Powered By Blogger

Monday, August 26, 2013

ബാലന്‍ കെ നായര്‍

മലയാളികളുടെ മനം കവര്‍ന്ന വില്ലന്‍
നമ്മെ വിട്ടു പിരിഞ്ഞിട്ട് പതിമൂന്നു വര്ഷം.

1933 ഏപ്രിൽ 4-നു കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി
എന്ന സ്ഥലത്ത് രാമൻ നായർ-ദേവകിയമ്മ ദമ്പതികളുടെ
മകനായാണ്‌ ബാ‍ലൻ കെ. നായർ ജനിച്ചത്.
സിനിമാ അഭിനയത്തിനു മുൻപ് അദ്ദേഹം കോഴിക്കോട്ട്
ഒരു മെക്കാനിക്ക് ആയി ജോലിചെയ്തു. സ്വന്തമായി ഒരു ലോഹ
വർക്ഷോപ്പ് അദ്ദേഹത്തിനുണ്ടായിരുന്നു. അക്കാലത്ത്
അദ്ദേഹം കോഴിക്കോട് സംഗമം തീയേറ്ററുമായി ചേർന്ന്
പ്രവർത്തിച്ചിരുന്നു. ശാരദയെ വിവാഹം കഴിച്ചതിനു ശേഷം
അദ്ദേഹം പാലക്കാട് ജില്ലയിലെ ഷൊർണ്ണൂരേക്ക് താമസം മാറി.

ആദ്യചിത്രമായ നിഴലാട്ടം 1972-ൽ പുറത്തുവന്നു.
പി.എൻ. മേനോൻ ആയിരുന്നു ഈ ചിത്രത്തിന്റെ
സംവിധായകൻ. പിന്നീട് സിനിമയിൽ സജീവമായ അദ്ദേഹം
മലയാളത്തിൽ 300-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ഇതിൽ ഭൂരിഭാഗവും വില്ലൻ കഥാപാത്രങ്ങളായിരുന്നു.
അതിഥി, തച്ചോളി അമ്പു എന്നീ ചിത്രങ്ങളിലെ അഭിനയത്തിന്
അദ്ദേഹത്തിന് ഏറ്റവും നല്ല അഭിനയത്തിനുള്ള സംസ്ഥാന
അവാർഡ് ലഭിച്ചു. ഓപ്പോൾ എന്ന ചിത്രത്തിലെ പരിവർത്തനം
വന്ന സൈനിക ഓഫീസറുടെ കഥാപാത്രത്തിന് ബാലൻ കെ.
നായർക്ക് 1981-ൽ ഓപ്പോൾ എന്ന ചിത്രത്തിലെ
അഭിനയത്തിന് മികച്ച നടനുള്ള പരമോന്നത ബഹുമതിയായ
ഭരത് അവാർഡ് ലഭിച്ചു. മലയള സിനിമയുടെ സുവര്‍ണനാളുകളെന്ന് വിശേഷിപ്പിക്കപ്പെടുന്ന എണ്‍പതുകളില്‍ അഭ്രപാളിയില്‍
അഭിനയ മുഹൂര്‍ത്തങ്ങളുടെ വേലിയേറ്റങ്ങള്‍ സൃഷ്ടിച്ച
ചിത്രമാണ് ഓപ്പോള്‍. എം.ടി വാസുദേവന്‍നായരുടെ ശക്തമായ
തിരക്കഥയിലൂടെ കെ.എസ്. സേതുമാധവന്‍ ഓപ്പോളിനെ
അനശ്വരമാക്കി.

ഓപ്പോളിനുശേഷം വില്ലന്‍ കഥാപാത്രങ്ങളിലേയ്ക്ക്
ബാലന്‍ കെ നായര്‍ തിരിച്ചുപോയി. അത്തരമൊരു ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടയിലാണ് നടന്‍ ജയന്‍റെ അപകടമരണം.
ജയന്‍റെ മരണത്തിനു പിന്നിലെ ദുരൂഹത കുറച്ചുനാള്‍ ബാലന്‍ കെ.
നായരെ സമൂഹ മനസ്സാക്ഷിക്കു മുന്നില്‍ വിചാരണക്കു വിധേയനാക്കി.
എന്നാല്‍ ഈ അഭിനയപ്രതിഭ കൂടുതല്‍ കരുത്താര്‍ജിക്കുന്നതാണ്
മലയാള സിനിമ പിന്നീട് കണ്ടത്.

ഈനാട്, ആര്യൻ, ഒരു വടക്കൻ വീരഗാഥ എന്നിവ ബാലൻ കെ.
നായരുടെ പ്രശസ്തമായ ചിത്രങ്ങളിൽ ചിലതാണ്. അദ്ദേഹത്തിന്റെ
അവസാന ചിത്രം 1990-ൽ പുറത്തുവന്ന കടവ് എന്ന ചിത്രമായിരുന്നു.
ഒരു തോണിക്കാരന്റെ വേഷമായിരുന്നു ഇതിൽ ബാലൻ
കെ നായർക്ക്.

അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത എലിപ്പത്തായം (1981)
എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ അഭിനയം എടുത്തു
പറയത്തക്കതാണ്‌. കേരളത്തിലെ ജന്മിവ്യവസ്ഥയെ
ആലങ്കാരികമായി ഈ ചിത്രം അവതരിപ്പിക്കുന്നു.

സിനിമകളുടെ എണ്ണത്തിനൊത്ത നേട്ടമൊന്നും ജീവിതത്തില്‍
അദ്ദേഹത്തിനു ലഭിച്ചിരുന്നില്ല. വിലപേശി പ്രതിഫലം
വാങ്ങാനുള്ള വേലയും വശമുണ്ടായിരുന്നില്ല. അവസാനകാലം
ചികില്‍സാ ചെലവുകള്‍ക്കുപോലും അദ്ദേഹം വല്ലാതെ
കഷ്ടപ്പെട്ടിരുന്നു. 2000 ഓഗസ്റ്റ് 26 ന് അദേഹം
ഈ ലോകത്തോട്‌ വിടപറഞ്ഞു.