Powered By Blogger

Thursday, November 29, 2012

പഴശ്ശി രാജാ

1753-ൽ കോട്ടയം രാജവംശത്തിലാണ്‌ കേരളവർമ്മ
പഴശ്ശിരാജായുടെ ജനനം. ഇപ്പോൾ കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പിനടുത്തുള്ള കോട്ടയം എന്ന
സ്ഥലത്തായിരുന്നു രാജവംശത്തിന്റെ ആസ്ഥാനം.

17‌‌‌-ാം നൂറ്റാണ്ടിൽ തന്നെ യൂറോപ്യൻ കച്ചവടക്കാർ
ഇവിടുത്തെ വാണിജ്യാധിപത്യത്തിനായി മത്സരിച്ചിരുന്നു.
തമ്മിൽ കലഹിച്ചുകൊണ്ടിരുന്ന ചെറുനാടുവാഴികൾ
വിദേശ അധിനിവേശം സ്വയം ക്ഷണിച്ചു
വരുത്തുകയായിരുന്നു. 1766-ൽ കോട്ടയം
രാജ്യത്തിന്റെ ഭരണം പിടിച്ചെടുത്ത മൈസൂറിനെതിരെ നാട്ടുരാജാക്കന്മാരും ദേശവാസികളും നടത്തിയ
സമരത്തിനു സ്വയം പിന്തുണ പ്രഖ്യാപിച്ച്‌ തലശ്ശേരി
ആസ്ഥാനമാക്കി കച്ചവടം നടത്തിയ ബ്രിട്ടീഷ്‌
ഈസ്റ്റ്‌ ഇന്ത്യ കമ്പനിയും രംഗത്തെത്തി.
അന്ന്‌ കേവലം പതിമൂന്ന്‌ വയസ്സുമാത്രമായിരുന്നു
കേരളവർമ്മയുടെ പ്രായം.

പിന്നീട്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനി സ്വന്തം താത്പര്യം
മാത്രം നോക്കി മൈസൂറുമായും നാട്ടുരാജ്യങ്ങളുമായും
മാറി മാറി കരാറുണ്ടാക്കി. ഹൈദരാലി മലബാർ
ആക്രമിച്ചപ്പോൾ എതിർത്തത്‌ പഴശ്ശിരാജയായിരുന്നു.
1784-ൽ മംഗലാപുരത്ത്‌ വച്ച്‌ കമ്പനി മലബാറിലെ കപ്പം
പിരിക്കാനുള്ള അവകാശം മൈസൂറിനു നൽകി.
കപ്പം കൊടുക്കാൻ നിവൃത്തിയില്ലായിരുന്ന സാധാരണ
ജനങ്ങൾ പഴശ്ശിയുടെ നേതൃത്വത്തിൽ സംഘടിച്ചു.
1792-ലെ ശ്രീരംഗപട്ടണം സന്ധിയോടെ മലബാർ,
ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ പൂർണ്ണ അധീനതയിലായി.
എന്നാൽ കമ്പനിയെ ധിക്കരിച്ച്‌ ജനപക്ഷത്ത്‌
നിൽക്കാനായിരുന്നു പഴശ്ശിയുടെ തീരുമാനം.

കുതന്ത്രങ്ങൾക്കും വിശ്വാസവഞ്ചനക്കും ദുഷ്ടലാക്ക്‌
വച്ചുള്ള ഭരണപരിഷ്കാരങ്ങൾക്കുമെതിരെ
പടപൊരുതാനുള്ള പഴശ്ശിയുടെ ആഹ്വാനത്തിൽ
ആത്മാഭിമാനം ഉണർന്ന ജനങ്ങൾ വയനാടൻ
കുന്നുകളിലെ ഗൂഢസങ്കേതങ്ങളിൽ ആയുധ
പരിശീലനം നേടി. യുദ്ധപരിശീലനത്തിൽ പ്രത്യേകിച്ച്‌
ഒളിയുദ്ധത്തിൽ അസാമാന്യ പരിശീലനം നേടിയ അവർ
രാജ്യത്തിനു കാവൽ നിന്നു. തലക്കൽ ചന്തുവായിരുന്നു
പഴശ്ശിയുടെ സേനാധിപൻ.

1793-ൽ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ മലബാർ
മേൽനോട്ടക്കാരനായി ഉത്തരവാദിത്വം ഏറ്റ
ഫാർമർ സായ്പ്‌ നല്ലമനുഷ്യനായിരുന്നതിനാൽ
പഴശ്ശിരാജാവിനേയും ജനങ്ങളേയും മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്തു. അദ്ദേഹം പഴശ്ശി,
കുറ്റ്യാടി, താമരശ്ശേരി, കതിരൂര്‍ മുതലായ സ്ഥലങ്ങൾ
പഴശ്ശിക്കു വിട്ടു കൊടുത്തു. എന്നാൽ അദ്ദേഹത്തിനു
ശേഷം വന്നവരെല്ലാം കരാർ ലംഘിക്കുന്നതിനാണ്‌
ശ്രദ്ധ കൊടുത്തത്‌. ശ്രീരംഗപട്ടണം സന്ധി അനുസരിച്ച്‌
മലബാറിന്റെ ഭരണാവകാശം തങ്ങൾക്കാണെന്നും
പഴശ്ശിരാജായുമായി സഹകരിക്കുന്നവരെ
രാജ്യദ്രോഹത്തിന്‌ ശിക്ഷിക്കുമെന്നും 1795-ൽ
കമ്പനി വിളംബരം ചെയ്തു. ഇതു ജനങ്ങളെ
രോഷാകുലരാക്കി, അവർ പഴശ്ശിയുടെ സൈന്യത്തിൽ
ചേരാൻ ആവേശത്തോടെ മുന്നിട്ടിറങ്ങി.
കൈതേരി രൈരു, കണ്ണവത്ത്‌ ശേഖരൻ നമ്പ്യാർ,
മുതലായ നാട്ടു പ്രമാണിമാരും, അത്തൻ ഗുരുക്കൾ,
ഉണ്ണിമൂത്ത മൂപ്പൻ മുതലായ മാപ്പിള പ്രമുഖരും
തമ്പുരാന്റെ സഹായത്തിനെത്തി. ഇതിനിടയിൽ
പള്ളൂർ ഏമൻ നായർ കൂറുമാറി കമ്പനിപക്ഷം
ചേർന്നു.

കൊട്ടാരം കമ്പനി വളഞ്ഞു കൊള്ള ചെയ്തതിനാൽ
ഒളിവിൽ പോകേണ്ടി വന്ന പഴശ്ശി ഒളിവിലിരുന്നു തന്നെ യുദ്ധത്തിനുത്തരവ്‌ നൽകി. പൊതുശത്രുവിനെ നേരിടുക
എന്ന ലക്ഷ്യത്തോടെ ടിപ്പുസുൽത്താനും തമ്പുരാന്‌
ആറായിരം ഭടന്മാരെ വിട്ടു നൽകി. കൈതേരി അമ്പു
നായരുടെ നേതൃത്തത്തിൽ പോരാടിയ പഴശ്ശി സൈന്യം.
കമ്പനി പടയെ നിലംപരിശ്ശാക്കി. ലഫ്‌.വാർഡൻ,
ക്യാപ്റ്റൻ ബൌമൻ, ക്യാപ്റ്റൻ ഗോർഡൻ,
ഫിറ്റ്‌സ്‌ ജറാൾഡ്‌ മുതലായ പ്രമുഖർ പോലും
പരാജയം സമ്മതിച്ച്‌ വയനാടൻ ചുരമിറങ്ങി.

ബോംബെ ഗവർണ്ണർ ജൊനാഥൻ ഡങ്കനുമായി നടന്ന
ചർച്ചയിൽ ഉരുത്തിരിഞ്ഞ കരാർ പ്രകാരം പഴശ്ശി
കൊട്ടാരവും സമ്പത്തും പഴശ്ശിരാജാവിനു തിരിച്ചുകിട്ടി.
വാർഷിക കപ്പം ആയി എണ്ണായിരം രൂപ പഴശ്ശിക്കു
നൽകാനും കരാറിൽ നിബന്ധനയുണ്ടായിരുന്നു.

[തിരുത്തുക] രണ്ടാം പഴശ്ശി വിപ്ലവം1799-ലെ രണ്ടാം
ശ്രീരംഗപട്ടണ ഉടമ്പടി പ്രകാരം വയനാട്‌ കമ്പനിയുടെ
വകയായി പ്രഖ്യാപിക്കപെട്ടു, പഴശ്ശിയും ജനങ്ങളും
വീണ്ടും സടകുടഞ്ഞെഴുന്നേറ്റു. കമ്പനിയുടെ
സേനാനായകനായി സ്ഥാനമേറ്റ കേണൽ ആർതർ വെല്ലസ്ലി
(വെല്ലിംഗ്‌ടൺ പ്രഭു) പഴശ്ശിയുടെ ആത്മവീര്യത്തെ
ആദരവോടെ കണ്ടിരുന്ന ആളായിരുന്നു.
അവർ തമ്മിൽ പരിചയപ്പെടുക വരെ ചെയ്തു.
എങ്കിലും വെല്ലസ്ലി ചാരവൃത്തിയിലൂടെ പഴശ്ശിയെ
നിശിതമായി നിരീക്ഷിച്ചിരുന്നു. പഴശ്ശിയുടെ
സൈന്യസ്ഥിതിയും, ആയുധസഞ്ചയങ്ങളേയും,
യുദ്ധരീതിയും പഠിച്ച വെല്ലസ്ലി കുറിച്യപടക്കെതിരേ
ഘോരമായ ആക്രമണം അഴിച്ചുവിട്ടു. അതിനിടയിലും
പഴശ്ശി കൂത്തുപറമ്പിലേയും, മണത്തറയിലെയും,
തൂവത്തേയും, മറ്റും കമ്പനി പട്ടാളത്തെ
മിന്നലാക്രമണത്തിലൂടെ കീഴടക്കുകയും,
പടക്കോപ്പുകൾ പിടിച്ചെടുക്കുകയും ചെയ്തു.
എങ്കിലും ബ്രിട്ടീഷ്‌ സൈന്യത്തിന്റെ വമ്പിച്ച
ആൾബലത്തിന്റേയും പ്രഹരശക്തി കൂടുതലുള്ള
ആയുധങ്ങളുടെയും മുന്നിൽ പിടിച്ചു നില്ക്കാൻ
പഴശ്ശിക്ക്‌ സാധിച്ചില്ല. തലക്കൽ ചന്തു അടക്കമുള്ള
ധീരദേശാഭിമാനികളെ ബ്രിട്ടീഷ്‌ സൈന്യം പിടിക്കുകയും, കഴുകേറ്റുകയും ചെയ്തതോടെ പഴശ്ശിയും
സംഘവും പുരളിമലയിലെ ഗൂഢസങ്കേതത്തിലേക്ക്‌
പിന്മാറി.

പഴശ്ശിയുടെ പടയിലെ ധീരർ 1802-ൽ പനമരം കോട്ട
കമ്പനിയിൽനിന്നും പിടിച്ചെടുത്തതും, കമ്പനി സൈനികരെ
വധിച്ചതും പഴശ്ശിയുടെ പ്രജകളിൽ ആത്മാഭിമാനത്തിന്റെ കനലൂതിത്തെളിയിച്ചു. എടച്ചേന കുങ്കൻ നായരുടെ
ചരിത്രപ്രധാനമായ യുദ്ധാഹ്വാനം കേട്ട്‌
മൂവായിരത്തിലധികം ധീരപ്രജകൾ ബ്രിട്ടീഷുകാർക്കെതിരെ യുദ്ധരംഗത്തെത്തി. വയനാടൻ മലനിരകൾ വീണ്ടും
യുദ്ധത്താൽ ചുവന്നു. നേരത്തെ കമ്പനിക്കായി
പഴശ്ശിയുടെ രഹസ്യങ്ങളുടെ ഒറ്റുകാരനായിരുന്ന
പള്ളൂർ ഏമൻ നായരും തെറ്റു തിരിച്ചറിഞ്ഞ്‌
തിരിച്ചെത്തി പഴശ്ശിക്ക്‌ ശക്തി പകർന്നു.

1804-ൽ തലശ്ശേരിയിലെ സബ്‌കലക്ടറായെത്തിയ
തോമസ്‌ ഹാർവെ ബാബർ പുതിയ യുദ്ധതന്ത്രങ്ങളുമായി പഴശ്ശിയോടേറ്റുമുട്ടി. മാതൃഭൂമിയെ സംരക്ഷിക്കാൻ ദൃഢപ്രതിജ്ഞയെടുത്ത പഴ്ശ്ശി അന്ത്യശ്വാസം വരെ
പൊരുതാൻ ജനങ്ങളേയും സൈന്യത്തേയും
ആഹ്വാനം ചെയ്തു. 1805 നവംബർ 29 രാത്രി
ഒറ്റുകാരിൽനിന്നും ലഭിച്ച വിവരം അനുസരിച്ചെത്തിയ
കമ്പനിസൈന്യം പുൽപ്പള്ളി കാട്ടിൽ
വിശ്രമിക്കുകയായിരുന്ന പഴശ്ശിയേയും
സേനാനായകരേയും ആക്രമിച്ചു. നവംബർ 30
പ്രഭാതത്തിൽ ബ്രിട്ടീഷ്‌ സൈന്യത്തിന്റെ വെടിയേറ്റ
കേരളസിംഹം 'എന്നെ തൊട്ടശുദ്ധമാക്കരുതെ'ന്ന്
ബ്രിട്ടീഷ്‌ സൈന്യത്തോട്‌ പറഞ്ഞുകൊണ്ട് നിലംപതിച്ചു.
ചതിയിലൂടെ കെണിപ്പെടുത്തിയ പഴശ്ശിരാജയുടെ ശരീരം
ബ്രിട്ടീഷുകാർ മാനന്തവാടിയിൽ രാജകീയ
ബഹുമതികളോടെ സംസ്കരിച്ചു.
രണ്ടുനൂറ്റാണ്ടിനുശേഷവും കേരളജനതക്ക്‌ അഭിമാനം
പകർന്ന് പഴശ്ശിയുടെ ഓർമ്മകൾ ഇന്നും
നിലനിൽക്കുന്നു.

ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ചെറുത്തു നില്പുകൾ
പരിഗണിച്ച് ഇദ്ദേഹത്തെ വീരകേരള സിംഹം
എന്നാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രങ്ങളിൽ
വിശേഷിപ്പിക്കുന്നത്. ബാലനായിരിക്കെ തന്നെ
സ്വന്തം രാജ്യത്തെ സംരക്ഷിക്കാൻ പരദേവതയായ
മുഴക്കുന്നിൽ ശ്രീപോർക്കലി ഭഗവതിയെ സാക്ഷിയാക്കി
ദൃഢപ്രതിജ്ഞ ചെയ്ത പഴശ്ശിരാജാ തന്റെ വാക്ക്‌
അവസാന ശ്വാസംവരെ കാത്തു സൂക്ഷിച്ചുവെന്നാണ്
ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത.

Wednesday, November 7, 2012

ഉഷ ഉതുപ്പ്

ഇന്ത്യന്‍ പോപ്‌ ഗായിക ഉഷാ ഉതുപ്പിന്റെ
അറുപത്തി അഞ്ചാം ജന്മദിനം ഇന്ന്....

1947 ൽ ചെന്നൈയിലെ ഒരു തമിഴ് ബ്രാഹ്മണ
കുടുംബത്തിലാണ് ഉഷ അയ്യരുടെ ജനനം.
പിതാവ് സാമി അയ്യർ ബോംബെയിൽ
പോലീസ് കമ്മീഷണർ ആയിരുന്നു.
ബോംബേയിലാണ് ഉഷ തന്റെ സ്കൂൾ കാലഘട്ടം
ചിലവഴിച്ചത്.

പരുക്കൻ സ്വരം കാരണം സ്കൂൾ കാലഘട്ടത്തിൽ
സംഗീതക്ലാസ്സിൽ നിന്ന് പുറത്താക്കപ്പെട്ട അനുഭവമുണ്ട്
ഉഷക്ക്. പക്ഷേ, സംഗീത അദ്ധ്യാപകൻ
സംഗീതത്തോടുള്ള തന്റെ സമീപനം കണ്ടതുകൊണ്ട്
ചില അവസരങ്ങൾ നൽകിയിരുന്നു. ശാസ്ത്രീയമായി
സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും സംഗീതമയമായ ഒരു അന്തരീക്ഷത്തിലാണ് ഉഷ വളർന്നു വന്നത്.

ഒൻപതാം വയസ്സിലാണ് ഉഷ ആദ്യമായി
പൊതുവേദിയിൽ പാടുന്നത്. അതിനു ശേഷം ധാരാളം
അവസരങ്ങൾ ഉഷക്ക് ലഭിച്ചു. പിന്നീട് ചെന്നൈ
മൌണ്ട് റോഡിലെ, നയൺ ജെംസ് എന്ന
നിശാക്ലബ്ബിലെ പാട്ടുകാരിയായി ഉഷ.

കൊൽക്കത്തയിലെ നിശാക്ലബ്ബുകളിലും ഉഷ
പാട്ടുകാരിയായി. പിന്നീട് ഡെൽഹിയിലെത്തി
അവിടെ ഒബ്രോയി ഹോട്ടലിൽ ഗായികയായി
തുടർന്നു. ആ സമയത്താണ്‌ ശശി കപൂർ
അടങ്ങുന്ന ഒരു ചലച്ചിത്ര സംഘം ഈ ഹോട്ടൽ
സന്ദർശിക്കുന്നതും ഉഷയുടെ പാട്ട് കേൾക്കാനിടവരുന്നതും.
ഉഷയുടെ ഗാനാലാപനം ഇഷ്ടപ്പെട്ട ഈ സംഘം,
ഉഷക്ക് സിനിമയിൽ ഒരു അവസരം കൊടുക്കുകയും
ചെയ്തു. അങ്ങനെ തന്റെ ചലച്ചിത്ര പിന്നണി
സംഗീത ജീവിതം ബോളിവുഡിൽ ഹരേ രാമ ഹരേ കൃഷ്ണ
എന്ന ചിത്രത്തിൽ പാടി തുടങ്ങി. ഈ ചിത്രത്തിലെ
ദം മാറോ ദം എന്ന ഗാനത്തിന്റെ ഇംഗ്ലീഷ് ഭാഗം
ഉഷയാണ്‌ പാടിയത്.

1968 ൽ ഉഷ തന്റെ ഇംഗ്ലീഷ് ആൽബങ്ങൾ പുറത്തിറക്കി.
ഈ ആൽബങ്ങൾക്ക് ഇന്ത്യയിൽ നല്ല ജനസമ്മതി ലഭിച്ചു.
കൂടാതെ ഈ സമയത്ത് ഉഷ ലണ്ടനിലും ചില
സന്ദർശനങ്ങൾ നടത്തുകയും അവിടെ ബി.ബി.സി.
റേഡിയോവിൽ ചില അഭിമുഖങ്ങൾ നൽകുകയും
ചെയ്തു. 1970, 1980 കാലഘട്ടത്തിൽ സംഗീത
സംവിധായകരായ ആ.ഡി. ബർമൻ , ബപ്പി ലഹരി
എന്നിവർക്ക് വേണ്ടി ഉഷ ധാരാളം ഗാനങ്ങൾ
ആലപിച്ചു.

രാജ്യാന്തര തലത്തിൽ നിരവധി സ്റ്റേജുകളിൽ തന്റെ
ഗാനാലാപന മികവ് തെളീച്ചിട്ടുണ്ട് ഉഷ ഉതുപ്പ്.
ചില ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു.
1972 ലെ ബോംബെ ടു ഗോവ എന്ന ഹിന്ദി ചിത്രത്തിൽ
അമിതാബ് ബച്ചൻ, ശത്രുഘ്നൻ സിൻ‌ഹ എന്നിവരോടൊപ്പവും അഭിനയിച്ച ഉഷ 2006 ൽ ഇറങ്ങിയ പോത്തൻ ബാവ എന്ന മലയാളചലച്ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

തന്റേതായ ഒരു പ്രത്യേക വേഷവിധാനം കൊണ്ട്
ഉഷ ഉതുപ്പ് ശ്രദ്ധേയയാണ്. അണിയുന്ന കാഞ്ചീപുരം
സാരിയും, വലിയ പൊട്ടും, തലയിൽ ചൂടുന്ന
പൂവും കൊണ്ട് ഒരു പ്രത്യേക ഫാഷൻ രീതി തന്നെ
ഉഷ ഉതുപ്പ് കൊണ്ടുവന്നിരുന്നു.

ഉഷ ഉതുപ്പെന്ന് കേള്‍ക്കുംമ്പോഴേ സംഗീതത്തോടൊപ്പം
തടിച്ച ശരീരവും നിറഞ്ഞ ചിരിയുമാ‍ണ്
മനസിലേക്കോടിയെത്തുക. അഴകോടെ ആടിപ്പാടി
അവര്‍ വേദിയില്‍ എത്തുമ്പോള്‍ തന്നെ ജനം
കയ്യടിക്കും. അവരുടെ ഗാനങ്ങളുടെ സ്വാ‍ധീനം
അത്രയ്ക്കുണ്ട്.

ഉഷയ്ക്കും അവരുടെ പാട്ടിനുമുണ്ട് അനന്യമായ
വശ്യത. കരിസ്മ എന്നതിനെ വിളിക്കാം.
സ്നേഹവും സഹാനുഭൂതിയും സന്തോഷവും
ഉഷയുടെ പാട്ടുകള്‍ നമുക്കു തരുന്നു.
തമിഴ്നാട്ടുകാരിയായിരുന്ന ഉഷ അയ്യര്‍
കോട്ടയത്തെ ജാനി ഉതുപ്പിനെ വിവാഹം
ചെയ്തതോടെ മലയാളത്തിന്‍റെ മരുമകളായി.
ഇന്നവര്‍ ഭാരതത്തിന്‍റെ പാട്ടുകാരിയാണ്.

ഭർത്താവൊന്നിച്ച് ഇപ്പോൾ കൊൽക്കത്തയിലാണ്‌
ഉഷയുടെ താമസം.

Tuesday, November 6, 2012

C V രാമന്‍

ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്തരായ
ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനായ
ചന്ദ്രശേഖര വെങ്കിട്ട രാമൻ അഥവാ സി.വി.രാമന്റെ
124 ആം ജന്മ വാര്‍ഷികം ഇന്ന്....

1888 നവംബർ 7-ന്, തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ,
ചന്ദ്രശേഖര അയ്യരുടേയും പാർവതി അമ്മാളുടേയും
രണ്ടാമത്തെ മകനായി ചന്ദ്രശേഖര വെങ്കിട്ടരാമൻ ജനിച്ചു. പന്ത്രണ്ടാമത്തെ വയസ്സില്‍ മെട്രിക്കുലെഷന്‍ പാസ്സായ
രാമന്‍ പതിനാറാം വയസ്സില്‍ ചെന്നൈ പ്രസിഡന്‍സി
കോളേജില്‍ നിന്നും ഡിഗ്രി പാസ്സാവുകയും 1907 ല്‍
യൂണിവേഴ്സിറ്റി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന
മാര്‍ക്കോടെ M A പാസ്സാവുകയും ചെയ്തു.

1919 ല്‍ കല്‍ക്കട്ടാ സര്‍വകലാശാലയില്‍ പ്രൊഫസ്സറായ
അദേഹത്തിന് 1921 ല്‍ ഡോക്ടര്‍ ഓഫ് ഫിസിക്സ്
എന്ന ബഹുമതി നല്‍കി സര്‍വകലാശാല ആദരിച്ചു.

1921-ൽ അദ്ദേഹം ഇംഗ്ലണ്ടിലേയ്ക്ക് ആദ്യമായി
യാത്ര നടത്തി. ഓക്സ്ഫോർഡിൽ നടന്ന സയൻസ്
കോൺഗ്രസ്സിൽ കൽക്കട്ടാ സർ‌വകലാശാലയെ
പ്രതിനിധീകരിച്ചായിരുന്നു രാമൻ എത്തിയത്.
അവിടെ വെച്ച് അദ്ദേഹം പ്രശസ്ത ഭൗതിക
ശാസ്ത്രജ്ഞന്മാരായ ജെ.ജെ. തോംസൺ, ബ്രാഗ്ഗ്,
റുഥർഫോർഡ് എന്നിവരെ പരിചയപ്പെട്ടു.

1924-ൽ, ഇംഗ്ലണ്ടിലെ റോയൽ സൊസൈറ്റിയിലെ
അംഗമായി രാമൻ തെരഞ്ഞെടുക്കപ്പെട്ടു.
1924-ൽ ബ്രിട്ടീഷ് അസോസിയേഷൻ ഫോർ
അഡ്വാൻസ്മെന്റ് ഓഫ് സയൻസ്ന്റെ
ക്ഷണപ്രകാരം രാമൻ കാനഡയിലേക്കു പോയി.
അവിടെ വെച്ച് പ്രസിദ്ധശാസ്ത്രജ്ഞനായ
ടൊറെന്റോയുമായി പ്രകാശത്തിന്റെ വിസരണം
എന്ന പ്രതിഭാസത്തെക്കുറിച്ച് ചർച്ചചെയ്തു.

കാനഡയിൽ നിന്നും ഫ്രാങ്ക്ലിൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ
ശതാബ്ദി ആഘോഷങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിനായി അമേരിക്കയിലെത്തി.
ഇതിനെത്തുടർന്ന്, കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട്
ഓഫ് ടെക്നോളജിയിലെ നോർമൻ ബ്രിഡ്ജ്
പരീക്ഷണശാലയിൽ വിസിറ്റിംഗ് പ്രോഫസറായി
നാലുമാസം ജോലിനോക്കി. അമേരിക്കയിൽ വച്ച്
പല ശാസ്ത്രജ്ഞരേയും, പല പരീക്ഷണശാലകളും
സന്ദർശിക്കാൻ രാമന്‌ അവസരം ലഭിച്ചു.
1925 ൽ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി,
ആ വർഷം ഓഗസ്റ്റിൽ അദ്ദേഹം റഷ്യയിലെ
സയൻസ് അക്കാദമിയുടെ ശതാബ്ദി ആഘോഷങ്ങളിൽ
പങ്കെടുക്കാൻ പോയി. 1929-ൽ ബ്രിട്ടനിൽ നിന്നും
സർ ബഹുമതിയും ലഭിച്ചു.

ഇംഗ്ലണ്ടിൽനിന്ന് തിരിച്ചുള്ള യാത്ര,
ചരിത്രപ്രസിദ്ധമായ കണ്ടുപിടുത്തത്തിന് വഴിതെളിച്ചു. മധ്യധരണ്യാഴിയിലൂടെയുള്ള ആ കപ്പൽയാത്രയിൽ,
സമുദ്രത്തിന്റെ നീലനിറത്തെക്കുറിച്ച് അന്വേഷിക്കുന്നതിൽ അദ്ദേഹത്തിന് താല്പര്യം ജനിച്ചു. അങ്ങനെ
പ്രകാശത്തിന്റെ വിസരണം എന്ന പ്രതിഭാസത്തെക്കുറിച്ച് പഠിയ്ക്കാനും അതുവഴി രാമൻ പ്രഭാവം (Raman Effect)
എന്ന കണ്ടെത്തലിന് തുടക്കം കുറിയ്ക്കാനും സാധിച്ചു.
1928 ഫെബ്രുവരി 28 ന് ഇത് പ്രസിദ്ധീകരിക്കുകയും
1930-ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം
ലഭിക്കുകയും ചെയ്തു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് സയൻ‌സിൽ നിന്നു 1948-ൽ
അദ്ദേഹം വിരമിച്ചു. അതിനു ശേഷം ബാംഗ്ലൂരിൽ
അദ്ദേഹം രാമൻ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു.
മരിക്കുന്നതു വരെ അദ്ദേഹം അതിന്റെ ഡയറക്ടറായി
പ്രവർത്തിച്ചു. 1954-ൽ അദ്ദേഹത്തിനു ഭാരതരത്നം
പുരസ്കാരം ലഭിച്ചു . 1970 നവംബർ 21 ശനിയാഴ്ച
വെളുപ്പിന് 82-മത്തെ വയസ്സിൽ സി .വി. രാമൻ
മരണമടഞ്ഞു. നിശ്ചയിച്ചുറപ്പിച്ചപ്രകാരം
രാമൻ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹത്തിന്റെ
മൃതശരീരം സംസ്കരിച്ചു. അദ്ദേഹത്തിന്റെ
ആഗ്രഹപ്രകാരം യാതൊരുവിധത്തിലുള്ള
മതപരമായ ചടങ്ങുകളും നടന്നില്ല.