Powered By Blogger

Tuesday, February 2, 2016

മാശകളും അബദ്ധങ്ങളും പൊട്ടിച്ചിരികളുമായി ചലച്ചിത്രലോകത്ത് പലവേഷങ്ങളണിഞ്ഞ മലയാളത്തിന്റെ പ്രിയ താരം കൊച്ചി ഹനീഫ ഓര്‍മ്മയായിട്ട് ഇന്ന് ആറുവര്‍ഷം. ആസാനെ…. നിക്ക് ആസാനെ….. മലയാളികള്‍ക്ക് കൊച്ചിന്‍ ഹനീഫയെ ഓര്‍മ്മിക്കാന്‍ ഈ ഒരൊറ്റ ഡയലോഗ് മാത്രം മതി.
കൊച്ചി വെളുത്തേടത്ത് തറവാട്ടില്‍ മൂഹമ്മദിന്റെയും ഹാജിറയുടെയും മകനായി 1951 ഏപ്രില്‍ 22നാണ് ഹനീഫ ജനിച്ചത്. ബോട്ടണി ബിരുദധാരിയായ ഹനീഫ കൊച്ചിയിലെ സെന്റ് ആല്‍ബര്‍ട്ട്‌സ് സ്‌കൂളിലും കോളജിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സ്‌കൂള്‍ തലത്തില്‍ മോണോ ആക്ട് അവതരിപ്പിച്ചാണ് കലാപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം. നാടകങ്ങളിലും സജീവമായി. കൊച്ചിന്‍ കലാഭവന്‍ ട്രൂപ്പില്‍ അംഗമായതോടെ കൊച്ചിന്‍ ഹനീഫയായി. ശേഷം സിനിമാ മോഹവുമായി ചെന്നൈയിലേക്കു പോയി.
1979 ല്‍ അഷ്ടാവക്രന്‍ എന്ന ചിത്രത്തിലെ ഒരു ചെറിയ റോളില്‍ അഭിനയിച്ചായിരുന്നു ചലച്ചിത്ര അരങ്ങേറ്റം. വില്ലന്‍ വേഷങ്ങളിലാണ് തുടങ്ങിയതെങ്കിലും ഹാസ്യ വേഷങ്ങളിലൂടെയാണ് ഹനീഫ പേരെടുത്തത്. മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തില്‍ പഞ്ചാബി ഹൗസ്, മഴത്തുള്ളി കിലുക്കം, ചക്കര മുത്ത്, അരയന്നങ്ങളുടെ വീട്, സൂത്രധാരന്‍,കസ്തൂരിമാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം മലയാളികളെ ചിരിപ്പിച്ചു. പിന്നീട് അദ്ദേഹം  സംവിധാനം മേഖലയിലേക്കും കടന്നു. ഒരു സന്ദേശം കൂടി, ആണ്‍കിളിയുടെ താരാട്ട്, വാത്സല്യം തുടങ്ങി കുടുംബ പ്രേക്ഷകരുടെ ഉള്ളുലയ്ക്കുന്ന നിരവധി ചിത്രങ്ങള്‍. കടത്തനാടന്‍ അമ്പാടി, ലാല്‍ അമേരിക്കയില്‍, ഇണക്കിളി എന്നിവയുടെ തിരക്കഥാകൃത്തായി.
2010 ഫെബ്രുവരി രണ്ടിന് ആയിരുന്നു കൊച്ചിന്‍ ഹനീഫ മലയാള മനസ്സുകളെ കണ്ണീരിലാക്കി വിടപറഞ്ഞത്. അന്നും ഇന്നും കൊച്ചിന്‍ ഹനീഫയ്ക്കു പകരംവയ്ക്കാന്‍ മറ്റൊരാളില്ല. ഹനീഫയ്ക്ക് തുല്യം ഹനീഫ മാത്രം.നിഷ്‌കളങ്ക ഹാസ്യമായിരുന്നു കൊച്ചിന്‍ ഹനീഫയുടെ മുഖമുദ്ര. ഹനീഫയുടെ കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ഹാസ്യത്തിന്റെ പുതിയ അനുഭവങ്ങള്‍ സമ്മാനിച്ചു. വില്ലനായി വന്ന് സംവിധായകനായും തിരക്കഥാകൃത്തായും കൊമേഡിയനായുമൊക്കെ തിളങ്ങിയ ഹനീഫ സിനിമാക്കാരുടെ പതിവ് ജാഡകള്‍ക്കും ബഹളങ്ങള്‍ക്കുമൊക്കെ അതീതനായിരുന്നു.
തമിഴിലും, ഹിന്ദിയിലൂം ഒട്ടേറെ ശ്രദ്ധേയ വേഷങ്ങള്‍. വിഎംസി ഹനീഫയെന്നായിരുന്നു അന്യ ഭാഷാ ചിത്രങ്ങളില്‍ അറിയപ്പെട്ടിരുന്നത്. അങ്ങനെ പല ഭാഷകളിലായി 300 ഓളം ചിത്രങ്ങള്‍. ഒടുവില്‍ കരള്‍ രോഗത്തെ തുടര്‍ന്ന് ആ അനശ്വര കലാകാരന്‍ എന്നന്നേക്കുമായി യാത്ര പറഞ്ഞു. എങ്കിലും അതിഭാവുകത്വമില്ലാതെ ഹനീഫ പകര്‍ന്നു തന്ന നിഷ്‌കളങ്ക ഹാസ്യത്തിന് പകരം വെയ്ക്കാന്‍ ഇന്നും മറ്റൊരാളില്ല. സമാനതകളില്ലാത്ത ഈ സിനിമാ താരത്തിന് പ്രണാമം.

(ജന്മഭൂമി)