Powered By Blogger

Tuesday, April 26, 2016

വി . സാംബശിവന്‍

ആ ശബ്ദം നിലച്ചിട്ട് ഇത് ഇരുപതാം വർഷം

കേരളത്തിൽ, കഥാപ്രസംഗം എന്ന ഗ്രാമീണകലാരൂപത്തെ ജനകീയമാക്കിയതിൽ ആദ്യം എടുത്തു പറയാവുന്ന പേരാണ് വി. സാംബശിവൻ. ഘനഗംഭീരമായ ശബ്ദവും, അവതരിപ്പിക്കുന്ന വിഷയത്തോടുളള   സമീപനവും, ഭാവാഭിനയത്തിലെ തന്മയത്വവും അദ്ദേഹത്തെ കഥാപ്രാസംഗകരിൽ വേറിട്ട സ്വരമാക്കി.
1929 ജൂലൈ 4 ന് കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗത്ത് മേലൂട്ട് വേലായുധന്റെയും, ശാരദയുടെയും മൂത്ത പുത്രനായാണ് സാംബശിവൻ ജനിക്കുന്നത്. ചവറ സൗത്ത് ഗവ. യു.പി. സ്കൂളിലും, ഗുഹാനന്ദപുരം സംസ്കൃതസ്കൂളിലും, ശങ്കരമംഗലം സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം. കൊല്ലം എസ്.എൻ. കോളേജിൽ നിന്നു ബി.എ. ഒന്നാം ക്ലാസ്സിൽ പാസ്സായ സാംബശിവൻ 1960ൽ ബി.എഡ് പാസ്സായി. 1957ൽ ഗുഹാനന്ദപുരം ഹൈസ്കൂളിൽ അദ്ധ്യാപകനായി.
1949 ലെ ഓണക്കാലത്ത് ഗുഹാനന്ദപുരം ക്ഷേത്രസന്നിധിയിൽ ആദ്യമായി മുഴങ്ങിക്കേട്ട ആ ശബ്ദം മലയാളിയുടെ മനസ്സിനെ പതിറ്റാണ്ടുകളോളം കീഴ്പ്പെടുത്തിയെന്നു തന്നെ പറയാം. കഥാപ്രസംഗകലയുടെ അവസാനവാക്കായിത്തന്നെ ജ്വലിച്ചു നിന്നു സാംബശിവൻ. ചങ്ങമ്പുഴയുടെ ‘ദേവത‘ എന്ന കവിതയായിരുന്നു അദ്ദേഹം ആദ്യമായി കഥാപ്രസംഗരൂപത്തിൽ അവതരിപ്പിച്ചത്.
സർവ്വകലാശാലാവിദ്യാഭ്യാസത്തിനു പണമില്ലാതെ വന്ന സാഹചര്യത്തിലാണ് അദ്ദേഹം ‘ഞാനൊരു കഥ പറയാം, പകരം പണം തന്നെന്നെ സഹായിക്കണം‘ എന്ന ആമുഖവുമായി കഥാപ്രസംഗവേദിയിലേയ്ക്കു കാലെടുത്തു വയ്ക്കുന്നത്. പഠനകാലത്തും, അതിനുശേഷവും ആയിരക്കണക്കായ വേദികളെ കോരിത്തരിപ്പിച്ച ആ വാഗ്‌വൈഭവത്തോടൊപ്പം നിരവധി ഹൃദയങ്ങൾ ചിരിച്ചും, തേങ്ങിയും, വിതുമ്പിയും, ആവേശം കൊണ്ടും, ജ്വലിച്ചും, തളർന്നുമങ്ങനെ സഞ്ചരിച്ചു. ആ മനോയാനങ്ങളുടെ സഞ്ചാരപഥങ്ങളിലൊക്കെയും സാംബശിവൻ അനുഗ്രഹീതമായ കാവ്യകുസുമങ്ങൾ തേനും, ചന്ദനവും ചേർത്തു വിതറി.
സാധാരണക്കാരെ ഹഠാദാകർഷിച്ച അക്കാലത്തെ ചങ്ങമ്പുഴക്കവിതകൾ ഏതാണ്ടെല്ലാം തന്നെ സാംബശിവനു കഥകളായി. കഥകൾ പലതും സാധാരണക്കാരനു ജീവിതവും, ജീവിത ചിത്രണങ്ങളുമായി. ക്ഷേത്രസങ്കേതങ്ങളിലും, സാംസ്കാരികസദസ്സുകളിലും, രാഷ്ട്രീയ പരിപാടികളിലുമെന്നു വേണ്ട സാധാരണക്കാർ വന്നു പെടുന്ന സ്ഥലങ്ങളെല്ലാം സാംബശിവനെ വേദിയൊരുക്കി സ്വാഗതം ചെയ്തു.
ദേവതക്കു ശേഷം കൊച്ചുസീത, മഗ്ദലനമറിയം, വാഴക്കുല ,ആയിഷ,റാണി, പട്ടുനൂലും വാഴനാരും , പ്രേമശിൽപ്പി, പുളളിമാൻ ഇങ്ങനെ നിരവധി കഥകളിലൂടെ സാംബശിവൻ കഥാപ്രസംഗമെന്ന കേരളത്തിന്റെ മനോഹര കലാരൂപത്തിന്റെ പര്യായമായി ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠിതനാവുകയായിരുന്നു.
നാടൻ ജീവിതവും, കാവ്യങ്ങളും മാത്രമല്ല വിശ്വസാഹിത്യം വരെ സാംബശിവനു വിഷയമായി. 1963ൽ, പ്രായേണ വിശ്വസാഹിത്യമൊക്കെ സാധാരണക്കാരന് തീർത്തും അന്യമായിരുന്ന കാലഘട്ടത്തിലാണ് സാംബശിവൻ, ലിയോ ടോൾസ്റ്റോയിയുടെ ‘ദ പവർ ഓഫ് ഡാർക്നെസ്‘ എന്ന നാടകം അനീസ്യ എന്ന പേരിൽ തന്റെ അനുവാചകരുടെ മുൻപിലേയ്ക്ക് ആദ്യമായി അവതരിപ്പിക്കുന്നത്. കഥാപ്രസംഗമായി മാറിയ ആദ്യ വിശ്വസാഹിത്യം അതായിരുന്നു.
പുഷ്പിത ജീവിതവാടിയിലൊ
രപ്സരസുന്ദരിയാണനീസ്യ – എന്ന മധുരോദാരമായ ഗാനത്തോടെ കഥാപ്രസംഗ വേദിയിലവതരിച്ച അനീസ്യയെ, തികച്ചും അപരിചിതമായ കഥാപശ്ചാത്തലമായിരുന്നിട്ടു കൂടി മലയാളി സമൂഹം നെഞ്ചേറ്റു വാങ്ങിയെങ്കിൽ അത് സാംബശിവൻ എന്ന അനുഗ്രഹീത കലാകാരന്റെ വൈദഗ്ദ്ധ്യവും, കൈത്തഴക്കവും ഒന്നു കൊണ്ടു മാത്രമാണ്.
സാംസ്കാരിക-സാമൂഹിക പരിഷ്കാരങ്ങളിൽ കലയിലൂടെ തന്റെ ഇടം കണ്ടെത്തിയ കലാകാരൻ കൂടിയായിരുന്നു സാംബശിവൻ. വ്യവസ്ഥിതികളോടു പടപൊരുതിയ ആ കാലഘട്ടത്തിലെ ഏതാണ്ടെല്ലാ സാഹിത്യ രചനകളും സാംബശിവനു വിഷയമായി. അവയെല്ലാം – ഒന്നൊഴിയാതെ – ജനഹൃദയങ്ങൾ സഹർഷം സ്വാഗതം ചെയ്യുകയും ചെയ്തു.
സാംബശിവനെ ഏറ്റവുമധികം പ്രശസ്തനാക്കിയത് ‘ഒഥല്ലോ ദി മൂർ ഓഫ് വെനീസ്‘ എന്ന ഷേക്സ്പീരിയൻ നാടകത്തിന്റെ കഥാപ്രസംഗരൂപമാണ്. ഇംഗ്ലീഷ് സാഹിത്യത്തിൽ ഉന്നത വിദ്യാഭ്യാസം ചെയ്യുന്നവർ മാത്രം അക്കാലങ്ങളിൽ പരിചയിച്ച ഷേക്സ്പിയറും, ഒഥല്ലോയുമെല്ലാം ഇങ്ങു നാട്ടിൽ, സാധാരണക്കാരുടെ തട്ടകങ്ങളിൽ, അമ്പലപ്പറമ്പിലും, ചായക്കടത്തിണ്ണയിലുമെല്ലാം ചർച്ച ചെയ്യപ്പെട്ടു. സാധ്യതകളെ പ്രതിബദ്ധതയോടെ കണ്ടെത്തി അവയെ ആത്മാംശം ചോർന്നു പോകാതെ അനുവാചകനു പകർന്നു നൽകാനുളള    അത്ഭുതസിദ്ധിക്കുടമയായിരുന്നു സാംബശിവൻ. ഒഥല്ലോ എന്ന ദുരന്തനാടകത്തിന്റെ കഥാപ്രസംഗരൂപം കയ്യൊതുക്കത്തോടെയും, മലയാളിക്കുൾക്കൊളളാൻ കഴിയുന്ന ഗ്രാമ്യസൗന്ദര്യത്തോടെയും തന്നെയാണ് സാംബശിവൻ വേദിയിൽ അവതരിപ്പിച്ചത്.
നീചബുദ്ധിയുടെ മനുഷ്യരൂപമായ ഇയാഗോയുടെ കുടിലതന്ത്രങ്ങളുടെ വാഗ്സ്ഫോടനം ‘I like that not‘ എന്ന് ഷേക്സ്പിയർ അവതരിപ്പിച്ചപ്പോൾ, സാംബശിവൻ ‘ഛെയ് എനിക്കതു തീരെ പിടിച്ചില്ല‘ എന്ന് അനായാസമായി മൊഴിമാറ്റം ചെയ്തു കേൾപ്പിച്ചു കൊടുത്തു; ഇന്നാട്ടിലെ പണ്ഡിതനും, പാമരനുമടങ്ങുന്ന അനുവാചകവൃന്ദത്തെ… നോക്കുക; ആ കയ്യൊതുക്കവും, കലാവതരണത്തിലെ വൈദഗ്ദ്ധ്യവും. ഇംഗ്ലീഷ് സാഹിത്യവിദ്യാർത്ഥികളെ നന്നേ വലയ്ക്കുന്ന ഗഹനതയുളളതാണ് ഷേക്സ്പീരിയൻ സാഹിത്യമെന്നതു കൂടി ഈയവസരത്തിൽ നാമോർക്കേണ്ടതുണ്ട്.
പഠനവും, നോവലും, യാത്രാവിവരണവുമൊക്കെയായി ആറോളം ഗ്രന്ഥങ്ങളും രചിച്ചു, ഈ തിരക്കിട്ട ജീവിതത്തിനിടയിലും സാംബശിവൻ.
അവസാന വേദിയായ പാങ്കുളം മാടൻനടയിൽ 1996 മാർച്ച് 7ന് അദ്ദേഹമവതരിപ്പിച്ച കഥ ‘ഏഴു നിമിഷങ്ങ‘ളായിരുന്നു. ശ്വാസകോശാർബുദത്തെത്തുടർന്ന് 1996 ഏപ്രിൽ 25ന് തന്റെ അറുപത്തിയേഴാം വയസ്സിൽ ഈ ലോകത്തോടു സാംബശിവൻ വിടപറയുമ്പൊഴും, അനുവാചകസഹസ്രങ്ങളുടെ ഹൃദയാകാശങ്ങളിൽ ഒഥല്ലോയുടെ ശീലുകൾ -കഥ പറഞ്ഞു, കഥ പറഞ്ഞു ശ്വാസം നിലച്ച ആ പ്രതിഭാധനന്റെ മുഴങ്ങുന്ന ശബ്ദം- അലയടിക്കുന്നുണ്ടായിരുന്നു…