പ്രണയവും വിരഹവും, ശക്തമായ കാവ്യഭാഷയുടെ പട്ടുനൂലിനാൽ ബന്ധിച്ച് സ്വന്തം ഡയറിതാളുകളിൽ കുത്തികുറിച്ചുവച്ച് പ്രണയത്തിനു വേണ്ടി മരണത്തിന്റെ ഈറൻ വൈലറ്റ് പൂക്കൾ തേടിപോയ നന്ദിത. ഉള്ളിൽ ആളികത്തുന്ന പ്രതികാരവും നഷ്ടപ്പെടുത്താൻ കഴിയാത്ത ഭ്രാന്തമായ പ്രണയവും ഒടുവിൽ കൊണ്ടെത്തിച്ചത് ഗൂഡമായ അഖാഡകളിൽ നിന്ന് ഇറങ്ങിവരുന്ന തണുത്തുറഞ്ഞ മഞ്ഞുമാസങ്ങളുടേയും വർഷങ്ങളുടേയും കണക്കെടുക്കാ മരണത്തിന്റെ മാസ്മരികമായ അനന്തതയിലേക്ക്. പ്രണയം വിരഹം വിഷാദം പ്രതികാരം-ഈ നാലുവികാരങ്ങളുടെ പ്രക്ഷുബ്ദമായ ഇരുണ്ട നിലവറകൾക്കുള്ളിലേക്ക് മാത്രമായ് നന്ദിത എന്നാണ് ചുഴറ്റി എറിയപ്പെട്ടത്? ചികഞ്ഞു നോക്കുമ്പോൾ നന്ദിതയുടെ കഥതുടങ്ങുന്നത് കലാലയ ജീവിതത്തോടുകൂടിയാണ്. കേരളത്തിലെ മറ്റേതു ശരാശരി പെൺകുട്ടികളേയുമ്പോലെ സാധാരണമായിരുന്നു നന്ദിതയുടെ ബാല്യവും കൗമാരവും. പ്രീഡിഗ്രി (പ്ളസ്-ടു)കാലയളവിൽ നിറമുള്ള കലാലയ ജീവിതം ആസ്വദിച്ച നന്ദിത ബിരുദത്തിനു ചേർന്നതോടുകൂടി എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട് സ്വയം തീർത്ത മൗനത്തിന്റെ അഗാധതയിലേക്ക് ഊളിയിട്ടുതുടങ്ങി. ഹോസ്റ്റൽ മുറിയുടെ നാല് ചുവരുകള്‍ക്കുള്ളിലിരുന്ന് നന്ദിത തന്റെതായ പ്രണയത്തിന്റെയും വിഷാദത്തിന്റെയും ഗോപ്യമായ ഒരു ലോകം തീർത്തെടുക്കാൻ തുടങ്ങി. അവിടെ തുടങ്ങുന്നു യഥാർത്ഥ നന്ദിതയുടെ കഥ.
കോഴിക്കോട് ഫറൂക്ക് കോളജിന്റെ ഹോസ്റ്റസ്റ്റൽറൂമിലിരുന്ന് പ്രണയത്തിന്റെ മേച്ചില്പുറങ്ങൾ തേടുമ്പോൾ, ബൈപോളാര്‍ അഫക്ടീവ് ഡിസോര്‍ഡര്‍ (Bipolar Affective Disorder or Manic-Depression) എന്ന മാനസികരോഗത്തിലേക്ക് താൻ വഴുതി വീഴുകയാണന്ന് നന്ദിതപോലും അറിഞ്ഞിരുന്നില്ല. ഒരുപക്ഷേ കോട്ടയം മെഡിക്കല്‍ കോളേജിലെ റിസര്‍ച്ച് മെഡിക്കല്‍ ഓഫീസറായ ഡോ. കെ. ബൈജു തന്റെ ലേഖനത്തില്‍ നന്ദിതയുടെ മാനസികാവസ്ഥാന്തരങ്ങളെകുറിച്ച് വെളിപ്പെടുത്തുംവരെ നന്ദിതയുടെ സുഹ്യത്തുക്കളോ ബന്ധുക്കളോപോലും അത് മനസ്സിലാക്കിയിട്ടുണ്ടാവില്ല. ഉന്മാദം(Mania), വിഷാദം (Depression) എന്നീ അവസ്ഥകള്‍ മാറിമാറി മനസ്സിനെ കീഴ്പ്പെടുത്തുന്ന സങ്കീർണ്ണമായ ഈ അവസ്ഥ ആരിലും മാനസികരോഗമന്ന ഒരു ചിന്തയെ ജനിപ്പിക്കില്ല. അതുതന്നയാണ് ഈ അവസ്ഥയുടെ ഭീകരതയും. സാധാരണ മാനസികരോഗത്തിന്റെ യാതൊരു ലക്ഷണങ്ങളും ഈ രോഗിയില്‍ കാണാന്‍ സാധിക്കുകയില്ല. ദിവസങ്ങളോളം ഉറങ്ങാതെയിരുന്ന് നിസ്സാരമായ കാര്യങ്ങൾ പോലും എഴുതി നിറക്കുകയും, എന്ത് സാഹസിക പ്രവർത്തിയും ചെയ്യാനുള്ള ധൈര്യവും തന്റേടവുമുള്ള ഉന്മാദ അവസ്ഥയും, എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട് ആരോടും സംസാരിക്കാതെ മൗനത്തിന്റെ അഗാധതയിലേക്ക് ചേക്കേറുന്ന വിഷാദാവസ്ഥയും ഇവരില്‍ കാണുന്ന സവിശേഷതയാണ്. നിസ്സാരമായ കാര്യങ്ങള്‍ക്ക് പോലും കടുത്തപക സൂക്ഷിച്ച് ഏതുവിധേനയും അവരെ നശിപ്പിക്കുകയോ അപമാനപ്പെടുത്തുകയോ അല്ലങ്കിൽ സ്വയം ശിക്ഷിച്ച് പ്രതികാരത്തിന്റെ ഉൾത്തടങ്ങളിലൂടെ ഊളിയിട്ട് മരണത്തിന്റെ ഈറൻ വൈലറ്റുപൂക്കൾ തേടിപോകുകയോ ചെയ്യുന്നവരായ് തീരുന്ന വളരെ അപകടകരാമായ ഒരു അവസ്ഥയിലേക്ക് ഇവർ എത്തിപ്പെടുന്നു. ഫറൂക്കിലെ കലാലയജീവിതത്തിനിടയിൽ മൊട്ടിട്ട ജീവിതത്തിലെ ആദ്യ പ്രണയം നഷ്ടപ്പെടുത്തേണ്ടിവന്ന കാലം മുതൽ നന്ദിതയില്‍ ഈ നാല് അവസ്ഥകളും മാറിമാറി വന്നുകൊണ്ടിരുന്നു. രാവെളുക്കോളം ഉറക്കമൊഴിച്ചിരുന്ന് ഒരോന്നു കുത്തിക്കുറിച്ചതും, മാതാപിതാക്കളുമായി നിസ്സാരകാര്യങ്ങള്‍ക്ക് പോലും വഴക്കടിച്ചതും, കവിതകള്‍ക്ക് താഴെ അജ്ഞാതമായ പേരുകള്‍ കുറിച്ചിട്ടതുമൊക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങളായിരുന്നു.
1994-ല്‍ വിവാഹത്തോളമെത്തിയ അന്യമതസ്ഥനുമായുണ്ടായിരുന്ന പ്രണയത്തിന്റെ പേരിൽ അച്ഛനുമായ് വഴക്കിട്ട നന്ദിത ചിരാലിലെ തന്റെ ചെറിയമ്മയുടെ വീട്ടിലേക്ക് ഭാണ്ഡം മുറുക്കി പോവുകയായിരുന്നു. തന്നെയും തന്റെ പ്രണയത്തെയും അംഗീകരിക്കാത്ത അച്ഛനോടുള്ള നന്ദിതയുടെ പ്രതികാരമായിരുന്നു വീടുവിട്ടുള്ള ആ ഇറങ്ങിപോക്കും എല്ലാവരെയും ധിക്കരിച്ചുകൊണ്ട് അതിസാഹസികാമാം വിധത്തിൽ അച്ഛന്റെ കീഴ്‌ജീവനക്കാരന്റെ വിദ്യാഭ്യാസമോ ജോലിയോ ഒന്നും തന്നെ എടുത്തു പറയാനില്ലാത്ത മകനുമായുള്ള പിന്നീടുണ്ടായ പ്രണയവും വിവാഹവും. പലരും കരുതുമ്പോലെ അജിത്തിനെ കണ്ടുമുട്ടിയ ശേഷം നന്ദിത കവിതകൾ എഴുതിയിരുന്നില്ല എന്നത് തികച്ചും ശരിയല്ല. അജിത്തിന്റെ വീട്ടിലായിരിക്കുമ്പോഴും ഡയറിതാളുകളിൽ ഏകാന്തമായിരുന്ന് ചിലപ്പോൾ വളരെ ശാന്തമായും മറ്റുചിലപ്പോൾ തികച്ചും വന്യമായും നന്ദിത പലതും കുത്തികുറിച്ചിരുന്നു. അജിത്തുമായ് പ്രണയത്തിലായിരുന്ന നാളുകളിൽ ഫറൂക്ക് കോളജിൽ ജോലി നോക്കിയിരുന്ന നന്ദിത വിഷാദത്തിന്റെ നീരൊഴുക്കില്‍ പെട്ടുഴറുമ്പോഴും ഉറക്കമൊഴിച്ചിരുന്ന് അജിത്തിനെഴുതിയ കവിതകളേക്കാൾ മനോഹരമായ പ്രണയലേഖനങ്ങളിൽ സിംഹഭാഗവും നന്ദിതയുടെ മരണശേഷം അഗ്നിക്കിരയാക്കി. നന്ദിതയുടെ ചില ഡോക്യുമന്റ്സുകളും കവിതകളും പ്രണയലേഖനങ്ങളും മരണശേഷവും ബാങ്ക് ലോക്കറിൽ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഇന്ന് അതിനൊക്കെ എന്തു സംഭവിച്ചു എന്ന് അറിയേണ്ടിയിരിക്കുന്നു. നന്ദിതയുടെ മരണശേഷം ജീവിതത്തിൽ തികച്ചും ഒറ്റപ്പെട്ടുപോയ അജിത്ത്, പ്രായമായ അമ്മയെ നോക്കാനും വീട് സംരക്ഷിക്കാനും ആരും ഇല്ലാത്ത അനാഥമായ അവസ്ഥയിൽ പലരുടേയും നിർബന്ധങ്ങൾക്ക് വഴങ്ങി അടുത്ത കാലത്ത് വിവാഹിതനായതോടെ വീടിന്റെ തട്ടിൻപുറത്തേക്ക് മാറ്റിയ നന്ദിതയുടെ ശേഷിപ്പുകൾ ചിതലരിക്കുകയോ ചാമ്പലാകുകയോ ചെയ്തിട്ടുണ്ടാകണം. പക്ഷേ അവരുടെ അപൂർവ്വമായ ഫോട്ടോകളും വിവാഹ ആൽബവും ഇന്നും അജിത്തിന്റെ കിടപ്പറയിൽ ഭദ്രമാണ്.
അജിത്തിനെ കണ്ടതിനു ശേഷം ഒരിക്കലും നന്ദിത കവിതകള്‍ എഴുതിയിരുന്നില്ല എന്നു വേണം ധരിക്കാന്‍. എന്നാല്‍ ചിരാലില്‍ ചിലവഴിച്ച അവധിക്കാലത്തിനു ശേഷം കോഴിക്കോട് ഫറൂക്കില്‍ അധ്യാപികയായ നന്ദിത, ദിവസവും അജിത്തിന് പ്രണയ ലേഖനങ്ങള്‍ എഴുതിയിരുന്നു. ഫോണും, മൊബൈലും ഒന്നും സാധാരണമല്ലാതിരുന്നതിനാല്‍ കത്തുകള്‍ മാത്രമായിരുന്നു ഏക ആശ്രയം. വടിവൊത്ത അക്ഷരത്തില്‍, പേജുകളോളം നീളമുള്ളവയായിരുന്നു ആ കത്തുകള്‍. എങ്ങനെ ഇത്രത്തോളം നീണ്ട പ്രണയ ലേഖനങ്ങള്‍ തുടര്‍ച്ചയായ് എഴുതാന്‍ കഴിയുന്നുവന്ന് അജിത്ത് അല്‍ഭുതപ്പെട്ടിരുന്നു. ആ കത്തുകളില്‍ പലതും ഇന്നും അജിത്ത് സൂക്ഷിച്ചു വച്ചിരിക്കുന്നു. നന്ദിതയുടെ മരണത്തിനു മുന്‍പ് അവള്‍ കവിത എഴുതിയിരുന്നുവന്ന് അജിത്ത് പോലും അറിഞ്ഞിരുന്നില്ല. വീട്ടിലുള്ള ദിവസങ്ങളില്‍ പലപ്പോഴും പേനയും ബുക്കുമായ് വിദൂരതയിലേക്ക് നോക്കി ഇരിക്കാറുണ്ടായിരുന്നത് അജിത്ത് ഓര്‍ക്കുന്നു. എന്നാല്‍ ഒരിക്കലും ഒന്നും എഴുതി കണ്ടില്ല. ഇത്തരം കാര്യങ്ങളിലൊന്നും താല്പര്യമില്ലാത്ത അജിത്ത് അതിലൊന്നും ശ്രദ്ധിച്ചുമില്ല. പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയ നന്ദിതയുടെ കവിതകള്‍, അവളുടെ മുഖചിത്രതോടുകൂടി പല പുസ്തകശാലകളിലെയും ചില്ലലമാരയില്‍ ഇരിക്കുന്നത് കണ്ടിട്ടും ഒരിക്കല്‍ പോലും അതൊന്ന് മറിച്ചു നോക്കാന്‍ അജിത്ത് ഇഷ്ടപ്പെട്ടില്ല എന്നതില്‍നിന്നും കവിതകളോടുള്ള അജിത്തിന്റെ ബന്ധം മനസ്സിലാക്കാം. എന്തുകൊണ്ട് ഒരു കോപ്പി വാങ്ങിയില്ല, വെറുതേ ഒന്നു മറിച്ചു നോക്കുക കൂടി ചെയ്തില്ല എന്ന ചോദ്യത്തിന് അത് കാണാനുള്ള ശക്തിയില്ല, എനിക്ക് നഷ്ടമാകേണ്ടത് എന്നേ നഷ്ടമായി എന്ന് പറഞ്ഞുകൊണ്ട് കണ്ണില്‍ ഊറികൂടിയ നനവിനെ മറച്ചുകൊണ്ട് മുഖം തിരിച്ച് വിദൂരതയിലേക്ക് കണ്ണു നട്ടു. മുട്ടില്‍ ഓര്‍ഫനേജ് കോളജില്‍ ലീവ് വേക്കന്‍സിയില്‍ പകരക്കാരിയായ് ജോലി ചെയ്തിരുന്ന നന്ദിതക്ക് ശമ്പളം ക്യത്യമായ് കിട്ടിയിരുന്നില്ല. മരിക്കുമ്പോള്‍ നല്ലൊരു തുക കോളജില്‍ നിന്നും ശമ്പളയിനത്തില്‍ നന്ദിതക്ക് കിട്ടാനുണ്ടായിരുന്നു. അത് കൈപ്പറ്റുവാന്‍ അജിത്തിന്റെ പേരില്‍ അധികാരപത്രം എഴുതി നല്‍കിയിരുന്നു നന്ദിത. എന്നാല്‍ അജിത്ത് അതിലെ ഒരു ചില്ലി കാശുപോലും കൈപ്പറ്റാതെ, ആ തുകയ്ക്ക് നന്ദിതയുടെ പേരില്‍, കോളജില്‍ എന്‍ഡോവമെന്റ് ഏര്‍പ്പെടുത്താന്‍ മുന്‍കൈ എടുത്തതിന്റെ കാരണം എന്നും നന്ദിതയുടെ പേര് മായാതെ ഇവിടെ ഉണ്ടാകണം എന്ന ആഗ്രഹമായിരുന്നുവത്രേ.
വയനാടന്‍ ചുരങ്ങളെ മഞ്ഞുപൊതിയുന്ന മകരമാസത്തിലെ തണുത്തരാത്രിയില്‍ അവ്യക്തസുന്ദരമായ ഒരു വളകിലുക്കം അവശേഷിപ്പിച്ചുകൊണ്ട് രണ്ടു മുഴം നീളമുള്ള ചുരിദാര്‍ ദുപ്പട്ടയില്‍ നന്ദിത എന്ന സംഗീത തുന്ദിലിതമായ നാമം പിടഞ്ഞു മരിച്ചപ്പോള്‍, സുഹ്യത്തുക്കളേയോ ബന്ധുജനങ്ങളേയോ എന്നല്ല അവനവനെ തന്നെ ബോധ്യപ്പെടുത്താനാവാത്ത ഒരു സമസ്യയാണ് ആത്മഹത്യ എന്ന് നമുക്ക് കാട്ടിതരികയായിരുന്നു. ദാമ്പത്യജീവിതത്തിലെ താളപിഴകളാണ് ആ മരണത്തിനു കാരണമന്ന് സുഹ്യത്തുക്കളും ബന്ധുക്കളും വിധിയെഴുതി. എന്നാല്‍ അക്ഞാതമായ കാരണങ്ങളാല്‍ മരണത്തിന്റെ ഈറന്‍ വയലറ്റ് പൂക്കള്‍ തേടിപോയ സുന്ദരിയായ പെണ്‍കുട്ടിയുടെ തലയിണക്കടിയില്‍ നിന്നും കണ്ടെടുത്ത ഡയറികുറിപ്പുകളായ് എഴുതിയ 59 കവിതകളടങ്ങിയ ഡയറി, ഉത്തരം കിട്ടാത്ത അനേകം ദുരൂഹതകളിലേക്കാണ് കൊണ്ടെത്തിച്ചത്. നന്ദിത രഹസ്യമാക്കി സൂക്ഷിച്ചിരുന്ന നമ്പര്‍ ലോക്കിട്ട് ഭദ്രമക്കപ്പെട്ട ഇരുമ്പുപെട്ടി കുത്തിപൊളിച്ചതും, കണ്ടെടുക്കപ്പെട്ട ഡയറിയിലെ താളുകള്‍ ചീന്തിയെടുക്കപ്പെട്ടതും എന്തിനന്നത് നന്ദിതയുടെ ഭര്‍ത്താവായ അജിത്തിന് മാത്രം അറിയാവുന്ന രഹസ്യം.
സ്നേഹത്തിനുവേണ്ടി ഉഴറുകയും ലഭിക്കാതെ വന്നപ്പോള്‍ തന്നോടുതന്നെ പ്രതികാരം വീട്ടുകയും വഴികളെല്ലാം അടഞ്ഞുപോയി എന്നു തോന്നിയപ്പോള്‍ ഈ ലോകം വിട്ടുപോവുകയും ചെയ്ത നന്ദിത സ്വന്തം ജീവിതത്തിന്റെ ബാക്കിപത്രമായി കുറെ കവിതകള്‍ അവശേഷിപ്പിച്ചിരുന്നു. പക്ഷെ എല്ലാം രഹസ്യമാക്കിവച്ചു. അമ്മയും അച്‌ഛനും അനിയനും പോലും അക്കാര്യം അറിയുന്നത് നന്ദിത ഇവിടം വിട്ടു പോയശേഷമാണ്. മറ്റുള്ളവരെപ്പോലെ ഭാവനയില്‍ വിടരുന്ന ചിത്രങ്ങള്‍ അക്ഷരങ്ങളാക്കി കടലാസില്‍ കോറിയിടുകയായിരുന്നില്ല നന്ദിത ചെയ്തിരുന്നത്. പിന്നയോ, തന്റെ സ്വകാര്യങ്ങള്‍, അജ്ഞാതനായ കാമുകന്‍, സങ്കടങ്ങള്‍, ജീവിതത്തോടുള്ള കാഴ്ച്ചപ്പാട്, മരണം ഇവയെല്ലാമായിരുന്നു അവളുടെ കവിതകള്‍ക്ക് വിഷയമായിരുന്നത്.
നന്ദിത പഠിക്കാന്‍ മിടുക്കിയായിരുന്നു; സുന്ദരിയായിരുന്നു. കോഴിക്കോട് ചാലപ്പുറം ഗവണ്‍മന്റ് ഗേള്‍സ് ഹൈസ്കൂള്‍, ഗുരുവായൂരപ്പന്‍ കോളേജ്, ഫാറൂഖ് കോളേജ്, Calicut University English Dept. Mother Theresa Women's University - Chennai എന്നിവിടങ്ങളില്‍ ഒന്നാം നിരക്കാരിയായി വിദ്യാഭ്യാസം. 1999 ജനുവരി 17ന് പെട്ടന്ന് നന്ദിത ജീവിതം അവസാനിപ്പിച്ചു. കാരണം ദുരൂഹം.
അന്ന് കിടക്കാന്‍ പോവുന്നതിനുമുമ്പ് അമ്മയോടു നന്ദിത പറഞ്ഞു; "അമ്മേ ഒരു ഫോണ്‍ വരും. ഞാന്‍ തന്നെ അറ്റന്റു ചെയ്തുകൊള്ളാം." ആ ഫോണ്‍ കോള്‍ വന്നതായി അച്‌ഛനോ അമ്മയോ കേട്ടില്ല. അര്‍ദ്ധരാത്രി എന്തിനോവേണ്ടി അമ്മ ഡ്രോയിംഗ് റൂമിലേക്കു വന്നപ്പോള്‍ മുകളിലെമുറിയോട് ചേര്‍ന്നുള്ള ടെറസ്സില്‍ നിന്നു താഴെക്കു സാരിയില്‍ കെട്ടിത്തൂങ്ങിക്കിടക്കുന്നു. അമ്മ എത്തുന്നതിന് എത്രയോ മുമ്പേ അവള്‍ പോയിക്കഴിഞ്ഞിരുന്നു. യൂണിവേഴ്‌സിറ്റിയില്‍ നന്ദിതയെ പഠിപ്പിച്ച ഒരദ്ധ്യാപകന്‍ പറയുന്നു; "മിടുക്കിയായിരുന്നു, ബുദ്ധിപരമായ ചര്‍ച്ചകളില്‍ അവള്‍ക്ക് പ്രത്യേക താല്‍പര്യമുണ്ടായിരുന്നു. ഹൃദ്യവും ആകര്‍ഷണീയവുമായ പെരുമാറ്റം. ജീവിതത്തോട് അഗാധമായ മമത. എങ്ങനെ സംഭവിച്ചു ഈ ദുരന്തം?"
ശിരസ്സുയര്‍ത്താനാവാതെ
നിന്റെ മുഖം കൈകളിലൊതുക്കി
നെറ്റിയിലമര്‍ത്തി ചുംബിക്കാനാവാതെ
ഞാനിരുന്നു
നീണ്ട യാത്രയുടെ ആരംഭത്തില്‍
കടിഞ്ഞാണില്ലാത്ത കുതിരകള്‍ കുതിക്കുന്നു
തീക്കൂനയില്‍ ചവുട്ടി വേവുന്നു,
ഇനി നമ്മളെങ്ങോട്ടു പോവാന്‍…?
എനിക്കിനി മടക്കയാത്ര.
എന്നെ തളര്‍ത്തുന്ന നിന്റെ കണ്ണുകളുയര്‍ത്തി
ഇങ്ങനെ നോക്കാതിരിക്കൂ…
നിന്നെത്തേടിയൊരു ജ്വലിക്കുന്ന അശ്വമെത്തുമെന്ന്
ഇരുളിനപ്പുറത്ത് നിന്നെത്തുന്ന കുളമ്പൊച്ചയും,
കിഴക്ക് പടരുന്ന അഗ്നിയുമെന്നോട് പറയുന്നു.
സാഗരത്തിന്റെ അനന്തതയില്‍ പൂക്കുന്ന
സ്വപ്നങ്ങള്‍ അറുത്തെടുത്ത്
ഞാനിനി തിരിച്ചു പോകട്ടെ…