുരം ക്ഷേത്രസന്നിധിയിൽ ആദ്യമായി മുഴങ്ങിക്കേട്ട ആ ശബ്ദം മലയാളിയുടെ മനസ്സിനെ പതിറ്റാണ്ടുകളോളം കീഴ്പ്പെടുത്തിയെന്നു തന്നെ പറയാം. കഥാപ്രസംഗകലയുടെ അവസാനവാക്കായിത്തന്നെ ജ്വലിച്ചു നിന്നു സാംബശിവൻ. ചങ്ങമ്പുഴയുടെ ‘ദേവത‘ എന്ന കവിതയായിരുന്നു അദ്ദേഹം ആദ്യമായി കഥാപ്രസംഗരൂപത്തിൽ അവതരിപ്പിച്ചത്.
സർവ്വകലാശാലാവിദ്യാഭ്യാസത്തിനു പണമില്ലാതെ വന്ന സാഹചര്യത്തിലാണ് അദ്ദേഹം ‘ഞാനൊരു കഥ പറയാം, പകരം പണം തന്നെന്നെ സഹായിക്കണം‘ എന്ന ആമുഖവുമായി കഥാപ്രസംഗവേദിയിലേയ്ക്കു കാലെടുത്തു വയ്ക്കുന്നത്. പഠനകാലത്തും, അതിനുശേഷവും ആയിരക്കണക്കായ വേദികളെ കോരിത്തരിപ്പിച്ച ആ വാഗ്‌വൈഭവത്തോടൊപ്പം നിരവധി ഹൃദയങ്ങൾ ചിരിച്ചും, തേങ്ങിയും, വിതുമ്പിയും, ആവേശം കൊണ്ടും, ജ്വലിച്ചും, തളർന്നുമങ്ങനെ സഞ്ചരിച്ചു. ആ മനോയാനങ്ങളുടെ സഞ്ചാരപഥങ്ങളിലൊക്കെയും സാംബശിവൻ അനുഗ്രഹീതമായ കാവ്യകുസുമങ്ങൾ തേനും, ചന്ദനവും ചേർത്തു വിതറി.
സാധാരണക്കാരെ ഹഠാദാകർഷിച്ച അക്കാലത്തെ ചങ്ങമ്പുഴക്കവിതകൾ ഏതാണ്ടെല്ലാം തന്നെ സാംബശിവനു കഥകളായി. കഥകൾ പലതും സാധാരണക്കാരനു ജീവിതവും, ജീവിത ചിത്രണങ്ങളുമായി. ക്ഷേത്രസങ്കേതങ്ങളിലും, സാംസ്കാരികസദസ്സുകളിലും, രാഷ്ട്രീയ പരിപാടികളിലുമെന്നു വേണ്ട സാധാരണക്കാർ വന്നു പെടുന്ന സ്ഥലങ്ങളെല്ലാം സാംബശിവനെ വേദിയൊരുക്കി സ്വാഗതം ചെയ്തു.
ദേവതക്കു ശേഷം കൊച്ചുസീത, മഗ്ദലനമറിയം, വാഴക്കുല ,ആയിഷ,റാണി, പട്ടുനൂലും വാഴനാരും , പ്രേമശിൽപ്പി, പുളളിമാൻ ഇങ്ങനെ നിരവധി കഥകളിലൂടെ സാംബശിവൻ കഥാപ്രസംഗമെന്ന കേരളത്തിന്റെ മനോഹര കലാരൂപത്തിന്റെ പര്യായമായി ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠിതനാവുകയായിരുന്നു.
നാടൻ ജീവിതവും, കാവ്യങ്ങളും മാത്രമല്ല വിശ്വസാഹിത്യം വരെ സാംബശിവനു വിഷയമായി. 1963ൽ, പ്രായേണ വിശ്വസാഹിത്യമൊക്കെ സാധാരണക്കാരന് തീർത്തും അന്യമായിരുന്ന കാലഘട്ടത്തിലാണ് സാംബശിവൻ, ലിയോ ടോൾസ്റ്റോയിയുടെ ‘ദ പവർ ഓഫ് ഡാർക്നെസ്‘ എന്ന നാടകം അനീസ്യ എന്ന പേരിൽ തന്റെ അനുവാചകരുടെ മുൻപിലേയ്ക്ക് ആദ്യമായി അവതരിപ്പിക്കുന്നത്. കഥാപ്രസംഗമായി മാറിയ ആദ്യ വിശ്വസാഹിത്യം അതായിരുന്നു.
പുഷ്പിത ജീവിതവാടിയിലൊ
രപ്സരസുന്ദരിയാണനീസ്യ – എന്ന മധുരോദാരമായ ഗാനത്തോടെ കഥാപ്രസംഗ വേദിയിലവതരിച്ച അനീസ്യയെ, തികച്ചും അപരിചിതമായ കഥാപശ്ചാത്തലമായിരുന്നിട്ടു കൂടി മലയാളി സമൂഹം നെഞ്ചേറ്റു വാങ്ങിയെങ്കിൽ അത് സാംബശിവൻ എന്ന അനുഗ്രഹീത കലാകാരന്റെ വൈദഗ്ദ്ധ്യവും, കൈത്തഴക്കവും ഒന്നു കൊണ്ടു മാത്രമാണ്.
സാംസ്കാരിക-സാമൂഹിക പരിഷ്കാരങ്ങളിൽ കലയിലൂടെ തന്റെ ഇടം കണ്ടെത്തിയ കലാകാരൻ കൂടിയായിരുന്നു സാംബശിവൻ. വ്യവസ്ഥിതികളോടു പടപൊരുതിയ ആ കാലഘട്ടത്തിലെ ഏതാണ്ടെല്ലാ സാഹിത്യ രചനകളും സാംബശിവനു വിഷയമായി. അവയെല്ലാം – ഒന്നൊഴിയാതെ – ജനഹൃദയങ്ങൾ സഹർഷം സ്വാഗതം ചെയ്യുകയും ചെയ്തു.
സാംബശിവനെ ഏറ്റവുമധികം പ്രശസ്തനാക്കിയത് ‘ഒഥല്ലോ ദി മൂർ ഓഫ് വെനീസ്‘ എന്ന ഷേക്സ്പീരിയൻ നാടകത്തിന്റെ കഥാപ്രസംഗരൂപമാണ്. ഇംഗ്ലീഷ് സാഹിത്യത്തിൽ ഉന്നത വിദ്യാഭ്യാസം ചെയ്യുന്നവർ മാത്രം അക്കാലങ്ങളിൽ പരിചയിച്ച ഷേക്സ്പിയറും, ഒഥല്ലോയുമെല്ലാം ഇങ്ങു നാട്ടിൽ, സാധാരണക്കാരുടെ തട്ടകങ്ങളിൽ, അമ്പലപ്പറമ്പിലും, ചായക്കടത്തിണ്ണയിലുമെല്ലാം ചർച്ച ചെയ്യപ്പെട്ടു. സാധ്യതകളെ പ്രതിബദ്ധതയോടെ കണ്ടെത്തി അവയെ ആത്മാംശം ചോർന്നു പോകാതെ അനുവാചകനു പകർന്നു നൽകാനുളള    അത്ഭുതസിദ്ധിക്കുടമയായിരുന്നു സാംബശിവൻ. ഒഥല്ലോ എന്ന ദുരന്തനാടകത്തിന്റെ കഥാപ്രസംഗരൂപം കയ്യൊതുക്കത്തോടെയും, മലയാളിക്കുൾക്കൊളളാൻ കഴിയുന്ന ഗ്രാമ്യസൗന്ദര്യത്തോടെയും തന്നെയാണ് സാംബശിവൻ വേദിയിൽ അവതരിപ്പിച്ചത്.
നീചബുദ്ധിയുടെ മനുഷ്യരൂപമായ ഇയാഗോയുടെ കുടിലതന്ത്രങ്ങളുടെ വാഗ്സ്ഫോടനം ‘I like that not‘ എന്ന് ഷേക്സ്പിയർ അവതരിപ്പിച്ചപ്പോൾ, സാംബശിവൻ ‘ഛെയ് എനിക്കതു തീരെ പിടിച്ചില്ല‘ എന്ന് അനായാസമായി മൊഴിമാറ്റം ചെയ്തു കേൾപ്പിച്ചു കൊടുത്തു; ഇന്നാട്ടിലെ പണ്ഡിതനും, പാമരനുമടങ്ങുന്ന അനുവാചകവൃന്ദത്തെ… നോക്കുക; ആ കയ്യൊതുക്കവും, കലാവതരണത്തിലെ വൈദഗ്ദ്ധ്യവും. ഇംഗ്ലീഷ് സാഹിത്യവിദ്യാർത്ഥികളെ നന്നേ വലയ്ക്കുന്ന ഗഹനതയുളളതാണ് ഷേക്സ്പീരിയൻ സാഹിത്യമെന്നതു കൂടി ഈയവസരത്തിൽ നാമോർക്കേണ്ടതുണ്ട്.
പഠനവും, നോവലും, യാത്രാവിവരണവുമൊക്കെയായി ആറോളം ഗ്രന്ഥങ്ങളും രചിച്ചു, ഈ തിരക്കിട്ട ജീവിതത്തിനിടയിലും സാംബശിവൻ.
അവസാന വേദിയായ പാങ്കുളം മാടൻനടയിൽ 1996 മാർച്ച് 7ന് അദ്ദേഹമവതരിപ്പിച്ച കഥ ‘ഏഴു നിമിഷങ്ങ‘ളായിരുന്നു. ശ്വാസകോശാർബുദത്തെത്തുടർന്ന് 1996 ഏപ്രിൽ 25ന് തന്റെ അറുപത്തിയേഴാം വയസ്സിൽ ഈ ലോകത്തോടു സാംബശിവൻ വിടപറയുമ്പൊഴും, അനുവാചകസഹസ്രങ്ങളുടെ ഹൃദയാകാശങ്ങളിൽ ഒഥല്ലോയുടെ ശീലുകൾ -കഥ പറഞ്ഞു, കഥ പറഞ്ഞു ശ്വാസം നിലച്ച ആ പ്രതിഭാധനന്റെ മുഴങ്ങുന്ന ശബ്ദം- അലയടിക്കുന്നുണ്ടായിരുന്നു…

Saturday, March 19, 2016

ജിം കോര്‍ബറ്റ്

ജനങ്ങളുടെ മനസ്സിൽ അമാനുഷികതയുടെ പരിവേഷമുള്ളവരാണ് പട്ടാളക്കാരും നായാട്ടുകാരും. സാധാരണരീതിയിൽ മനുഷ്യർക്ക് കടന്നെത്താൻ കഴിയാത്ത മരണം പതിയിരിക്കുന്ന സാഹചര്യങ്ങളിൽക്കൂടി കടന്നു പോകുന്ന ഇവർ എല്ലാ തലമുറയിലെയും നിത്യഹരിത നായകരാണ്. അങ്ങനെയൊരു നിത്യഹരിത നായകന്റെ കഥയാണ് ജിം കോര്‍ബറ്റിന്റെയും.
ഇതിഹാസ തുല്യമായ ദൌത്യങ്ങളിലൂടെ നൂറുകണക്കിന് ജീവൻ രക്ഷിച്ച ഒരു ശിക്കാരിയുടെ ജീവിതമാണ്…ജിം കോർബറ്റ്. 1875 ജൂലായ്‌ 25 ന് ഇപ്പോഴത്തെ ഉത്തരാഖണ്ടിലെ നൈനിറ്റാളിൽ ഐറിഷ് ദമ്പതികളായ വില്യം ക്രിസ്റ്റഫറിന്റെയും മേരി ജെയിൻ കൊർബറ്റിന്റെയും 16 മക്കളിൽ എട്ടാമനായി ജിം ജനിക്കുമ്പോൾ ഭാരതം ബ്രിട്ടീഷ് ഭരണത്തിന്റെ മൂർധന്യത്തിലായിരുന്നു. കടുത്ത ദാരിദ്ര്യത്തിലും കഷ്ടപ്പാടിലുമായിരുന്നു ജിമ്മിന്റെ കുടുംബം. പോസ്റ്റ്‌ മാസ്റ്ററായിരുന്നു ജിമ്മിന്റെ പിതാവ്. അദ്ദേഹത്തിനു നാല് വയസ്സുള്ളപ്പോൾ മരണപ്പെട്ടു. ജ്യേഷ്ഠന്റെ സംരക്ഷണയിലാണ് വളർന്നത്.
തീരെ ചെറുപ്പത്തിൽ തന്നെ ജിം നൈനിറ്റാളിലെ വനങ്ങളിൽ അലഞ്ഞു തിരിഞ്ഞു. ഇളം പ്രായത്തിൽ തന്നെ വന്യമൃഗങ്ങളെയും പക്ഷികളെയും തിരിച്ചറിയാനും അവയെ പിന്തുടർന്ന് നിരീക്ഷിക്കാനുമുള്ള അസാധാരണമായ വൈദഗ്ധ്യം ജിമ്മിനുണ്ടായിരുന്നു. വനത്തിലെ ശബ്ദങ്ങളും ഇലയനക്കങ്ങളും കാറ്റിന്റെ ഗതിയുമൊക്കെ ഒരു ആറാമിന്ദ്രിയം പോലെ വന്യസൗന്ദര്യത്തിന്റെ മന്ത്രദീക്ഷ അവനു പ്രകൃതി കനിഞ്ഞു നൽകി. ഏതു കൊടുങ്കാടിന്റെ നിഗൂഢതയും ജിമ്മിനു കരതലാമലകമായി.
ജീവിതസാഹചര്യം മൂലം വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാതെ പത്തൊമ്പതാമത്തെ വയസ്സിൽ റയിൽവെയിൽ ജോലിക്ക് പ്രവേശിച്ചു എങ്കിലും കാടിന്റെ വിളി അദ്ദേഹത്തിനു ഉപേക്ഷിക്കാൻ കഴിഞ്ഞില്ല. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരു വന,വന്യജീവി വിദഗ്ദ്ധനായി അദ്ദേഹം പേരെടുത്തു. അക്കാലത്ത് കുമയൂൺ മേഖലയിൽ ഒരുപാട് നരഭോജി കടുവകൾ ഉണ്ടായിരുന്നു. വികസനമോ വിദ്യാഭ്യാസമോ എത്തിപ്പെട്ടിട്ടില്ലാത്ത പാവങ്ങളിൽ പാവങ്ങളായ മനുഷ്യർ താമസിക്കുന്ന ഗ്രാമങ്ങളിലെ മനുഷ്യർ പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും നിരന്തരം ഈ നരഭോജികളുടെ ഇരയായി. സർക്കാർ പലവട്ടം ഇവറ്റകളെ വകവരുത്താൻ പലരെയും നിയോഗിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇരുളിന്റെയും പൊന്തകളുടെയും മറയിൽ നിന്ന് ഏതു നിമിഷവും ചാടിവീഴുന്ന മരണത്തിന്റെ നിഴലിൽ കഴിയാനായിരുന്നു കുമയൂൺ കുന്നുകളിലെ ആ പാവങ്ങളുടെ വിധി.
വായിച്ച് രസിക്കും പോലെ ലളിതമല്ല നരഭോജി വേട്ട .നൂറു കണക്കിന് ചതുരശ്രമൈൽ ചുറ്റളവിലാണ് ഒരു കടുവയുടെ ആവാസ മേഖല. പതിയിരിക്കാനും നിരീക്ഷിക്കാനും മിന്നൽ വേഗത്തിൽ ചാടിവീണ് ഇരയെ കീഴ്പ്പെടുത്താനും അതിനു പ്രകൃത്യാ കഴിവുണ്ട്. ഈ വിശാലമായ ആവാസ മേഖലയിൽ നിന്ന് അവനെ കണ്ടെത്തുക എന്നത് തന്നെ വൈക്കോൽ കൂനയിൽ കടുകുമണി തിരയുന്നത് പോലെയാണ്. തിരിച്ചറിഞ്ഞാലൊ പറ്റിയ ഒരവസരത്തിനു വേണ്ടി കാത്തിരിക്കുക. വെടിയേറ്റ് മുറിവുപറ്റിയ മൃഗം അത്യാപൽക്കാരിയാണ്. അതിനെ പിൻതുടർന്ന് വകവരുത്തുക. രക്തം മരവിക്കുന്ന ക്ഷമയും അധ്വാനവും കഴിവും ആവശ്യമുള്ള കാര്യമാണിത്. കാടിന്റെയും ആവാസവ്യവസ്ഥയുടെയും വ്യാകരണം വന്യമൃഗങ്ങളേപ്പോലെ തന്നെ മനസ്സിലാക്കിയവർക്കെ ഇത് സാധിക്കൂ.
ഇവിടെയാണ്‌ കാടിന്റെ ആത്മാവിനെ കണ്ടറിഞ്ഞ ജിം കോർബറ്റിനെ പോലെയുള്ള ഒരു മനുഷ്യന്റെ പ്രസക്തി.1920 മുതൽ 1930 വരെയുള്ള പത്ത് വർഷക്കാലം കുമയൂൺ മേഖല അവിടെ വിളയാടിയ നരഭോജികളെ പോലെ അദ്ദേഹത്തിന്റെയും ആവാസ ഭൂമിയായി. സർക്കാർ സമീപിക്കുമ്പോൾ രണ്ട് ഉപാധികൾ അദ്ദേഹം മുമ്പോട്ട് വച്ചു. പ്രതിഫല വാഗ്ദാനം പിൻവലിക്കുക, മേഖലയിലുള്ള മറ്റ് ശിക്കാരികൾ സ്ഥലം വിടുക. നരഭോജി ശല്യം എറ്റവും കൂടുതലുള്ള പ്രദേശത്ത് തന്നെ സ്വയം തമ്പടിച്ച് തന്റെ റൈഫിളുമായി അദ്ദേഹം ദൗത്യം ആരംഭിക്കും. കടുവ നരഭോജിയാണന്ന് ഉറപ്പ് വരുത്തിയിട്ടേ അദ്ദേഹം ദൗത്യം എറ്റെടുക്കുകയുള്ളൂ.
കുമയൂണിലെ ദുര്‍ഗമമായ ഗ്രാമ വീഥികളിലും വയലുകളിലും വനങ്ങളിലും പുല്ലരിയാനും വിറക് ശേഖരിക്കാനും പോകുന്ന സ്ത്രീകളാണ് എറ്റവുമധികം കൊല്ലപ്പെട്ടിട്ടുള്ളത്. അവിടേക്ക് ജിം കോർബറ്റ് ദൈവദൂതനെപ്പോലെയാണ്‌ സ്വീകരിക്കപ്പെട്ടത്. അവരുടെ വയലുകൾക്കും വളർത്ത് മൃഗങ്ങൾക്കും ഇമവെട്ടാതെ അദ്ദേഹം റൈഫിളുമായി കാവലിരുന്നു. പതുങ്ങിയെത്തുന്ന ക്രൌര്യത്തിന്റെ മണം പിടിച്ച് തന്റെ പ്രിയപ്പെട്ട വേട്ടനായ റോബിനുമായി കുമയൂണിന്റെ വനഗർഭങ്ങളിൽ മരണവുമായി ചതുരംഗം കളിച്ചു.
അദ്ദേഹം പറയുന്ന പ്രകാരം കടുവ കുലീനനാണ്. അവൻ ഇരുളിന്റെ മറവിൽ വേട്ടയാടില്ല. പകൽ വെളിച്ചത്തിലെ ആക്രമിക്കൂ. ഇരയോട്‌ അധികം ക്രൂരത കാട്ടില്ല. ഓരോ കടുവക്കും അതിന്റേതായ രീതികളുണ്ട്. ഈ രീതികളും സ്വഭാവങ്ങളും മനസ്സിലാക്കി വേണം അതിനെ നേരിടാനും. ആദ്യം നോക്കുക അതിന്റെ കാൽപാദങ്ങളുടെ മണ്ണിൽ പതിഞ്ഞ അടയാളങ്ങളാണ് . അതിൽ നിന്നും കടുവയുടെ പ്രായം വലിപ്പം തൂക്കം ലിംഗം എന്നിവ മനസ്സിലാക്കാം. കൊന്ന ഇരകളുടെ അവശിഷ്ടങ്ങളിൽ നിന്നും ഇത് നേരിടുന്ന ശാരീരിക ബുദ്ധിമുട്ട് എന്താണെന്നും അറിയുന്നു. മിക്കവാറും വെടിവെച്ചാൽ ഉടൻ ഇത് ചാകില്ല. മുറിവുമായി ഇത് കാട്ടിലേക്ക് മറഞ്ഞാൽ അപകട സാധ്യത കൂടുതലാണ്. രക്തപ്പാടുകൾ നോക്കി കടുവയുടെ മണം പിടിച്ച് കാടിനുള്ളിൽ പതുങ്ങിയിരിക്കുന്ന കടുവയെ പിൻതുടരുക എന്നത് അതീവ സാഹസമാണ്. ഇതിനിടയിൽ 64 മണിക്കൂർ വരെ അദ്ദേഹം ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഴിഞ്ഞിട്ടുണ്ട്. എല്ലാം കഴിഞ്ഞ് നരഭോജിയെ വകവരുത്തി ഒരു പ്രതിഫലവും കൈപ്പറ്റാതെ ആ ഗ്രാമം ഉപേക്ഷിച്ച് പോകുമ്പോൾ ഗ്രാമവാസികളായ പാവം മനുഷ്യർ അദ്ദേഹത്തിന്റെ കാലിൽ വീണ് പൊട്ടിക്കരഞ്ഞ സന്ദർഭങ്ങളുണ്ട്.
1800 ചതുരശ്ര കിലോമീറ്റർ വ്യാപിച്ച് കിടക്കുന്ന കുമായൂൺ മേഖലയിൽ,1500 ഓളം സാധാരണക്കാരെ കൊന്ന ഇരുതോളം നരഭോജികളെ അദ്ദേഹം വെടിവച്ച് വീഴ്ത്തി. കാടിന്റെ മനസ്സറിഞ്ഞ ഒരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ കൂടിയായിരുന്നു ജിം കോർബറ്റ്. അത്യാധുനിക ക്യാമറകളോ ലെൻസുകളോ ഇല്ലാത്ത കാലത്ത് അദ്ദേഹം പകർത്തിയ നിഴലും നിലാവും ഇണചേരുന്ന വനനിഗൂഡതകളുടെ വന്യചിത്രങ്ങൾ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിലെ ക്ലാസിക്കുകളാണ്.
1930 കളോടെ നരഭോജി കടുവകളുടെ വേട്ടയിൽ നിന്നും പിൻവാങ്ങിയ ജിം കോർബറ്റ്, ഭാരതത്തിന്റെ വിശാലമായ വന്യജീവി സമ്പത്തിനെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ മുഴുകി. കരുത്തും സൗന്ദര്യവും ഒരുപോലെ ഒത്തിണങ്ങിയ ഇന്ത്യൻ കടുവകൾ സംരക്ഷിക്കപ്പെടേണ്ടത്തിന്റെ ആവശ്യം അദ്ദേഹത്തിനു നന്നായി അറിയാമായിരുന്നു.അക്കാലത്തെ നാട്ടുരാജാക്കന്മാരുടെ പ്രധാന വിനോദങ്ങളിലോന്നായിരുന്നു കടുവ വേട്ട. വേട്ടക്കിടയിൽ മുറിവേൽക്കപ്പെടുന്ന കടുവകൾ സ്വാഭാവികമായി നരഭോജികളായി. നരഭോജിക്കടുവകളെ കൊല്ലുകയല്ല, അവയെ നരഭോജികളാക്കാതിരിക്കുകയാണ് വേണ്ടത് എന്ന സത്യം ബോധിപ്പിക്കാൻ വേണ്ടി 1934 ൽ ആദ്യത്തെ നാഷണൽ പാർക്ക് അദ്ദേഹം സ്ഥാപിച്ചു. കടുവകളുടെയും വന്യമൃഗങ്ങളുടെയും സ്വാഭിവികമായ ആവാസ വ്യവസ്ഥ സംരക്ഷിച്ചാൽ വിശാലമായ വനമേടുകളിൽ അവ ആർക്കും ശല്യമുണ്ടാക്കാതെ മേഞ്ഞു നടന്നു കൊള്ളും. നാട്ടിലിറങ്ങി നരഭോജിയാകേണ്ട സാഹചര്യം ഉണ്ടാക്കാതിരിക്കുക എന്ന ചെറിയ കാര്യമേ നമുക്ക് ചെയ്യേണ്ടതായുള്ളൂ. എൺപത് വർഷങ്ങൾക്കു മുൻപ് അദ്ദേഹമുണ്ടാക്കിയ നിയമാവലികലാണ് ഇന്നും ലോകം മുഴുവനുമുള്ള കടുവാ സംരക്ഷണത്തിന്റെ റഫറൻസ്.
സഹോദരിക്ക് വേണ്ടി ജീവിതം സമർപ്പിച്ച ജിം കോർബറ്റ് ജീവിതകാലം മുഴുവൻ അവിവാഹിതനായിരുന്നു.1947 ൽ സഹോദരി മാഗിയോടൊപ്പം കെനിയയിലേക്ക് കുടിയേറി. തന്റെ ജീവിതാനുഭവങ്ങൾ എഴുതാനാണ് പിൽക്കാലം ചെലവഴിച്ചത്. വന്യജീവി അനുഭവങ്ങളെപ്പറ്റി പന്ത്രണ്ടോളം പുസ്തകങ്ങൾ അദ്ദേഹം രചിച്ചു. അതിൽ “കുമയൂൻ കുന്നുകളിലെ നരഭോജികൾ ” എക്കാലത്തെയും വലിയ ബെസ്റ്റ് സെല്ലറുകലിലൊന്നാണ്.1955 ഏപ്രിൽ 19ന് മനുഷ്യസ്നേഹിയായ ആ ശിക്കാരി യാത്രയായി. അദ്ദേഹത്തിനോടുള്ള ആദരസൂചകമായി അദ്ദേഹം സ്ഥാപിച്ച നാഷണൽ പാർക്ക്,1963 മുതൽ ജിം കോർബറ്റ് നാഷണൽ പാർക്കായി നാമകരണം ചെയ്യപ്പെട്ടു .
ഇന്നും കുമയൂണിലെ മരണം പതിയിരിക്കുന്ന മലമടക്കുകളിൽ കാരിരുമ്പിന്റെ കരുത്തുള്ള കൈകളിൽ റൈഫിളും തലയിൽ നായാട്ടുതൊപ്പിയുമായി നൈനിറ്റാളിലെ സാഹിബ് തങ്ങൾക്ക് കാവൽ നിൽക്കുന്നു എന്ന് അവിടുത്തെ ഗ്രാമവാസികൾ വിശ്വസിക്കുന്നു.

Monday, March 14, 2016

എസ് കെ പൊറ്റക്കാട്

കാലം 1981. സ്കൂൾ ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ വിതരണം ചെയ്യുന്നു. ക്ലാസ് ടീച്ചർ ഒരു കെട്ട് പുസ്തകങ്ങൾ മേശപ്പുറത്ത് വെച്ച് ഓരോരുത്തരെയായി വിളിച്ച് ഓരോ പുസ്തകം വീതം കൊടുക്കുന്നു. തരുന്നത് കൊണ്ടുപോയ്ക്കൊള്ളണം. ഒരാഴ്ചക്ക് ശേഷം തിരിച്ച് കൊടുക്കണം. വായിച്ചോ ഇല്ലയോ എന്നതൊന്നും വിഷയമല്ല. ഒരു സർക്കാർ സ്കൂൾ രീതി. പൂമ്പാറ്റ, അമർ ചിത്രകഥ എന്നിവയിൽ കുരുങ്ങിക്കിടന്ന ബാല്യകാലത്തിന് ഗൗരവമായ വായന അപരിചിതമായിരുന്നു. എന്റെ ഊഴമെത്തി. കഷ്ടി നൂറ്റമ്പത് പേജുള്ള ഒരു പുസ്തകം. പ്രത്യേകിച്ച് ഭാവഭേദമൊന്നുമില്ലാതെ പുസ്തകം വാങ്ങി. ‘നൈൽ ഡയറി, എസ് കെ പൊറ്റക്കാട്ട്’. ക്ലാസ് റൂമിൽ പുസ്തകവിതരണത്തിന്റെ ബഹളത്തിനിടയിൽ നിസ്സംഗതയോടെ മറിച്ച് നോക്കി.
‘നൈൽ ഒരു മഹാകാവ്യമാണ്’.
ക്വിസ് മത്സരങ്ങളിൽ എറ്റവും നീളം കൂടിയ നദി നൈൽ എന്ന് മാത്രം പരിചയിച്ച ആറാം ക്ലാസ്സുകാരന്റെ മനസ്സിലേക്ക് മകരമഞ്ഞു പോലെ പെയ്തിറങ്ങിയ ആ വാചകം പിന്നീടൊരിക്കലും ഇറങ്ങിപ്പോയില്ല. അതെഴുതിയ അനശ്വരനായ സഞ്ചാരി അവന്റെ മനസ്സിൽ ഒരു അമാനുഷികനായി വളർന്നു.
1913 മാർച്ച് 14 നു കോഴിക്കോട് ജനിച്ച ശങ്കരൻ കുട്ടിയിലെ എഴുത്തുകാരൻ വിശ്വത്തോളം ഉയരാനുള്ള യാത്ര തുടങ്ങിയത് വളരെ യാദൃശ്ചികമായിട്ടാണ്. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് തൊഴില്‍ രഹിതനായിരുന്ന മൂന്ന് വർഷം. ലോക ക്ലാസ്സിക്കുകളിലൂടെ നടത്തിയ സഞ്ചാരം ആ വ്യക്തിത്വ രൂപീകരണത്തിൽ വലിയ പങ്കാണ് വഹിച്ചത്. അതിനു മുൻപും എഴുതിയിട്ടുണ്ടങ്കിലും, തന്റെ മാർഗ്ഗം ഇതാണ് എന്നദ്ദേഹം തിരിച്ചറിഞ്ഞത് അപ്പോഴാണ്‌. അതിനു ശേഷമാണ് മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹിറ്റ്‌ നോവൽ എന്ന് വിശേഷിപ്പിക്കാവുന്ന നാടൻ പ്രേമവും പിന്നാലെ പ്രേമശിക്ഷയും എഴുതിയത്. അപ്പോഴേക്കും 1940 കളിൽ കവിതയിൽ ചങ്ങമ്പുഴയും ഗദ്യരചനയിൽ എസ്കെയും മലയാളി നെഞ്ചെറ്റി കഴിഞ്ഞിരുന്നു. മലയാള ഗദ്യസാഹിത്യത്തെ സംസ്കൃത ബാഹുല്യവും ക്ളിഷ്ടവുമായ രചനാരീതികളിൽ നിന്ന് ജനകീയമാക്കിയ ഒരു മഹാവിപ്ലവം തന്നയാണ് ചങ്ങമ്പുഴയും എസ്കെ യും ചേർന്ന് അക്കാലത്ത് നടത്തിയത്. ചെറുപ്പക്കാർക്കിടയിൽ നക്ഷത്ര പരിവേഷത്തോടെയാണ് ഇവർ ജീവിച്ചത്. പിന്നാലെ വന്ന എം.ടി., എൻ.പി. മുഹമ്മദ്‌ തുടങ്ങിയ മഹാരഥരുടെ എറ്റവും വലിയ മാതൃകയും എസ്.കെ.യായിരുന്നു. അച്ചടക്കമില്ലാത്ത വഴിവിട്ട ജീവിതം ചങ്ങമ്പുഴയെ വളരെ നേരത്തെ കൊണ്ടുപോയങ്കിൽ വ്യക്തമായ കാഴ്ചപ്പാടോടയും ലക്ഷ്യത്തോടയും മുന്നേറിയ എസ്കെ പതിറ്റാണ്ടുകളോളം മലയാളിക്ക് പ്രിയങ്കരനായി ജീവിക്കുന്നു.
കാഥികന്റെ പണിപ്പുരയിൽ എംടി എഴുതിയിട്ടുണ്ട് എഴുതിത്തുടങ്ങുന്നവർക്ക് മാതൃകയാക്കാൻ എസ്‌കെയെപ്പോലെ മറ്റൊരാളില്ല. ദിവസവും കാണുന്നതും കേൾക്കുന്നതും പരിചയപ്പെടുന്ന വ്യക്തികൾ, അനുഭവങ്ങൾ എല്ലാം അദ്ദേഹം എഴുതി വയ്ക്കും. പെട്ടന്നാകും മാതൃഭൂമിയിൽ നിന്നോ മറ്റൊ ആളെത്തുക അത്യാവശ്യമായി ഒരു കഥ എഴുതിത്തരണം. അദ്ദേഹത്തിനു ഡയറി ഒന്ന് പരതുകയെ വേണ്ടൂ. കുറിച്ച് വെച്ച എതങ്കിലും കഥാപാത്രത്തിലോ സംഭവത്തിലോ മനസ്സുടക്കിയാൽ ഒരു മണിക്കൂറിനകം കഥ റെഡി. ഇത്ര പ്രൊഫഷനൽ ആയ ഒരു എഴുത്തുകാരൻ ലോകത്തിൽ തന്നെ അപൂർവമാണ് എന്നാണ് എംടിയുടെ അഭിപ്രായം.
വയനാട്ടിലെ കുടിയേറ്റത്തിന്റെ പശ്ചാത്തലത്തിലെഴുതിയ ‘വിഷകന്യക’, മിഠായിത്തെരുവിന്റെ ഇതിഹാസം പറയുന്ന ‘ഒരു തെരുവിന്റെ കഥ’, ആത്മകഥാംശം ഏറെയുള്ള ‘ഒരു ദേശത്തിന്റെ കഥ’ എന്നിവയാണ് എഴുതിയ പത്ത് നോവലുകളിൽ എറ്റവും ആഴമുള്ളതും ജനകീയമായതും. ഹൃദയത്തിന്റെ ഭാഷയിൽ ഉള്ളിൽ തട്ടി എസ്കെ എഴുതിയപ്പോൾ, ഒരു കിലോമീറ്റർ നീളമുള്ള മിഠായിത്തെരുവ് കോഴിക്കോടിന്റെ ഹൃദയധമനിയായി മാറി. എഴുത്തുകാരന്റെ പ്രിയപ്പെട്ട തെരുവ് കാണാൻ ആയിരക്കണക്കിന് ചെറുപ്പക്കാർ കോഴിക്കോട് വണ്ടിയിറങ്ങി. വളരെ അപൂർവമായി മാത്രമേ മലയാള സാഹിത്യത്തിൽ ഒരു പ്രദേശം തന്നെ കഥാപാത്രമാകുന്നതും ജനകീയമാകുന്നതും. തെരുവിന്റെ കഥ കൂടാതെ മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’, ഒവി വിജയൻന്റെ ‘ഖസാക്കിന്റെ ഇതിഹാസം’, അങ്ങനെ വളരെ അപൂർവ്വം.
ചെറുകഥയും നോവലും നാടകവും കവിതയുമൊക്കയായി സാഹിത്യത്തിന്റെ സമസ്ഥ മേഖലയിലും പാറിപ്പറന്ന എസ്കെയുടെ പ്രതിഭ പരാജയപ്പെട്ടങ്കിലും പുതിയൊരു സാഹിത്യരൂപം കൂടി വെട്ടിത്തുറന്നു. നോവലും നാടകവും സംയോജിപ്പിച്ച് അദ്ദേഹമെഴുതിയ ‘ഭാരതപ്പുഴയുടെ മക്കൾ’ ലോകത്തിലെ തന്നെ ഒരേയൊരു നോവടകം ആണ്. 1962 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അത്യപൂർവമായൊരു പുതുമ കൂടി നൽകി. എസ്കെയും സുകുമാർ അഴീക്കോടും കൊമ്പുകൊർത്ത ആ തെരഞ്ഞെടുപ്പിൽ തലശ്ശേരിയിൽ നിന്ന് മലബാറിന്റെ പ്രിയപുത്രൻ പാര്‍ളമെന്റിലെത്തി. 1967 വരെ ഇടതുപക്ഷ എംപിയായി ലോകസഭയിൽ. ആ അനുഭവങ്ങളെ അധികരിച്ച് എഴുതാൻ തുടങ്ങിയ നോർത്ത് അവന്യൂ എന്ന നോവൽ അദ്ദേഹത്തിനു മുഴുമിക്കാനായില്ല.
1980 ൽ ജ്ഞാനപീഠം ലഭിച്ചത് മലയാളത്തിൽ നിന്നുള്ള ഈ രണ്ടാം ശങ്കരനായിരുന്നു (ആദ്യം ലഭിച്ചത് ജി ശങ്കരക്കുറുപ്പ് ,രണ്ടാമത് ശങ്കരൻ കുട്ടി പൊറ്റക്കാട്ട് മൂന്നാമത് തകഴി ശിവശങ്കരപ്പിള്ള).
ഓരോ പ്രതിഭക്കും ഓരോ ജന്മനിയോഗങ്ങളുണ്ട്. എസ്കെ എന്ന ജീനിയസ്സിന്റെ നിയോഗം സഞ്ചാരസാഹിത്യം എന്ന മഹാപ്രപഞ്ചത്തിലെക്ക് മലയാളിയെ കൈപിടിച്ച് നടത്തുക എന്നതായിരുന്നു. നിറഞ്ഞ യൌവ്വനത്തിൽ പൈതൃകമായി കിട്ടിയതും ഉണ്ടാക്കിയതുമെല്ലാം വിറ്റുപെറുക്കി ലോകം ചുറ്റാനിറങ്ങിയ മാനസികാവസ്ഥയെ മുഴുഭ്രാന്തെന്ന് വിളിക്കാത്തവർ കുറവായിരുന്നു. യാത്രാസൌകര്യങ്ങളും, വാർത്താവിനിമയവും അങ്ങേയറ്റം പരിമിതമായ 1940 കളിൽ പഴയൊരു ക്യാമറയും പെട്ടിനിറയെ പ്ലെയേഴ്സ് സിഗരറ്റും ഉള്ളിലെ ജിജ്ഞാസയുടെ കടലിരമ്പവുമായി ആ അന്വേഷണ തൃഷ്ണ അലഞ്ഞു തിരിയാത്ത ഒരു തരി മണ്ണ് പോലും ലോകത്തില്ലായിരുന്നു. കെനിയയിലെ ദാർ എസ് സലാം മുതൽ ഈജിപ്റ്റിലെ അലക്സാണ്ട്രിയ വരെ ട്രെയിനിലും ബസ്സിലും ബോട്ടിലും താണ്ടിയ പതിനായിരത്തിൽ പരം കിലോമീറ്റ‌റുകളിലൂടെ ഇരുണ്ട ഭൂഖണ്ടത്തിന്റെ നേർചിത്രമാണ് അദ്ദേഹം കോറിയിട്ടത്‌. എത്തിപ്പെടുന്ന സ്ഥലത്ത് പുതിയ ബന്ധങ്ങൾ സ്ഥാപിച്ചും കൌതുകവസ്തുക്കൾ ശേഖരിച്ചും പുതിയ അനുഭവങ്ങളിലൂടെ സഞ്ചരിച്ചും നടത്തിയ അനുഭവങ്ങൾ വിവരിച്ചപ്പോൾ മലയാളി അന്തം വിട്ടിരുന്നു. എഴുത്തുകാരന്റെയും സഞ്ചാരിയുടെയും സർഗപ്രതിഭകൾ സംഗമിച്ചപ്പോൾ അദ്ദേഹത്തിന്റെ നോവലുകളെക്കാൾ ഹൃദ്യമായ സഞ്ചാര കാവ്യങ്ങൾ തന്നെ പിറന്നു വീണു. ഭാരതപ്പുഴക്കും സഹ്യപർവതത്തിനുമപ്പുറത്തേക്ക് വളർന്നിട്ടില്ലാത്ത മലയാളിയുടെ ചിന്തകളിൽ യൂണിയൻ ജാക്ക് വിരിച്ചിട്ട പോലെ രൂപകൽപന ചെയ്ത ഖാർതൂമിലും മോസ്കോയിലെ ഭൂഗര്‍‌ഭ റെയിൽവെയിലും മാർക്ക് ആന്റണിയും ക്ളിയോപ്പാട്രയും കെട്ടിപ്പുണർന്നു നിന്ന നൈലിന്റെ തീരങ്ങളിലും അലയാൻ തുടങ്ങി. അത് വെറും സഞ്ചാര രേഖകൾ മാത്രമല്ല. ആ കാലഘട്ടത്തിൽ ലോകത്തിനു നേരെയും രാജ്യങ്ങളുടെ ചരിത്രങ്ങളുടെ നേരെയും പിടിച്ചിരിക്കുന്ന ഒരു കണ്ണാടിയാണ്.
അദ്ദേഹത്തിന്റെ പതിനേഴ്‌ യാത്രാവിവരണങ്ങൾ പിന്നീട് മൂന്ന് വോള്യമായി പ്രസിദ്ധീകരിച്ചു. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിങ്ങനെ. ഇത് മൂന്നും മലയാളത്തിലെ എക്കാലത്തെയും മികച്ച ബെസ്റ്റ് സെല്ലരുകലാണ് പ്രത്യേകിച്ച് ആഫ്രിക്ക. ഇതെഴുതുന്നതിനു കിട്ടുന്ന പ്രതിഫലത്തെപ്പറ്റി ചോദിച്ചപ്പോൾ എസ്കെ പറഞ്ഞ മറുപടിയുണ്ട്. ‘കാപ്പിരികളുടെ നാട്ടിൽ’ എഴുതിയതിനു മാതൃഭൂമി കൊടുത്ത പ്രതിഫലത്തിന്റെ ഇരട്ടിയിലധികം തുകക്ക് അദ്ദേഹം ഈ സമയത്ത് പ്ലയേഴ്സ് വലിച്ച് തള്ളിയിട്ടുണ്ട് എന്ന്. അപ്പോഴാണ്‌ ഈ മനുഷ്യൻ തലമുറകൾക്ക് വേണ്ടി കാത്ത് വച്ച ഈ മഹാനിധികളുടെ പ്രാധാന്യം മനസ്സിലാകുന്നത്.
1980 ൽ ജീവിതയാത്രയിൽ താങ്ങും തണലുമായിരുന്ന പ്രിയതമ ജയവല്ലിയുടെ മരണം എസ്കെയുടെ പദക്രമങ്ങളുടെ താളം തെറ്റിച്ചു. സാഹിത്യത്തിന്റെ ഒരു വിശാലസാമ്രാജ്യം തന്നെ നമുക്ക് സമ്മാനിച്ച് കൊണ്ട് 1982 ആഗസ്റ്റ്‌ 6 ന് മഹാനായ സഞ്ചാരി യാത്രയായി. തന്റെ പ്രിയപ്പെട്ട തെരുവിനെ നിരീക്ഷിക്കുന്ന രീതിയിൽ മിഠായിത്തെരുവിന്റെ തുടക്കത്തിൽ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കപ്പെട്ടു. നഗരത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് കോഴിക്കോട് തിലോദകം നൽകിയത് അങ്ങനെയാണ്.
ലോകത്തിലെ എല്ലാ കോണിൽ നിന്നുമുള്ള കൌതുകവസ്തുക്കൾ ശേഖരിക്കപ്പെട്ട പുതിയറയിലെ ചന്ദ്രകാന്തത്തിനു സമീപമെത്തുമ്പോൾ അറിയാതെ കൊതിച്ച് പോകുന്നു. ചുണ്ടിൽ സദാ തിളങ്ങുന്ന കുസ്രുതിച്ചിരിയുമായി എസ്കെ ഈ പരിസരത്തുണ്ടായിരുന്നെങ്കിൽ.

Tuesday, February 2, 2016

മാശകളും അബദ്ധങ്ങളും പൊട്ടിച്ചിരികളുമായി ചലച്ചിത്രലോകത്ത് പലവേഷങ്ങളണിഞ്ഞ മലയാളത്തിന്റെ പ്രിയ താരം കൊച്ചി ഹനീഫ ഓര്‍മ്മയായിട്ട് ഇന്ന് ആറുവര്‍ഷം. ആസാനെ…. നിക്ക് ആസാനെ….. മലയാളികള്‍ക്ക് കൊച്ചിന്‍ ഹനീഫയെ ഓര്‍മ്മിക്കാന്‍ ഈ ഒരൊറ്റ ഡയലോഗ് മാത്രം മതി.
കൊച്ചി വെളുത്തേടത്ത് തറവാട്ടില്‍ മൂഹമ്മദിന്റെയും ഹാജിറയുടെയും മകനായി 1951 ഏപ്രില്‍ 22നാണ് ഹനീഫ ജനിച്ചത്. ബോട്ടണി ബിരുദധാരിയായ ഹനീഫ കൊച്ചിയിലെ സെന്റ് ആല്‍ബര്‍ട്ട്‌സ് സ്‌കൂളിലും കോളജിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സ്‌കൂള്‍ തലത്തില്‍ മോണോ ആക്ട് അവതരിപ്പിച്ചാണ് കലാപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം. നാടകങ്ങളിലും സജീവമായി. കൊച്ചിന്‍ കലാഭവന്‍ ട്രൂപ്പില്‍ അംഗമായതോടെ കൊച്ചിന്‍ ഹനീഫയായി. ശേഷം സിനിമാ മോഹവുമായി ചെന്നൈയിലേക്കു പോയി.
1979 ല്‍ അഷ്ടാവക്രന്‍ എന്ന ചിത്രത്തിലെ ഒരു ചെറിയ റോളില്‍ അഭിനയിച്ചായിരുന്നു ചലച്ചിത്ര അരങ്ങേറ്റം. വില്ലന്‍ വേഷങ്ങളിലാണ് തുടങ്ങിയതെങ്കിലും ഹാസ്യ വേഷങ്ങളിലൂടെയാണ് ഹനീഫ പേരെടുത്തത്. മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തില്‍ പഞ്ചാബി ഹൗസ്, മഴത്തുള്ളി കിലുക്കം, ചക്കര മുത്ത്, അരയന്നങ്ങളുടെ വീട്, സൂത്രധാരന്‍,കസ്തൂരിമാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം മലയാളികളെ ചിരിപ്പിച്ചു. പിന്നീട് അദ്ദേഹം  സംവിധാനം മേഖലയിലേക്കും കടന്നു. ഒരു സന്ദേശം കൂടി, ആണ്‍കിളിയുടെ താരാട്ട്, വാത്സല്യം തുടങ്ങി കുടുംബ പ്രേക്ഷകരുടെ ഉള്ളുലയ്ക്കുന്ന നിരവധി ചിത്രങ്ങള്‍. കടത്തനാടന്‍ അമ്പാടി, ലാല്‍ അമേരിക്കയില്‍, ഇണക്കിളി എന്നിവയുടെ തിരക്കഥാകൃത്തായി.
2010 ഫെബ്രുവരി രണ്ടിന് ആയിരുന്നു കൊച്ചിന്‍ ഹനീഫ മലയാള മനസ്സുകളെ കണ്ണീരിലാക്കി വിടപറഞ്ഞത്. അന്നും ഇന്നും കൊച്ചിന്‍ ഹനീഫയ്ക്കു പകരംവയ്ക്കാന്‍ മറ്റൊരാളില്ല. ഹനീഫയ്ക്ക് തുല്യം ഹനീഫ മാത്രം.നിഷ്‌കളങ്ക ഹാസ്യമായിരുന്നു കൊച്ചിന്‍ ഹനീഫയുടെ മുഖമുദ്ര. ഹനീഫയുടെ കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ഹാസ്യത്തിന്റെ പുതിയ അനുഭവങ്ങള്‍ സമ്മാനിച്ചു. വില്ലനായി വന്ന് സംവിധായകനായും തിരക്കഥാകൃത്തായും കൊമേഡിയനായുമൊക്കെ തിളങ്ങിയ ഹനീഫ സിനിമാക്കാരുടെ പതിവ് ജാഡകള്‍ക്കും ബഹളങ്ങള്‍ക്കുമൊക്കെ അതീതനായിരുന്നു.
തമിഴിലും, ഹിന്ദിയിലൂം ഒട്ടേറെ ശ്രദ്ധേയ വേഷങ്ങള്‍. വിഎംസി ഹനീഫയെന്നായിരുന്നു അന്യ ഭാഷാ ചിത്രങ്ങളില്‍ അറിയപ്പെട്ടിരുന്നത്. അങ്ങനെ പല ഭാഷകളിലായി 300 ഓളം ചിത്രങ്ങള്‍. ഒടുവില്‍ കരള്‍ രോഗത്തെ തുടര്‍ന്ന് ആ അനശ്വര കലാകാരന്‍ എന്നന്നേക്കുമായി യാത്ര പറഞ്ഞു. എങ്കിലും അതിഭാവുകത്വമില്ലാതെ ഹനീഫ പകര്‍ന്നു തന്ന നിഷ്‌കളങ്ക ഹാസ്യത്തിന് പകരം വെയ്ക്കാന്‍ ഇന്നും മറ്റൊരാളില്ല. സമാനതകളില്ലാത്ത ഈ സിനിമാ താരത്തിന് പ്രണാമം.

(ജന്മഭൂമി)

Tuesday, December 15, 2015

കുമ്മനം രാജശേഖരന്‍.

എന്റെ സുഹൃത്ത്‌ പലതവണ പറഞ്ഞ ഒരു കഥയുണ്ട്,
ഒരിക്കല്‍ തിരുവനന്തപുരം മാരാര്‍ജി ഭവനില്‍നിന്നും
എന്തോ പ്രോഗ്രാം കഴിഞ്ഞ് പരിവാര്‍ നേതാക്കള്‍
ഒക്കെ പിരിയുന്നു... രാത്രി സമയം..... ജില്ലാ തലത്തിലും
അതിനു താഴെ ഉള്ളതും, അത്ര ഒന്നും പ്രധാനപ്പെട്ടവര്‍
അല്ലാത്തതും ആയ നേതാക്കളെ വരെ ഓരോരോ
വാഹനങ്ങള്‍ വന്നു പിക്ക് ചെയ്യുന്നു. ഒരു വലിയ
സ്യൂട്ട് കേയ്സും പിടിച്ചു നരച്ചതാടിയുമായി
രാജേട്ടന്‍ ആരെയോ പ്രതീക്ഷിച്ചു മാറി നില്‍ക്കുന്നു.
അവസാനം മാരാര്‍ജി ഭവനില്‍ നിന്നും യാത്രയായ
ആള്‍ അദ്ദേഹതോട്ചോദിക്കുന്നു,
"രാജേട്ടാ പോരുന്നോ....?"
"ഇല്ല, എനിക്കുള്ള വണ്ടി ഇപ്പോള്‍ വരും... "
അല്‍പ സമയം കഴിഞ്ഞപ്പോള്‍ ഒരു ബൈക്ക്
വന്നു നില്‍ക്കുന്നു, രാജേട്ടന്‍ സ്യൂട്ട് കേയ്സുമായി
അതിനു പിന്നില്‍ കയറുന്നു, അത്ഭുതപ്പെട്ടു നിന്ന
എന്റെ സുഹൃത്തിനോട്‌ അവിടെ നിന്ന ഓഫീസ്
സ്റ്റാഫ് പറയുന്നു...
"നേരെ റെയില്‍വേ സ്റ്റെഷന്‍.. സെക്കണ്ട് ക്ലാസ്
ടിക്കറ്റ് എടുത്താണ് യാത്ര... ഓഫീസില്‍ വന്നാല്‍
ഇദേഹത്തിനു മാത്രം ആവശ്യങ്ങളില്ല, പരാതികളില്ല,
ഉള്ള സൌകര്യങ്ങില്‍ പൂര്‍ണ തൃപ്തന്‍... ഇതുതന്നെ
അധികം എന്ന ഭാവം..."
അതാണ്‌ രാജേട്ടന്‍...
കോട്ടയം, കുമ്മനം എന്ന കൊച്ചുഗ്രാമത്തിലെ ഒരു
ഇടത്തരം കുടുംബത്തില്‍ ജനിച്ച അദേഹം
അവിടെയുള്ള സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നും
പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.പിന്നീട്
കോട്ടയം C M S കോളേജില്‍ നിന്നും ബിരുദം
എടുത്തു. . ജേണലിസത്തില്‍ പോസ്റ്റ്‌ ഗ്രാജുവേറ്റ്
ഡിപ്ലോമ നേടിയ അദേഹം ദീപിക പത്രത്തിലൂടി
ആണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
വിദ്യാഭ്യാസ കാലം മുതല്‍ തന്നെ സംഘ പരിവാര്‍
പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു വന്ന ഇദേഹം
1987 ഇല്‍ F C I യില്‍ ഉണ്ടായിരുന്ന ജോലി
രാജിവെച്ചു മുഴുവന്‍ സമയ സംഘ പ്രവര്‍ത്തകനായി.
1981 ല്‍ വിശ്വഹിന്ദു പരിഷത്തിലൂടി സംസ്ഥാന
നേതൃത്വത്തിലേക്ക് വന്ന അദേഹം 1983 ലെ നിലക്കല്‍
പ്രക്ഷോഭത്തോട് കൂടിയാണ് ജനശ്രദ്ധ നേടിയത്.
ഹിന്ദു മുന്നണി ജനറല്‍ സെക്രട്ടറിയായിരുന്ന
അദേഹം തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നും
മത്സരിച്ചു രണ്ടാം സ്ഥാനം നേടി.
ഹൈന്ദവ സമൂഹത്തിലെ അനാചാരങ്ങളായി
കണക്കാക്കി പോന്ന എളവൂര്‍ തൂക്കം, പാലാഴി
തൊട്ടുകൂടായ്മ എന്നിവയ്ക്കൊക്കെ എതിരെ
പ്രക്ഷോഭ സമരങ്ങള്‍ നയിച്ച അദേഹം 92 ല്‍
ഹിന്ദു ഐക്യവേദി ജനറല്‍ കണ്‍വീനര്‍ ആയി.
രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ പ്രചാരക്,
വിശ്വ ഹിന്ദു പരിഷതിന്റെ ഓർഗനൈസിംഗ്
സെക്രട്ടറി, ശബരിമല അയ്യപ്പ സേവാ സംഘത്തിന്റെ
ജനറൽ സെക്രട്ടറി തുടങ്ങി ധാരാളം ഹൈന്ദവ
പ്രസ്ഥാനങ്ങളുടെ അമരക്കാരനായിരുന്ന അദ്ദേഹം
2011 ല്‍ ജന്മഭൂമി പത്രത്തിന്റെ ചെയര്‍മാനായി
നിയമിതനായി.
2012 ല്‍ ആറന്മുള വിമാത്താതാവളത്തിനെതിരെ
സമരം നയിച്ച"ആറന്മുള പൈതൃകഗ്രാമ കർമ്മസമിതി"
യുടെമുഖ്യരക്ഷാധികാരി എന്ന ദൌത്യം
ഏറ്റെടുക്കുകയുംനിരന്തരമായ സമരതിലൂടെയും
നിയമപോരാട്ടത്തിലൂടെയും ആ സമരം
വിജയിപ്പിക്കുകയുംചെയ്തത് അദേഹത്തിന്
സമൂഹത്തില്‍ ഉള്ള സ്വീകാര്യത ഒന്നുകൂടി
ഉറപ്പിക്കുന്നതായിരുന്നു.
ഹൈന്ദവ സമൂഹത്തിനു വേണ്ടി നിരന്തര
പോരാട്ടങ്ങള്‍ നയിക്കുമ്പോഴും ഒരിക്കല്‍ പോലും
ഇതര മതസ്ഥര്‍ക്ക് അദേഹം അനഭിമതന്‍
ആയിരുന്നില്ല. പരിവാര്‍ പ്രസ്ഥാനങ്ങളെ
എതിര്‍ക്കുന്ന ഒരു രാഷ്ട്രീയ കക്ഷിയും നേതാക്കളും
അദേഹത്തെ വിമര്‍ശിക്കുകയോ അദ്ദേഹത്തിനെതിരെ
ആരോപണങ്ങള്‍ ഉന്നയിക്കുകയോ ചെയ്ത
സംഭവങ്ങള്‍ ഉണ്ടായിട്ടില്ല എന്നത് അദേഹത്തിന്റെ
മഹത്വം വിളിച്ചോതുന്നു.
ഇന്നുള്ള പല ഹൈന്ദവ നേതാക്കളും സന്യാസിമാരും
വളരെ തീവ്രവും വര്‍ഗീയവും ആയ ഭാഷ
ഉപയോഗിക്കുമ്പോഴും സംസാരത്തിലും
പ്രവര്‍ത്തനങ്ങളിലും ജീവിതത്തിലും ലാളിത്യം
സൂക്ഷിക്കുന്ന രാജേട്ടന്‍ അദേഹത്തെ
അറിയുന്നവര്‍ക്ക് എന്നും ഒരു അത്ഭുതമാണ്.
പരിചയപ്പെടുന്ന ആരില്‍ നിന്നും എന്നും
അദ്ദേഹത്തിന് ലഭിക്കുന്നത് ബഹുമാനവും
ആദരവും മാത്രം.
ഇന്ന് അദേഹത്തെ പാര്‍ടി കേന്ദ്രനേതൃത്വം
ഡല്‍ഹിക്ക് വിളിപ്പിച്ചിരിക്കുകയാണ്. B J P യുടെ
സംസ്ഥാന അധ്യക്ഷ പദവി അദ്ദേഹത്തിന്
നല്‍കുന്നതിന്‍റെ ഭാഗമാണ് എന്ന് പറയപ്പെടുന്നു.
ഇന്ന് B J P ക്ക് ആ സ്ഥാനത്തേക്ക് നിര്‍ദേശിക്കാന്‍
കഴിയുന്ന ഏറ്റവുംഉചിതമായ പേര് രാജേട്ടന്റെ
ആണ് എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല.
പാര്‍ടി ഒരു ഇരുപതു വര്‍ഷം മുന്‍പ് ചിന്തിക്കേണ്ട
കാര്യമായിരുന്നു ഇത് എന്നാണ് എന്റെ
അഭിപ്രായം.
ഒരു കാര്യം ഉറപ്പുണ്ട്, അദ്ദേഹം ഒരിക്കലും
ആ സ്ഥാനം ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ
സ്വമേധയാ അദ്ദേഹം ആ സ്ഥാനം ഏറ്റെടുക്കും
എന്നും ഞാന്‍ വിശ്വസിക്കുന്നില്ല. കേന്ദ്ര
നേതൃത്വത്തിന്റെ നിര്‍ബന്ധത്തിനു മുന്നില്‍,
പ്രസ്ഥാനത്തിന്റെ അനുസരണയുള്ള ഒരു
പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഒരുപക്ഷെ
അദ്ദേഹം ആ ചുമതല വഹിക്കാന്‍ തയാറായേക്കാം...
പാര്‍ടിക്ക് അത് ഗുണകരമായിരിക്കും എന്നതില്‍
സംശയമില്ല.

Wednesday, December 9, 2015

ദക്ഷിണാമൂര്‍ത്തി സ്വാമികള്‍

ഹൃദയസരസിലെ സംഗീത കുലപതി ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ തൊണ്ണൂറ്റിയാറാം
ജന്മദിന വാര്‍ഷികം ഇന്ന്
==========================
മലയാളിയുടെ ഹൃദയസരസിലേക്ക്
സംഗീതത്തിന്‍റെ ദൈവീക സ്പര്‍ശമൊഴുക്കിയ
അനശ്വര സംഗീതജ്ഞനാണ് വി.ദക്ഷിണാമൂര്‍ത്തി
സ്വാമികള്‍. കാലത്തിന്‍റെ വേഗതയിലും
ദക്ഷിണേന്ത്യയ്ക്ക് മറക്കാനാവാത്ത ആ
ഋഷിതുല്യ പ്രതിഭയുടെ 96-)o ജന്മദിന
വാര്‍ഷികമാണ് ഇന്ന്. നെറ്റിയില്‍ കളഭവും
ഭസ്മവും, കഴുത്തില്‍ രുദ്രാക്ഷ മാലകളും
അണിഞ്ഞെത്തിയ ഈ സംഗീത കുലപതി
മലയാളിയുടെ മനസ്സിലേക്ക് പകര്‍ന്നു കൊടുത്തത്
സംഗീതത്തിന്റെ അനശ്വര സൗന്ദര്യത്തെയാണ്.

ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ തൊണ്ണൂറ്റിയാറാം
ആലപ്പുഴയിൽ ഡി.വെങ്കടേശ്വര അയ്യരുടേയും
പാർവതി അമ്മാളിന്റേയും മകനായി
1919 ഡിസംബർ ഒന്‍പതിനാണ് വെങ്കിടേശ്വരൻ
ദക്ഷിണാമൂർത്തി എന്ന മലയാളിയുടെ
ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ ജനനം.
ബാല്യത്തില്‍ തന്നെ സംഗീതത്തോടുള്ള
മകനിലെ അഭൂതപൂര്‍വ്വമായ താല്പര്യം
കണ്ടറിഞ്ഞ അമ്മ തന്നെയായിരുന്നു
സ്വാമികളുടെ സംഗീതത്തിലെ ആദ്യ ഗുരു.
മഹാനായ ത്യാഗരാജ സ്വാമികളുടെ
കീർത്തനങ്ങൾ അമ്മ മകനെ പഠിപ്പിച്ചു.
പത്താം ക്ളാസ് കഴിഞ്ഞ് തിരുവനന്തപുരത്ത്
വെങ്കടാചലം പോറ്റിയുടെ ശിഷ്യനായി
കർണ്ണാടക സംഗീതം ശാസ്‌ത്രീയമായി അഭ്യസിച്ചു. 
വൈക്കത്തപ്പന്റെ തികഞ്ഞ വിശ്വാസിയായ
ദക്ഷിണാമൂർത്തിക്ക് സംഗീതമെന്നും തപസും 
ഉപാസനയുമായിരുന്നു.
കുഞ്ചാക്കോയുടെ നല്ലതങ്ക എന്ന
സിനിമയിലൂടെയായിരുന്നു ദക്ഷിണാമൂര്‍ത്തി
സ്വാമികളുടെ സിനിമാപ്രവേശനം. പിന്നീട്
ജീവിത നൗക, നവലോകം, അമ്മ,
ശരിയോ തെറ്റോ, സ്നേഹസീമ,
പാടുന്ന പുഴ, സീത, ജ്ഞാനസുന്ദരി,
ശ്രീകോവില്‍, വേലുത്തമ്പി ദളവ, കാവേരി,
ചക്രവാകം, വിലയ്ക്ക് വാങ്ങിയ വീണ
തുടങ്ങി 125-ഓളം സിനിമകളിലായി
850-ഓളം പാട്ടുകള്‍ക്ക് അദ്ദേഹം ഈണം
പകര്‍ന്നു. അങ്ങനെ ഖരഹരപ്രിയയും,
ആനന്ദ ഭൈരവിയും, ആഭേരിയും,
കല്യാണിയും സിന്ധുഭൈരവിയും തുടങ്ങി
നിരവധി രാഗങ്ങള്‍ സ്വാമിയിലൂടെ
സിനിമാഗാനങ്ങളിലേയ്ക്കും തുടര്‍ന്ന്
ഭക്തിഗാനങ്ങളിലേയ്ക്കും ഒഴുകിയെത്തി.
2008ല്‍ പുറത്തിറങ്ങിയ മിഴികള്‍ സാക്ഷി
ആണ് ദക്ഷിണാമൂര്‍ത്തി അവസാനമായി
സംഗീതസംവിധാനം നിര്‍വഹിച്ച ചിത്രം.
തൊണ്ണൂറാം വയസ്സിലും കര്‍മ നിരതനായിരുന്ന
അദ്ദേഹം നാല് ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നു.
മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി
ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കു വേണ്ടിയും
അദ്ദേഹം സംഗീതസംവിധാനം
നിര്‍വഹിച്ചിട്ടുണ്ട്. രഞ്ജിത്ത്
സംവിധാനം ചെയ്ത ചന്ദ്രോത്സവം എന്ന
ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കുകയും
ചെയ്തു.
''ഉത്തരാസ്വയം വരം കഥകളി കാണുവാന്‍''‍,
''സന്ധ്യയ്ക്കെന്തിനു സിന്ദൂരം'', ''പുലയനാര്‍
മണിയമ്മ'', ''ചന്ദ്രികയില്‍ അലിയുന്നു
ചന്ദ്രകാന്തം'', ''വൃശ്ചികപ്പൂനിലാവേ'',
''ഇന്നലെ നീയൊരു സുന്ദര രാഗമായി'',
''ദേവീ ശ്രീദേവീ'', ''താരകരൂപിണി'',
''കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി'',
''ചിത്രശിലാപാളികള്‍ കൊണ്ടൊരു'',
''ഗോപീചന്ദന കുറിയണിഞ്ഞു'', ''കാട്ടിലെ
പാഴ്മുളം തണ്ടില്‍ നിന്നും'', ''മനസ്സിലുണരൂ
ഉഷ സന്ധ്യയായ്''... തുടങ്ങി മലയാളികള്‍ക്ക്
ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരുപിടി
നല്ല ഗാനങ്ങള്‍ സമ്മാനിച്ച് 2013 ആഗസ്റ്റ്‌
രണ്ടിനാണ് ദക്ഷിണാമൂര്‍ത്തി സ്വാമികള്‍
വിടവാങ്ങിയത്.

Tuesday, May 5, 2015

കാള്‍ മാക്സ്

മേയ് അഞ്ച്... കാള്‍ മാക്സിന്റെ ജന്മദിനം.
================================
ലോക കമ്യുണിസ്റ്റ് തത്വ ചിന്തകള്‍ക്ക് അടിത്തറ
പാകിയ കാള്‍ ഹെന്രി മാക്സ് എന്നാ കാല്‍ മാക്സ്
പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രമുഖ
ചരിത്ര കാരനും സാമ്പത്തിക വിദഗ്ദ്ധനും രാഷ്ട്രീയ
സൈദ്ധാന്തികനും തത്വ ചിന്തകനും ആയിരുന്നു.
1818 മേയ് അഞ്ചിന് പഴയ യൂറോപ്യൻ രാജ്യമായിരുന്ന
പ്രഷ്യയില്‍ സാമ്പത്തികമായി മികച്ച നിലയിലുള്ള
ഒരു മധ്യവർഗ്ഗ കുടുംബത്തില്‍ ആണ് മാർക്സിനാണ്.
കാളിന്റെ പിതാവ് ഹെർഷൽ മാർക്സ്. നവോത്ഥാന
മൂല്യങ്ങളിൽ വിശ്വസിച്ചിരുന്ന അദ്ദേഹത്തിന്
ഇമ്മാനുവേൽ കാന്റിന്റേയും, വോൾട്ടയറിന്റേയും
ആശയങ്ങളിലും താൽപര്യമുണ്ടായിരുന്നു.
സ്വദേശമായ പ്രഷ്യയിലെ രാജവാഴ്ചയ്ക്ക്
അറുതിവരുത്താനും ഭരണമാറ്റം വരുത്താനുമായി
നടന്ന പ്രക്ഷോഭങ്ങളിൽ കാളിന്റെ പിതാവ്
പങ്കുകൊണ്ടിരുന്നു. . ഫിലിപ്സ് കമ്പനിയുടെ
സ്ഥാപകരായിരുന്ന ഫ്രിറ്റ്സ് ഫിലിപ്സ്,
ജെറാൾഡ് ഫിലിപ്സ്, അന്റൺ ഫിലിപ്സ്
എന്നിവരുടെ പിതൃ സഹോദരി ആയിരുന്നു
കാളിന്റെ മാതാവ്.
1835 ൽ കാൾ തത്വശാസ്ത്രവും, സാഹിത്യവും
പഠിക്കുന്നതിനായി ബോൺ സർവ്വകലാശാലയിൽ
ചേർന്നു. സർവ്വകലാശാല വിദ്യാഭ്യാസ കാലത്ത്
കാൾ മദ്യപാനത്തോട് അമിത ആസക്തിയുള്ളവനായി കാണപ്പെട്ടുവിദ്യാഭ്യാസത്തോടുള്ള താൽപര്യം
കുറഞ്ഞതോടെ അദ്ദേഹത്തിന്റെ പിതാവ്
കുറച്ചുകൂടെ നല്ല വിദ്യാഭ്യാസം കിട്ടുന്നതിനായി
ബെർലിൻ സർവകലാശാലയിലേക്കു കാളിനെ മാറ്റി.
അവിടെ കാൾ കൂടുതൽ ശ്രദ്ധവെച്ചത് തത്വശാസ്ത്രവും,
ചരിത്രവും പഠിക്കാനായിരുന്നു.
1836 ൽ, പ്രഷ്യയിലെ ഭരണവർഗ്ഗകുടുംബത്തിലെ
ഒരു പ്രഭ്വി ആയിരുന്നു കാൾ മാർക്സിന്റെ ഭാര്യ.
ട്രയർ എന്ന ദേശത്തെ ഏറ്റവും സുന്ദരിയായ
യുവതി ആയിരുന്നു ജെന്നി ഫോൺ വെസ്റ്റ്ഫാലൻ
എന്നു പറയപ്പെടുന്നു. അക്കാലത്ത് നിലവിലുണ്ടായിരുന്ന
സാമൂഹ്യ ഭ്രഷ്ടുകളെ തകർത്തെറിഞ്ഞതായിരുന്നു
അവരുടെ വിവാഹം. സമൂഹത്തിന്റെ
ഉന്നതനിലയിൽ ജീവിക്കുന്ന കുടുംബത്തിലുള്ള
ഒരു യുവതിയും, ഒരു ജൂതനുമായിട്ടുള്ള
വിവാഹം അന്നത്തെക്കാലത്ത് ആലോചിക്കാൻ
പോലും പറ്റില്ലായിരുന്നു. ഇത്തരം എതിർപ്പുകളെല്ലാം
ഉണ്ടായിരുന്നെങ്കിലും ഇവരുടെ വിവാഹത്തിനു
ജെന്നിയുടെ അച്ഛൻ അനുകൂലമായിരുന്നു.
ഉദാരമായ ചിന്താഗതികളുള്ള ഒരു
വ്യവസായിയായിരുന്നു ജെന്നിയുടെ പിതാവ്.
ജർമ്മൻ തത്വചിന്തകനായ ഹേഗലിന്റെ
ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്ന
യങ് ഹെഗേലിയൻസ് എന്ന രാഷ്ട്രീയ സംഘടയിൽ
ചേർന്ന് പ്രവർത്തിക്കുവാൻ തുടങ്ങി.
കാൾ മാർക്സിനെ പോലെ തന്നെയായിരുന്നു
സംഘടനയിലെ എല്ലാപേരും. ഹെഗേലിയൻ
ചിന്താഗതികളോടെ ഒരു വിമർശനബുദ്ധിയോടെയാണ്
എല്ലാവരും സമീപിച്ചിരുന്നത്. എന്നാൽ ഹെഗൽ
അവതരിപ്പിച്ച വൈരുദ്ധ്യാത്മകത എന്ന ആശയത്തെ
അവരെല്ലാവരും ഇഷ്ടപ്പെട്ടിരുന്നു.
ഒരു ജോലിക്കു വേണ്ടി മാർക്സ് പത്ര
പ്രവർത്തനത്തിലേക്കു തിരിഞ്ഞു. യൂറോപ്യൻ
സർക്കാരുകളുടെ പിന്തിരിപ്പൻ നയങ്ങളെ മാർക്സ്
വളരെ നിശിതമായി വിമർശിച്ചു. കൂടാതെ
നിലവിലുള്ള സോഷ്യലിസ്റ്റ് ആശയങ്ങൾ
കാലഹരണപ്പെട്ടതാണെന്ന് കാൾ വാദിച്ചു.
കാൾ മാർക്സിന്റെ ആശയങ്ങൾ അടങ്ങുന്ന
പത്രം പ്രഷ്യൻ സർക്കാർ വളരെ സൂക്ഷ്മമായി
ശ്രദ്ധിക്കാൻ തുടങ്ങി. റഷ്യൻ രാജാധികാരത്തെ
കഠിനമായി വിമർശിച്ച ഒരു ലക്കത്തിനുശേഷം,
റഷ്യയിലെ നിക്കോളാസ് രണ്ടാമൻ ഈ പത്രം
നിരോധിക്കണം എന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.
1843 ൽ പ്രഷ്യൻ സർക്കാർ ഈ പത്രം നിരോധിച്ചു.
എന്നാൽ ഇതിനെ കഠിനമായി വിമർശിച്ച്
കാൾ മാർക്സ് ഹെഗെൽ ആശയങ്ങളോട്
അനുഭാവം പുലർത്തുന്ന ഒരു മാസികയിൽ
ലേഖനം എഴുതി. ഈ ലേഖനം മൂലം ഈ മാസികയും
സർക്കാർ നിരോധിച്ചു.
നിലവിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന പത്രം
സർക്കാർ നിരോധിച്ചപ്പോൾ കാൾ മറ്റൊരു
പത്രത്തിലേക്ക് മാറാൻ നിർബന്ധിതനായി.
ഈ പത്രം. പത്രം പുറത്തിറങ്ങിയിരുന്നത്
ജർമ്മനിയിൽ നിന്നല്ല മറിച്ച് പാരീസിൽ
നിന്നായിരുന്നു. ഇക്കാലത്ത് മാർക്സും ഭാര്യയും
പാരീസിലേക്ക് താമസം മാറി.
28 ഓഗസ്റ്റ് 1844 ൽ പാരീസിൽ വെച്ചാണ്
കാൾ ഫ്രെഡറിക് ഏംഗൽസിനെ കണ്ടുമുട്ടുന്നത്.
ഏംഗൽസ് അപ്പോഴേക്കും മാർക്സിന്റെ
രചനകളിൽ ആകൃഷ്ടനായിരുന്നു.. ഏംഗൽസ്
താൻ എഴുതിയ ദ കണ്ടീഷൻ ഓഫ് ദ വർക്കിംഗ്
ക്ലാസ്സ് ഇൻ ലണ്ടൻ ഇൻ 1844 എന്ന പുസ്തകം
മാർക്സിനെ കാണിക്കുകയുണ്ടായി. അതോടെ
താൻ വിഭാവനം ചെയ്ത വിപ്ലവത്തിലെ
അവസാന ഉപകരണം തൊഴിലാളി വർഗ്ഗമാണെന്ന
മാർക്സിന്റെ വിശ്വാസത്തിന് ആക്കം കൂടി.
യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ എഴുതാൻ
കഴിയുന്ന മറ്റൊരു ജർമ്മൻ പത്രത്തിലേക്കു കാൾ
പിന്നീട് മാറി. ഫോർവാട്ട്സ് എന്ന ഈ പത്രം,
ജർമ്മൻ ഭാഷയിൽ പുറത്തിറങ്ങുന്നതായിരുന്നു.
പാരീസിൽ നിന്നും പുറത്തു വന്നിരുന്ന ഈ പത്രം
പല പ്രമുഖ സാമൂഹ്യപരിഷ്കർത്താക്കളുമായി
നേരിട്ടു ബന്ധമുള്ളവതായിരുന്നു. എന്നാൽ
ചുരുങ്ങിയ കാലംകൊണ്ടു തന്നെ ഈ സാമൂഹ്യം
എന്നത് കമ്മ്യൂണിസ്റ്റ് ലീഗ് എന്ന ആശയത്തിലേക്കു
പരിവർത്തനം ചെയ്യപ്പെട്ടു. വോർവാർട്ട്സിൽ
മാർക്സ് ഹെഗെലിന്റെ ആശയങ്ങളെ
അടിസ്ഥാനമാക്കി വൈരുദ്ധ്യാത്മക
ഭൗതികവാദം എന്നതിനെ സ്ഫുടം
ചെയ്തെടുക്കാൻ തുടങ്ങി. ഇതോടൊപ്പം തന്നെ
പല യൂറോപ്യൻ സാമൂഹ്യപരിഷ്കർത്താക്കളേയും
കഠിനമായി വിമർശിക്കാനും തുടങ്ങി. പ്രഷ്യൻ
സർക്കാരിൽ നിന്നും ലഭിച്ച ഒരു അഭ്യർത്ഥനയെ
മാനിച്ച് സർക്കാർ ഫോർവാട്ട്സ് അടച്ചു
പൂട്ടാൻ കൽപിച്ചു. അതോടൊപ്പം തന്നെ,
മാർക്സിനെ ഫ്രാൻസിൽ നിന്നും
പുറത്താക്കാനും ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു.
ഫ്രാൻസിലോ, ജർമ്മനിയിലോ ജീവിക്കാൻ
കഴിയാതെ വന്ന മാർക്സ് അവസാനം
ബെൽജിയത്തിലുള്ള ബ്രസ്സൽസ്സിലേക്ക്
പോകാൻ തീരുമാനിച്ചു. എന്നാൽ രാഷ്ട്രീയപരമായി
എന്തെങ്കിലും എഴുതുന്നതിൽ നിന്നും മാർക്സിനെ
വിലക്കിക്കൊണ്ടുള്ള ഒരു സമ്മതപത്രത്തിൽ
ഒപ്പുവെച്ചതിനുശേഷം മാത്രമേ അദ്ദേഹത്തിന്
ബ്രസ്സൽസിലേക്കു പ്രവേശനം നൽകപ്പെട്ടുള്ളു.
1848 ഫെബ്രുവരി 21 നാണ് മാക്സും ഏംഗൽസം
ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ
ആദ്യ പതിപ്പ് പുറത്തിറക്കിയത്.
കമ്മ്യൂണിസ്റ്റ് ലീഗ് എന്ന അവരുടെ സ്വപ്നത്തിന്
നിറം നൽകാൻ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോക്കു
സാധിച്ചു. ഇതുവരെയുള്ള സമൂഹത്തിന്റെ
ചരിത്രം എന്നത് തൊഴിലാളി വർഗ്ഗത്തിന്റെ
ചരിത്രമാണ് എന്ന് ആദ്യപതിപ്പിന്റെ
ആമുഖത്തിൽ ഇരുവരും ചേർന്നെഴുതി.
ബൂർഷ്വാസി എന്നു വിളിക്കപ്പെടുന്ന സമ്പന്ന
വർഗ്ഗവും, പ്രോലിറ്റേറിയറ്റ് എന്നു വിളിക്കപ്പെടുന്ന
തൊഴിലാളി വർഗ്ഗവും തമ്മിലുള്ള വർഗ്ഗസമരം
എന്നു വിളിക്കപ്പെടുന്ന വിപ്ലവം ആണ് ഭാവിയിൽ
ഉണ്ടാവാൻ പോകുന്നത് എന്ന് കമ്മ്യൂണിസ്റ്റ്
മാനിഫെസ്റ്റോയിൽ പറയുന്നു.
1849 ൽ മാർക്സ് ലണ്ടനിലേക്ക് പാലായനം ചെയ്തു,
പീന്നീട് തന്റെ ജീവിതാവസാനം വരെ ലണ്ടനിൽ
ആയിരുന്നു മാർക്സിന്റെ പ്രവൃത്തികേന്ദ്രം.
ലണ്ടനിൽ താമസമാക്കിയതിനു ശേഷം അദ്ദേഹം
കമ്മ്യൂണിസ്റ്റ് ലീഗിന്റെ ആസ്ഥാനം ലണ്ടനിലേക്കു
മാറ്റുകയും, ജർമ്മൻ വർക്കേഴ്സ് എഡ്യുക്കേഷണൽ
സൊസൈറ്റിയിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കുകയും
ചെയ്തു.
1860 ൽ രാഷ്ട്രീയ സമ്പദ്വ്യവസ്ഥിതിയുടെ
ഉപഞ്ജാതാക്കളായ ആഡം സ്മിത്തിനേയും,
ഡേവിഡ് റികാർഡോയും എല്ലാം ഉദ്ധരിച്ചുകൊണ്ട്
തിയറീസ് ഓഫ് സർപ്ലസ് വാല്യൂ എന്ന മൂന്നു
ഖണ്ഡങ്ങൾ ഉള്ള ഒരു ഗ്രന്ഥം പുറത്തിറക്കുകയുണ്ടായി.
സാമ്പത്തിക ചരിത്രത്തിന്റെ ഒരു സമഗ്രമായ,
മനോഹരമായ രചനയായിരുന്നു ഈ പുസ്തകം.
1867 ൽ മൂലധനത്തിന്റെ ആദ്യ ഖണ്ഡം പുറത്തിറങ്ങി.
രണ്ടാമത്തേയും, മൂന്നാമത്തേയും ഖണ്ഡങ്ങൾ
മാർക്സിന്റെ മരണശേഷം ഏംഗൽസ് ആണ്
പ്രസിദ്ധീകരിച്ചത്.
പലപ്പോഴും അധികാരികളിൽ നിന്നും
മറഞ്ഞിരിക്കുവാനായി മാർക്സ് വ്യാജപേരുകൾ
ഉപയോഗിക്കുമായിരുന്നു. മെസ്സ്യുർ റാംബോസ്
എന്ന പേരാണ് പാരീസിൽ അദ്ദേഹം
ഉപയോഗിച്ചതെങ്കിൽ, ലണ്ടനിൽ എ. വില്ല്യംസ്
എന്നാണ് എഴുത്തുകുത്തുകൾക്കായി മാർക്സ്
സ്വീകരിച്ചിരുന്ന പേര്. അദ്ദേഹത്തിന്റെ
സുഹൃത്തുക്കൾ മൂർ എന്ന പേരിലാണ്
മാർക്സിനെ വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ
കറുത്ത നിറവും, ചുരുണ്ട മുടിയും വടക്കൻ
ആഫ്രിക്കയിലെ മൂർസ് എന്ന നീഗ്രോ വംശജരെ
ഓർമ്മിപ്പിച്ചിരുന്നത്രെ.
1881 ൽ മാർക്സിന്റെ ഭാര്യ ജെന്നി അന്തരിച്ചു.
മാർക്സിന്റെ ജീവിതത്തിന്റെ അവസാന
മാസങ്ങൾ അദ്ദേഹം രോഗാതുരനായിരുന്നു.
ഇത് ക്രമേണ ബ്രോങ്കൈറ്റിസ് എന്ന രോഗമായി
പരിണമിക്കുകയും 1883 മാർച്ച് 14 ന് അദ്ദേഹം
അന്തരിക്കുകയും ചെയ്തു.