Powered By Blogger

Tuesday, December 15, 2015

കുമ്മനം രാജശേഖരന്‍.

എന്റെ സുഹൃത്ത്‌ പലതവണ പറഞ്ഞ ഒരു കഥയുണ്ട്,
ഒരിക്കല്‍ തിരുവനന്തപുരം മാരാര്‍ജി ഭവനില്‍നിന്നും
എന്തോ പ്രോഗ്രാം കഴിഞ്ഞ് പരിവാര്‍ നേതാക്കള്‍
ഒക്കെ പിരിയുന്നു... രാത്രി സമയം..... ജില്ലാ തലത്തിലും
അതിനു താഴെ ഉള്ളതും, അത്ര ഒന്നും പ്രധാനപ്പെട്ടവര്‍
അല്ലാത്തതും ആയ നേതാക്കളെ വരെ ഓരോരോ
വാഹനങ്ങള്‍ വന്നു പിക്ക് ചെയ്യുന്നു. ഒരു വലിയ
സ്യൂട്ട് കേയ്സും പിടിച്ചു നരച്ചതാടിയുമായി
രാജേട്ടന്‍ ആരെയോ പ്രതീക്ഷിച്ചു മാറി നില്‍ക്കുന്നു.
അവസാനം മാരാര്‍ജി ഭവനില്‍ നിന്നും യാത്രയായ
ആള്‍ അദ്ദേഹതോട്ചോദിക്കുന്നു,
"രാജേട്ടാ പോരുന്നോ....?"
"ഇല്ല, എനിക്കുള്ള വണ്ടി ഇപ്പോള്‍ വരും... "
അല്‍പ സമയം കഴിഞ്ഞപ്പോള്‍ ഒരു ബൈക്ക്
വന്നു നില്‍ക്കുന്നു, രാജേട്ടന്‍ സ്യൂട്ട് കേയ്സുമായി
അതിനു പിന്നില്‍ കയറുന്നു, അത്ഭുതപ്പെട്ടു നിന്ന
എന്റെ സുഹൃത്തിനോട്‌ അവിടെ നിന്ന ഓഫീസ്
സ്റ്റാഫ് പറയുന്നു...
"നേരെ റെയില്‍വേ സ്റ്റെഷന്‍.. സെക്കണ്ട് ക്ലാസ്
ടിക്കറ്റ് എടുത്താണ് യാത്ര... ഓഫീസില്‍ വന്നാല്‍
ഇദേഹത്തിനു മാത്രം ആവശ്യങ്ങളില്ല, പരാതികളില്ല,
ഉള്ള സൌകര്യങ്ങില്‍ പൂര്‍ണ തൃപ്തന്‍... ഇതുതന്നെ
അധികം എന്ന ഭാവം..."
അതാണ്‌ രാജേട്ടന്‍...
കോട്ടയം, കുമ്മനം എന്ന കൊച്ചുഗ്രാമത്തിലെ ഒരു
ഇടത്തരം കുടുംബത്തില്‍ ജനിച്ച അദേഹം
അവിടെയുള്ള സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നും
പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.പിന്നീട്
കോട്ടയം C M S കോളേജില്‍ നിന്നും ബിരുദം
എടുത്തു. . ജേണലിസത്തില്‍ പോസ്റ്റ്‌ ഗ്രാജുവേറ്റ്
ഡിപ്ലോമ നേടിയ അദേഹം ദീപിക പത്രത്തിലൂടി
ആണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
വിദ്യാഭ്യാസ കാലം മുതല്‍ തന്നെ സംഘ പരിവാര്‍
പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു വന്ന ഇദേഹം
1987 ഇല്‍ F C I യില്‍ ഉണ്ടായിരുന്ന ജോലി
രാജിവെച്ചു മുഴുവന്‍ സമയ സംഘ പ്രവര്‍ത്തകനായി.
1981 ല്‍ വിശ്വഹിന്ദു പരിഷത്തിലൂടി സംസ്ഥാന
നേതൃത്വത്തിലേക്ക് വന്ന അദേഹം 1983 ലെ നിലക്കല്‍
പ്രക്ഷോഭത്തോട് കൂടിയാണ് ജനശ്രദ്ധ നേടിയത്.
ഹിന്ദു മുന്നണി ജനറല്‍ സെക്രട്ടറിയായിരുന്ന
അദേഹം തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നും
മത്സരിച്ചു രണ്ടാം സ്ഥാനം നേടി.
ഹൈന്ദവ സമൂഹത്തിലെ അനാചാരങ്ങളായി
കണക്കാക്കി പോന്ന എളവൂര്‍ തൂക്കം, പാലാഴി
തൊട്ടുകൂടായ്മ എന്നിവയ്ക്കൊക്കെ എതിരെ
പ്രക്ഷോഭ സമരങ്ങള്‍ നയിച്ച അദേഹം 92 ല്‍
ഹിന്ദു ഐക്യവേദി ജനറല്‍ കണ്‍വീനര്‍ ആയി.
രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ പ്രചാരക്,
വിശ്വ ഹിന്ദു പരിഷതിന്റെ ഓർഗനൈസിംഗ്
സെക്രട്ടറി, ശബരിമല അയ്യപ്പ സേവാ സംഘത്തിന്റെ
ജനറൽ സെക്രട്ടറി തുടങ്ങി ധാരാളം ഹൈന്ദവ
പ്രസ്ഥാനങ്ങളുടെ അമരക്കാരനായിരുന്ന അദ്ദേഹം
2011 ല്‍ ജന്മഭൂമി പത്രത്തിന്റെ ചെയര്‍മാനായി
നിയമിതനായി.
2012 ല്‍ ആറന്മുള വിമാത്താതാവളത്തിനെതിരെ
സമരം നയിച്ച"ആറന്മുള പൈതൃകഗ്രാമ കർമ്മസമിതി"
യുടെമുഖ്യരക്ഷാധികാരി എന്ന ദൌത്യം
ഏറ്റെടുക്കുകയുംനിരന്തരമായ സമരതിലൂടെയും
നിയമപോരാട്ടത്തിലൂടെയും ആ സമരം
വിജയിപ്പിക്കുകയുംചെയ്തത് അദേഹത്തിന്
സമൂഹത്തില്‍ ഉള്ള സ്വീകാര്യത ഒന്നുകൂടി
ഉറപ്പിക്കുന്നതായിരുന്നു.
ഹൈന്ദവ സമൂഹത്തിനു വേണ്ടി നിരന്തര
പോരാട്ടങ്ങള്‍ നയിക്കുമ്പോഴും ഒരിക്കല്‍ പോലും
ഇതര മതസ്ഥര്‍ക്ക് അദേഹം അനഭിമതന്‍
ആയിരുന്നില്ല. പരിവാര്‍ പ്രസ്ഥാനങ്ങളെ
എതിര്‍ക്കുന്ന ഒരു രാഷ്ട്രീയ കക്ഷിയും നേതാക്കളും
അദേഹത്തെ വിമര്‍ശിക്കുകയോ അദ്ദേഹത്തിനെതിരെ
ആരോപണങ്ങള്‍ ഉന്നയിക്കുകയോ ചെയ്ത
സംഭവങ്ങള്‍ ഉണ്ടായിട്ടില്ല എന്നത് അദേഹത്തിന്റെ
മഹത്വം വിളിച്ചോതുന്നു.
ഇന്നുള്ള പല ഹൈന്ദവ നേതാക്കളും സന്യാസിമാരും
വളരെ തീവ്രവും വര്‍ഗീയവും ആയ ഭാഷ
ഉപയോഗിക്കുമ്പോഴും സംസാരത്തിലും
പ്രവര്‍ത്തനങ്ങളിലും ജീവിതത്തിലും ലാളിത്യം
സൂക്ഷിക്കുന്ന രാജേട്ടന്‍ അദേഹത്തെ
അറിയുന്നവര്‍ക്ക് എന്നും ഒരു അത്ഭുതമാണ്.
പരിചയപ്പെടുന്ന ആരില്‍ നിന്നും എന്നും
അദ്ദേഹത്തിന് ലഭിക്കുന്നത് ബഹുമാനവും
ആദരവും മാത്രം.
ഇന്ന് അദേഹത്തെ പാര്‍ടി കേന്ദ്രനേതൃത്വം
ഡല്‍ഹിക്ക് വിളിപ്പിച്ചിരിക്കുകയാണ്. B J P യുടെ
സംസ്ഥാന അധ്യക്ഷ പദവി അദ്ദേഹത്തിന്
നല്‍കുന്നതിന്‍റെ ഭാഗമാണ് എന്ന് പറയപ്പെടുന്നു.
ഇന്ന് B J P ക്ക് ആ സ്ഥാനത്തേക്ക് നിര്‍ദേശിക്കാന്‍
കഴിയുന്ന ഏറ്റവുംഉചിതമായ പേര് രാജേട്ടന്റെ
ആണ് എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല.
പാര്‍ടി ഒരു ഇരുപതു വര്‍ഷം മുന്‍പ് ചിന്തിക്കേണ്ട
കാര്യമായിരുന്നു ഇത് എന്നാണ് എന്റെ
അഭിപ്രായം.
ഒരു കാര്യം ഉറപ്പുണ്ട്, അദ്ദേഹം ഒരിക്കലും
ആ സ്ഥാനം ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ
സ്വമേധയാ അദ്ദേഹം ആ സ്ഥാനം ഏറ്റെടുക്കും
എന്നും ഞാന്‍ വിശ്വസിക്കുന്നില്ല. കേന്ദ്ര
നേതൃത്വത്തിന്റെ നിര്‍ബന്ധത്തിനു മുന്നില്‍,
പ്രസ്ഥാനത്തിന്റെ അനുസരണയുള്ള ഒരു
പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഒരുപക്ഷെ
അദ്ദേഹം ആ ചുമതല വഹിക്കാന്‍ തയാറായേക്കാം...
പാര്‍ടിക്ക് അത് ഗുണകരമായിരിക്കും എന്നതില്‍
സംശയമില്ല.

Wednesday, December 9, 2015

ദക്ഷിണാമൂര്‍ത്തി സ്വാമികള്‍

ഹൃദയസരസിലെ സംഗീത കുലപതി ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ തൊണ്ണൂറ്റിയാറാം
ജന്മദിന വാര്‍ഷികം ഇന്ന്
==========================
മലയാളിയുടെ ഹൃദയസരസിലേക്ക്
സംഗീതത്തിന്‍റെ ദൈവീക സ്പര്‍ശമൊഴുക്കിയ
അനശ്വര സംഗീതജ്ഞനാണ് വി.ദക്ഷിണാമൂര്‍ത്തി
സ്വാമികള്‍. കാലത്തിന്‍റെ വേഗതയിലും
ദക്ഷിണേന്ത്യയ്ക്ക് മറക്കാനാവാത്ത ആ
ഋഷിതുല്യ പ്രതിഭയുടെ 96-)o ജന്മദിന
വാര്‍ഷികമാണ് ഇന്ന്. നെറ്റിയില്‍ കളഭവും
ഭസ്മവും, കഴുത്തില്‍ രുദ്രാക്ഷ മാലകളും
അണിഞ്ഞെത്തിയ ഈ സംഗീത കുലപതി
മലയാളിയുടെ മനസ്സിലേക്ക് പകര്‍ന്നു കൊടുത്തത്
സംഗീതത്തിന്റെ അനശ്വര സൗന്ദര്യത്തെയാണ്.

ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ തൊണ്ണൂറ്റിയാറാം
ആലപ്പുഴയിൽ ഡി.വെങ്കടേശ്വര അയ്യരുടേയും
പാർവതി അമ്മാളിന്റേയും മകനായി
1919 ഡിസംബർ ഒന്‍പതിനാണ് വെങ്കിടേശ്വരൻ
ദക്ഷിണാമൂർത്തി എന്ന മലയാളിയുടെ
ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ ജനനം.
ബാല്യത്തില്‍ തന്നെ സംഗീതത്തോടുള്ള
മകനിലെ അഭൂതപൂര്‍വ്വമായ താല്പര്യം
കണ്ടറിഞ്ഞ അമ്മ തന്നെയായിരുന്നു
സ്വാമികളുടെ സംഗീതത്തിലെ ആദ്യ ഗുരു.
മഹാനായ ത്യാഗരാജ സ്വാമികളുടെ
കീർത്തനങ്ങൾ അമ്മ മകനെ പഠിപ്പിച്ചു.
പത്താം ക്ളാസ് കഴിഞ്ഞ് തിരുവനന്തപുരത്ത്
വെങ്കടാചലം പോറ്റിയുടെ ശിഷ്യനായി
കർണ്ണാടക സംഗീതം ശാസ്‌ത്രീയമായി അഭ്യസിച്ചു. 
വൈക്കത്തപ്പന്റെ തികഞ്ഞ വിശ്വാസിയായ
ദക്ഷിണാമൂർത്തിക്ക് സംഗീതമെന്നും തപസും 
ഉപാസനയുമായിരുന്നു.
കുഞ്ചാക്കോയുടെ നല്ലതങ്ക എന്ന
സിനിമയിലൂടെയായിരുന്നു ദക്ഷിണാമൂര്‍ത്തി
സ്വാമികളുടെ സിനിമാപ്രവേശനം. പിന്നീട്
ജീവിത നൗക, നവലോകം, അമ്മ,
ശരിയോ തെറ്റോ, സ്നേഹസീമ,
പാടുന്ന പുഴ, സീത, ജ്ഞാനസുന്ദരി,
ശ്രീകോവില്‍, വേലുത്തമ്പി ദളവ, കാവേരി,
ചക്രവാകം, വിലയ്ക്ക് വാങ്ങിയ വീണ
തുടങ്ങി 125-ഓളം സിനിമകളിലായി
850-ഓളം പാട്ടുകള്‍ക്ക് അദ്ദേഹം ഈണം
പകര്‍ന്നു. അങ്ങനെ ഖരഹരപ്രിയയും,
ആനന്ദ ഭൈരവിയും, ആഭേരിയും,
കല്യാണിയും സിന്ധുഭൈരവിയും തുടങ്ങി
നിരവധി രാഗങ്ങള്‍ സ്വാമിയിലൂടെ
സിനിമാഗാനങ്ങളിലേയ്ക്കും തുടര്‍ന്ന്
ഭക്തിഗാനങ്ങളിലേയ്ക്കും ഒഴുകിയെത്തി.
2008ല്‍ പുറത്തിറങ്ങിയ മിഴികള്‍ സാക്ഷി
ആണ് ദക്ഷിണാമൂര്‍ത്തി അവസാനമായി
സംഗീതസംവിധാനം നിര്‍വഹിച്ച ചിത്രം.
തൊണ്ണൂറാം വയസ്സിലും കര്‍മ നിരതനായിരുന്ന
അദ്ദേഹം നാല് ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നു.
മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി
ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കു വേണ്ടിയും
അദ്ദേഹം സംഗീതസംവിധാനം
നിര്‍വഹിച്ചിട്ടുണ്ട്. രഞ്ജിത്ത്
സംവിധാനം ചെയ്ത ചന്ദ്രോത്സവം എന്ന
ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കുകയും
ചെയ്തു.
''ഉത്തരാസ്വയം വരം കഥകളി കാണുവാന്‍''‍,
''സന്ധ്യയ്ക്കെന്തിനു സിന്ദൂരം'', ''പുലയനാര്‍
മണിയമ്മ'', ''ചന്ദ്രികയില്‍ അലിയുന്നു
ചന്ദ്രകാന്തം'', ''വൃശ്ചികപ്പൂനിലാവേ'',
''ഇന്നലെ നീയൊരു സുന്ദര രാഗമായി'',
''ദേവീ ശ്രീദേവീ'', ''താരകരൂപിണി'',
''കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി'',
''ചിത്രശിലാപാളികള്‍ കൊണ്ടൊരു'',
''ഗോപീചന്ദന കുറിയണിഞ്ഞു'', ''കാട്ടിലെ
പാഴ്മുളം തണ്ടില്‍ നിന്നും'', ''മനസ്സിലുണരൂ
ഉഷ സന്ധ്യയായ്''... തുടങ്ങി മലയാളികള്‍ക്ക്
ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരുപിടി
നല്ല ഗാനങ്ങള്‍ സമ്മാനിച്ച് 2013 ആഗസ്റ്റ്‌
രണ്ടിനാണ് ദക്ഷിണാമൂര്‍ത്തി സ്വാമികള്‍
വിടവാങ്ങിയത്.